17 April Wednesday

സുപ്രീംകോടതിയുടെ വിശ്വാസ്യത തകരരുത്

വെബ് ഡെസ്‌ക്‌Updated: Thursday May 9, 2019


ഇന്ത്യയിലെ നീതിന്യായസംവിധാനം ഒട്ടേറെ വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്‌. 1975ലെ അടിയന്തരാവസ്ഥക്കാലത്ത‌് സുപ്രീംകോടതി മരവിപ്പിക്കപ്പെട്ട അവസ്‌ഥയിൽപോലുമായി. നരേന്ദ്ര മോഡി അധികാരമേറ്റശേഷം മറ്റെല്ലാ ഭരണഘടനാസ്ഥാപനങ്ങൾക്കെതിരെ എന്നതുപോലെ സുപ്രീംകോടതിക്കെതിരെയും നീക്കങ്ങളുണ്ടായി. എന്നാൽ, ഇപ്പോൾ സുപ്രീംകോടതി നേരിടുന്ന പ്രതിസന്ധി അത്തരത്തിലുള്ള ഒന്നല്ല. മുൻമാതൃകകളില്ലാത്ത പ്രശ്‌നമാണ്‌ ഉയർന്നുവന്നിരിക്കുന്നത്‌. ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയിക്കെതിരെ കോടതിയിലെ ഒരു മുൻ ജീവനക്കാരി നൽകിയ ലൈംഗിക പീഡനപരാതിയാണ്‌ നിയമനിർമാണ സംവിധാനത്തെയാകെ പിടിച്ചുലയ്‌ക്കുന്നത്‌.

ആരോപണവിവരം സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസ്‌ തന്നെയാണ്‌ പുറത്തുവിട്ടത്‌. പ്രശ്‌നത്തിൽ നീതിപൂർവകമായ നടപടികൾ ഉണ്ടാകും എന്ന പ്രതീതി ഉയർത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ, ആ പ്രതികരണം തീർത്തും അസ്ഥാനത്താക്കിക്കൊണ്ടാണ്‌ തുടർ നടപടികൾ ഉണ്ടായത്‌.
പരാതിയുടെ ഉള്ളടക്കത്തിന്റെ ശരിതെറ്റുകൾ ഒരു അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാകൂ. എന്നാൽ, താൻ  പീഡിപ്പിക്കപ്പെട്ടതായി ഒരു സ്‌ത്രീയുടെ പരാതി ഉയർന്നാൽ അത്‌ കൈകാര്യം ചെയ്യുന്നതിന‌് വ്യവസ്ഥാപിത മാർഗങ്ങളുണ്ട്‌. തൊഴിലിടങ്ങളിൽ പീഡനപരാതി ഉയർന്നാൽ അത്‌ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിന്‌ പ്രത്യേക നിയമംതന്നെ നിലവിലുണ്ട്‌. ഈ നിയമമാകട്ടെ വിശാഖ കേസ്‌ എന്നറിയപ്പെടുന്ന പ്രസിദ്ധമായ കേസിലെ സുപ്രീംകോടതി മാർഗനിർദേശങ്ങൾക്ക്‌ അനുസരിച്ച്‌ രൂപപ്പെടുത്തിയതുമാണ്‌. ഈ നിയമം എല്ലാ ഇന്ത്യൻ പൗരന്മാർക്കും ബാധകമായതാണ്‌. അതിൽ സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസിന്‌ ഇളവ്‌ കിട്ടില്ല. അദ്ദേഹത്തിനെതിരെ ഇത്തരുമൊരു പരാതി ഉയർന്നാലും ആ നിയമത്തിന്റെ വ്യവസ്‌ഥകൾ പാലിച്ചാകണം അന്വേഷണം നടക്കേണ്ടത്‌.

എന്നാൽ, ഇവിടെ പരാതിയെപ്പറ്റി ചീഫ്‌ ജസ്‌റ്റിസിന്റെ പരസ്യപരാമർശത്തിനുശേഷം ഉണ്ടായതെല്ലാം നിയമവിരുദ്ധമായിരുന്നു. കേസിന്റെ ഉള്ളടക്കത്തിലേക്ക്‌ കടന്ന്‌ തുറന്ന കോടതിയിൽ  സ്വയംന്യായീകരണത്തിന്‌ ചീഫ്‌ ജസ്‌റ്റിസ്‌ മുതിർന്നു. പരാതിക്കാരിയുടെ മുൻകാലചരിത്രം ചൂണ്ടിക്കാട്ടി അവരെ അവഹേളിക്കാനും  ശ്രമം ഉണ്ടായി. ഇത്തരത്തിലുള്ള കേസുകളിൽ ഇരയെ അപകീർത്തിപ്പെടുത്തുകയോ അവരെ അപഹസിക്കുകയോ ചെയ്യുന്നത്‌ നീതിയുടെ വഴിയല്ലെന്ന്‌ പലവട്ടം വ്യക്തമാക്കിയിട്ടുള്ള പരമോന്നത നീതിപീഠത്തിന്റെതന്നെ ഒന്നാം സീറ്റിലിരുന്നാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ ഇതൊക്കെ ചെയ്‌തത്‌.

