28 March Thursday

യാചകനിരോധനം 
പരിഹാരമോ

വെബ് ഡെസ്‌ക്‌Updated: Thursday Jul 29, 2021


യാചകനിരോധനം സംബന്ധിച്ച ചൊവ്വാഴ്ചത്തെ സുപ്രീംകോടതി ഉത്തരവ് കൃത്യമായ രാഷ്ട്രീയ ഉള്ളടക്കത്തിലൂടെ ശ്രദ്ധേയമാകുന്നു. ഇന്ത്യയിലെ സാമൂഹ്യ–--സാമ്പത്തിക അവസ്ഥ തിരിച്ചറിയാതെ യാചകരുടെയും മറ്റും പ്രശ്നങ്ങളെ സമീപിക്കുന്നതിലെ അസംബന്ധം തുറന്നുകാട്ടുന്നതായി ആ ഉത്തരവ്. തെരുവിലും പൊതു ഇടങ്ങളിലും യാചകരെ നിരോധിക്കാന്‍ ഉത്തരവ് വേണമെന്ന ആവശ്യം തള്ളിയ കോടതി, ദാരിദ്ര്യത്തിന്റെ ഉപോല്‍പ്പന്നമാണ് ഭിക്ഷാടനം എന്ന് ചൂണ്ടിക്കാട്ടി. ‘‘ആരും ആഗ്രഹിച്ചിട്ടല്ല ഭിക്ഷ തേടി ഇറങ്ങുന്നത്; നിവൃത്തികേടുകൊണ്ടാണ്. നിങ്ങളുടെ കൺമുന്നിൽനിന്ന്‌ ഭിക്ഷാടകരെ മാറ്റണമെന്ന്‌ ഉത്തരവിടാൻ കോടതിക്ക്‌ കഴിയില്ല. ഇക്കാര്യത്തില്‍ വരേണ്യവര്‍ഗ കാഴ്ചപ്പാട് സ്വീകരിക്കാനാകില്ല'' എന്നാണ് ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച് പറഞ്ഞത്.

സ്വാതന്ത്ര്യത്തിന്റെ മുക്കാല്‍ നൂറ്റാണ്ടിലേക്ക് അടുത്തമാസം പകുതിയോടെ കടക്കുകയാണ് നമ്മുടെ രാജ്യം. പക്ഷേ, ഔദ്യോഗിക കണക്കനുസരിച്ചുതന്നെ ആകെ ഗ്രാമീണ ജനസംഖ്യയില്‍ 25.7 ശതമാനം പേര്‍ ദരിദ്രരാണ്. നഗരത്തില്‍ 13.7 ശതമാനം പേരും. ഇത് ഒടുവില്‍ ലഭ്യമായ കണക്കാണ്. ഇവരില്‍ വലിയൊരു പങ്ക് അതീവ ദരിദ്രരാണ്. ഈ കണക്കിനുമൊക്കെ അപ്പുറമാണ് യഥാര്‍ഥ ദാരിദ്ര്യം. കോവിഡ്കാലം ഇവരെ കൂടുതല്‍ വറുതിയിലേക്ക് തള്ളുന്നു. ഈ വര്‍ഷം കോവിഡ് 20 കോടി പേരെയെങ്കിലും പുതുതായി ദാരിദ്ര്യത്തിലേക്ക് തള്ളുമെന്ന് പഠനങ്ങള്‍ പറയുന്നു. അതായത്, ജനസംഖ്യയില്‍ പകുതിപ്പേരും ദരിദ്രരാകും എന്നര്‍ഥം.

ഈ ദരിദ്രരില്‍ ചെറിയൊരു വിഭാഗമാണ്‌ തെരുവിലിറങ്ങി കൈനീട്ടുന്നത്. അവരെ ആട്ടി അകറ്റാം. കാണാമറയത്താക്കാം. പക്ഷേ, അവരെ ഇല്ലാതാക്കാന്‍ കഴിയില്ല. അവരുടെ ദാരിദ്ര്യം പരിഹരിക്കാനുള്ള പദ്ധതികള്‍ക്കുമാത്രമേ പ്രശ്നം പരിഹരിക്കാന്‍ കഴിയൂ. സമ്പന്നനെ കൂടുതല്‍ സമ്പന്നനാക്കാന്‍ ഉതകുന്ന നയങ്ങള്‍ പിന്തുടരുന്ന ഒരു സര്‍ക്കാരില്‍നിന്ന് അത്തരം നടപടി പ്രതീക്ഷിക്കാന്‍ കഴിയില്ല. രാജ്യത്താകെ നാലുലക്ഷത്തിലേറെ യാചകര്‍ ഉണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വച്ച കണക്ക്. അതിലും എത്രയോ അധികമാകും യഥാര്‍ഥ കണക്ക്. കാരണം, അലഞ്ഞുതിരിയുന്ന ഇവരുടെ കണക്കെടുപ്പുതന്നെ എളുപ്പമല്ലല്ലോ. ഭിക്ഷാടന മാഫിയപോലെ പലപ്പോഴും മാധ്യമ തലക്കെട്ടാകുന്ന ചില പ്രശ്നങ്ങള്‍ ഉണ്ടെന്നത് സത്യം. പക്ഷേ, അതുപോലും അവരുടെ ഗതികേട് ചൂഷണം ചെയ്യുന്നതിന്റെ ഫലമാണ്. അവരെക്കൊണ്ട്‌ വരുമാനമുണ്ടാക്കാന്‍ ഇറങ്ങുന്ന ഇടനിലക്കാരാണ് ഈ മാഫിയ.

