29 March Friday

ചരിത്രപരമായ കോടതിവിധി

വെബ് ഡെസ്‌ക്‌Updated: Saturday Aug 26, 2017


സ്വകാര്യത മൌലികാവകാശമാണെന്ന സുപ്രീംകോടതി വിധിയെ ചരിത്രപരം എന്നുമാത്രമേ വിശേഷിപ്പിക്കാനാകൂ. സ്വാതന്ത്യ്രത്തിന്റെ 70-ാംവാര്‍ഷികവേളയിലാണ് പൌരന്മാര്‍ക്കും അവരുടെ അവകാശങ്ങള്‍ക്കും സംരക്ഷണം ലഭിക്കുന്ന സുപ്രധാന വിധിന്യായമുണ്ടായിട്ടുള്ളത്. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും പുരോഗമനപരമായ വിധിന്യായങ്ങളിലൊന്നായി ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹര്‍ അധ്യക്ഷനായുള്ള ഒമ്പതംഗ ഭരണഘടനാബെഞ്ചിന്റെ വിധിന്യായം കരുതപ്പെടുമെന്നതിലും തര്‍ക്കമില്ല. ഇതിന് വിരുദ്ധമായി സുപ്രീംകോടതിതന്നെ എ പി ശര്‍മ (1954), ഖരഗ്സിങ് (1962), ഗോവിന്ദ് (1975) കേസുകളില്‍ നടത്തിയ വിധിന്യായത്തെ ഫലത്തില്‍ റദ്ദാക്കുന്നതാണ് ഈ വിധി. സ്വകാര്യത മൌലികാവകാശമല്ലെന്ന മുന്‍ വിധിന്യായത്തെ ഒമ്പതംഗ ഭരണഘടനാബെഞ്ച് പിച്ചിച്ചീന്തിയെന്നുമാത്രമല്ല, പൌരസ്വാതന്ത്യ്രം സംരക്ഷിക്കുന്നതിനാണ് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്, അത് ലംഘിക്കുന്നതിലല്ലെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം അഭിപ്രായപ്പെടുകയും ചെയ്തു. 

സ്വകാര്യതയെ മൌലികാവകാശമാക്കുന്നതിനെ ശക്തമായി എതിര്‍ത്ത കേന്ദ്ര സര്‍ക്കാരിന് മുഖമടച്ചുള്ള അടിയാണ് സുപ്രീംകോടതിയില്‍നിന്ന് ലഭിച്ചത്. രാജ്യസുരക്ഷയുടെയും സങ്കുചിത ദേശീയതയുടെയും പേരില്‍ അടുക്കളയിലും കിടപ്പറയില്‍പ്പോലും എത്തിനോക്കാനുള്ള സ്വാതന്ത്യ്രമുണ്ടെന്ന മോഡിസര്‍ക്കാരിന്റെ തലതിരിഞ്ഞതും പിന്തിരിപ്പനുമായ വാദത്തെയാണ് സുപ്രീംകോടതി തള്ളിയത്. ആധാറുമായി ബന്ധപ്പെട്ടുള്ള കേസുകളില്‍ 2014ല്‍ അധികാരത്തിലേറിയതുമുതല്‍ മോഡിസര്‍ക്കാര്‍ സ്വീകരിച്ച സമീപനം പൌരന്റെ സ്വകാര്യത മൌലികാവകാശമായി കാണാനാകില്ലെന്നായിരുന്നു. 2015ല്‍ ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിനുമുമ്പില്‍ അന്നത്തെ അറ്റോര്‍ണി ജനറലായ മുകുള്‍ റോഹ്തഗി വാദിച്ചത് 'സ്വകാര്യതയ്ക്കുള്ള അവകാശം മൌലികാവകാശമാക്കണമെന്ന് ഭരണഘടനാ നിര്‍മാതാക്കള്‍പോലും വിഭാവനം ചെയ്തിരുന്നില്ല' എന്നാണ്. ശരീരത്തിനുമേല്‍ വ്യക്തിക്ക് സമ്പൂര്‍ണാധികാരമുണ്ടെന്നത് മിഥ്യാധാരണമാത്രമാണെന്നും റോഹ്തഗി വാദിക്കുകയുണ്ടായി. തുടര്‍ന്ന് അറ്റോര്‍ണി ജനറലായ കെ കെ വേണുഗോപാലാകട്ടെ, സ്വകാര്യതയ്ക്കുള്ള അവകാശം മൌലികാവകാശമാക്കുന്നതിനെ തുടര്‍ച്ചയായി എതിര്‍ക്കുകയും ചെയ്തു. പ്രധാനമായും മൂന്ന് വാദമാണ് അദ്ദേഹം നിരത്തിയത്. ഒന്നാമതായി ഭരണഘടനയിലെ 21-ാം അനുച്ഛേദമനുസരിച്ച് സ്വകാര്യതയ്ക്കുള്ള അവകാശത്തെ മൌലികാവകാശമായി കരുതാനാകില്ലെന്നായിരുന്നു വാദം. രണ്ടാമതായി സ്വകാര്യത എന്നത് ക്ളിപ്തരൂപമില്ലാത്തതും പല ഭാവങ്ങളുമുള്ള ഒരാശയമാണെന്നും അതുകൊണ്ടുതന്നെ അത് മൌലികാവകാശമായി കരുതാനാകില്ലെന്നുമായിരുന്നു. മൂന്നാമതായി സ്വകാര്യത എന്നത് 'വരേണ്യ'വര്‍ഗ ധാരണയാണെന്നും ഇന്ത്യപോലുള്ള ഒരു ദരിദ്ര രാജ്യത്തിന് ഇതുമായി സമരസപ്പെടാനാകില്ലെന്നുമാണ്. വ്യക്തിസ്വാതന്ത്യ്രം മൌലികാവകാശമായി അംഗീകരിക്കുകയാണെങ്കില്‍തന്നെ ആധാര്‍വഴി ഉറപ്പാക്കുന്ന ഭക്ഷ്യസുരക്ഷ അവകാശത്തിനുമേല്‍ പൌരസ്വാതന്ത്യ്രത്തെ സ്ഥാപിക്കരുതെന്നുപോലും കേന്ദ്ര സര്‍ക്കാര്‍ വാദിക്കുകയുണ്ടായി. കേന്ദ്ര സര്‍ക്കാരിന്റെ മേല്‍പ്പറഞ്ഞ എല്ലാ വാദങ്ങളും തള്ളിക്കളയുന്നതായിരുന്നു ഭരണഘടനാബെഞ്ചിന്റെ വിധി. ഭക്ഷണത്തിനുള്ള സ്വാതന്ത്യ്രവും വ്യക്തിസ്വാതന്ത്യ്രവും തമ്മില്‍ തുലനം ചെയ്താല്‍ വ്യക്തിസ്വാതന്ത്യ്രത്തിനുതന്നെയാണ് പ്രാമുഖ്യമെന്നും ഭരണഘടനയിലെ 21-ാംവകുപ്പ് ഉദ്ധരിച്ച് കോടതി അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. സ്വകാര്യത മൌലികാവകാശമാണെങ്കിലും അതിനും പരിമിതികളുണ്ടെന്ന് പറഞ്ഞ് വിധിന്യായത്തോടുള്ള എതിര്‍പ്പ് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പ്രകടിപ്പിക്കുകയും ചെയ്തു. സുപ്രീംകോടതിയുടെതന്നെ മുത്തലാഖ് വിധിന്യായത്തെ ട്വിറ്ററിലൂടെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി അന്താരാഷ്ട്രനിലവാരത്തില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തുന്ന സ്വകാര്യത മൌലികാവകാശമാക്കിയ വിധിന്യായത്തെക്കുറിച്ച് മൌനംപാലിച്ചതും അര്‍ഥഗര്‍ഭമാണെന്നര്‍ഥം. 

