28 March Thursday

താലിബാൻ ഭരണം 
ലോകത്തിന് ഭീഷണി

വെബ് ഡെസ്‌ക്‌Updated: Monday Aug 16, 2021


തലസ്ഥാന നഗരമായ കാബൂളിൽ പ്രവേശിച്ച മതഭീകരവാദ സംഘടനയായ താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം കൈപ്പിടിയിൽ ഒതുക്കിയിരിക്കയാണ്. ആധുനിക ലോകത്തിനുനേരെ പരിഹാസച്ചിരി പൊഴിച്ച് മധ്യകാല പ്രാകൃതഭരണത്തിലേക്ക് അയൽരാജ്യം തിരിച്ചുപോകാൻ ഇനി ചടങ്ങുകൾ മാത്രമേ ബാക്കിയുള്ളൂ.

ഇസ്ലാമിന്റെ പേരിൽ സൃഷ്ടിച്ച ഈ ഭീകരസംഘടന കാൽനൂറ്റാണ്ടുമുമ്പ് 1996ൽ അഫ്ഗാനിൽ അധികാരത്തിൽ എത്തിയപ്പോൾ മതരാഷ്ട്ര സങ്കൽപ്പം എത്രമാത്രം ജനവിരുദ്ധമാണെന്ന് തെളിയിച്ചതാണ്. മുൻ സോഷ്യലിസ്റ്റ് ഭരണാധികാരി നജീബുള്ളയെ വധിച്ച് കാബൂൾ തെരുവിലെ വിളക്കുകാലിൽ തലകീഴായി കെട്ടിയിട്ട് ഇസ്ലാമികവിരുദ്ധമായി ലോകത്തിനു മുന്നിൽ പ്രദർശിപ്പിച്ചായിരുന്നു അരങ്ങേറ്റം. മൃതദേഹം കഴുകൻ കൊത്തിവലിക്കുന്ന കാഴ്ചകണ്ട് ലോകം തരിച്ചുനിന്നു. പിന്നീടങ്ങോട്ട് അഞ്ചുവർഷം അഫ്ഗാൻ ജനത അനുഭവിച്ച ക്രൂരതയ്‌ക്ക് സമാനതകളില്ല. നൂറ്റാണ്ടുകളോളം ആധുനികജീവിതം പരിശീലിച്ച ജനത താലിബാൻ സ്വയം സൃഷ്ടിച്ച ആചാരങ്ങളുടെ മാറാപ്പിനുള്ളിൽ ഉൾവലിയാൻ നിർബന്ധിതരായി. ഇസ്ലാംമതം നിഷ്കർഷിക്കുന്ന ശാന്തിയും സമാധാനവും ഭീകരഭരണം കാറ്റിൽപ്പറത്തി. ഐക്യരാഷ്ടസംഘടന അനുശാസിക്കുന്ന പൗരാവകാശ നിയമാവലികൾക്കുമേൽ കാർക്കിച്ചുതുപ്പി. എല്ലാ ആധുനിക ജീവിതക്രമങ്ങളെയും പാശ്ചാത്യമെന്നുപറഞ്ഞ് തള്ളി. സ്ത്രീകളെ ലൈംഗിക അടിമകളാക്കി. തങ്ങൾ അടിച്ചേൽപ്പിച്ച രീതികൾ ലംഘിക്കുന്നെന്ന് സംശയിക്കുന്നവരെ കൊന്നുതള്ളി. ആഗോള ഭീകരപ്രസ്ഥാനങ്ങൾക്ക് ഹിന്ദുക്കുഷ് പർവതനിരകൾ വേദിയൊരുക്കി. ഇതിൽ ഒന്നാമതാണ് അൽഖായ്ദ.

