06 July Wednesday

സുപ്രീംകോടതിക്ക് വൈകിവന്ന വിവേകം സ്വാഗതാര്‍ഹം

വെബ് ഡെസ്‌ക്‌Updated: Friday Jan 12, 2018


ഒടുവില്‍ അക്കാര്യത്തില്‍ തീരുമാനമായി. ദേശീയഗാനം സിനിമാതിയറ്ററില്‍ നിര്‍ബന്ധമായി പാടിച്ച് കാണികളെ എഴുന്നേല്‍പ്പിക്കേണ്ടതില്ല. വിഷയത്തില്‍ സുപ്രീംകോടതിക്ക് വൈകിയാണെങ്കിലും വിവേകമുണ്ടായി. ദേശീയഗാനം കേള്‍പ്പിക്കണമോ വേണ്ടയോ എന്നത് തിയറ്ററുകളുടെ വിവേചനാധികാരമാണെന്ന് മൂന്നംഗ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.

ഒരു കൊല്ലത്തിലേറെ നീണ്ട ചര്‍ച്ചകള്‍ക്കും നിയമനടപടികള്‍ക്കുമൊടുവിലാണ് വിഷയത്തില്‍ അന്തിമതീരുമാനം വരുന്നത്. 2016 നവംബറിലാണ് തീര്‍ത്തും വിവേകരഹിതമായ ഒരു ഉത്തരവ് സുപ്രീംകോടതിയില്‍നിന്നുണ്ടായത്. രാജ്യത്തെ എല്ലാ സിനിമാശാലകളിലും ഓരോ പ്രദര്‍ശനത്തിനുമുമ്പും ദേശീയഗാനം നിര്‍ബന്ധമായും കേള്‍പ്പിച്ചിരിക്കണമെന്നും കാണികള്‍ എഴുന്നേറ്റ് നില്‍ക്കണമെന്നുമായിരുന്നു വിധി.

രാജ്യസ്നേഹപരിശോധനയും ദേശീയതയും കോടതിവിധിയിലൂടെ അടിച്ചേല്‍പ്പിക്കാവുന്നതല്ലെന്ന് പലരും അന്നേ ചൂണ്ടിക്കാട്ടി. കൃത്രിമനടപടികളിലൂടെ സൃഷ്ടിച്ചെടുക്കേണ്ടതല്ല ദേശീയത. അത് പൌരന്മാരില്‍ ജനാധിപത്യ മതേതരമൂല്യങ്ങള്‍ക്കൊപ്പം രൂപപ്പെടുന്നതാണ്. ഏറെ വിമര്‍ശനം ഉണ്ടായെങ്കിലും ദേശീയഗാന ഉത്തരവ് ഇടയ്ക്കിടെ പരിഷ്കരിച്ചതല്ലാതെ കാര്യമായ മാറ്റം കോടതി  വരുത്തിയിരുന്നില്ല. ഇപ്പോള്‍ 2016 നവംബറിലെ ഉത്തരവില്‍ കാതലായ തിരുത്തലിന് സുപ്രീംകോടതി തയ്യാറായിരിക്കുന്നു. അത് സ്വാഗതാര്‍ഹമാണ്.

പാവപ്പെട്ടവന്റെ കണ്ണില്‍നിന്ന് കണ്ണുനീര്‍ തുടച്ചുമാറ്റുമ്പോള്‍ രൂപപ്പെടുന്നതാണ് ദേശീയതയെന്നാണ് ഗാന്ധിജി നിര്‍വചിച്ചത്. ഇന്ന് കണ്ണീരൊഴുക്കിനില്‍ക്കുന്ന കര്‍ഷകകുടുംബങ്ങളും തൊഴിലാളിജീവിതങ്ങളും രാജ്യത്ത്  നിറയുമ്പോള്‍ ഇവരെ എഴുന്നേല്‍പ്പിച്ച് നിശ്ശബ്ദരാക്കി നിര്‍ത്തിയാല്‍ ദേശീയബോധം സൃഷ്ടിക്കപ്പെടില്ല. ഭരണകൂടയുക്തി കൂട്ടിയിണക്കി നിര്‍മിക്കേണ്ടതല്ല ദേശീയത. സ്വാതന്ത്യ്രസമരകാലത്ത് ദേശീയത കത്തിനിന്നത് സ്വാതന്ത്യ്രബോധത്തിന്റെ എണ്ണയിലാണ്. ഒരു ഗാനത്തിന്റെയും ബലത്തിലല്ല. സമരം ചെയ്തവര്‍ പോരാട്ടഗാനങ്ങള്‍ പാടിയതുപോലും ഒരു ഭാഷയിലോ ഒരീണത്തിലോ ആയിരുന്നില്ല. പല ഭാഷയില്‍ പല പാട്ടുകള്‍ പാടിയാണ് ഭിന്നജീവിതങ്ങള്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ സമരോത്സുകരായത്.

തീര്‍ച്ചയായും പ്രതീകങ്ങള്‍ എക്കാലത്തും ആവശ്യമാണ്. സര്‍ക്കാരുകള്‍ അത് മുന്നോട്ടുവയ്ക്കുകയും ജനത അതംഗീകരിക്കുകയുംചെയ്യുമ്പോള്‍ പ്രതീകങ്ങള്‍ ദേശീയചിഹ്നങ്ങളാകും. അങ്ങനെ അംഗീകരിക്കപ്പെട്ട ദേശീയപ്രതീകംതന്നെയാണ് ദേശീയഗാനം. ഇന്ത്യക്കാരന്‍ ആദരവോടെതന്നെ അത് കേട്ടുനില്‍ക്കുകയും ഏറ്റുപാടുകയും ചെയ്യുന്നു.

