26 April Friday

ഭരണഘടനയുടെ അന്തഃസത്ത ഉയർത്തിപ്പിടിക്കുന്ന വിധിന്യായം

വെബ് ഡെസ്‌ക്‌Updated: Friday Jul 6, 2018


ഗവർണർമാരെയും ലഫ്റ്റനന്റ് ഗവർണർമാരെയും ഉപയോഗിച്ച് കേന്ദ്രം ഭരിക്കുന്ന ബിജെപി സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവരുന്ന ഘട്ടത്തിലാണ് അതിന് തടയിടുന്ന സുപ്രധാനമായ വിധിന്യായം സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിൽനിന്ന‌് ഉണ്ടായിട്ടുള്ളത്. ഇന്ത്യൻ ഭരണഘടനയുടെ അന്തഃസത്തയായ ജനാധിപത്യത്തെയും ഫെഡറിലസത്തെയും ഉയർത്തിപ്പിടിക്കുന്ന വിധിന്യായമാണ് ഡൽഹി വിഷയത്തിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് തിങ്കളാഴ്ച പുറപ്പെടുവിച്ചത്.

2015ൽ വൻ ഭൂരിപക്ഷത്തിന് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർടി സർക്കാർ ഡൽഹിയിൽ അധികാരത്തിൽ വന്നതുമുതൽ ആ സർക്കാരിന്റെ സ്വതന്ത്രമായ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുകയായിരുന്നു കേന്ദ്രഭരണത്തിന്റെ പ്രതിനിധിയായ ലഫ്റ്റനന്റ് ഗവർണർമാർ. ആദ്യം നജീബ് ജുങ്ങും തുടർന്ന് അധികാരമേറിയ പ്രദീപ് ബൈജാളുമാണ് സർക്കാരിന്റെ പ്രവർത്തനങ്ങളെ പലവിധത്തിലും തടഞ്ഞത്. 1991ൽ ഭരണഘടനാ ഭേദഗതിയിലൂടെ കൊണ്ടുവന്ന അനുഛേദം 239 എഎ വകുപ്പനുസരിച്ചാണ് ഡൽഹിക്ക് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി എന്ന നിലയിൽ പ്രത്യേക സംസ്ഥാനപദവി നൽകിയത്. ഇതിലെ നാലാംവകുപ്പ് ദുരുപയോഗം ചെയ്താണ് സംസ്ഥാന സർക്കാർ എടുക്കുന്ന എല്ലാ തീരുമാനങ്ങളും രാഷ്ട്രപതിയുടെ പരിഗണനയ‌്ക്ക് വിട്ട് സംസ്ഥാന സർക്കാരിനെ ചാപിള്ളയാക്കി മാറ്റിയത്. ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുപോലും ലഫ‌്. ഗവർണർ ഇടപെട്ട് തടയുകയുണ്ടായി. റേഷൻ വീടുകളിൽ വിതരണംചെയ്യുന്ന ഏറെ ജനക്ഷേമകരാമയ സർക്കാരിന്റെ തീരുമാനങ്ങൾപോലും നടപ്പാക്കാനാകാത്ത സ്ഥിതി സംജാതമായി.  മുഖ്യമന്ത്രിയും മന്ത്രിമാരും ലഫ്. ഗവർണറുടെ വസതിയിൽ സത്യഗ്രഹമിരിക്കുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ നാല‌് മുഖ്യമന്ത്രിമാർ കെജ്‌രിവാളിന് പിന്തുണയുമായി രംഗത്തുവരികയും ചെയ്തു. 

ഡൽഹിയുടെ ഭരണത്തലവൻ ലഫ്. ഗവർണറാണെന്ന ഡൽഹി ഹൈക്കോടതിയുടെ വിധിയാണ് സ്ഥിതി തീർത്തും വഷളാക്കിയത്. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ പ്രവർത്തനം അസാധ്യമാക്കിയ ഈ വിധിയെ ചോദ്യംചെയ‌്ത‌് ആം ആദ്മി പാർടി സർക്കാർ നൽകിയ ഹർജിയാണ് കഴിഞ്ഞ വർഷം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ പരിധിക്ക് വിട്ടതും അവരിപ്പോൾ വിധി പറഞ്ഞതും. 

