29 March Friday

ഉത്തരങ്ങളേക്കാള്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന വിധി

വെബ് ഡെസ്‌ക്‌Updated: Thursday Sep 27, 2018

ആധാർ കേസിൽ ഒടുവിൽ വിധി വന്നു. അഞ്ചംഗ ബെഞ്ചിൽ നാലുപേർ ഒരഭിപ്രായവും ഒരാൾ  ഭിന്നാഭിപ്രായവും പ്രകടിപ്പിച്ച് കേസ് തീർപ്പാക്കി. എന്നാൽ, കേസ് പരിഗണിച്ച ഘട്ടത്തിൽ ഉയർന്നതിനേക്കാൾ ചോദ്യങ്ങളാണ് കേസിലെ അന്തിമ വിധിക്കുശേഷം ഉയരുന്നത‌്.

ആധാറിനെപ്പറ്റി പൊതുസമൂഹവും പൗരാവകാശ പ്രവർത്തകരും രാഷ്ട്രീയ പാർടികളും  ഉയർത്തിയ ഒട്ടേറെ ആശങ്കയും വിമർശങ്ങളുമുണ്ട്. ഭൂരിപക്ഷ വിധി ഇതിൽ ചിലതൊക്കെ ശരിവയ‌്ക്കുന്നു. ആധാർ നിയമത്തിലെ മൂന്നു സുപ്രധാന വകുപ്പ‌് റദ്ദാക്കുകയും ചെയ്യുന്നു. എന്നാൽ, ഒപ്പം നിയമത്തിന്റെ ഭരണഘടനാ സാധുതയ‌്ക്ക‌്  അടിവരയിടുന്നു. വിയോജനവിധിയാകട്ടെ, ഇതുവരെ ഉയർന്ന വിമർശങ്ങളെല്ലാം ശരിവയ‌്ക്കുകയും നിയമം അങ്ങേയറ്റം ഭരണഘടനാവിരുദ്ധമെന്ന് സംശയമില്ലാതെ പ്രഖ്യാപിക്കുകയും  ചെയ്യുന്നു. ചുരുക്കത്തിൽ ഇന്നത്തെ വിധി പ്രസ‌്താവങ്ങളുടെ ആകെത്തുകയെടുത്താൽ ആധാർ എന്ന തിരിച്ചറിയൽ രേഖയുടെ മറവിൽ സർക്കാരിൽനിന്നുണ്ടായ മനുഷ്യാവകാശവിരുദ്ധവും കോർപറേറ്റ‌്  അനുകൂലവുമായ നയങ്ങൾ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. എന്നാൽ, നിലനിൽപ്പുള്ളത് ഭൂരിപക്ഷ വിധിക്കു മാത്രമായതിനാൽ,  ഈ വിധിയിലൂടെ ആധാറിന്റെ പേരിൽ നാട്ടുകാർ നേരിടുന്ന വിഷമങ്ങൾക്കൊന്നും കാര്യമായ പരിഹാരമില്ലെന്നുമാത്രം.

സബ്സിഡികളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാൻ  ആധാർ തുടർന്നും വേണ്ടിവരും. ഇക്കാര്യങ്ങൾക്ക് ആധാർ ബാധകമാക്കാം എന്ന് വ്യവസ്ഥചെയ്യുന്ന നിയമത്തിലെ ഏഴാംവകുപ്പിൽ കോടതി വിധി തൊട്ടിട്ടില്ല. ഏഴാംവകുപ്പിൽ ആകെ ഉണ്ടായ ഇടപെടൽ സ‌്കൂൾ പ്രവേശത്തിനും പ്രവേശനപരീക്ഷയ‌്ക്കും ആധാർ വേണ്ടെന്നതാണ്. ഏഴാംവകുപ്പിലെ സേവനങ്ങളുടെയും ആനുകൂല്യങ്ങളുടെയും പരിധിയിൽ ഇക്കാര്യങ്ങൾ വരില്ലെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു. അതുപോലെ ആധാർ പദ്ധതിയിൽ അംഗമാകുന്ന ഒരു കുട്ടിക്ക‌്  പ്രായപൂർത്തിയാകുമ്പോൾ വേണമെങ്കിൽ ആധാർ വേണ്ടെന്ന‌ുവയ‌്ക്കാം. എന്നാൽ, പ്രായപൂർത്തിയാകുമ്പോൾ ആദായ നികുതി നൽകാനും പാചകവാതക സബ്സിഡി കിട്ടാനും ആധാർ വേണ്ടിവരികയും ചെയ്യും. ബാങ്ക് അക്കൗണ്ടിനും മൊബൈൽ കണക‌്ഷൻ എടുക്കാനും ആധാർ വേണ്ടെന്നു പറയുന്ന കോടതി പക്ഷേ ആധാറിനെ പാൻ കാർഡുമായി ബന്ധിപ്പിക്കണമെന്ന‌ു പറയുന്നതിലെ വൈചിത്ര്യം പ്രകടം.

