29 March Friday

തിരക്കഥയിലെ ഗൂഢാലോചന

വെബ് ഡെസ്‌ക്‌Updated: Saturday Mar 11, 2023


ബൂർഷ്വാസിയെ സംബന്ധിച്ചിടത്തോളം  പത്രസ്വാതന്ത്ര്യം സമ്പന്നർക്ക് പ്രസിദ്ധീകരിക്കാനും മുതലാളിമാർക്ക് പത്രങ്ങൾ നിയന്ത്രിക്കാനുമുള്ള സ്വാതന്ത്ര്യമാണ്‌ അർഥമാക്കുന്നത്‌.  ഈ സമ്പ്രദായം ഏറ്റവും സ്വതന്ത്രമെന്ന്  പറയുന്ന രാജ്യത്ത് ഉൾപ്പെടെ എല്ലായിടത്തും അഴിമതി നിറഞ്ഞ പത്രസംസ്കാരമാണ്  സൃഷ്ടിച്ചത്‐ പത്രസ്വാതന്ത്ര്യം മുൻനിർത്തി  ലെനിൻ തയ്യാറാക്കിയ പ്രമേയത്തിലെ  ആദ്യ വാചകം ഇങ്ങനെയായിരുന്നു. കേരളത്തിലെ മാധ്യമങ്ങളുടെ സമീപകാല ചെയ്‌തികളും പിന്തുടരുന്ന പ്രവണതകളും  ജനാധിപത്യത്തെ  തകിടംമറിക്കുകയാണ്‌. യുക്തിക്കു നിരക്കാത്ത, സാമാന്യബുദ്ധിയെ പരിഗണിക്കാത്ത, പരിശോധനയേ ഇല്ലാത്ത,  പുരോഗമന‐ ഇടതുപക്ഷ വിരുദ്ധങ്ങളായ വാർത്താനിർമിതിക്ക്‌ സകലവിധ  ആയുധങ്ങളുമായി ഇറങ്ങിപ്പുറപ്പെടുകയാണ്‌ അവ. അതിന്‌ മാലിന്യം നിറഞ്ഞ പല ചേരുവകളും നാറ്റം വമിക്കുന്ന പ്രതീകങ്ങളും ദുരുപയോഗിക്കുന്നു. സ്വർണക്കള്ളക്കടത്തുകേസ്‌ പ്രതി  സ്വപ്‌ന സുരേഷിനെ പുതിയ തിരക്കഥയുമായി മുഖ്യമന്ത്രിക്കും സിപിഐ എമ്മിനും  സംസ്ഥാന സെക്രട്ടറിക്കുമെതിരെ  രംഗത്തിറക്കിയതിൽ മാധ്യമങ്ങൾക്കും പങ്കുണ്ട്‌.  ബാലിശമായ ആരോപണം തട്ടിവിട്ട്‌  വായ പൂട്ടുംമുമ്പ്‌  വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ ഓടിയെത്തിയതും ഗൂഢാലോചനയുടെ ഭാഗം. സ്വപ്‌നയുടെ പുതിയ കഥാപാത്രമായ വിജയ്‌ പിള്ളയെ ഉടൻ കണ്ടെത്തി മുഖാമുഖം നടത്തിയ ചാനലുകളുടെ കൗശലം കള്ളക്കഥയുടെ അനുബന്ധവും.

സ്വപ്‌ന മുൻകൂട്ടി പ്രഖ്യാപിച്ച ഫെയ്‌സ്‌ബുക്ക്‌ ലൈവിൽ വിജയ്‌ പിള്ളയായിരുന്നു ആവർത്തിച്ച്‌ കടന്നുവന്നത്‌. അഭിഭാഷകൻ മുഖേന കർണാടക ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും അയച്ച  ഇ മെയിലിലും അങ്ങനെതന്നെ.  ആ പരാതി കർണാടകയുടെ അധികാരപരിധിയിൽ അന്വേഷണം നടക്കാൻ മെനഞ്ഞുണ്ടാക്കിയ നാടകങ്ങളുടെ ഭാഗമാണോ എന്ന  സംശയം ചില നിയമജ്ഞർ ഉയർത്തിയത്‌ തള്ളിക്കളയാനാകില്ല.  പുതിയ ആരോപണങ്ങൾ ഗൂഢാലോചനയിൽ പിറന്നതാകാമെന്നും അവർ അഭിപ്രായപ്പെട്ടു. ലൈവ്‌ നിർത്തിയ  ഉടൻ  സ്വപ്‌ന പറഞ്ഞയാൾ ‘വിജയ് പിള്ള അല്ല, വിജേഷ്‌ പിള്ള, ഡബ്ല്യുജിഎൻ ഇൻഫോടെക്‌ സിഇഒ' എന്ന തലക്കെട്ടിൽ ജന്മഭൂമി  ഓൺലൈൻ പതിപ്പിൽ തിരുത്ത്‌ പ്രത്യക്ഷപ്പെട്ടു.  അതോടെ മറ്റു മാധ്യമങ്ങളും ആ  പേര്‌ അസന്ദിഗ്‌ധമായി ഉറപ്പിച്ചു. സമയം കളയാതെ കെ സുരേന്ദ്രൻ ആക്ഷേപങ്ങൾ ആവർത്തിക്കുകയും ചെയ്‌തു.

