18 April Thursday

സിറിയ വീണ്ടും കലുഷിതം

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2019

വടക്കുകിഴക്കൻ സിറിയയിലെ കുർദുകളെ ഉന്മൂലനാശംചെയ്യുക ലക്ഷ്യമാക്കി തുർക്കി തുറന്ന യുദ്ധം ആരംഭിച്ചിരിക്കുന്നു. കുർദുകൾ ഭരണം നടത്തുന്ന റൊജാവയ്‌ക്ക് നേരെയാണ് തുർക്കി ഓപ്പറേഷൻ പീസ് സ്‌പ്രിങ്‌ എന്ന പേരിലുള്ള സൈനികനീക്കത്തിന് തുടക്കമിട്ടത്. ഈ മേഖലയിൽനിന്ന് അമേരിക്കൻ സേന പൂർണമായും പിന്മാറിയതോടെയാണ് കുർദുകളെ ആക്രമിക്കാൻ തുർക്കിക്ക് വഴിയൊരുങ്ങിയത്. സിറിയയിൽനിന്നും ഇറാഖിൽനിന്നും ഐഎസിനെ തുരത്താൻ അമേരിക്കയ്‌ക്കൊപ്പം തോളോട് തോൾ ചേർന്ന് പൊരുതിയവരാണ് കുർദുകൾ. അവരെ വഞ്ചിച്ചുകൊണ്ടാണ് അമേരിക്കൻ സേന ഒക്ടോബർ ആറോടെ വടക്കുകിഴക്കൻ സിറിയയിൽനിന്ന്‌ പിൻവാങ്ങിയത്. തുർക്കിയോട് ചേർന്നുകിടക്കുന്ന തൽ അബ്യാദ്, റസ് അൽ അയിൻ എന്നീ നിരീക്ഷണ കേന്ദ്രങ്ങളിൽനിന്ന്‌ അമേരിക്കൻ സേന പിന്മാറിയതോടെയാണ് തുർക്കി സേന ഈ രണ്ട് മേഖലകളിലൂടെയും കുർദിഷ് സേനയ്‌ക്കെതിരെ കര–-വ്യോമ ആക്രമണം ആരംഭിച്ചത്. തുർക്കി സിറിയ അതിർത്തിയിൽ 30 കിലോമീറ്റർ വീതിയിൽ 408 കിലോമീറ്ററോളം സമാധാനമേഖല തീർത്ത് അവയുടെ നിയന്ത്രണം സിറിയൻ വിമതർക്ക് നൽകാനാണ് തുർക്കി പ്രസിഡന്റ് എർദോഗന്റെ പദ്ധതി. കൊബാനയിൽനിന്നും റാഖയിൽനിന്നും ഐഎസിനെ തുരത്തിയാണ് ഈ മേഖലയുടെ നിയന്ത്രണം കുർദുകൾ ഏറ്റെടുത്തിരുന്നത്.  ആ കുർദുകളെ ഇപ്പോൾ തുർക്കി ലക്ഷ്യമിടുമ്പോൾ യഥാർഥത്തിൽ  ആഹ്ലാദിക്കുന്നത് മരുഭൂമിയിലേക്ക് പിൻവാങ്ങിയ ഐഎസ് ആണ്.  അതായത് അമേരിക്കൻ നീക്കം അന്തിമമായി ഐഎസിനെ സഹായിക്കുന്നതാണ്. 

ഈ വർഷം ആദ്യപാദത്തിലാണ് ഇസ്ലാമിക സ്റ്റേറ്റിന്റെ കാലിഫേറ്റ് ഭരണത്തിന് അന്ത്യമായത്. റഷ്യൻ പിന്തുണയോടെ  സിറിയൻ സേനയാണ് ഐഎസിനെ പരാജയപ്പെടുത്തുന്നതിൽ നിർണായകപങ്ക് വഹിച്ചത്. ഐഎസിനെതിരെയുള്ള അമേരിക്കൻ സേനയുടെ യുദ്ധത്തിന് യഥാർഥത്തിൽ നേതൃത്വം നൽകിയത് കുർദുകളുടെ നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക്‌ ഫോഴ്സ്(എസ്ഡിഎഫ്) ആയിരുന്നു. സിറിയയിലെ ബഷർ അൽ അസദ് സർക്കാരിനെ അട്ടിമറിക്കുക ലക്ഷ്യമാക്കിയാണ് അമേരിക്ക പണവും ആയുധങ്ങളും നൽകി എസ്ഡിഎഫിന് രൂപം നൽകിയത്. എന്നാൽ, റഷ്യയുടെ രംഗപ്രവേശത്തോടെ അസദിനെ മാറ്റുക അസാധ്യമാണെന്ന് കണ്ടതോടെയാണ് ഐഎസിനെതിരെ നീങ്ങാൻ അമേരിക്ക തയ്യാറായത്. ഐഎസ് കേന്ദ്രങ്ങളിൽ വ്യോമാക്രമണം മാത്രമാണ് അമേരിക്ക നടത്തിയത്. കരയിൽ ഐഎസുമായി നേർക്കുനേർ ഏറ്റുമുട്ടിയത് കുർദുകളായിരുന്നു.  അവരെയാണിപ്പോൾ തുർക്കി സേനയുടെ രക്തദാഹത്തിനുമുമ്പിൽ എറിഞ്ഞുകൊടുക്കുന്നത്.

