12 July Saturday

സ്വവർഗ വിവാഹം : ഇനി തീരുമാനിക്കേണ്ടത്‌ കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Thursday Oct 19, 2023


രാജ്യത്തെ സ്വവർഗ പങ്കാളികളും സ്വവർഗാനുരാഗികളും നേരിടുന്ന പ്രശ്‌നങ്ങളെല്ലാം അംഗീകരിച്ചു; എന്നാൽ, പരിഹാരം കോടതിയുടെ കൈവശമല്ല–- സ്വവർഗ വിവാഹങ്ങൾക്ക്‌ നിയമസാധുത നിഷേധിച്ച്‌ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്‌ പുറപ്പെടുവിച്ച വിധിയുടെ കാതൽ ഇതാണ്‌. സ്വവർഗ പങ്കാളികൾക്ക്‌ ‘സിവിൽ യൂണിയൻ’ ആകാമെന്നും ഇവർക്ക്‌ കുട്ടികളെ ദത്തെടുക്കാമെന്നും ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡും  ജസ്റ്റിസ്‌ സഞ്‌ജയ്‌ കിഷൻ കൗളും വിധിച്ചത്‌ ന്യൂനപക്ഷമായി. സ്വന്തം ഇഷ്ടപ്രകാരം ആരെയും വിവാഹം കഴിക്കാനുള്ള മൗലികാവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്ന്‌ ഹർജിക്കാർ വാദിച്ചു. അതേസമയം, നിയമപ്രകാരം വിവാഹം നിയന്ത്രിക്കുന്നതിനാലാണ്‌ ഇന്നത്തെ നിലയിലുള്ള സാമൂഹ്യ, നിയമ പ്രസക്തി ഇതിനു കൈവന്നിട്ടുള്ളതെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ നിരീക്ഷിച്ചു. വ്യക്തിതാൽപ്പര്യങ്ങൾക്ക്‌ ഉപരിയായി സാമൂഹ്യപദവിയും ചേരുന്നതാണ്‌ വിവാഹത്തിന്റെ അടിസ്ഥാനപരമായ പ്രാധാന്യമെന്ന്‌ ജസ്റ്റിസുമാർ എസ്‌ രവീന്ദ്രഭട്ട്‌, പി എസ്‌ നരസിംഹ, ഹിമാ കോലി എന്നിവർ ഭൂരിപക്ഷവിധിയിൽ പറഞ്ഞു. സ്വവർഗ വിവാഹങ്ങൾ നിയമവിധേയമാക്കാൻ സ്‌പെഷ്യൽ മാര്യേജ്‌ ‌ ആക്ടിൽ മാറ്റം വരുത്താനുള്ള അധികാരം പൂർണമായും പാർലമെന്റിനാണെന്നും ജസ്റ്റിസുമാർ ചൂണ്ടിക്കാട്ടി.

സ്വവർഗാനുരാഗികൾക്ക്‌ പങ്കാളികളെ തെരഞ്ഞെടുക്കാനും ഒന്നിച്ച്‌ കഴിയാനും ജീവിതം ആസ്വദിക്കാനും അവകാശമുണ്ടെന്ന്‌ പരമോന്നത നീതിപീഠം നിരീക്ഷിച്ചത്‌ ശ്രദ്ധേയമാണ്‌. ഇവരുടെ സംരക്ഷണത്തിനായി മാർഗനിർദേശങ്ങളും കോടതി പുറപ്പെടുവിച്ചു. പൊലീസ്‌ സ്‌റ്റേഷനുകളിൽ വിളിച്ചുവരുത്തി ഇവരെ അവഹേളിക്കരുതെന്നും നിർദേശിച്ചു. സ്വവർഗാനുരാഗികളെ അരാജകവാദികളായോ സാമൂഹ്യവിരുദ്ധരായോ ചിത്രീകരിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നവർക്ക്‌ ശക്തമായ മുന്നറിയിപ്പാണ്‌ കോടതി നൽകിയത്‌.