കേന്ദ്ര സര്‍ക്കാര്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്ന പല പദ്ധതികളെയും ഈ വിധിന്യായം പ്രതികൂലമായി ബാധിക്കും.  സ്വകാര്യത ലംഘിക്കുന്ന എല്ലാ സര്‍ക്കാര്‍നടപടിയും ഇനി കോടതിയില്‍ ചോദ്യംചെയ്യപ്പെടും. ആധാറിനെയാണ് ഇത് ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുക. ആധാര്‍ കാര്‍ഡില്ലാത്തതിന്റെ പേരില്‍ ഇനി സബ്സിഡിയും പെന്‍ഷനും തൊഴിലുറപ്പുപദ്ധതിയനുസരിച്ചുള്ള കൂലിയും തടയാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ല. ആദായനികുതി, ബാങ്ക് അക്കൌണ്ട്, വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്, ജനന- മരണ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയുമായി ആധാറിനെ ബന്ധിപ്പിക്കാനുള്ള നീക്കവും ഇനി ചോദ്യംചെയ്യപ്പെടും. ബീഫ് നിരോധനം, മാംസാഹാരവിലക്ക്, സ്വവര്‍ഗ രതിയെ ക്രിമിനല്‍ കുറ്റമായി കാണുന്ന രീതി, വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായ ടെലിഫോണ്‍ ചോര്‍ത്തല്‍, ഗര്‍ഭച്ഛിദ്രം, ദയാവധം എന്നിവയ്ക്കുള്ള പൌരന്മാരുടെ അവകാശം തുടങ്ങിയ വിഷയങ്ങളിലുള്ള കേസുകളെയും ഈ കോടതിവിധി സ്വാധീനിക്കും. ഫോറന്‍സിക് കാര്യങ്ങള്‍ക്കായി ഡിഎന്‍എ ഡാറ്റാ ബാങ്ക് രൂപീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കും സുപ്രീംകോടതിവിധി തടയിടും. മോഡിസര്‍ക്കാര്‍ അധികാരമേറ്റശേഷം പൌരസ്വാതന്ത്യ്രത്തിന് കൂച്ചുവിലങ്ങിട്ട് പൊലീസ്സ്റ്റേറ്റിലേക്ക് അതിവേഗം നീങ്ങുന്നതിന് നടത്തിയ കരുനീക്കങ്ങള്‍ക്കാണ് ഇപ്പോള്‍ തിരിച്ചടി ലഭിച്ചിരിക്കുന്നത്. കേന്ദ്രവും ബിജെപി സര്‍ക്കാരുകളും പിന്തുണച്ച ഈ നീക്കത്തെ, ശക്തിയുക്തം എതിര്‍ത്ത സിപിഐ എമ്മിനും അവരുടെ നേതൃത്വത്തിലുള്ള കേരളം, ത്രിപുര സര്‍ക്കാരുകള്‍ക്കും എന്തുകൊണ്ടും അഭിമാനിക്കാനും ആഹ്ളാദിക്കാനും ഇത് അവസരം നല്‍കുകയും ചെയ്യുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top