25 April Thursday

സുപ്രീംകോടതിയുടെ വിശ്വാസ്യത തകരുമ്പോൾ

വെബ് ഡെസ്‌ക്‌Updated: Thursday May 10, 2018



സുപ്രീംകോടതിയിൽ നടക്കുന്നതൊക്കെ അസാധാരണമാണ്.  നീതിന്യായ സംവിധാനത്തിൽ പൊതുജനത്തിന് അവശേഷിക്കുന്ന വിശ്വാസംകൂടി ഇല്ലാതാക്കിയേ തീരൂ എന്ന് ആരൊക്കെയോ തീരുമാനിച്ചമട്ടിലാണ് കാര്യങ്ങളുടെ പോക്ക്. ഒട്ടേറെ ആരോപണങ്ങളുടെ നിഴലിൽ നിൽക്കുന്ന ഇന്ത്യൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ഓരോ നടപടിയും അദ്ദേഹത്തിനെതിരായ സംശയമുനകളുടെ എണ്ണംകൂട്ടുകയാണ്.

ഇംപീച്ച്മെന്റ് ഹർജി പരിഗണനയ്ക്കെടുത്ത സുപ്രീംകോടതിയിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ഉണ്ടായതൊക്കെ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങൾ. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള എംപിമാരുടെ നോട്ടീസ് തള്ളിയ രാജ്യസഭാ ഉപാധ്യക്ഷന്റെ തീരുമാനം ചോദ്യംചെയ്ത് രണ്ട് എംപിമാരാണ് കോടതിയിലെത്തിയത്. ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ ഏറ്റവും മുതിർന്ന ജഡ്ജിയായ ജസ്റ്റിസ‌് ജെ ചെലമേശ്വർ ഉൾപ്പെടെയുള്ള ബെഞ്ചിലാണ് കേസ് പരിഗണനയ്ക്ക‌് എടുക്കേണ്ടിയിരുന്നത്. ചൊവ്വാഴ്ച രാവിലെയായിരുന്നു കേസ് പരിഗണനയ്ക്കെടുക്കേണ്ടത്. ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് ഹർജി പരാമർശിക്കാൻ തിങ്കളാഴ്ച അദ്ദേഹം ഹർജിക്കാരോട് ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ, ജസ്റ്റിസ‌് ചെലമേശ്വറുടെ തീരുമാനം വന്ന് മണിക്കൂറുകൾക്കകം ഈ കേസ് ഭരണഘടനാ ബെഞ്ചിലേക്ക് മാറ്റിയതായി ചീഫ് ജസ്റ്റിസിന്റെ തീരുമാനം വന്നു. ഇത്തരമൊരു അതിപ്രധാനമായ കേസ് പരിഗണിക്കുന്ന ബെഞ്ചിൽ പക്ഷേ സീനിയർ ജഡ്ജിമാരാരുമില്ല. ചീഫ് ജസ്റ്റിസിനു താഴെയുള്ള ഏറ്റവും മുതിർന്ന നാല് ജഡ്ജിമാരെ മറികടന്ന് കേസ് പരിഗണിക്കുന്നത് അവരേക്കാൾ ജൂനിയറായ അഞ്ച് ജഡ്ജിമാർ ഉൾപ്പെട്ട ബെഞ്ച്. നിരവധി ചോദ്യങ്ങൾ ഉയർത്തുന്നതാണ് ഈ നടപടി. സാധാരണഗതിയിൽ ഒരു കേസ് പരിഗണനയ്ക്കെടുത്തശേഷം അതിന്റെ പ്രാധാന്യം വിലയിരുത്തിയാണ് ആ കേസ് ഭരണഘടനാ ബെഞ്ചിലേക്കോ കൂടുതൽ അംഗങ്ങളുള്ള ബെഞ്ചിലേക്കോ അയക്കണോ എന്ന് തീരുമാനിക്കുക. ഇവിടെ അതുണ്ടായില്ല. കേസ് പിറ്റേന്നു രാവിലെ പരിഗണിക്കാനിരിക്കെ തലേന്നുതന്നെ അത് ഭരണഘടനാ ബെഞ്ചിലേക്ക് മാറ്റുന്നു. ആരുടെ തീരുമാനമായിരുന്നു അത്? എന്തായിരുന്നു കാരണം? ഉത്തരങ്ങൾ കിട്ടിയിട്ടില്ല.

ചീഫ് ജസ്റ്റിസിന്റെ ഭരണപരമായ അധികാരം ഉപയോഗിച്ച് കേസ് ഭരണഘടനാ ബെഞ്ചിനു വിട്ടു എന്നാണ് സുപ്രീംകോടതി വൃത്തങ്ങളുടെ വാദം. അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽ അത്തരമൊരു നടപടി സുപ്രീംകോടതിയുടെ ചരിത്രത്തിലാദ്യം. ഒരു കേസ് പരിഗണിക്കുന്ന വേളയിൽ ഭരണഘടനാ വ്യവസ്ഥയുടെ വ്യാഖ്യാനം സംബന്ധിച്ച നിയമപ്രശ്നം ഉയർന്നാൽ ആ കേസ് ഭരണഘടനാ ബെഞ്ചിന് വിടാമെന്നാണ് ഭരണഘടനയുടെ അനുച്ഛേദം 145 (3)ൽ പറയുന്നത്. ഈ ബെഞ്ചിൽ അഞ്ചുപേർ ഉണ്ടാകണമെന്നും വ്യവസ്ഥയുണ്ട്. എന്നാൽ, ഇത്തരത്തിലൊരു നിയമപരമായ വിലയിരുത്തൽ ഈ കേസിൽ നടന്നിട്ടില്ല. അതില്ലാതെ എങ്ങനെ കേസ് ഭരണഘടനാ ബെഞ്ചിന് വിടും. അങ്ങനെ വിട്ടെങ്കിൽ അതിന് ഭരണപരമായ ഉത്തരവ് ആരിൽനിന്നുണ്ടായി? അങ്ങനെയൊരു ഉത്തരവുണ്ടെങ്കിൽ അതെവിടെ? ഹർജിക്കാരായ എംപിമാർക്കുവേണ്ടി ഹാജരായ അഡ്വ. കപിൽ സിബൽ ചൊവ്വാഴ്ച സുപ്രീംകോടതിയിൽ ആവർത്തിച്ചുന്നയിച്ച ഈ ചോദ്യത്തിന് ഉത്തരമില്ല. ആരും ഉത്തരവിന്റെ പകർപ്പ് ഹാജരാക്കിയുമില്ല. ഇപ്പോൾ ഉത്തരവിന്റെ പകർപ്പ് ആവശ്യപ്പെട്ട് അഡ്വ. പ്രശാന്ത്ഭൂഷൺ വിവരാവകാശനിയമ പ്രകാരം അപേക്ഷ നൽകിയിരിക്കുകയാണ്. 

