25 April Thursday

ജനാധിപത്യം അപകടത്തിലെന്ന് മുന്നറിയിപ്പ്

വെബ് ഡെസ്‌ക്‌Updated: Saturday Jan 13, 2018


അമ്പരപ്പിക്കുന്നതും അസാധാരണവുമായ സംഭവങ്ങളാണ് ഇന്ത്യയുടെ പരമോന്നത നീതിന്യായ കോടതിയില്‍ ഉണ്ടാകുന്നത്. ജനാധിപത്യം അപകടപ്പെടുന്നതിന്റെ അതീവ ഗുരുതരമായ അവസ്ഥ ലോകത്തോട് വിളിച്ചുപറയുന്നത് സുപ്രീംകോടതിയിലെ നാലു മുതിര്‍ന്ന ന്യായാധിപന്മാരാണ്. സുപ്രീംകോടതിയുടെ ഭരണം ക്രമരഹിതമായ നിലയിലാണെന്നും കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചുകള്‍ തീരുമാനിക്കുന്നതില്‍ വിവേചനമുണ്ടെന്നും വാര്‍ത്താസമ്മേളനം വിളിച്ച് ന്യായാധിപന്മാര്‍ക്ക് പറയേണ്ടിവരുന്ന അവസ്ഥ ഇന്ത്യാചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. ചീഫ് ജസ്റ്റിസിനോട് പരസ്യമായി പ്രതിഷേധിച്ച് കോടതി വിട്ടിറങ്ങിയാണ് ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവര്‍ തങ്ങള്‍ പലവട്ടം ഉന്നയിച്ചിട്ടും പരിഹരിക്കാത്ത വിഷയങ്ങള്‍ പൊതുസമൂഹത്തിനു മുമ്പാകെ അവതരിപ്പിച്ചത്. അസാധാരണ നടപടിയെന്ന് പറഞ്ഞുകൊണ്ടുതന്നെയായിരുന്നു അത്്.

കോടതിയോടും രാജ്യത്തോടുമാണ് തങ്ങളുടെ ഉത്തരവാദിത്തം എന്ന് ആവര്‍ത്തിച്ച ജസ്റ്റിസ് ചെലമേശ്വര്‍, സ്വന്തം ആത്മാവിനെ വിറ്റവരാണ് തങ്ങള്‍ എന്ന പഴികേള്‍ക്കാതിരിക്കാന്‍ കൂടിയാണ് ഇത്തരമൊരു അസാധാരണ നടപടിക്ക് മുതിര്‍ന്നതെന്നാണ് വിശദീകരിച്ചത്. നീതിന്യായ വ്യവസ്ഥയെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ട് തുടര്‍ച്ചയായി തങ്ങള്‍ നടത്തിയ ഇടപെടല്‍ അദ്ദേഹം വിശദീകരിച്ചു.  എല്ലാ വിവരങ്ങളും വിശദീകരിച്ച് ചീഫ് ജസ്റ്റിസിന് രണ്ടുമാസം മുമ്പ് നല്‍കിയ കത്ത് പ്രസിദ്ധീകരണത്തിനു നല്‍കി.

തെറ്റായ തീരുമാനങ്ങളും നടപടികളും നീതിനിര്‍വഹണത്തെ തടസ്സപ്പെടുത്തുന്നു എന്നു മാത്രമല്ല, അത് ജനാധിപത്യത്തെ അപായപ്പെടുത്തുന്നു എന്നുകൂടി മുതിര്‍ന്ന ന്യായാധിപന്മാര്‍ പറയുമ്പോള്‍ അതിന്റെ വ്യാപ്തി സങ്കല്‍പ്പാതീതമായി വലുതാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. സുപ്രീംകോടതിയുടെ തീര്‍പ്പുകള്‍ അന്തിമമാണ്. അത് രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയ്ക്കാകെ ബാധകവുമാണ്. ഭരണഘടനാപരമായി അത്യുന്നത സ്ഥാനം അലങ്കരിക്കുന്ന ന്യായാധിപന്മാര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നിടത്ത് എന്തുതരം ജനാധിപത്യത്തെക്കുറിച്ചാണ് നമുക്ക് ചിന്തിക്കാനാവുക? ചീഫ് ജസ്റ്റിസ് എന്നാല്‍ സമന്മാരില്‍ മുമ്പന്‍ എന്ന അര്‍ഥമേയുള്ളൂ. ആ ചീഫ് ജസ്റ്റിസ് 'കേസുകള്‍ വിവിധ ബെഞ്ചുകളിലേക്ക് വിടുന്നതില്‍ കീഴ്വഴക്കം ലംഘിക്കുന്നു. ചില പ്രത്യേക കേസുകള്‍ കീഴ്വഴക്കം പാലിക്കാതെ സ്വന്തം താല്‍പ്പര്യപ്രകാരം രൂപീകരിക്കുന്ന ചില ബെഞ്ചുകളിലേക്ക് വിടുന്നു. യുക്തിരഹിതമായാണ് ഇത് ചെയ്യുന്നത്. ഈ രീതി നിര്‍ബന്ധമായും അവസാനിപ്പിക്കണം'- ഇതാണ് കത്തിലെ പ്രധാന പ്രതിപാദ്യം.

