27 April Saturday

നീതിപീഠം ഇരകൾക്ക്‌ ആശ്വാസം പകരണം

വെബ് ഡെസ്‌ക്‌Updated: Friday Mar 5, 2021



ഭരണഘടനയും നിയമവ്യവസ്ഥയും ഉറപ്പുനൽകുന്ന തുല്യാവകാശങ്ങളിലും സ്‌ത്രീസുരക്ഷയിലും വിശ്വാസം അർപ്പിക്കുന്നവരെ ആശങ്കയിലാക്കുന്ന പരാമർശങ്ങളും വിധിപ്രസ്‌താവവുമാണ്‌ രാജ്യത്തെ പരമോന്നത നീതിപീഠത്തിൽനിന്ന്‌ അടുത്ത ദിവസങ്ങളിൽ ഉണ്ടായത്‌. സ്‌കൂൾ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്‌ത പ്രതിയോട്‌ ഇരയെ വിവാഹം ചെയ്യാൻ തയ്യാറാണോ എന്ന്‌‌ ചീഫ്‌ ജസ്റ്റിസ്‌ എസ്‌ എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച്‌ ചോദിച്ചതുകേട്ട്‌ രാജ്യം നടുങ്ങി. വിവാഹിതരായ സ്‌ത്രീപുരുഷൻമാർ തമ്മിലുള്ള ലൈംഗികബന്ധത്തെ ബലാത്സംഗമായി കാണാനാകുമോ എന്ന്‌ മറ്റൊരു കേസിൽ ചീഫ്‌ ജസ്റ്റിസ്‌ ചോദിച്ചതും കഴിഞ്ഞദിവസമാണ്‌. അതേസമയം, ഭർത്താവിനൊപ്പം ജീവിക്കാൻ ഭാര്യയെ നിർബന്ധിക്കാൻ കഴിയില്ലെന്നും ഭാര്യ ഭർത്താവിന്റെ അടിമയല്ലെന്നും സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച്‌ നിരീക്ഷിച്ചത്‌ ആശങ്കയ്‌ക്കിടയിലെ പ്രകാശരേഖയാണ്‌. ജീവിതവും ആത്മാഭിമാനവും സംരക്ഷിക്കാൻ സ്‌ത്രീകൾക്ക്‌ ആശ്രയിക്കാവുന്ന അവസാന അത്താണിയായ പരമോന്നത നീതിപീഠം സമാനമായ കേസുകളിൽ പരസ്‌പര വിരുദ്ധമായ നിരീക്ഷണങ്ങളും അഭിപ്രായപ്രകടനങ്ങളും നടത്തുന്നത്‌ എന്തുകൊണ്ടാണെന്ന‌ സംശയം ബാക്കിനിൽക്കുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പലവട്ടം ബലാത്സംഗത്തിനിരയാക്കിയ മഹാരാഷ്ട്ര വൈദ്യുതി ബോർഡിലെ ജീവനക്കാരന്റെ മുൻകൂർ ജാമ്യം റദ്ദാക്കിയതിനെതിരായ ഹർജിയിൽ വാദം കേൾക്കുമ്പോഴാണ്‌ ഇരയെ വിവാഹം കഴിക്കാൻ അക്രമിയോട്‌ ചീഫ്‌ ജസ്റ്റിസ്‌‌ നിർദേശിച്ചത്‌. ‘‘നിങ്ങൾക്ക്‌ പെൺകുട്ടിയെ വിവാഹം കഴിക്കണമെങ്കിൽ ഞങ്ങൾ സഹായിക്കാം. ഇല്ലെങ്കിൽ നിങ്ങൾക്ക്‌ ജോലി നഷ്ടപ്പെടും. ജയിലിൽ പോകേണ്ടിവരും. പെൺകുട്ടിയെ നിങ്ങൾ ബലാത്സംഗം ചെയ്‌തതാണ്‌.’’ എന്നിങ്ങനെയുള്ള ചീഫ്‌ ജസ്റ്റിസിന്റെ പരാമർശങ്ങൾ നീതിബോധമുള്ളവരെയാകെ സ്‌തബ്‌ധരാക്കി. ചീഫ്‌ ജസ്റ്റിസിനൊപ്പം ജസ്റ്റിസ്‌ എ എസ്‌ ബോപ്പണ്ണയും വി രാമസുബ്രഹ്മണ്യനും ഉൾപ്പെട്ട ബെഞ്ച്‌ അക്രമിയെ നാലാഴ്‌ചത്തേക്ക്‌ അറസ്റ്റുചെയ്യരുതെന്ന്‌ നിർദേശിക്കുകയും ചെയ്‌തപ്പോൾ ഇരയ്‌ക്ക്‌ സാമാന്യ നീതിപോലും നിഷേധിക്കപ്പെട്ടു. രണ്ടു വർഷത്തോളം ഒന്നിച്ചുകഴിഞ്ഞ യുവാവ്‌ അക്കാലത്ത്‌ ബലാത്സംഗത്തിനിരയാക്കിയെന്ന യുവതിയുടെ പരാതിയിൽ വാദം കേൾക്കുമ്പോഴാണ്‌ വിവാഹിതരായവരുടെ ലൈംഗികബന്ധം ബലാത്സംഗമായി കാണാനാകുമോ എന്ന്‌ കോടതി ചോദിച്ചത്‌. വസ്‌ത്രത്തിനു മുകളിലൂടെ ശരീരത്തിൽ സ്‌പർശിക്കുന്നത്‌ പീഡനമായി കണക്കാക്കാനാകില്ലെന്ന്‌ മുംബൈ ഹൈക്കോടതി വിധിച്ചതും ഈയിടെയാണ്‌. ഇത്‌ പിന്നീട്‌ സുപ്രീംകോടതി റദ്ദാക്കിയെങ്കിലും ഇത്തരം പരാമർശം നടത്താൻ കോടതികൾ തയ്യാറാകുന്നത്‌ ഉൽക്കണ്ഠാജനകമാണ്‌.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പലവട്ടം ബലാത്സംഗംചെയ്‌ത പ്രതി പൗരൻമാർക്ക്‌ സംരക്ഷണം നൽകാൻ ചുമതലപ്പെട്ട രാജ്യത്തെ നിയമവ്യവസ്ഥയെക്കൂടിയാണ്‌ യഥാർഥത്തിൽ വെല്ലുവിളിച്ചത്. കുറ്റകൃത്യത്തിലേർപ്പെട്ട ഒരാളുടെ ചെയ്‌തി നിയമപരമായി പരിശോധിക്കുകയാണ്‌ കോടതികൾ ചെയ്യേണ്ടത്‌. പെൺകുട്ടിയെ ശാരീരികമായി കടന്നാക്രമിച്ച പ്രതിയുടെ കുറ്റകൃത്യം വിവാഹത്തിലൂടെ ഇല്ലാതാക്കാൻ കഴിയില്ലെന്ന്‌ കോടതികൾക്ക്‌ അറിയാത്തതല്ല. ഇര അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾക്ക്‌‌ വിലകൽപ്പിക്കാതെ വിവാഹമെന്ന ഒത്തുതീർപ്പിന്‌ കോടതി നിർദേശിക്കുന്നതിന്‌ നിയമപരമായി നിലനിൽപ്പില്ല. ഒത്തുതീർപ്പുകാരുടെ റോളല്ല കുറ്റവാളികളെ നിയമപരമായി ശിക്ഷിക്കേണ്ട ചുമതലയാണ്‌ കോടതികൾ നിർവഹിക്കേണ്ടത്‌. എങ്കിലേ നിയമ–-നീതിന്യായ സംവിധാനങ്ങളുടെ വിശ്വാസ്യത സംരക്ഷിക്കപ്പെടുകയുള്ളൂ.