ബാങ്ക് അക്കൗണ്ട‌് ആധാറുമായി ബന്ധിപ്പിക്കണമെന്ന വ്യവസ്ഥ റദ്ദാക്കിയ ഭൂരിപക്ഷ വിധിയിൽ ഇങ്ങനെ ബന്ധിപ്പിക്കാൻ  നിർബന്ധിക്കുന്നതിനെ ശക്തമായി വിമർശിക്കുന്നുണ്ട‌്. ആധാർ ബന്ധിപ്പിക്കുംവരെ ബാങ്ക് അക്കൗണ്ട‌് മരവിപ്പിക്കുന്നത‌് സ്വത്ത് കവർന്നെടുക്കുന്നതിനു തുല്യമാണെന്നുവരെ കോടതി നിരീക്ഷിക്കുന്നു. അതുപോലെ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കാൻ  ആവശ്യപ്പെടുന്നത് രാജ്യത്തെ ഒരു നിയമത്തിന്റെയും പിൻബലമില്ലാത്ത നടപടിയാണെന്നും പറയുന്നു. അത് ഭരണഘടനാ വിരുദ്ധമെന്നും ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും ഇതൊന്നും നിയമത്തെയാകെ ഭരണഘടനാ വിരുദ്ധമായി കാണാൻ കോടതിക്ക‌്  തൃപ്തികരമായ കാരണമാകുന്നുമില്ല.സ്വകാര്യ കമ്പനികൾക്കുകൂടി ആധാർ വിവരങ്ങൾ ലഭ്യമാക്കിയ കേന്ദ്രസർക്കാർ നടപടിക്ക‌് വിധി തിരിച്ചടി ആയിട്ടുണ്ട്‌. സ്വകാര്യ സ്ഥാപനങ്ങൾക്ക് ആധാർ വിവരങ്ങൾ പ്രയോജനപ്പെടുത്താൻ അനുമതി നൽകുന്ന 57–ാം വകുപ്പും ദേശീയസുരക്ഷയുടെ പേരിൽ ആധാർ വിവരങ്ങൾ പുറത്തുവിടാൻ അധികാരം നൽകുന്ന 33(2) വകുപ്പും കോടതി റദ്ദാക്കിയിട്ടുണ്ട്. പക്ഷേ, ഇത്തരത്തിൽ ഒരു വകുപ്പ് ചേർത്ത് ഭൂരിപക്ഷം പൗരന്മാരുടെ വ്യക്തിഗതവിവരങ്ങൾ കച്ചവടവസ‌്തുവാക്കിയ നിയമത്തെ അതേ കോടതി ശരിവയ‌്ക്കുകയും ചെയ്യുന്നു.