യാചകരെ ഇല്ലാതാക്കാന്‍ ആ ദയനീയാവസ്ഥയുടെ അടിത്തറയായ സാഹചര്യം ഇല്ലാതാക്കണം. അതീവ ദാരിദ്ര്യത്തില്‍ അമരുന്നവരെ അതില്‍നിന്ന് കരകയറ്റണം. ഇക്കാര്യത്തിലും മാതൃകാപരമായി കാര്യങ്ങള്‍ നടക്കുന്ന സംസ്ഥാനമാണ് കേരളം. യാചകരുടെ എണ്ണം കേരളത്തില്‍ കുറയുന്നുണ്ട്. ഇന്ന് തെരുവില്‍ കാണുന്നവരില്‍ പലരും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവരാണ്. തെരുവില്‍ ഉറങ്ങുന്നവരുടെ എണ്ണവും ഇവിടെ കുറവാണ്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് തൊഴില്‍തേടി വരുന്നവരുടെ കുട്ടികള്‍ക്കുപോലും നമ്മള്‍ വിദ്യാഭ്യാസം ഒരുക്കുന്നു. അതുകൊണ്ട് കുട്ടികളുടെ ഭിക്ഷാടനവും കേരളത്തില്‍ കുറയുന്നു. എന്നുമാത്രമല്ല, തെരുവില്‍ കണ്ടെത്തുന്നവരെ പുനരധിവസിപ്പിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ പലതും മാതൃകാപരമായ പദ്ധതികള്‍ നടപ്പാക്കുന്നു. കോവിഡ്കാലത്ത് തെരുവില്‍ അലയുന്നവര്‍ക്ക് സുരക്ഷയും ഭക്ഷണവും ഒരുക്കാനും നടപടി ഉണ്ടായി.

പക്ഷേ, കേരളം ഇതില്‍നിന്ന് എന്നും മുക്തമായി നില്‍ക്കില്ല. കാരണം, ദരിദ്രരെ അതീവ ദരിദ്രരാക്കുന്ന മഹാമാരിക്കാലത്താണ് നമ്മള്‍. കേരള സര്‍ക്കാര്‍ ഈ ഭീഷണി തിരിച്ചറിയുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് ആദ്യ മന്ത്രിസഭായോഗംതന്നെ അഞ്ചുവര്‍ഷംകൊണ്ട് അതി ദാരിദ്ര്യ ലഘൂകരണം എന്ന ലക്ഷ്യം കൈവരിക്കാനുള്ള തീരുമാനം കൈക്കൊണ്ടിരുന്നു. വിശദമായ സര്‍വേ നടത്താനും ക്ലേശഘടകങ്ങള്‍ നിര്‍ണയിക്കാനും അത് ലഘൂകരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും തദ്ദേശഭരണവകുപ്പിനെ ആ യോഗംതന്നെ ചുമതലപ്പെടുത്തി. ഇത്തരം നടപടിയാണ് വേണ്ടത്, അതിന് തെളിമയോടെയുള്ള ഒരു ദരിദ്രപക്ഷ കാഴ്ചപ്പാട് വേണം. കേരള സര്‍ക്കാരിന് അതുണ്ട്. രാജ്യം ഭരിക്കുന്നവര്‍ക്ക് അതില്ല. അതുകൊണ്ട് ഭിക്ഷാടനം ഇനിയും പെരുകും. പക്ഷേ, ഭിക്ഷാടനം സ്വയംഭൂവായ ഒരു സാമൂഹ്യവിപത്തല്ല എന്ന തിരിച്ചറിവെങ്കിലും പകരാന്‍ ചൊവ്വാഴ്ചത്തെ സുപ്രീംകോടതി ഉത്തരവിന് കഴിയും എന്നാശിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top