25 April Thursday

നായിഡുവും കൈവിട്ടു; എൻഡിഎ ദുർബലം

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018


ആന്ധ്രപ്രദേശ് ഭരണകക്ഷിയായ തെലുങ്കുദേശം കേന്ദ്ര മന്ത്രിസഭയിൽനിന്ന് രണ്ടു മന്ത്രിമാരെയും പിൻവലിച്ചു. ഇതിനുപകരമെന്നോണം ആന്ധ്രപ്രദേശ് മന്ത്രിസഭയിൽനിന്ന് രണ്ടു ബിജെപി മന്ത്രിമാരും വ്യാഴാഴ്ച രാജിവച്ചു. കേന്ദ്രത്തിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ തകർച്ചയിലേക്ക് നീങ്ങുകയാണെന്ന വ്യക്തമായ സൂചന നൽകുന്ന സംഭവമാണിത്. പത്തുദിവസത്തിനകം രണ്ടു കക്ഷികളാണ് എൻഡിഎയിൽനിന്ന് അകന്നത്. ബിഹാറിൽ എൻഡിഎയുടെ ഭാഗമായിരുന്ന ഹിന്ദുസ്ഥാൻ ആവാം മോർച്ച (സെക്യുലർ) ഫെബ്രുവരി 28നാണ് എൻഡിഎ വിട്ടത്.  പാർടി നേതാവും മുൻ മുഖ്യമന്ത്രിയുമായ ജിതൻ റാം മാഞ്ചി നേതൃത്വം നൽകുന്ന ഹിന്ദുസ്ഥാൻ ആവാം മോർച്ച ആർജെഡിയുടെ മഹാസഖ്യത്തിൽ ചേർന്നിരിക്കുകയാണ്. സഖ്യകക്ഷിയെന്ന നിലയിലുള്ള പരിഗണന ലഭിക്കാത്തതിനെതുടർന്നാണ് ജിതൻ റാം മാഞ്ചി എൻഡിഎ വിട്ടത്. രാജ്യസഭാ സീറ്റും മറ്റും വാഗ്ദാനം ചെയ്താണ് മാഞ്ചിയെ എൻഡിഎയിലേക്ക് ക്ഷണിച്ചിരുന്നത്. എന്നാൽ, സംസ്ഥാനത്തുനിന്ന് ആറ് ഒഴിവ് വന്നിട്ടും മാഞ്ചിയെ പരിഗണിച്ചിരുന്നില്ല.

മഹാരാഷ്ട്രയിൽനിന്നാണ് എൻഡിഎയിൽനിന്നുള്ള ആദ്യത്തെ കൊഴിഞ്ഞുപോക്ക് ഉണ്ടായത്. മഹാരാഷ്ട്രയിലെ ഹട്കാങ്ലെ മണ്ഡലത്തിൽനിന്ന് എൻഡിഎ സഖ്യത്തിന്റെ ഭാഗമായി ജയിച്ച സ്വാഭിമാൻ ഷേത്കാരി സംഘടൻ നേതാവ് രാജു ഷെട്ടിയാണ് കർഷകരോടുള്ള അവഗണനയുടെപേരിൽ ആദ്യം എൻഡിഎയോട് വിടപറഞ്ഞത്. അയൽസംസ്ഥാനമായ മന്ദ്സോറിൽ ആറു കർഷകരെ ശിവ്രാജ്സിങ് ചൗഹാൻ സർക്കാർ വെടിവച്ചുകൊന്നതിന് തൊട്ടുപുറകെയായിരുന്നു രാജു ഷെട്ടി എൻഡിഎ വിട്ടത്. തുടർന്നാണ് മഹാരാഷ്ട്രയിൽനിന്നുള്ള ബിജെപിയുടെ പ്രത്യയശാസ്ത്ര ഘടകകക്ഷി ശിവസേന അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചത്. 1980ൽ ബിജെപി രൂപംകൊണ്ടതിനുശേഷം അവരുമായി സഖ്യത്തിലുള്ള കക്ഷിയാണ് അവരിൽനിന്ന് അകലാൻ തീരുമാനിച്ചത്.

