28 March Thursday

അലെപ്പോയുടെ പതനം അമേരിക്കയ്ക്ക് തിരിച്ചടി

വെബ് ഡെസ്‌ക്‌Updated: Friday Dec 16, 2016


വടക്കന്‍ സിറിയയിലെ തന്ത്രപ്രധാന നഗരമായ അലെപ്പോയുടെ നിയന്ത്രണം സിറിയന്‍സേന തിരിച്ചുപിടിച്ചു. രാജ്യത്തെ ഏറ്റവും വലിയ നഗരവും വാണിജ്യതലസ്ഥാനവുമായ അലെപ്പോയുടെ പതനം സിറിയന്‍ സേനയ്ക്ക് അടുത്തകാലത്ത് ലഭിച്ച ഏറ്റവും വലിയ വിജയമാണ്. പ്രസിഡന്റ് ബഷര്‍ അല്‍ അസദ് സര്‍ക്കാരിനെതിരെ അമേരിക്കന്‍പിന്തുണയുള്ള വിമതര്‍ നടത്തുന്ന 'ഭരണമാറ്റം' എന്ന അജന്‍ഡയ്ക്ക് വന്‍ തിരിച്ചടിയും. ഇസ്ളാമിക് സ്റ്റേറ്റി(ഐഎസ്)നെതിരെ സിറിയന്‍സേന നടത്തിയ മുന്നേറ്റങ്ങള്‍ക്ക് പിറകെ അമേരിക്കയുടെയും  സൌദി അറേബ്യയുടെയും ഖത്തറിന്റെയുംമറ്റും പിന്തുണയുള്ള അല്‍ ഖായ്ദ വിഭാഗങ്ങള്‍ക്കാണ് ഇപ്പോള്‍ കനത്ത തിരിച്ചടി ലഭിച്ചിരിക്കുന്നത്. റഷ്യന്‍ സേനയുടെയും ഇറാന്‍ സേനയുടെയും ഹിസബൊള്ളയുടെയും പിന്തുണയാണ് സിറിയന്‍ സേനയ്ക്ക് ഈ വിജയം നേടാന്‍ സഹായിച്ചത്. പശ്ചിമേഷ്യയില്‍ നിലനിലല്‍ക്കുന്ന മതനിരപേക്ഷ ഭരണത്തെ അട്ടിമറിക്കാന്‍ ഒരുഭാഗത്ത് ഐഎസും മറുഭാഗത്ത് വിമതരും കഴിഞ്ഞ അഞ്ചുവര്‍ഷമായി ശ്രമിച്ചുവരികയാണ്. ഐഎസിനെ എതിര്‍ക്കുന്നുവെന്ന് പറയുമ്പോഴും അല്‍ ഖായ്ദ വിഭാഗത്തില്‍പെട്ട ഫത്തഹ് അല്‍ നൂസ്രഫ്രണ്ടിനും(ഇപ്പോള്‍ ഫത്തഹ് അല്‍ ഷാം) മറ്റ് ജിഹാദി വിഭാഗങ്ങള്‍ക്കും പണവും ആയുധവും നല്‍കി പിന്തുണ നല്‍കിയത് അമേരിക്കയും സൌദി അറേബ്യയുമായിരുന്നു.

ബഷര്‍ അല്‍ അസദിനെ ഭരണത്തില്‍നിന്ന് ഇറക്കുകയായിരുന്നു അമേരിക്കയുടെ ലക്ഷ്യം. ഇറാനില്‍ മൊസാദിക്കിനെ അട്ടിമറിച്ച് പശ്ചിമേഷ്യയില്‍ അമേരിക്ക ആരംഭിച്ച 'ഭരണമാറ്റ'മെന്ന അതേ രീതി സിറിയയിലും ആവര്‍ത്തിക്കാനായിരുന്നു ശ്രമം. തങ്ങള്‍ക്ക് വഴങ്ങിനില്‍ക്കാത്തവരെ ഭരണത്തില്‍നിന്ന് മാറ്റുക എന്നതായിരുന്നു ഈ അമേരിക്കന്‍തന്ത്രം. ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനെയും ലിബിയന്‍ നേതാവ് കേണല്‍ ഗദ്ദാഫിയെയും രക്തരൂഷിതമായ ഏറ്റുമുട്ടലിലൂടെയാണ് അവര്‍ പുറത്താക്കിയതും പിന്നീട് വധിച്ചതും.  ഐഎസിനെതിരെ ശക്തമായ പേരാട്ടം കാഴ്ചവയ്ക്കുന്ന ബഷര്‍ അല്‍ അസദിനെ മാറ്റാന്‍ അമേരിക്ക വിമതര്‍ക്ക് പിന്തുണ നല്‍കിയപ്പോള്‍ അവരുടെ യാഥാര്‍ഥ്യ ലക്ഷ്യം ഭീകരവാദത്തെ തുടച്ചുനീക്കലല്ല മറിച്ച് തങ്ങള്‍ക്ക് വഴങ്ങാത്തവരെ  തകര്‍ക്കുക മാത്രമാണെന്ന് വ്യക്തമായി.  സിറിയന്‍ സൈന്യത്തിനുനേരെ ഒരുഭാഗത്ത് ഐഎസും മറുഭാഗത്ത് വിമതരും യുദ്ധം നടത്തിയപ്പോള്‍ സ്വാഭാവികമായും വന്‍ തിരിച്ചടികള്‍ നേരിടേണ്ടി വന്നു. ഒരുവേള സിറിയയുടെ നിയന്ത്രണം ഐഎസ് പിടിക്കുമെന്ന പ്രതീതിവരെയുണ്ടായി. ഈ ഘട്ടത്തിലാണ് 2015 സെപ്തംബറില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ സിറിയന്‍ സര്‍ക്കാരിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്. റഷ്യന്‍ വ്യോമസേന രംഗത്തിറങ്ങിയതോടെ യുദ്ധചിത്രം മാറി. ഐഎസ് കേന്ദ്രങ്ങള്‍ ഒന്നൊന്നായി വീണു. ഇപ്പോര്‍ പ്രധാന വിമതകേന്ദ്രവും വീണിരിക്കുന്നു. 

