18 April Thursday

മോഡിയുടെ നീക്കം പൊളിച്ച് സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Friday Oct 26, 2018


സിബിഐയെ നിയന്ത്രിക്കാനും വരുതിയിൽ നിർത്താനുമുള്ള മോഡി സർക്കാരിന്റെ നീക്കത്തിന് പരമോന്നത നീതിപീഠത്തിൽനിന്ന‌് കനത്ത തിരിച്ചടി ലഭിച്ചിരിക്കുന്നു. സിബിഐയിലെ അഴിമതിയാരോപണങ്ങളെക്കുറിച്ച് കേന്ദ്ര വിജിലൻസ് കമീഷൻ  ആരംഭിച്ച അന്വേഷണം രണ്ടാഴ‌്ചയ‌്ക്കകം പൂർത്തിയാക്കാനും ഡയറക്ടറുടെ ചുമതല വഹിക്കുന്ന എം നാഗേശ്വരറാവുവിനോട‌് നയപരമായ ഒരു വിഷയത്തിലും തീരുമാനം എടുക്കാൻ പാടില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് ആവശ്യപ്പെട്ടിരിക്കുകയാണ്.

സിബിഐയുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമായ നടപടികൾമാത്രമേ നാഗേശ്വരറാവുവിൽനിന്ന‌് ഉണ്ടാകാവൂ എന്നും കോടതി നിർദേശിച്ചു. മാത്രമല്ല, അസ‌്താനയ‌്ക്കെതിരെയുള്ള അഴിമതിയാരോപണത്തിൽ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരെ മാറ്റിയത് ഉൾപ്പെടെ നാഗേശ്വരറാവു എടുത്ത എല്ലാ തീരുമാനങ്ങളും സുപ്രീംകോടതിയെ അറിയിക്കാൻ ആവശ്യപ്പെട്ടതും കേന്ദ്രസർക്കാരിന് തിരിച്ചടിയാകും. അന്വേഷണം പൂർത്തിയാകാൻ കൂടുതൽ സമയം വേണമെന്ന സിവിസിയുടെ ആവശ്യം നിരാകരിച്ച സുപ്രീംകോടതി കേസ് അടുത്തതായി പരിഗണിക്കുന്ന നവംബർ 12ന് മുമ്പ് അന്വേഷണം പൂർത്തിയാക്കാനാണ‌് ആവശ്യപ്പെട്ടിട്ടുള്ളത്. സിബിഐ ഡയറക്ടറോടും സ‌്പെഷ്യൽ ഡയറക്ടറോടും അവധിയിൽ പോകാൻ ആവശ്യപ്പെട്ട നടപടി സുപ്രീംകോടതി റദ്ദ് ചെയ‌്തില്ലെന്നതിൽ  ആശ്വസിക്കാൻ സർക്കാരിന് വകയൊന്നുമില്ലെന്നർഥം.

കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന കക്ഷികൾ സിബിഐയുടെ അന്വേഷണത്തിലും മറ്റും കൈകടത്തുന്നതിന്റെ  അനന്തരഫലമാണ് ഇപ്പോഴത്തെ അവസ്ഥയ‌്ക്ക് കാരണം. കഴിഞ്ഞവർഷമാണ്  ഡൽഹി പൊലീസ് കമീഷണറായിരുന്ന അലോക് വർമ സിബിഐയുടെ ഡയറക്ടറാകുന്നത്. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും ചേർന്ന സമിതിയാണ് അലോക് വർമയുടെ പേര് ശുപാർശ ചെയ്യുന്നതും കേന്ദ്ര ക്യാബിനറ്റ് അംഗീകരിക്കുന്നതും. എന്നാൽ, ഈ സമിതിയെപ്പോലും അറിയിക്കാതെയാണ് അലോക‌് വർമയെ ഇപ്പോൾ മാറ്റിയിട്ടുള്ളത്.

