24 April Wednesday

കേന്ദ്ര സർക്കാർ ചോദിച്ചുവാങ്ങിയ വിധി

വെബ് ഡെസ്‌ക്‌Updated: Thursday Apr 5, 2018


ദളിതൻ എന്നത് ഇന്ത്യയിലിന്നും ഇരയുടെ പര്യായപദമാണ്. ജാതി വിവേചനത്തിന്റെ, കൂട്ടക്കൊലകളുടെ പൊലീസ് അതിക്രമത്തിന്റെയെല്ലാം ഇരപ്പട്ടികയിൽ നിറയുന്നത് ദളിതർതന്നെ. കേരളംപോലെ സാമൂഹ്യവികസന സൂചികകൾ ഉയർന്നുനിൽക്കുന്ന സംസ്ഥാനത്ത് ഈ സ്ഥിതി അതേരീതിയിൽ നിലനിൽക്കുന്നുണ്ടാകില്ല. പക്ഷേ, ഇവിടെയും ദളിതൻ എന്ന അവസ്ഥയിൽ ജീവിക്കുക വെല്ലുവിളിയാണ്. ഈ സാമൂഹ്യാവസ്ഥ അംഗീകരിച്ചാണ് രാജ്യത്ത് പട്ടികജാതി‐പട്ടികവർഗ സംരക്ഷണനിയമങ്ങൾക്ക് രൂപംനൽകിയിരിക്കുന്നത്. അത്തരം നിയമനിർമാണങ്ങളിലൊന്നാണ് ഇപ്പോൾ ഭീഷണിയിലായിരിക്കുന്നത്. സുപ്രീംകോടതിയിൽ നിന്ന് കേന്ദ്ര സർക്കാർ ചോദിച്ചുവാങ്ങിയ ഈ 'നിയമാതിക്രമ'ത്തിനെതിരെ ജനങ്ങൾ തെരുവിലിറങ്ങിയത് സ്വാഭാവികം. 11 പേരുടെ ജീവൻ കവർന്ന പ്രക്ഷോഭത്തിന്റെ അലകൾ രാജ്യത്ത് ഇനിയും അടങ്ങിയിട്ടില്ല.
പട്ടികജാതി‐ പട്ടികവർഗ സംരക്ഷണത്തിനായി പല തലങ്ങളിൽ നിയമങ്ങൾ ഉണ്ടായിട്ടുണ്ട്. സംവരണനിയമങ്ങളും ഭൂമി സംരക്ഷണ നിയമങ്ങളും അതിക്രമങ്ങൾ തടയൽ നിയമവുമെല്ലാം ഈ പട്ടികയിലുണ്ട്. ഈ നിയമങ്ങളൊന്നും ബ്രിട്ടീഷുകാർ ദാനംചെയ്ത് കിട്ടിയവയോ സ്വയംഭൂ ആയവയോ അല്ല; പുരോഗമനപ്രസ്ഥാനങ്ങളുടെ പോരാട്ടങ്ങളിലൂടെ നേടിയെടുത്തവയാണ്.

പട്ടികജാതി‐പട്ടികവർഗക്കാർക്കെതിരെ അതിക്രമങ്ങൾ തടയാൻ നിയമം 1989ൽ പാസാക്കിയതാണ്. രാജ്യത്താകെ ദളിതർക്കെതിരായ അതിക്രമങ്ങൾ നിലവിട്ടുയർന്നപ്പോൾ 1955 മുതൽ നിലവിലുണ്ടായിരുന്ന അയിത്താചരണ വിരുദ്ധനിയമത്തിൽ പല മാറ്റങ്ങൾ വരുത്തി രൂപപ്പെടുത്തിയതാണ് ഈ നിയമം. അതിക്രമങ്ങളിൽ ഏർപ്പെടുന്നവരെ ഒരു പരിധിവരെ പിന്തിരിപ്പിക്കാൻ കഴിയുന്ന നിയമങ്ങളിലൊന്നായി അത് നിലനിൽക്കുന്നു. ഇപ്പോഴും നിയമത്തിൽ പഴുതുകളുണ്ട്. നിയമഭേദഗതി ആവശ്യപ്പെട്ട് സിപിഐ എമ്മിന്റെയും ദളിത് ശോഷൺ മുക്തിമഞ്ചിന്റെയും നേതൃത്വത്തിൽ പാർലമെന്റിനു മുന്നിൽ സമരം നടന്നിരുന്നു. തുടർന്ന് നിയമത്തിൽ 2017ൽ ഭേദഗതി വന്നു.

നിയമത്തിന്റെ ഇപ്പോഴത്തെ വിനിയോഗംപോലും നീതിയുക്തമല്ല. നിയമപ്രകാരം കേസുകൾ എടുക്കുന്നുണ്ട്. പക്ഷേ, ഇവയിൽ നാലിലൊന്നു കേസിൽ പോലും പ്രതികൾ ശിക്ഷിക്കപ്പെടുന്നില്ല. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുതന്നെ ഇക്കാര്യം വെളിവാക്കുന്നു. 2016ൽ 47,338 കേസാണ് നിയമപ്രകാരം രജിസ്റ്റർ ചെയ്തത്. ഇവയിൽ 40,774 കേസ് പട്ടികജാതിക്കാർക്കെതിരായ അതിക്രമമാണ്. അവയിൽ ശിക്ഷ കിട്ടിയത് 25.8 ശതമാനം കേസിൽ മാത്രമാണ്. പട്ടികവർഗക്കാർക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തിൽ 6564 കേസ് എടുത്തതിൽ 20.8 ശതമാനം കേസിൽ മാത്രമാണ് ശിക്ഷയുണ്ടായത്.