ഡൽഹിയുടെ ഭരണത്തലവൻ ലഫ്. ഗവർണറല്ല മറിച്ച് തെരഞ്ഞെടുക്കപ്പെട്ട സർക്കാർതന്നെയാണെന്നാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏകസ്വരത്തിൽ വിധിച്ചത്.  ഡൽഹിയിലെ ലഫ്. ഗവർണർക്ക് സ്വതന്ത്രമായി തീരുമാനങ്ങളടുക്കാൻ അധികാരമില്ലെന്നും ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണ് നയപരമായ തീരുമാനങ്ങളെടുക്കാനും അവ നടപ്പാക്കാനും അധികാരമുള്ളതെന്നും പരമോന്നത കോടതി അർഥശങ്കയ‌്ക്കിടയില്ലാത്തവിധം വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ വട്ടപ്പൂജ്യമാക്കി നിർത്തുന്നതിനെ കണ്ടുനിൽക്കാനാകില്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെടുകയുണ്ടായി. മന്ത്രിസഭയുടെ ഉപദേശ നിർദേശ പ്രകാരമാണ് ലഫ്. ഗവർണർ പ്രവർത്തിക്കേണ്ടെതെന്നും ലഫ്. ഗവർണർക്ക് നിയന്ത്രിത അധികാരങ്ങൾ മാത്രമേ ഉള്ളൂവെന്നും സുപ്രീംകോടതി വ്യക്തമാക്കി.  ഗവർണറുടെ അധികാരങ്ങൾപോലും  ലഫ‌്. ഗവർണറെന്നും സുപ്രീംകോടതി ഓർമിപ്പിച്ചു. ക്രമസമാധാനം, ഭൂമി, പൊലീസ് എന്നീ വിഷയങ്ങളൊഴിച്ച് ബാക്കിയെല്ലാ കാര്യത്തിലും നിയമനിർമാണത്തിനും തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

സർക്കാരിന്റെ പരിധിയിൽ വരുന്ന കാര്യങ്ങളിൽ തീരുമാനമെടുത്താൽ ലഫ്. ഗവർണറെ അക്കാര്യം അറിയിക്കണമെങ്കിലും അത് നടപ്പാക്കുന്നതിന് അദ്ദേഹത്തിന്റെ അനുവാദത്തിന് കാത്തിരിക്കേണ്ടതില്ലെന്നുപോലും സുപ്രീംകോടതി വ്യക്തമാക്കി. അതായത്, ലഫ്. ഗവർണറേക്കാളും അധികാരം ജനങ്ങളോട് ഉത്തരവാദിത്തമുള്ള അവരാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സർക്കാരിന്റെ പ്രവർത്തനങ്ങൾ തടയുന്നതിന് ഭരണഘടനയിലെ 239 എഎ അനുഛേദത്തിലെ നാലാംവകുപ്പിനെ ഉപകരണമാക്കുന്ന ലഫ്. ഗവർണർമാരുടെ രീതിയെയും സുപ്രീംകോടതി വിമർശിച്ചു. തർക്കമുള്ള വിഷയങ്ങൾ രാഷ്ട്രപതിയുടെ പരിഗണനയ‌്ക്ക് വിടാമെന്ന ഭരണഘടനയിലെ പരാമർശത്തിന്റെ അർഥം എല്ലാവിഷയവും വിടാമെന്നല്ലെന്നും  ഗൗരവമേറിയ വിഷയങ്ങൾമാത്രമേ വിടാവൂ എന്നാണ് വ്യക്തമാക്കിയത്.

എന്നാൽ, സമ്പൂർണ സംസ്ഥാനപദവി വേണമെന്ന ആം ആദ‌്മി പാർടിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ദേശീയതലസ്ഥാനമാണ് ഡൽഹിയെന്നതിനാലാണിത്.  സുപ്രീംകോടതി വിധി കേന്ദ്രസർക്കാരിനും അതിന് നേതൃത്വം നൽകുന്ന ബിജെപിക്കും നൽകുന്ന പ്രധാന സന്ദേശം തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ പ്രവർത്തനം തടസ്സപ്പെടുത്താനോ ഇടങ്കോലിടാനോ തെരഞ്ഞെടുക്കപ്പെടാത്ത ഭരണാധികാരികൾക്ക് അഥവാ കേന്ദ്ര നോമിനികളായ ഗവർണർക്ക് അധികാരമില്ല എന്നാണ്. അതോടൊപ്പം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഫെഡറൽ ബന്ധം നിലനിർത്തുകയും ശക്തിപ്പെടുത്തുകയും വേണമെന്നും പരമോന്നത കോടതി അഭിപ്രായപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top