അലോക‌് വർമ 2019 ജനുവരിയിൽ വിരമിക്കുമ്പോഴേക്കും തങ്ങൾക്ക് വഴങ്ങുന്ന ആളെ സിബിഐ ഡയറക്ടറാക്കുക ലക്ഷ്യമിട്ടാണ‌് ഗുജറാത്ത് കേഡറിലുള്ള ഐപിഎസ‌് ഓഫീസറായ രാകേഷ് അസ‌്താനയെ സ‌്പെഷ്യൽ  ഡയറക്ടറായി നിയമിക്കുന്നത്. 2002ലെ ഗുജറാത്ത് കലാപത്തിന് കാരണമായി തീർന്ന ഗോധ്രയിലെ സബർമതി എക‌്സ‌്പ്രസ‌് ട്രെയിനിലെ തീപിടിത്തത്തെക്കുറിച്ച് അന്വേഷിച്ച ഉദ്യോഗസ്ഥനാണിയാൾ. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ മോഡിയുടെയും ബിജെപി അധ്യക്ഷൻ അമിത്ഷായുടെയും അടുത്ത സുഹൃത്ത് എന്ന നിലയിലാണ് അസ‌്താന സിബിഐയിലേക്ക് വരുന്നത്. സംസ്ഥാന കേഡറിലുള്ള ഉദ്യോഗസ്ഥരെ രാഷ്ട്രീയ ലാഭംമാത്രം നോക്കി രാജ്യത്തെ പ്രഥമ അന്വേഷണ ഏജൻസിയിലേക്ക് നിശ്ചയിക്കുന്ന രീതിതന്നെ സിബിഐയെ ‘കൂട്ടിലടച്ച തത്ത'യാക്കാനുള്ള മോഡിയുടെ ശ്രമത്തിന്റെ ഭാഗമാണെന്നർഥം.

അസ‌്താനയെ സിബിഐ ഡയറക്ടറാക്കാൻ കഴിയില്ലെന്ന‌് ബോധ്യപ്പെട്ടതോടെയാണ് അലോക് വർമയെയും നീക്കി എം നാഗേശ്വരറാവുവിനെ സിബിഐ ഡയറക്ടറായി താൽക്കാലികമായി നിയമിച്ചത്. അസ‌്താനയെപ്പോലെതന്നെ നിരവധി അഴിമതിക്കേസുകളിൽ  ഉൾപ്പെട്ട വ്യക്തിയാണ് നാഗേശ്വരറാവു. എന്നാൽ, ആർഎസ്എസുമായും അവരുയർത്തിപ്പിടിക്കുന്ന സാംസ‌്കാരിക ദേശീയത എന്ന ആശയവുമായും അടുത്ത ബന്ധമുള്ളയാളാണ‌് നാഗേശ്വരറാവു. 

ക്ഷേത്രങ്ങളിലെ സർക്കാർ നിയന്ത്രണം എടുത്തുകളയുക, ന്യൂനപക്ഷങ്ങൾക്ക‌്  അനുകൂലമായിട്ടുള്ള നിയമനിർമാണങ്ങൾ റദ്ദാക്കുക, ബീഫ് കയറ്റുമതി റദ്ദാക്കുക തുടങ്ങിയ വിഷയങ്ങളിൽ ഏറെ തൽപ്പരനാണ‌് നാഗേശ്വരറാവു.  ആർഎസ്എസ്– ബിജെപി നേതാവ് രാം മാധവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ ഫൗണ്ടേഷന്റെയും ആർഎസ്എസ് ബുദ്ധികേന്ദ്രമായി പ്രവർത്തിക്കുന്ന വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷന്റെയും സജീവ പ്രവർത്തകൻകൂടിയാണ് പുതിയ സിബിഐ മേധാവി. അഴിമതിയാരോപണം നേരിടുന്നയാളാണ് എന്നറിഞ്ഞിട്ടും നാഗേശ്വരറാവുവിനെത്തന്നെ ഈ സ്ഥാനത്തേക്ക് നിയമിച്ചതിന്റെ ലക്ഷ്യവും മറ്റൊന്നല്ല.

റഫേൽ അഴിമതിക്കേസും മറ്റും പ്രധാനമന്ത്രിക്കെതിരെ ഉയരുന്ന സാഹചര്യത്തിൽ രാജ്യത്തെ ഏറ്റവും പ്രധാന അന്വേഷണ ഏജൻസിയുടെ നിയന്ത്രണം കൈവിട്ടുപോകരുതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും കേന്ദ്രഭരണകക്ഷിയുടെയും തീരുമാനത്തിന്റെ ഭാഗമാണ‌് അലോക‌് വർമയെ നീക്കിയതും നാഗേശ്വരറാവുവിനെ പ്രതിഷ‌്ഠിച്ചതും. സമർഥമായ ഈ രാഷ്ട്രീയ കരുനീക്കങ്ങളാണ് സുപ്രീംകോടതി പൊളിച്ചത്. അഴിമതിയിൽ മുങ്ങിക്കുളിച്ച് 1989ൽ ലോക‌്സഭാ തെരഞ്ഞെടുപ്പിനെ നേരിട്ട രാജീവ് ഗാന്ധിയുടെയും 2014ലെ മൻമോഹൻസിങ്ങിന്റെയും അതേ നിലയിലേക്കാണ് മോഡിയും നീങ്ങുന്നത‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top