സുപ്രീംകോടതിയിലെത്തുന്നത് രാജ്യത്തെ സംബന്ധിച്ച് സുപ്രധാനമായ കേസുകളാണ്. ഏതുകേസായാലും കോടതി തീര്‍പ്പിന് രാജ്യത്തെയാകെ ബാധിക്കുന്ന പ്രാധാന്യമുണ്ട്. ബിജെപി നേതാവ് അമിത് ഷാക്കെതിരായ സൊറാബ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച സിബിഐ കോടതി ജഡ്ജി ലോയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസ് നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ആ കേസ് വിട്ട ബെഞ്ചിനെക്കുറിച്ചും അഭിപ്രായ വ്യത്യാസമുണ്ട് എന്നാണ് സൂചന. ഇത് കേവലം കോടതിഭരണപ്രശ്നമല്ല; കീഴ്വഴക്കങ്ങളുടെ കേവലമായ വിഷയവുമല്ല. അതിനപ്പുറമാണ് ഈ പരാതിയുടെ ഗൌരവവും പ്രാധാന്യവും. മുതിര്‍ന്ന ന്യായാധിപന്മാരുടെ എതിര്‍പ്പ് അവഗണിച്ചും അനുചിത ബെഞ്ചുകളിലേക്ക് പ്രത്യേക കേസുകള്‍ വിടുന്നത് നിഷ്കളങ്കമായ നടപടിയാണെന്ന് ആര്‍ക്കും കരുതാനാകില്ല. അത്തരം കേസുകളിലെ തീര്‍പ്പിനെക്കുറിച്ച് സംശയം ഉയരാനുള്ള സാധ്യത തുറന്നുകിടക്കുന്നു.

ഫലത്തില്‍ ജുഡീഷ്യറിയില്‍ അരുതായ്മകള്‍ സംഭവിക്കുന്നു എന്ന് നിസ്സംശയം തെളിയിക്കപ്പെട്ടിരിക്കുന്നു. അതിന്റെ പ്രഭവകേന്ദ്രം രാഷ്ട്രീയ നേതൃത്വമാണെന്ന് ലോയ കേസ് ഉദാഹരിച്ചാല്‍ വ്യക്തമാകുന്നുമുണ്ട്. മറ്റാരുമല്ല, നാലു മുതിര്‍ന്ന ന്യായാധിപന്മാര്‍ തന്നെയാണ് വിപത്തിനെക്കുറിച്ച് ഇന്ത്യന്‍ ജനതയ്ക്ക് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. "തെറ്റ് തിരുത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. ഒട്ടും ആശാവഹമായ കാര്യങ്ങളല്ല നടക്കുന്നത്. ഒട്ടും സന്തോഷത്തോടെയുമല്ല സംസാരിക്കുന്നത്'' എന്ന അവരുടെ വാക്കുകള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഹൃദയത്തിനേല്‍ക്കുന്ന മുറിവുകളാണ്. ചീഫ് ജസ്റ്റിസ് മറുപടി പറഞ്ഞിട്ടില്ല. അത് അറിയേണ്ടതുണ്ട്. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും കൈപ്പിടിയിലൊതുക്കാനുള്ള കേന്ദ്ര ഭരണകക്ഷിയുടെ വഴിവിട്ട ശ്രമങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുമ്പോഴാണ് ഇത്തരമൊരു അസാധാരണ വെളിപ്പെടുത്തലുണ്ടായത്. ഭരണനേതൃത്വം ജുഡീഷ്യറിയുടെ വ്യവഹാരങ്ങളില്‍ ഇടപെടുന്നു എന്നത് ജനാധിപത്യത്തിന്റെ അന്ത്യത്തെയും  ഇന്ത്യന്‍ ഭരണഘടനയുടെ നിഷേധത്തെയും സൂചിപ്പിക്കുന്ന അവസ്ഥയാണ്. നാലു ന്യായാധിപന്മാര്‍ പൊട്ടിത്തെറിച്ചുകൊണ്ട് വിരല്‍ചൂണ്ടുന്നത് ആ അവസ്ഥയിലേക്കാണെങ്കില്‍ ചികിത്സ ഇനി ഒരു നിമിഷം വൈകരുത്.  ഈ രാജ്യത്തിന്റെ ജനാധിപത്യത്തെയും ജനങ്ങളുടെ മൌലികാവകാശങ്ങളെയും ഭരണഘടനയുടെ അന്തഃസത്തയെയും സംരക്ഷിക്കാന്‍ നമുക്കോരോരുത്തര്‍ക്കും ബാധ്യതയുണ്ട്.  സ്ഥാപിത-സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കു മുന്നില്‍ ഹോമിക്കപ്പെടേണ്ടതല്ല നമ്മുടെ ഭരണഘടന


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top