എന്നാല്‍, ദേശീയഗാനം കേള്‍പ്പിച്ചുമാത്രം ആരെയെങ്കിലും ദേശീയബോധത്തിലേക്കെത്തിക്കാനാകില്ല. രാജ്യത്തെ സ്വതന്ത്രമാക്കുക എന്ന ലക്ഷ്യമാണ് ദേശീയ സ്വാതന്ത്യ്രസമരത്തില്‍ ഒരു ജനതയെ ഒന്നിച്ചുനിര്‍ത്തിയത്. ആ ലക്ഷ്യത്തിനായി ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടം ശക്തിപ്പെട്ടതിനൊപ്പമാണ് ഇന്ത്യന്‍ ദേശീയത കരുത്താര്‍ജിക്കുന്നത്. ആ സമരത്തിന്റെ അന്ത്യത്തില്‍ രൂപംകൊണ്ട സര്‍ക്കാരും ആ ദേശീയതയുടെ പ്രതീകമായിരുന്നു.

എന്നാല്‍, ആ സര്‍ക്കാര്‍ ജനതാല്‍പ്പര്യത്തില്‍നിന്ന് പിന്നോട്ടുപോയതോടെ ദേശീയത ദുര്‍ബലമായി. ദേശീയബോധം ശക്തമാക്കാന്‍ വേണ്ടത് മതനിരപേക്ഷതയും ജനാധിപത്യവും ശക്തമാക്കുകയാണ്. ഭരണം എല്ലാവര്‍ക്കുംവേണ്ടിയാണെന്ന് ജനങ്ങള്‍ക്ക് തോന്നുമ്പോള്‍ രാജ്യം തങ്ങളുടേതാണെന്ന് അവര്‍ക്കും തോന്നും. കടംകയറി ആത്മഹത്യ ചെയ്യേണ്ടിവന്ന കര്‍ഷക കുടുംബാംഗങ്ങളെ ദേശീയഗാനം കേള്‍പ്പിച്ച് എഴുന്നേല്‍പ്പിച്ച് നിര്‍ത്തിയാല്‍ ഈ രാജ്യം അവരുടേതാണെന്ന് അവര്‍ക്ക് തോന്നുകയില്ല. അതിന്് ഗാന്ധിജി പറഞ്ഞതുപോലെ പാവങ്ങളുടെ കണ്ണീരുതുടയ്ക്കുന്ന ഭരണം ഉണ്ടാകുകതന്നെ വേണം. അതുപോലെ പശുവിറച്ചി തിന്നെന്നാരോപിച്ച് കൊന്ന് തള്ളപ്പെടുന്നവരുടെ വീട്ടുകാര്‍ക്ക് 'ജനഗണമന' കേട്ടാല്‍മാത്രം രാജ്യം അവരുടേതുകൂടിയാണെന്ന് തോന്നില്ല. അതിന് മതത്തിന്റെയും ജാതിയുടെയും പേരിലുള്ള മനുഷ്യക്കൊലകള്‍ അവസാനിക്കണം.

രാജ്യത്താകെ ഭിന്നതയുടെ വിഷവിത്തിടുകയും വിള കൊയ്യുകയുംചെയ്യുന്ന ആര്‍എസ്എസ്-സംഘപരിവാര്‍ ശക്തികളാണ് ദേശീയഗാനം അടിച്ചേല്‍പ്പിച്ച സുപ്രീംകോടതിവിധിയുടെ മുഖ്യവക്താക്കളായതെന്നതും ശ്രദ്ധേയമാണ്. തിയറ്ററില്‍ എഴുന്നേറ്റുനില്‍ക്കാത്തവരെ കേസില്‍ കുടുക്കാനുംമറ്റും അവര്‍ അമിതോത്സാഹം കാട്ടി. ദേശീയഗാനം അടിച്ചേല്‍പ്പിക്കുന്നത് അമിത ദേശീയതയാണ്. അമിതദേശീയത എപ്പോഴും ഫാസിസത്തിന്റെ വരവറിയിക്കലാണ്. അതുകൊണ്ടുതന്നെയാണ് അതിന്റെ വക്താക്കളായി സംഘപരിവാര്‍ നിരന്നതും.

രാജ്യത്തിന്റെ ബഹുത്വവും വൈവിധ്യവും അംഗീകരിച്ചും ശക്തിപ്പെടുത്തിയും മാത്രമേ ഇന്ത്യന്‍ ദേശീയത ബലപ്പെടുത്താനാകൂ. അതിന് മറ്റ് കുറുക്കുവഴികളില്ല. കുറുക്കുവഴി തേടേണ്ടിവരുന്നത് യഥാര്‍ഥപാതയില്‍നിന്ന് വഴിതിരിയുമ്പോഴാണ്. അമിതദേശീയത അടിച്ചേല്‍പ്പിക്കാനുള്ള മോഡി സര്‍ക്കാരിന്റെ നീക്കം കൂടുതല്‍ ശക്തമായി തുടരാന്‍ ഇടയാക്കുക എന്ന ധര്‍മം മാത്രമാണ് ആ കോടതി ഉത്തരവ് നിര്‍വഹിച്ചത്. ഇപ്പോഴത്തെ വിധി ആ നീക്കത്തിന് തടയിടുമെന്ന് കരുതാം
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top