നടപടികൾ രണ്ടാംഘട്ടത്തിലേക്ക്‌ കടന്നതോടെ കാര്യങ്ങൾ പൂർണമായും കൈവിട്ടമട്ടിലായി. പരാതി ശരിയോ എന്ന്‌ പരിശോധിക്കാൻ ജഡ്‌ജിമാർ അടങ്ങിയ കമ്മിറ്റിയെ കോടതി നിയോഗിക്കുന്നു. ആരോപണത്തിൽ കഴമ്പില്ലെന്ന നിഗമനത്തിൽ ആ സമിതി അതിവേഗം എത്തിച്ചേരുന്നു. സമിതിയുടെ പ്രവർത്തനമാകെ  നിയമവിരുദ്ധമായിരുന്നുവെന്ന  ശക്തമായ വിമർശനമാണ്‌ ഇപ്പോൾ ഉയരുന്നത്‌.

സമിതിയുടെ പ്രവർത്തനങ്ങൾ ഏകപക്ഷീയമായി എന്നതാണ്‌ മുഖ്യമായ വിമർശനം. ഇത്തരം സമിതികളിൽ പുറത്തുനിന്ന് ഒരംഗം ഉണ്ടാകണം . അതുണ്ടായില്ല. നടപടിക്രമങ്ങളിൽ വ്യക്തതയില്ലാതെയും വീഡിയോ റെക്കോർഡിങ് ഒഴിവാക്കിക്കൊണ്ടും നിശ്‌ചയിച്ച സിറ്റിങ്ങിൽ തനിക്ക്‌ അഭിഭാഷക സഹായംപോലും അനുവദിച്ചില്ലെന്ന് പരാതിക്കാരി പറയുന്നു. ഈ പ്രശ്നങ്ങൾ ഉന്നയിച്ച് അവർ സമിതിമുമ്പാകെ ഹാജരായില്ല. അഭിഭാഷക സഹായം അനുവദിക്കാതിരിക്കുന്നത‌് അടിസ്‌ഥാന നീതിയുടെ നിഷേധമാണെന്ന്‌ ചൂണ്ടിക്കാട്ടുന്നത്‌ സുപ്രീംകോടതിയിലെ മുൻ ചീഫ്‌ ജസ്‌റ്റിസുമാരടക്കമുള്ള നിയമവിദഗ്‌ധരാണ്‌. ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഢ്‌ ഇക്കാര്യം ഒരു കത്തിലൂടെതന്നെ വ്യക്തമാക്കിയതായും വാർത്തകൾ വരുന്നു.

അന്വേഷണത്തിന്റെ നടപടിക്രമങ്ങളിലെ നിയമലംഘനങ്ങൾ പരിഹരിക്കപ്പെടാതെ തന്നെ അന്വേഷണം പൂർത്തിയായി. ഇപ്പോൾ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ്‌ പരാതിക്കാരിക്ക്‌ നിഷേധിച്ച്‌ നീതിനിഷേധം തുടരുകയാണ്‌. സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ കർശനമായി തടയാനുള്ള നിയമങ്ങൾ ആരുടെയെങ്കിലും സൗജന്യത്താൽ രൂപപ്പെട്ടവയല്ല. സ്‌ത്രീസംഘടനകളുടെ പതിറ്റാണ്ടുകളുടെ പോരാട്ടചരിത്രം അവയ്‌ക്കു പിന്നിലുണ്ട്‌. കോടതിക്ക്‌ അകത്തും പുറത്തും നടന്ന ഈ പോരാട്ടങ്ങളുടെ നേട്ടങ്ങളെയാകെ ഇല്ലാതാക്കുകയാണ്‌ ഇപ്പോൾ സുപ്രീംകോടതി ചെയ്യുന്നത്‌.

അതുകൊണ്ടാണ് ചൊവ്വാഴ്ച കോടതിക്കുമുന്നിൽ സ്ത്രീ സംഘടനകളുടെ ശക്തമായ പ്രതിഷേധം ഉയർന്നത്. ഇക്കാര്യത്തിൽ വേണ്ടത്ര ജാഗ്രത ഉന്നത നീതിപീഠത്തിൽനിന്ന്‌ ഉണ്ടായില്ലെന്നത്‌ വ്യക്തമാണ്‌. തിരുത്താൻ ഇനിയും സമയമുണ്ട്‌. നടപടിക്രമങ്ങൾ പാലിച്ച്‌ ഇരയ്‌ക്കുകൂടി സ്വീകാര്യമായ രീതിയിൽ ഈ പരാതി തീർപ്പാക്കണം. നാട്ടിലെ നിയമം പാലിച്ചുതന്നെ മുന്നോട്ടുപോകുന്നു എന്ന്‌ ഉറപ്പുവരുത്തണം. ചീഫ്‌ ജസ്റ്റിസിനും മേലെയാണ്‌ നീതി എന്നതുതന്നെയാകണം ഇക്കാര്യത്തിലെ അടിസ്ഥാനതത്വം. പരാതി നീതിപൂർവകമായി തീർപ്പാക്കുന്നതുവരെ ചീഫ്‌ ജസ്‌റ്റിസ്‌ മാറിനിൽക്കേണ്ടതുണ്ടോ എന്നതും പരിശോധിക്കണം. എന്തുതന്നെയായാലും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കനുസരിച്ച്‌ ഉയരാൻ ഉന്നത നീതിപീഠം തയ്യാറാകണം. സുപ്രീംകോടതിക്ക‌് നഷ്ടമായിക്കൊണ്ടിരിക്കുന്ന വിശ്വാസ്യത തിരിച്ചുപിടിക്കുകതന്നെ വേണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top