കോടതിവിധികളിലും രേഖകളിലും പതിവായി കടന്നുകൂടുന്ന സ്‌ത്രീവിരുദ്ധ പ്രയോഗങ്ങളും വിശേഷണങ്ങളും ഒഴിവാക്കാൻ സുപ്രീംകോടതി ബുധനാഴ്‌ച പുറത്തിറക്കിയ കൈപ്പുസ്‌തകം സ്‌ത്രീ സ്വാതന്ത്ര്യത്തിലേക്കുള്ള പുതിയ കാൽവയ്‌പായി. സ്‌ത്രീ–- പുരുഷ സമത്വത്തിനായുള്ള പോരാട്ടത്തിന് ഊർജം പകരുന്നതും പുരോഗമനപരവുമാണ് പരമോന്നത കോടതിയുടെ ശ്രദ്ധേയമായ ഇടപെടൽ. നൂറ്റാണ്ടുകളായി സമൂഹത്തിൽ വേരുറച്ചിട്ടുള്ള അധമ ചിന്താഗതികൾ മാറ്റാനുള്ള ഉൽപ്രേരകമാകും ഈ ചുവടുവയ്‌പ് എന്നതിൽ തർക്കമില്ല.
സ്‌ത്രീകളെ രണ്ടാംതരം പൗരന്മാരായി ചിത്രീകരിക്കുന്ന പ്രയോഗങ്ങളും വിശേഷണങ്ങളും സമൂഹത്തിൽ സാധാരണഗതിയിൽ നടക്കുന്നുണ്ടെന്നത് വസ്‌തുതയാണ്. കാലങ്ങളായി രൂപപ്പെട്ടിട്ടുള്ള പുരുഷ മേധാവിത്വപരമായ ആശയങ്ങളിൽനിന്ന് രൂപംകൊണ്ടതാണ് പലരുടെയും സ്‌ത്രീവിരുദ്ധ പരാമർശങ്ങൾ. നമ്മുടെ കോടതികളും നിയമജ്ഞരും അതിൽനിന്ന് മുക്തമാകുന്നില്ലെന്ന തിരിച്ചറിവാണ് കൈപ്പുസ്‌തകം ഇറക്കുന്നതിലേക്ക് സുപ്രീംകോടതിയെ നയിച്ചത്. ഇതിൽ സ്‌ത്രീകളെ എങ്ങനെ വിശേഷിപ്പിക്കണം, എന്തൊക്കെ പറയരുത് എന്ന് വ്യക്തമാക്കുന്നുണ്ട്. 30 പേജുള്ള കൈപ്പുസ്‌തകം സ്‌ത്രീ സ്വാതന്ത്ര്യത്തിനുള്ള മാഗ്നാകാർട്ടയാണെന്ന് പറയുന്നതിൽ തെറ്റില്ല. കൽക്കത്ത ഹൈക്കോടതി മുൻ ജഡ്‌ജി മൗഷ്‌മി ഭട്ടാചാര്യ അധ്യക്ഷയായ സമിതിയാണ് കൈപ്പുസ്‌തകം തയ്യാറാക്കിയത്. സമൂഹത്തിൽ സ്‌ത്രീകളുടെ സ്ഥാനം പുരുഷനു താഴെയാണെന്ന തരത്തിലുള്ള എല്ലാ വിശേഷണങ്ങൾക്കും വിലക്ക് ഏർപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്‌തിരിക്കുന്നത്. സ്‌ത്രീയെയും പുരുഷനെയും തുല്യമായി കാണുന്ന സംസ്‌കാരം സമൂഹത്തിൽ രൂപപ്പെടേണ്ടതുണ്ട്.
സ്‌ത്രീകളെക്കുറിച്ചുള്ള യാഥാസ്ഥിതിക കാഴ്‌ചപ്പാടുകൾ പൊളിച്ചെഴുതുകയാണ് സുപ്രീംകോടതി. സ്‌ത്രീകൾ വീട്ടമ്മമാരാണെന്നും വീട്ടുജോലികൾ അവരുടെ കടമയാണെന്നും അവർ ദുർബലകളാണെന്നും മറ്റുമുള്ള സങ്കൽപ്പങ്ങൾ ആധുനിക കാലത്തിന് ചേരുന്നതല്ലെന്ന് സമൂഹം തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ടാണ് കോടതി പറഞ്ഞത് ഭാര്യയെക്കുറിച്ച് പറയുമ്പോൾ കർത്തവ്യനിരതയായ, വിശ്വസ്‌തയായ, നല്ല, പതിവ്രത തുടങ്ങിയ വിശേഷണങ്ങളൊന്നും ആവശ്യമില്ലെന്ന്. ഭാര്യ എന്ന് മതി. ഭർത്താവിനും ഭാര്യക്കും തുല്യ പദവിയാണെന്ന് ചുരുക്കം. അതുപോലെ അഭിസാരിക, കീപ്പ്, ഹൗസ്‌വൈഫ്, അവിവാഹിതയായ അമ്മ തുടങ്ങിയ വിശേഷണങ്ങളും ആവശ്യമില്ല. പകരം ലൈംഗികത്തൊഴിലാളി, വിവാഹത്തിനു പുറത്ത് പുരുഷനു