അലെപ്പോയുടെ പതനം സ്വാഭാവികമായും പാശ്ചാത്യശക്തികളെ ചൊടിപ്പിച്ചു.  ചൊവ്വാഴ്ച യുഎന്‍ രക്ഷാസമിതിയില്‍ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സുംചേര്‍ന്ന് ഒരു പ്രമേയം കൊണ്ടുവന്നു. സിറിയന്‍ സേനയും റഷ്യയും നടത്തിയതായി പറയപ്പെടുന്ന കൂട്ടക്കൊലകളെ അപമാനിക്കണമെന്നായിരുന്നു ആവശ്യം. സിറിയന്‍ സേന കൂട്ടക്കൊല നടത്തിയിട്ടില്ലെന്ന് പറയാനാകില്ല. സിവിലിയന്മാര്‍ കൊല്ലപ്പെട്ടില്ലെന്നും പറയാനാകില്ല. യുദ്ധത്തിന്റെ എല്ലാ ക്രൂരതകളും അലെപ്പോയിലും ആവര്‍ത്തിച്ചിട്ടുണ്ടാകാം. എന്നാല്‍, അതിനെക്കുറിച്ച് ഇപ്പോള്‍ വിലപിക്കുന്ന അമേരിക്കയുംകൂട്ടരും എന്തുകൊണ്ടാണ് ഇത്തരമൊരു പ്രമേയം വിമതര്‍ അലെപ്പോ കീഴ്പ്പെടുത്തിയപ്പോള്‍ കൊണ്ടുവരാതിരുന്നത്. അമേരിക്കന്‍ പിന്തുണയോടെ വിമതസേന അലെപ്പോ 2012ല്‍ കീഴടക്കിയപ്പോഴും കൂട്ടക്കൊലകളും ബലാത്സംഗങ്ങളും നടന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.  അന്ന് പാശ്ചാത്യമാധ്യമങ്ങള്‍ പറഞ്ഞത് ബഷര്‍ അല്‍ അസദിനെ പിന്തുണയ്ക്കുന്നവരാണ് കൊല്ലപ്പെട്ടത് എന്നായിരുന്നു.  അഞ്ച് വര്‍ഷമായി തുടരുന്ന സിറിയന്‍ യുദ്ധത്തില്‍ 312000 പേരാണ് കൊല്ലപ്പെട്ടത്.  ഇതില്‍ 110000 പേരും സിറയന്‍ സൈനികരാണ്. 117000 പേര്‍ വിമതരും ജിഹാദികളുമാണ്. 90000 പേര്‍ സിവിലിയന്മാരും. പാശ്ചാത്യമാധ്യമങ്ങളുടെ പ്രചാരണത്തിന് മറുപടിനല്‍കുന്നതാണ് ഈ കണക്കുകള്‍. 

അലെപ്പോയുടെ പതനം സിറിയന്‍ യുദ്ധത്തിന് അന്ത്യമിടുമെന്ന പ്രതീക്ഷ ഉണര്‍ത്തിയിട്ടുണ്ട്.  യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക് അലെപ്പോയിലെ വിജയം പ്രചോദനമാകുമെന്ന് ബഷര്‍ അല്‍ അസദ് തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍, പരാജയപ്പെട്ട അമേരിക്കയും സഖ്യശക്തികളും ഇതിന് അനുവദിക്കില്ലെന്ന്  ഏതാണ്ട് വ്യക്തമാണ്. അലെപ്പോ വീണാലും സിറിയയിലെ യുദ്ധം അവസാനിക്കില്ലെന്നും അത് തുടരുകതന്നെ ചെയ്യുമെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞത് ഇതാണ് സൂചിപ്പിക്കുന്നത്. സിറിയയില്‍ അമേരിക്കയ്ക്കൊപ്പം നിലയുറപ്പിച്ച ഖത്തറിന്റെ വിദേശമന്ത്രി ഷേഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍താനിയും ഇതേ അഭിപ്രായം പങ്കിട്ടു. സിറിയന്‍ ജനതയും പ്രതിപക്ഷവും സര്‍ക്കാരിനെതിരെ പോരാട്ടം തുടരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇതെല്ലാം വ്യക്തമാക്കുന്നത് സിറിയയിലെ പേരാട്ടത്തിന് അടുത്തൊന്നും അന്ത്യമാകില്ലെന്നാണ്.  എങ്കിലും അലെപ്പോയുടെ പതനം നല്‍കുന്ന ഏറ്റവും പ്രധാന സന്ദേശം പശ്ചിമേഷ്യയില്‍ അമേരിക്കയുടെയും പാശ്ചാത്യശക്തികളുടെ മേല്‍ക്കോയ്മയുടെയും അന്ത്യത്തിന് തുടക്കമായിരിക്കുന്നുവെന്നാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top