കേസ് രജിസ്റ്റർ ചെയ്യുമ്പോൾ മുതൽ വിധിയാകുന്നതുവരെയുള്ള ഘട്ടങ്ങളിൽ പലപ്പോഴായി ഉണ്ടാകുന്ന വീഴ്ചകൾ തന്നെയാണ് ശിക്ഷിക്കൽ നിരക്ക് ഇത്രയേറെ കുറയുന്നതിനു കാരണമെന്ന് വ്യക്തം.

ഈ അവസ്ഥ നിലനിൽക്കുമ്പോഴാണ് നിയമത്തിന്റെ പ്രയോഗത്തിനെതിരായി ഒരു കേസ് സുപ്രീംകോടതിയിൽ എത്തിയത്. തീർച്ചയായും തികഞ്ഞ ജാഗ്രതയോടെ കൈകാര്യംചെയ്യേണ്ട കേസായിരുന്നു ഇത്. പക്ഷേ, തികച്ചും അലസമായാണ് കേന്ദ്ര സർക്കാർ കേസിനെ സമീപിച്ചത്. ദളിത്വിരുദ്ധത മുഖമുദ്രയാക്കിയ സംഘപരിവാർ നയിക്കുന്ന ഒരു സർക്കാരിന് യോജിച്ച സമീപനം. സുപ്രീംകോടതി പറഞ്ഞത് വിശ്വസിക്കാമെങ്കിൽ കേന്ദ്ര സർക്കാർ തന്നെയാണ് നിയമത്തിന്റെ ദുരുപയോഗത്തെപ്പറ്റിയുള്ള ആശങ്ക കോടതിയെ അറിയിച്ചത്. സുപ്രീംകോടതി ജഡ്ജിമാരിൽ ഒരാളായ ജസ്റ്റിസ് എ കെ ഗോയൽ ചൊവ്വാഴ്ച ഇക്കാര്യം കോടതിയിൽ ഉയർത്തുകയും ചെയ്തു. 'നിയമത്തിന്റെ ദുരുപയോഗം ഉണ്ടെന്ന് നിങ്ങൾ തന്നെയല്ലേ പറഞ്ഞത്'‐ എന്നാണ് അറ്റോർണി ജനറലിനോട് അദ്ദേഹം ചോദിച്ചത്. 'എന്നിട്ട് ഇപ്പോഴെന്തേ ആടിക്കളിക്കുന്ന'തെന്നും അദ്ദേഹം ചോദിച്ചു.

ഈ വിധി തിരുത്തിയേ മതിയാകൂ. കടുത്ത അനീതി നിലനിൽക്കുന്ന ഒരു സാമൂഹ്യാവസ്ഥയിൽ ഒരു വിഭാഗത്തിന്റെ രക്ഷയ്ക്കായി രൂപപ്പെടുന്ന നിയമങ്ങൾക്ക് കരുത്ത് കൂടുതൽ വേണ്ടിവരും. കർശനമായ വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചാൽ മാത്രമേ ഈ നിയമത്തിന് കുറ്റത്തിൽനിന്ന് ഒരാളെ പിന്തിരിപ്പിക്കാൻ കഴിയൂ. അതുകൊണ്ടാണ് ഇത്തരമൊരു നിയമപ്രകാരം പരാതി രജിസ്റ്റർ ചെയ്താൽ അറസ്റ്റ് കൂടിയേ തീരൂവെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിരിക്കുന്നത്. ദളിതരെ മൃഗസമാനമായി അടിച്ചമർത്തുന്ന അവസ്ഥ നിലനിൽക്കെ ദളിതർ വ്യാജപരാതികളുമായി നീങ്ങുമെന്ന വാദം ദുർബലമാണ്. അത് സർക്കാർ ഉന്നയിച്ചാലും കോടതി നിരീക്ഷിച്ചാലും യുക്തിസഹമല്ല. വളരെ ഒറ്റപ്പെട്ട ദുരുപയോഗങ്ങൾ ഉണ്ടായേക്കാം. അത് ഒറ്റയ്ക്കൊറ്റയ്ക്ക് നേരിട്ടേ തീരൂ. പകരം സാമൂഹ്യഅസമത്വം പരിഗണിച്ച്‌, ഏറെ ചർച്ചചെയ്ത് കൊണ്ടുവന്ന സമഗ്രമായ ഒരു നിയമത്തിൽ കത്തിവയ്ക്കുകയല്ല വേണ്ടത്. കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെ സുപ്രീംകോടതി ഇപ്പോൾ ചെയ്തിരിക്കുന്നത് അതാണ്. ഈ ചുവട് പിന്നോട്ടെടുപ്പിച്ചേ തീരൂ. അതിന് കോടതിക്കുള്ളിലും പുറത്തും പോരാട്ടം വേണ്ടിവരും. അത് ദളിത് സംഘടനകളുടെ മാത്രമായ പോരാട്ടമായിരിക്കില്ല; രാജ്യത്തെ അധ്വാനിക്കുന്നവരെയും അധഃസ്ഥിതരെയും പ്രതിനിധാനംചെയ്യുന്ന എല്ലാ സംഘടനകളുടെയും പോരാട്ടമായിരിക്കും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top