ബന്ധമുള്ള സ്‌ത്രീ, ഹോം മേക്കർ, അമ്മ എന്നിങ്ങനെ മതി. ലൈംഗികാതിക്രമം നേരിട്ട സ്‌ത്രീയെ ഇരയെന്നോ അതിജീവിത എന്നോ മാത്രം വിളിക്കണം. അതും അവരുടെ ഇഷ്‌ടംകൂടി പരിഗണിച്ച്. അവിഹിതബന്ധമുള്ള സ്‌ത്രീ എന്നും വേണ്ടതില്ല. പകരം വിവാഹബന്ധത്തിനു പുറത്ത് ബന്ധമുള്ള സ്‌ത്രീ എന്നു മതിയെന്ന് പറയുമ്പോൾ സമൂഹത്തിൽ നിലനിൽക്കുന്ന രീതിക്കെതിരായ കനത്ത താക്കീതാണ്. വിവാഹബന്ധത്തിനു പുറത്തുള്ള ബന്ധത്തിന് സ്‌ത്രീക്കും പുരുഷനും ഒരുപോലെ പങ്കുണ്ടെന്ന കൃത്യമായ നിർവചനമാണ് ഇതിലൂടെ നൽകുന്നത്. സ്‌ത്രീകൾ ദുർബലരാണെന്ന രീതിയിലുള്ള പരാമർശങ്ങളും പാടില്ലെന്ന് കൈപ്പുസ്‌തകം വ്യക്തമാക്കുന്നു. സ്‌ത്രീയും പുരുഷനും ശാരീരികമായി വ്യത്യസ്‌തരാണ്. അതുകൊണ്ട് സ്‌ത്രീ പുരുഷനേക്കാൾ ദുർബലരാണെന്ന് പറയാൻ കഴിയില്ല.
നവോത്ഥാന പ്രസ്ഥാനങ്ങളുടെയും കമ്യൂണിസ്റ്റ് പാർടികളുടെയും മറ്റ് പുരോഗമന പ്രസ്ഥാനങ്ങളുടെയും ഇടപെടലിലൂടെ ജാതിവ്യവസ്ഥയും ജന്മി–- നാടുവാഴി സംവിധാനങ്ങളും തൂത്തെറിഞ്ഞ കേരളത്തിലും സ്‌ത്രീകളെ സംബന്ധിച്ച പഴഞ്ചൻ സങ്കൽപ്പങ്ങൾ നിലനിൽക്കുന്നുണ്ടെന്നത് വസ്‌തുതയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കോടതികളിൽ സ്‌ത്രീവിരുദ്ധ പരാമർശങ്ങൾ പലപ്പോഴും ഉണ്ടാകാറുണ്ട്. എന്നാൽ, അടുത്ത കാലത്ത് കേരളത്തിലെ ചില കോടതികളിൽനിന്ന് തികച്ചും സ്‌ത്രീവിരുദ്ധമായ പരാമർശങ്ങൾ ഉണ്ടായെന്നത് നമ്മളെ വേദനിപ്പിച്ചതാണ്. സിവിക് ചന്ദ്രനെതിരായ പീഡനക്കേസിൽ കോഴിക്കോട് സെഷൻസ് കോടതിയുടെ പരാമർശം ഏറെ വിവാദം സൃഷ്‌ടിച്ചിരുന്നു. പ്രതി നൽകിയ ജാമ്യാപേക്ഷയ്‌ക്കൊപ്പം നൽകിയ ഫോട്ടോയിൽ ഇര പ്രകോപനപരമായി വേഷം ധരിച്ചിരുന്നുവെന്നും അതുകൊണ്ട് പീഡനപരാതി നിലനിൽക്കില്ലെന്നുമായിരുന്നു കോടതി വിധി. വിധി പൂർണമായും സ്‌ത്രീവിരുദ്ധവും അസംബന്ധവുമാണെന്ന് പലരും വ്യക്തമാക്കിയതാണ്. ഇപ്പോൾ സുപ്രീംകോടതിതന്നെ വ്യക്തമാക്കിയത് സ്‌ത്രീയുടെ വസ്‌ത്രധാരണ രീതി പീഡനത്തിന് കാരണമാകുന്നില്ലെന്നാണ്. ഇഷ്‌ടപ്പെട്ട വസ്‌ത്രം ധരിക്കാൻ പുരുഷനെപ്പോലെ സ്‌ത്രീക്കും സ്വാതന്ത്ര്യമുണ്ട്. സ്‌ത്രീ ഏതുതരം വസ്‌ത്രം ധരിക്കണമെന്ന് ശഠിക്കുന്നത് പുരുഷമേധാവിത്വ ചിന്തയാണ്. അനുവാദമില്ലാതെ അവളുടെ ശരീരത്തിൽ സ്‌പർശിക്കുന്നത് പീഡനംതന്നെയാണ്. അതുപോലെ, സ്‌ത്രീകളെ മോശക്കാരായി കാണുന്ന പ്രയോഗങ്ങളൊന്നും പാടില്ലെന്ന് അസന്ദിഗ്‌ധമായി വ്യക്തമാക്കുന്നതാണ് സുപ്രീംകോടതിയുടെ മാർഗരേഖ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..