ചുരുക്കത്തിൽ സ്വവർഗ ദമ്പതികൾക്ക്‌ ഒന്നിച്ചുകഴിയാം; വിവാഹമെന്ന സാമൂഹ്യസ്ഥാപനത്തിന്റെ പദവി കിട്ടില്ലെന്നുമാത്രം. ഈ പ്രശ്‌നത്തിന്‌ രാഷ്‌ട്രീയപരിഹാരമാണ്‌ കോടതി നിർദേശിക്കുന്നത്‌. ജനങ്ങൾക്കാണ്‌ ഇത്തരം കാര്യങ്ങളിൽ അന്തിമവാക്ക്‌ പറയാൻ കഴിയുക. അതായത്‌, പാർലമെന്ററി ജനാധിപത്യസംവിധാനത്തിൽ പാർലമെന്റിനാണ്‌ നിയമനിർമാണ അധികാരം. സ്വവർഗാനുരാഗികൾ നേരിടുന്ന വിവേചനങ്ങളും അടിച്ചമർത്തലുകളും പൊതുവെ എല്ലാവരും അംഗീകരിക്കുന്നുണ്ട്‌. മത–- സാമൂഹ്യ സംഘടനകളും രാഷ്‌ട്രീയ പാർടികളും സ്വവർഗാനുരാഗികളെ തള്ളിപ്പറയുന്നില്ല. എന്നാൽ, നിയമപരമായ കുടുംബസംവിധാനത്തിന്റെ നിർവചനപരിധിയിൽ സ്വവർഗബന്ധങ്ങളെ കൊണ്ടുവരുന്നതിനെ ഇതിൽ പലരും നഖശിഖാന്തം എതിർക്കുന്നു.

മനുഷ്യജീവിതവും സമൂഹവും നിശ്‌ചലമായ ജലാശയമല്ല. സാമൂഹ്യമാറ്റങ്ങളും നവോത്ഥാനവും വഴിയാണ്‌ ഇന്നത്തെ അവസ്ഥയിൽ സമൂഹം എത്തിയത്‌. ശാസ്‌ത്രത്തിന്റെ വളർച്ച മനുഷ്യന്റെ ചിന്താഗതിയെയും സംസ്‌കാരത്തെയും സ്വാധീനിക്കും. ദാമ്പത്യം, ലൈംഗികത, വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയ മേഖലകളിൽ തുറന്ന ചിന്തയും സംവാദങ്ങളും വരുംനാളുകളിൽ വിപുലമായ തോതിൽ ഉറപ്പായും ഉണ്ടാകും. ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണം എന്നത്‌ ലിംഗപരമായ ന്യൂനപക്ഷങ്ങളുടെ കാര്യത്തിലും ബാധകമാണ്‌. ന്യൂനപക്ഷങ്ങളുടെയും പാർശ്വവൽക്കൃതരുടെയും ആകുലതകളും ദൈന്യതയും പരിഗണിക്കുന്ന ഭരണനേതൃത്വത്തിനു മാത്രമേ സ്വവർഗാനുരാഗികൾ അടക്കമുള്ളവരുടെ ആശങ്കകളും പരിഹരിക്കാൻ കഴിയുകയുള്ളൂ. നിയമങ്ങളിൽ കാലോചിത പരിഷ്‌കാരം വേണം. നിയമപരിഷ്‌കാരം കോടതിയുടെ ചുമതലയല്ല; നിയമനിർമാണത്തിൽ അപാകമുണ്ടെങ്കിൽ കോടതിക്ക്‌ ഇടപെടാം. എന്നിരുന്നാലും പുതുതായി നിയമം കൊണ്ടുവരാൻ കോടതിക്ക്‌ കഴിയില്ല. പൗരന്മാരുടെ ഇച്ഛയ്‌ക്ക്‌ അനുസൃതമായി നിയമങ്ങൾ കൊണ്ടുവരേണ്ടത്‌ സർക്കാരിന്റെ കടമയാണ്‌. സ്വവർഗപങ്കാളികൾ സാമൂഹ്യയാഥാർഥ്യമാണെന്ന്‌ സുപ്രീംകോടതി അംഗീകരിച്ചിരിക്കുന്നു. ഇവിടെനിന്ന്‌  മുന്നോട്ടുപോകേണ്ടത്‌ കേന്ദ്രസർക്കാരാണ്‌.

രാജ്യത്തിനാവശ്യമായ നിയമങ്ങൾ വേണ്ടത്ര വ്യക്തതയോടെ, യഥാസമയം രൂപപ്പെടുത്താൻ ഇച്ഛാശക്തിയുള്ളവരെ തെരഞ്ഞെടുക്കുക വഴി മാത്രമേ ഈ ആവശ്യം നിറവേറ്റാനാകൂ. ഓരോ വിഷയത്തിലും ധ്രുവീകരണം സൃഷ്ടിക്കാനും ജനങ്ങളെ ഭിന്നിപ്പിക്കാനും വെമ്പൽകൊള്ളുന്നവർക്ക്‌ ഇതിനൊന്നും സമയം ലഭിക്കില്ല. സങ്കുചിത അജൻഡ മുന്നോട്ടുകൊണ്ടുപോകാൻ തിരക്കിട്ട്‌ നിയമങ്ങൾ കൊണ്ടുവരുന്ന കേന്ദ്രസർക്കാർ സ്വവർഗാനുരാഗികളുടെ വിഷയത്തിൽ സുപ്രീംകോടതി നിർദേശത്തോട്‌ ക്രിയാത്മകമായി പ്രതികരിക്കാൻ സാധ്യതയില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top