ഒക്ടോബർ ആറിനായിരുന്നു സിറിയയിൽനിന്ന്‌ സേനാപിന്മാറ്റം നടത്തുന്നതായി അമേരിക്കയുടെ പ്രഖ്യാപനം ഉണ്ടായത്.  അമേരിക്കൻ പ്രസിഡന്റ് ട്രംപും തുർക്കി പ്രസിഡന്റ് റസിപ് തയ്യിപ് എർദോഗനും തമ്മിലുള്ള സംഭാഷണത്തിനുശേഷമാണ് തുർക്കി കര–-വ്യോമ സേനാ ആക്രമണം ആരംഭിച്ചത്. കുർദുകൾക്കുനേരെ നീങ്ങാൻ അമേരിക്കയിൽനിന്ന്‌ പച്ചക്കൊടി ലഭിച്ചതിനാലാണ് ആക്രമണം എന്നും തുർക്കിവൃത്തങ്ങൾ അറിയിച്ചു. ഐഎസിനെതിരെയുള്ള സൈനികനീക്കത്തിന്റെ ചുമതല തുർക്കിയെ ഏൽപ്പിച്ച് അമേരിക്ക പിന്മാറുകയാണെന്നും എർദോഗനുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. 

തുർക്കിക്ക് എന്നും കണ്ണിലെ കരടാണ് കുർദുകൾ. സിറിയ, തുർക്കി, ഇറാൻ, ഇറാഖ്‌, അർമേനിയ എന്നീ രാജ്യങ്ങളുടെ അതിർത്തിപ്രദേശത്ത് താമസിക്കുന്നവരാണ് സ്വന്തമായി ഒരു രാജ്യമില്ലാത്ത കുർദ്‌ വംശജർ. ഇവരുടെ ആവശ്യങ്ങൾക്ക് നാവ് നൽകിയ പ്രസ്ഥാനമാണ് ഒക്ലാന്റെ നേതൃത്വത്തിലുള്ള കുർദിഷ് വർക്കേഴ്സ് പാർടി. അവരുടെ സൈന്യമാണ് വൈപിജെ എന്ന്‌ ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കുർദിഷ് ജനകീയസംരക്ഷണ സേന. അമേരിക്ക രൂപംനൽകിയ സിറിയൻ, ഐഎസ് വിരുദ്ധ എസ്ഡിഎഫിന്റെ നട്ടെല്ലും ഈ വൈപിജെയാണെന്നാണ് എർദോഗാന്റെ ആരോപണം.  സ്വന്തം രാജ്യത്തിനു വേണ്ടി വാദിക്കുന്ന കുർദുകൾ തുർക്കിക്ക് എന്നും ഭീഷണിയായിരുന്നു.

തുർക്കി അതിർത്തിയിലെ കൊബാന നഗരം ഐഎസിൽനിന്ന്‌ പിടിച്ചെടുത്തുകൊണ്ടാണ് എസ്ഡിഎഫ് ഐഎസിന്റെ തകർച്ചയ്‌ക്ക് തുടക്കമിട്ടത്. അമേരിക്ക കുർദുകളുമായി സഹകരിച്ചത് എർദോഗാനെ ക്ഷുഭിതനാക്കിയിരുന്നു. എന്നാൽ, ട്രംപിന്റെ കുടുംബ ഹോട്ടൽ ഇസ്‌താംബൂളിൽ തുറക്കാൻ അനുവദിക്കുകയും അതിന്റെ ഉദ്ഘാടനച്ചടങ്ങിൽ എർദോഗൻ പങ്കെടുക്കുകയും ചെയ്‌തതോടെതന്നെ അമേരിക്കയുമായുള്ള മോശമായിരുന്ന ബന്ധം വിളക്കിച്ചേർക്കാൻ എർദോഗന് കഴിഞ്ഞു. അതിന്റെ തുടർച്ചയെന്നോണമാണ് അമേരിക്ക സേനാപിന്മാറ്റം പ്രഖ്യാപിച്ചതും തുർക്കി കുർദുകൾക്കുനേരെ യുദ്ധം ആരംഭിച്ചതും.

എന്നാൽ, അതിർത്തികടന്നുള്ള തുർക്കി ആക്രമണത്തെ അധിനിവേശമായി കരുതി തിരിച്ചടിക്കുമെന്ന് സിറിയ വ്യക്തമാക്കിയ സാഹചര്യത്തിൽ യുദ്ധം രൂക്ഷമാകാനാണ് സാധ്യത. റഷ്യ അന്തിമമായി എന്ത് നിലപാട് സ്വീകരിക്കുമെന്നതും പറയാറായിട്ടില്ല. നിലവിൽ സംയമനം പാലിക്കാനാണ് പുടിൻ തുർക്കിയോട് ആവശ്യപ്പെട്ടത്.  അമേരിക്കൻ നയം ഒരിക്കൽക്കൂടി മധ്യപൗരസ്‌ത്യദേശത്തെ കലുഷിതമാക്കുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top