സ്വപ്‌നയ്‌ക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്‌തത്‌  കേന്ദ്ര ഏജൻസികളാണ്‌. അതിൽ സംസ്ഥാന സർക്കാരിനും അതിന്റെ തലവനും എന്തു സ്വാധീനമാണുള്ളത്‌. എന്നിട്ടും മുഖ്യമന്ത്രിക്കെതിരെ  നിരന്തരം കള്ളക്കഥകൾ നിരത്തുന്നതിന്റെ ലക്ഷ്യം വ്യക്തം. സ്വർണക്കടത്തുകേസ് തീർപ്പാക്കാൻ 30 കോടിയുടെ വാഗ്ദാനം ലഭിച്ചെന്നാണ്‌ ഒന്നാംപ്രതി സ്വപ്‌നയുടെ  പുതിയ ആരോപണം. കണ്ണൂർ സ്വദേശി വിജയ്‌ പിള്ളയാണ് കാശ്‌ വാഗ്ദാനം ചെയ്‌തതത്രെ. ഹരിയാനയിലേക്കോ ജയ്‌പുരിലേക്കോ മാറാനും അയാൾ നിർദേശിച്ചു. മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ സംസാരിക്കുന്നത് നിർത്തണമെന്നും ഇംഗ്ലണ്ടിലേക്കോ മലേഷ്യയിലേക്കോ പോകാൻ വിസ നൽകാമെന്നും ഉറപ്പുനൽകി. കഴിഞ്ഞവർഷം ഇത്തരമൊരു സാങ്കൽപ്പിക കഥയിൽ  നിറഞ്ഞുനിന്നത്‌ കോൺഗ്രസ്‌ ചാനലായ ജയ്‌ഹിന്ദിന്റെ  മുൻ റിപ്പോർട്ടർ ഷാജ്‌ കിരണായിരുന്നു.

മുഖ്യമന്ത്രിയുടെ വിശ്വസ്‌തനും എഡിജിപിയുടെ അടുപ്പക്കാരനുമായി അവതരിപ്പിക്കപ്പെട്ട  അയാൾ സ്വപ്‌നയുടെ അടുത്ത സുഹൃത്താണെന്ന്‌ പിന്നീട്‌ തെളിയുകയുണ്ടായി. 164 പ്രകാരമുള്ള മൊഴി പിൻവലിക്കാൻ ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രിയുടെ ദൂതനായാണ്‌ ഷാജ്‌ കിരൺ എത്തിയതെന്നുമായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തൽ. മികച്ച വാർത്താവിഭവം കൈയിലായ മട്ടിൽ  മാധ്യമങ്ങൾ ചാടിവീണു. മൊഴി പിൻവലിക്കാൻ ശക്തമായ സമ്മർദം, തുടർച്ചയായ ഭീഷണി  എന്നിങ്ങനെ പോയി അനുബന്ധം. മാധ്യമങ്ങൾ ഉറക്കമൊഴിച്ച്‌ ആഘോഷിച്ച അതും ചാപിള്ളയായി.

മാധ്യമസ്വാതന്ത്ര്യം അസത്യങ്ങൾ  അറിയിക്കാനുള്ള സ്വാതന്ത്ര്യമല്ല, വായനക്കാരന്‌ സത്യം അറിയാനുള്ള സ്വാതന്ത്ര്യമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന  നിശിതമായ ഓർമപ്പെടുത്തൽ കൂടിയാണ്‌. സ്വതന്ത്രവും നിർഭയവുമായ മാധ്യമപ്രവർത്തനത്തിന് എല്ലാ പരിരക്ഷയും ഉണ്ടാകുമെന്നും കൂട്ടിച്ചേർത്ത അദ്ദേഹം, മാധ്യമപ്രവർത്തകർ‐ അല്ലാത്തവർ എന്നനിലയിൽ  പൗരന്മാരെ  ഭരണഘടന വേർതിരിച്ച്‌ കാണുന്നില്ലെന്ന്‌ വ്യക്തമാക്കിയത്‌ ആരും വിസ്‌മരിക്കരുത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top