ഏറ്റവും അവസാനമായി ചന്ദ്രബാബുനായിഡുവും എൻഡിഎ യോട് വിടപറയുകയാണ്. ഔദ്യോഗികമായി എൻഡിഎയോട് വിടപറയുമെന്ന് ചന്ദ്രബാബുനായിഡു വ്യക്തമാക്കിയിട്ടില്ലെങ്കിലും ആ ദിശയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ആന്ധ്രപ്രദേശിനെ വെട്ടിമുറിച്ച് രണ്ട് സംസ്ഥാനമാക്കുന്നതിന് എതിരായിരുന്നു ചന്ദ്രബാബുനായിഡു. സംസ്ഥാനവിഭജന വേളയിൽ കേന്ദ്രം വാഗ്ദാനം ചെയ്ത പ്രത്യേക സംസ്ഥാനപദവി നൽകാത്തതിൽ പ്രതിഷേധിച്ചാണ് മോഡി മന്ത്രിസഭയിൽനിന്ന് തെലുങ്കുദേശം അംഗങ്ങൾ രാജിവച്ചത്. സംസ്ഥാനത്തിന്റെ താൽപ്പര്യംമാത്രം പരിഗണിച്ചാണ് എൻഡിഎയിൽ ചേർന്നതെന്നും ബിജെപി വാഗ്ദാനംചെയ്ത പ്രത്യേക സംസ്ഥാനപദവി നാലുവർഷമായിട്ടും ലഭിച്ചിട്ടില്ലെന്നുമാണ് നായിഡുവിന്റെ പരാതി. സംസ്ഥാനത്തെ വിഭജിച്ച വേളയിൽ കോൺഗ്രസ് പാർടി എത്ര അശ്രദ്ധമായാണോ കാര്യങ്ങൾ കൈകാര്യം ചെയ്തത്, അതിനേക്കാൾ മോശമാണ് ബിജെപിയുടെ സമീപനമെന്ന് കുറ്റപ്പെടുത്താനും നായിഡു മറന്നില്ല. 14‐ാം ധനകമീഷന്റെ റിപ്പോർട്ട് അനുസരിച്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും മൂന്ന് ഹിമാലയൻ സംസ്ഥാനങ്ങൾക്കും മാത്രമേ പ്രത്യേക സംസ്ഥാനപദവി നൽകാനാകൂ എന്നാണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി വ്യക്തമാക്കിയത്. മാത്രമല്ല, ആവശ്യം കടുപ്പിക്കുന്നതിനുപകരം മയപ്പെടുത്തണമെന്നും അരുൺ ജെയ്്റ്റ്ലി നായിഡുവിനോട് ആവശ്യപ്പെട്ടു. ജെയ്റ്റ്ലിയുടെ സമീപനം സംസ്ഥാനത്തെ അപമാനിക്കുന്നതിന് സമാനമാണെന്നും അതിനാൽ മന്ത്രിസഭയിൽനിന്ന് മന്ത്രിമാരെ പിൻവലിക്കുകയാണെന്നും നായിഡു വ്യക്തമാക്കി. പോളാവാരം പദ്ധതി, അമരാവതി എന്ന തലസ്ഥാന നിർമാണം. ഐഐടി ഉൾപ്പെടെയുള്ള പത്തൊമ്പതോളം ദേശീയ സ്ഥാപനങ്ങളുടെ നിർമാണം തുടങ്ങിയവയ്ക്കൊന്നും കേന്ദ്രം നേരത്തെ വാഗ്ദാനം ചെയ്ത പണം നൽകുന്നില്ലെന്നും നായിഡു കുറ്റപ്പെടുത്തുന്നു. ഇതോടെ സംസ്ഥാനം വലിയ കടക്കെണിയിലേക്കാണ് നീങ്ങുന്നത്. സംസ്ഥാന സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനുമാകുന്നില്ല. ഈ ഘട്ടത്തിലാണ് പ്രതിപക്ഷമായ വൈഎസ്ആർ കോൺഗ്രസിനും മറ്റും ഈ വിഷയത്തിൽ മുൻകൈ ലഭിക്കുന്നത് തടയുകകൂടി ലക്ഷ്യമാക്കി നായിഡു എൻഡിഎ മന്ത്രിസഭയിൽനിന്ന് പിൻവാങ്ങിയത്.

രാജ്യത്തെ ജനാധിപത്യത്തെയും ഫെഡറൽ സംവിധാനത്തെയും കശക്കിയെറിയുന്ന മോഡിഭരണത്തിനെതിരെ രാജ്യത്താകെ ഉയരുന്ന വികാരത്തിന്റെ പ്രതിഫലനംകൂടിയാണ് നായിഡുവിന്റെ പ്രതിഷേധം. ബിജെപിക്കും കോൺഗ്രസിനുമെതിരെ മുന്നണി എന്ന ആശയവും സജീവമായി പ്രചരിക്കുന്നുണ്ട്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർറാവുവാണ് കഴിഞ്ഞദിവസം ഇത്തരമൊരു മുന്നണിയെക്കുറിച്ച് പറഞ്ഞത്. രാജ്യത്തെ വികസനത്തിലേക്ക് നയിക്കുന്നതിലും ജനങ്ങളുടെ ജീവത്തായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും കോൺഗ്രസ്, ബിജെപി സർക്കാരുകൾ പരാജയപ്പെട്ടിരിക്കുകയാണെന്ന് ചന്ദ്രശേഖർറാവു അഭിപ്രായപ്പെട്ടു. നായിഡുവിനെയും അദ്ദേഹം ഇത്തരമൊരു മുന്നണിയിലേക്ക് ക്ഷണിച്ചിരുന്നു. ചന്ദ്രശേഖർറാവുവിന്റെ നീക്കത്തെ ജാർഖണ്ഡ്് മുക്തി മോർച്ചയും അസാവുദീൻ ഒവൈസിയുടെ എഐഎംഐഎമ്മും പിന്തുണയ്ക്കുകയുണ്ടായി. മമത ബാനർജിയും ബിജെപിയെ കേന്ദ്രത്തിൽ താഴെയിറക്കാനുള്ള നീക്കത്തിലാണ്. രണ്ടു ദശാബ്ദത്തോളം ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവസാന്നിധ്യമായിരുന്ന എൻഡിഎ ഇനി എത്രകാലം നിലനിൽക്കുമെന്ന് പറയുക വിഷമമാണ്.  ഇപ്പോൾ എൻഡിഎ എന്നു പറഞ്ഞാൽ എല്ലാം മോഡിയും ബിജെപിയുമാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top