ആധാറിന്റെ ‘മഹത്വം 'അംഗീകരിക്കുന്ന  ഭൂരിപക്ഷ വിധി ആധാർ കിട്ടാത്തതുകൊണ്ട് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ട‌് ആത്മഹത്യ ചെയ്യേണ്ടിവരുന്നവരെപ്പറ്റിയും  ആധാർ വിവരങ്ങളുടെ ചോർച്ച സംബന്ധിച്ചും നിശബ്ദത പാലിക്കുന്നു. രണ്ടു വർഷത്തിനിടെ രാജ്യത്ത‌് റിപ്പോർട്ട‌് ചെയ‌്ത 42 പട്ടിണിമരണങ്ങളിൽ ബഹുഭൂരിപക്ഷത്തിനും ‘ആധാർ ബന്ധം’ വ്യക്തമാക്കുന്ന വാർത്തകൾ വന്നിരുന്നു. ആധാർ ഇല്ലാത്തതിന്റെ പേരിലോ ബയോമെട്രിക‌് വിവരങ്ങൾ പൊരുത്തപ്പെടാത്തതിനാലോ റേഷനും സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടതാണ‌് 25 പേരുടെ മരണത്തിന‌് കാരണമെന്ന് അന്വേഷണത്തിൽ വെളിവാക്കപ്പെട്ടു.  മരിച്ചവരിൽ ഏറിയപങ്കും ദളിത‌്, ആദിവാസി, ന്യൂനപക്ഷവിഭാഗങ്ങളിൽപ്പെട്ടവരാണ‌്.

അതുപോലെതന്നെ ശേഖരിച്ച വിവരങ്ങളുടെ സുരക്ഷയില്ലായ‌്മ സംബന്ധിച്ചും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. സ്വന്തം ആധാർ നമ്പർ പരസ്യപ്പെടുത്തി ആധാർ എങ്ങനെയാണ്‌ സ്വകാര്യതയ‌്ക്ക്‌ ഭീഷണിയാകുന്നതെന്ന്‌ തെളിയിക്കാൻ വെല്ലുവിളിച്ച ടെലികോം അതോറിറ്റി ഓഫ്‌ ഇന്ത്യ (ട്രായ്) ചെയർമാൻ ആർ എസ് ശർമയുടെ സ്വകാര്യ വിവരങ്ങൾ ഒന്നൊന്നായി പരസ്യമാകുന്നതും രാജ്യം കണ്ടതാണ്. അതൊക്കെ അങ്ങനെതന്നെ തുടരട്ടെ എന്ന് കോടതി കരുതുന്നുവോ? ഭൂരിപക്ഷ വിധി ആ സംശയവും  ഉയർത്തുന്നു.അതേസമയം, വിയോജന വിധി നിയമത്തെ കുഴിച്ചുമൂടാനുള്ള ന്യായങ്ങൾതന്നെ നിരത്തുന്നുണ്ട്. ആധാർ ബിൽ ധനബില്ലായി അവതരിപ്പിച്ചത് ഭരണഘടനയെ വഞ്ചിക്കലാണെന്ന് വിയോജന വിധി എഴുതിയ ജസ്റ്റിസ‌് ഡി വൈ ചന്ദ്രചൂഡ് പറയുന്നു.

സ്വകാര്യതയെയും  വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണത്തെയുംപറ്റി ഉയർന്ന വിമർശങ്ങൾ എല്ലാം ആ വിധി ശരിവയ‌്ക്കുന്നു. ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങളൊന്നും സാങ്കേതികവിദ്യയിലെ മാറ്റങ്ങളുടെ മറവിൽ ഇല്ലാതാക്കാനാകില്ലെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. രാജ്യത്തെ പരമോന്നത നീതിപീഠം എന്ന നിലയിൽ സുപ്രീംകോടതി വിധി അന്തിമമാണ്‌. പക്ഷേ, ജനങ്ങളുടെ ചോദ്യങ്ങൾ തുടരും. ആ ചോദ്യങ്ങൾക്ക് കോടതികളിൽനിന്ന് ഇനി ഉത്തരം കിട്ടില്ല. പക്ഷേ, ജനകീയ കോടതികളിൽ ഈ ചോദ്യങ്ങൾ ഇനിയും ഉയരും. ആധാർപോലൊരു നിയമനിർമാണത്തിലൂടെ ജനദ്രോഹത്തിന് ആക്കംകൂട്ടിയവർ അവയ‌്ക്കൊക്കെ  മറുപടി പറയേണ്ടിയും വരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top