ചീഫ് ജസ്റ്റിസ് ഇത്തരത്തിലൊരു ബെഞ്ച് രൂപീകരിച്ച് ഉത്തരവിട്ടിട്ടുണ്ടെങ്കിൽ ആ ഉത്തരവ് തന്നെ കോടതിയിൽ ചോദ്യം ചെയ്യപ്പെടാം. മറ്റൊരു വിചിത്രമായ സംഗതി കേസിൽ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ഉയർത്തിയ വാദമാണ്. 60 എംപിമാർ ഒപ്പിട്ട ഇംപീച്ച്മെന്റ് പ്രമേയത്തെ സംബന്ധിച്ച കേസിലെ ഹർജിയിൽ രണ്ട് എംപിമാരേ ഒപ്പിട്ടിട്ടുള്ളൂ എന്നാണ് അദ്ദേഹം വാദിച്ചത്. അതുകൊണ്ട് ഹർജി നിലനിൽക്കില്ലത്രെ. അങ്ങനെയൊരു വ്യവസ്ഥ എവിടെ പറയുന്നു എന്ന ആവർത്തിച്ചുള്ള ചോദ്യത്തിനും ഉത്തരമില്ലാതെ കേസിന്റെ വാദം അവസാനിച്ചു. ഇത്രയും ദുരൂഹത നിറഞ്ഞ രീതിയിൽ കോടതി ഒരു കേസ് പരിഗണിക്കാനൊരുങ്ങുമ്പോൾ അത് പിൻവലിക്കുകയാണ് മാന്യത എന്ന ഹർജിക്കാരുടെ നിലപാട് തികച്ചും ന്യായം. ആ വാദങ്ങൾ കൂടുതൽ തുടർന്നിരുന്നെങ്കിൽ തീർത്തും തകരുന്നത് ഇന്ത്യൻ നീതിന്യായ സംവിധാനത്തിന്റെ വിശ്വാസ്യത തന്നെയാണ്. ഈ വിശ്വാസ്യത തകർക്കാൻ തന്നെ ലക്ഷ്യമിട്ടാണോ ബിജെപി സർക്കാർ സുപ്രീംകോടതിയെ സംശയത്തിന്റെ നിഴലിലാക്കാൻ കൂട്ടുനിൽക്കുന്നതെന്ന് സംശയിക്കണം. കൊളീജിയം ശുപാർശ തള്ളിയ കാര്യത്തിൽ കണ്ടത് ഇതാണ്.

ബിജെപി സർക്കാരിന്റെ ഈ വിഭാഗീയ തീരുമാനത്തിനൊപ്പമാണ് ചീഫ് ജസ്റ്റിസ് നിൽക്കുന്നതെന്ന സംശയവും ജനങ്ങൾക്കിടയിൽ ഉറയ്ക്കുന്നു. ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം ബിജെപി നോമിനിയായ ഉപരാഷ്ട്രപതി തള്ളുന്നു. അതിനെതിരായ കേസാകട്ടെ സംശയത്തിന്റെ നിഴലിലുള്ള ചീഫ് ജസ്റ്റിസ് തന്നെ വഴിവിട്ട് നീങ്ങി ഇല്ലാതാക്കുന്നു. തീർച്ചയായും ആശങ്കാജനകമാണ് കാര്യങ്ങൾ. ജുഡീഷ്യറിയുടെ വിശ്വാസ്യത വീണ്ടെടുക്കാൻ കടുത്ത നടപടികൾതന്നെ വേണ്ടിവരും. ചീഫ് ജസ്റ്റിസിന്റെ ചെയ്തികൾക്കെതിരെ നാല് സീനിയർ ജഡ്ജിമാർ വിമർശനമുയർത്തിയപ്പോൾ ജ. ചെലമേശ്വർ പറഞ്ഞകാര്യം പ്രസക്തമാണ്. "നിശ്ശബ്ദരായിരുന്നു എന്ന് നാളെ ഞങ്ങളെ ലോകം കുറ്റപ്പെടുത്തരുതെന്ന് നിർബന്ധമുണ്ട്. അതുകൊണ്ട് പ്രതികരിക്കുന്നു'' എന്നാണ് അദ്ദേഹം പറഞ്ഞത്. രാഷ്ട്രീയ പാർടികൾക്കും ജനങ്ങൾക്കാകെയും ബാധകമാണ് ഈ പ്രസ്താവം. നിശ്ശബ്ദരായിക്കൂടാ; ഈ പോക്കിനെ ചെറുക്കുകതന്നെ വേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top