 

ദമ്പതികളുടെ ലൈംഗികബന്ധം ബലാത്സംഗമാകുമോ എന്ന ചോദ്യം ഭാര്യയെ ഭർത്താവ്‌ ബലാത്സംഗം ചെയ്യുന്നതിൽ പ്രശ്‌നമില്ലെന്ന സന്ദേശമാണ്‌ നൽകുന്നത്‌. ഒരാളുടെ ശരീരത്തിന്റെ പരമാധികാരി ആ വ്യക്തി മാത്രമാണ്‌. വിവാഹിതയാണെങ്കിലും അല്ലെങ്കിലും സമ്മതമില്ലാതെ സ്‌ത്രീയുടെ ശരീരത്തിൽ സ്‌പർശിക്കുന്നത്‌ കടന്നാക്രമണംതന്നെ‌. ഭർത്താവ്‌ ഭാര്യക്കുമേൽ നടത്തുന്ന ലൈംഗികവും ശാരീരികവും മാനസികവുമായ കടന്നാക്രമണങ്ങൾക്ക്‌ പരിരക്ഷ നൽകാൻ കോടതിയുടെ പരാമർശം ഇടയാക്കും. കുടുംബജീവിതത്തിൽ സ്‌ത്രീകൾ അനുഭവിക്കുന്ന എല്ലാ പീഡനത്തിനും ഇത്‌ അംഗീകാരം നൽകുകയും ചെയ്യും. സ്‌ത്രീപുരുഷൻമാർക്ക്‌ ഭരണഘടന അനുവദിക്കുന്ന തുല്യതയും പരിഗണനയുമാണ്‌ ഇതുവഴി നഷ്ടമാകുക‌.

രാജ്യത്ത്‌ ലൈംഗികാതിക്രമ കേസുകൾ നാൾക്കുനാൾ വർധിക്കുമ്പോൾ കോടതികൾ മാത്രമാണ്‌ ഇരകൾക്ക്‌ അത്താണി. എന്നാൽ, സമീപകാലത്ത്‌ പല കോടതി ഉത്തരവും ഇരയുടെ താൽപ്പര്യങ്ങൾ‌ വിസ്‌മരിക്കുന്നു. പരമോന്നത കോടതിയുടെ പരാമർശങ്ങൾ കീഴ്‌കോടതികൾക്കും നിയമപാലകർക്കും അപകടകരമായ സന്ദേശമാണ്‌ നൽകുക. ഇരകൾക്ക്‌ സംരക്ഷണം നൽകേണ്ടവർ ഒത്തുതീർപ്പിന്റെ വഴിതേടാൻ ഇത്‌ കാരണമാകും. കുറ്റകൃത്യങ്ങൾക്ക്‌ ഇരയാകുന്നവർക്ക്‌ താങ്ങുംതണലുമാകാൻ രാജ്യത്തെ നീതിന്യായസംവിധാനങ്ങൾക്ക്‌ കഴിയണം. കോടതികളുടെ ചെറുപരാമർശംപോലും ഇരകൾക്ക്‌ ആത്മവിശ്വാസം നൽകുന്നതാകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top