2001 സെപ്തംബർ 11ന് ന്യൂയോർക്കിലെ ലോക വ്യാപാരകേന്ദ്രത്തിനുനേരെ ഭീകരാക്രമണം നടന്നപ്പോഴാണ് പാശ്ചാത്യ ലോകത്തിന്റെ കണ്ണുമിഴിച്ചത്. പിന്നീടങ്ങോട്ട് അമേരിക്കയുടെയും സഖ്യരാജ്യങ്ങളുടെയും തേർവാഴ്ചയാണ് അഫ്ഗാനിസ്ഥാനിൽ കണ്ടത്. ഭീകരതയ്‌ക്കെതിരായ യുദ്ധമെന്ന പേരിൽ മധ്യേഷ്യയുടെ അധിനിവേശത്തിനാണ് അമേരിക്ക ശ്രമിച്ചത്. രണ്ടു പതിറ്റാണ്ടത്തെ അധിനിവേശംകൊണ്ട് ഭീകരത അവസാനിച്ചില്ലെന്നു മാത്രമല്ല, ഐഎസ് പോലുള്ള അതിഭീകരസംഘടനകളും പ്രദേശത്ത് താവളമുറപ്പിച്ചു. ഇപ്പോൾ യുഎസ് സേന നാണംകെട്ട് പിന്മാറിയപ്പോൾ താലിബാൻ അതിശക്തമായി തിരിച്ചുവന്നിരിക്കയാണ്. വൃഥാവിലായ അധിനിവേശത്തെക്കുറിച്ച് വിശദീകരിക്കാനാകാത്ത അവസ്ഥയിലാണ് അമേരിക്ക. തങ്ങൾ അവസാനിപ്പിക്കുമെന്ന് വീമ്പിളക്കിയ അതേ താലിബാനുമായി ദോഹയിൽ കരാർ ഒപ്പുവച്ചാണ് വില്ലാളിവീരന്മാരുടെ പിന്മാറ്റം. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ 20–-ാം വാർഷികത്തിന് പിന്മാറ്റമെന്നാണ് പ്രഖ്യാപിച്ചതെങ്കിലും അതിലുംമുമ്പേ യുഎസ് സേന കെട്ടുകെട്ടി. ഇപ്പോൾ കാബൂളിലുള്ള തങ്ങളുടെ പൗരന്മാരെ രക്ഷിക്കുന്നതിന് പ്രത്യേകസേനയെ അയച്ചിരിക്കയാണ്.

താലിബാൻ ഉൾപ്പെടെ അഫ്ഗാനിലെ ഇസ്ലാമിക തീവ്രവാദസംഘടനകളെയെല്ലാം പാലൂട്ടി വളർത്തിയത് അമേരിക്കയാണ്. അവിടെയുണ്ടായിരുന്ന സോവിയറ്റ് സേനയ്‌ക്കെതിരെ പ്രാദേശിക യുദ്ധമുന്നണി ഉണ്ടാക്കാനുള്ള സിഐഎ പദ്ധതിയായിരുന്നു ഇത്. റീഗൻ ഭരണകാലത്ത് ജലാലുദ്ദീൻ ഹഖാനിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട ഗോത്രസേനയായിരുന്നു തുടക്കം. സമാന്തരമായി പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ചേർന്ന് താലിബാന് രൂപംനൽകി. മുജാഹിദ്ദീനുകൾ എന്നറിയപ്പെട്ട ഇസ്ലാമിക സംയുക്തസേന 1979–-92ൽ അമേരിക്ക നിർലോഭം നൽകിയ ആയുധങ്ങളുടെ ബലത്തിലാണ് സോവിയറ്റ് സേനയുമായി ഏറ്റുമുട്ടിയത്. ഇതിനിടയിലാണ് സൗദി പൗരനായ ബിൻ ലാദന്റെ അൽഖായ്ദ മുജാഹിദ്ദീനുകളോടൊപ്പം ചേർന്നത്. അഫ്ഗാനിൽ ഇസ്ലാമിക ഭരണമെന്നതാണ് മുജാഹിദ്ദീനുകളുടെ ലക്ഷ്യമെങ്കിൽ ആഗോള രാഷ്‌ട്രീയലക്ഷ്യമായിരുന്നു അൽഖായ്ദയ്‌ക്ക്. ഇസ്ലാമിന്റെ പേരിലുള്ള ആഗോള ഭീകരസംഘടന അമേരിക്കയുടെ തണലിൽ അങ്ങനെ വളർന്നു.

സോവിയറ്റ് സേന പിന്മാറിയയുടൻ തന്നെ മുജാഹിദ്ദീനുകളുടെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തു. ഇസ്ലാമിനെയും വിശുദ്ധ ഖുർ ആനെയും തങ്ങൾക്ക് തോന്നിയരീതിയിൽ വ്യാഖ്യാനിച്ച് പ്രാകൃതഭരണം നടപ്പാക്കിത്തുടങ്ങി. 10 വയസ്സ്‌ കഴിഞ്ഞ പെൺകുട്ടികൾ സ്കൂളിൽ പോകരുതെന്ന വിചിത്ര നിബന്ധനയായിരുന്നു അതിലൊന്ന്. പെൺപള്ളിക്കൂടങ്ങൾ അടച്ചുപൂട്ടി. സ്ത്രീകൾ പ്രസവ ഫാക്ടറികളാണെന്ന മനോവൈകല്യം പ്രാവർത്തികമാക്കി. കാബൂളിന്റെ വീഴ്ച അഫ്ഗാൻ ജനതയുടെ മാത്രമല്ല, ലോകത്തിന്റെ തന്നെ ഗതിനിർണയിക്കുന്നത് ഇക്കാരണങ്ങളെല്ലാമാണ്. മാസങ്ങളായി തുടരുന്ന താലിബാൻ മുന്നേറ്റത്തിൽ പിടിച്ചടക്കിയ പ്രദേശങ്ങളിലെ യുവതികളെ ഭീകരർ ലൈംഗിക അടിമകളാക്കുന്നുവെന്ന ഭീതിജനകമായ വാർത്തകളാണ് വരുന്നത്. അത്യന്തം ആശങ്കാജനകമെന്നാണ് ഇതിനെ യുഎൻ മനുഷ്യാവകാശ സംഘടന വിശേഷിപ്പിച്ചത്. ഇറാഖ് –-സിറിയ അതിർത്തിയിൽ ഐഎസ് ഉണ്ടാക്കിയ ഭീകര രാജ്യത്ത്‌ സംഭവിച്ചത് അടുത്തിടെയാണ് ലോകം കണ്ടത്. ഐഎസ് ഇടക്കാലത്ത് ദുർബലമായെങ്കിലും താലിബാന്റെ വരവ് അവരുടെകൂടി വിജയമാണ്.

അമേരിക്കൻ സേനയുടെ നിരന്തര ആക്രമണം നടന്ന 20 വർഷം താലിബാൻ എങ്ങനെ ശക്തിപ്രാപിച്ചുവെന്നത് അവരുടെ ആഗോള പിന്തുണയിലേക്കാണ് വിരൽചൂണ്ടുന്നത്. പാകംവന്ന സമാന്തര സമ്പദ്‌വ്യവസ്ഥയാണ് അവർ കൈയാളുന്നത്. ലോകരാഷ്ട്രീയം താലിബാൻ ഭരണത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് പ്രസക്തമാണ്. ഇന്ത്യയുൾപ്പെടെ സമീപ രാജ്യങ്ങൾക്കെല്ലാം ആശങ്കയുടെ നാളുകളാണ് വരാൻ പോകുന്നത്. അയൽരാജ്യമായ പാകിസ്ഥാനിൽ സ്വതേ ദുർബലമായ രാഷ്ട്രീയഘടനയിൽ ഭീകരത വിള്ളൽ വീഴ്ത്താം. പാകിസ്ഥാന്റെ അഫ്ഗാൻ അതിർത്തി പാക് താലിബാന്റെ നിയന്ത്രണത്തിലാണ്. ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികൾ ഭരണം നിയന്ത്രിക്കുന്ന ഇന്ത്യക്കും കലുഷിതമായ നാളുകളാണ് വരാനിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top