26 April Friday

കേന്ദ്ര സർക്കാർ മനുഷ്യത്വം കാണിക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 23, 2021


എവിടെയും കാരുണ്യവും മനുഷ്യസ്നേഹവും പ്രവഹിക്കേണ്ട ഒരു കാലം. എല്ലാവർക്കും പ്രതിരോധ കവചങ്ങൾ, രക്ഷാമാർഗങ്ങൾ അനിവാര്യം. മഹാമാരിയും പ്രകൃതിദുരന്തങ്ങളുമെല്ലാം വ്യാപിക്കുമ്പോൾ, എല്ലാ മനുഷ്യർക്കും വേണ്ടത് കാരുണ്യത്തിന്റെ, ആർദ്രതയുടെ കൈത്താങ്ങുകളാണ്. എന്നാൽ, നമ്മുടെ കേന്ദ്രഗവൺമെന്റ് ഈ കോവിഡ് മഹാമാരിക്കാലത്തും മനുഷ്യസ്നേഹപരമായ നിലപാടെടുക്കാൻ പലപ്പോഴും വിമുഖത കാണിക്കുന്നു. എല്ലാവർക്കും ഭക്ഷണവും സൗജന്യചികിത്സയും എത്തിക്കുന്നതിൽ, പാവപ്പെട്ടവർക്കും സാധാരണക്കാർക്കും നേരിട്ട് പണം നൽകുന്നതിൽ, എല്ലാവർക്കും സൗജന്യ വാക്സിൻ ഉറപ്പാക്കുന്നതിൽ എന്നിവയിലൊക്കെ ഈ വൈമുഖ്യം രാജ്യം അനുഭവിച്ചറിയുന്നു.  ഏറ്റവുമൊടുവിൽ, സുപ്രീംകോടതി മുമ്പാകെയുള്ള ഒരു കേസിൽ സ്വീകരിച്ച നിലപാടും കേന്ദ്രഗവൺമെന്റിന്റെ മനുഷ്യത്വരഹിതമായ സമീപനം ആവർത്തിച്ച് വെളിപ്പെടുത്തുന്നുണ്ട്.

കോവിഡ് മഹാമാരിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായി നാലു ലക്ഷം രൂപവീതം കേന്ദ്രഗവൺമെന്റ് നൽകണമെന്നാവശ്യപ്പെടുന്ന ഹർജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്ന നിലപാടാണ് കേന്ദ്രം ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. ദേശീയ ദുരന്ത നിവാരണ നിയമപ്രകാരമാണ് രാജ്യത്ത് കോവിഡ് കൈകാര്യം ചെയ്യുന്നത്. ആ നിയമമനുസരിച്ചുതന്നെ നഷ്ടപരിഹാരം നൽകാൻ കേന്ദ്രത്തിന് ബാധ്യതയുണ്ട്.   നിയമപരവും മനുഷ്യത്വപരവുമായ ആ ബാധ്യത നിറവേറ്റില്ലെന്ന് കേന്ദ്ര ഗവൺമെന്റ് തുടർച്ചയായി വാദിക്കുന്നു. 

ഇതുസംബന്ധിച്ച് സുപ്രീംകോടതിയിൽ ശക്തമായ വാദപ്രതിവാദങ്ങൾ നടന്നിട്ടും സർക്കാർ പുതിയ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ല. ഒടുവിൽ, ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന് പുതിയ എന്തെങ്കിലും തീരുമാനമുണ്ടോ അതോ തീരുമാനമില്ലേ എന്ന് ജസ്റ്റിസ്  അശോക് ഭൂഷണും ജസ്റ്റിസ് എം ആർ ഷായും അടങ്ങുന്ന ബെഞ്ച് തിങ്കളാഴ്ച ചോദിക്കുകയുണ്ടായി. ഹർജി വിധി പറയാൻ മാറ്റിവച്ചിരിക്കുകയാണ്.

ധനസഹായം നൽകാൻ പണമില്ലെന്ന് ആദ്യം സത്യവാങ്മൂലം നൽകിയ സർക്കാർ പിന്നീട്, പണമുണ്ടെങ്കിലും നഷ്ടപരിഹാരം നൽകിയാൽ അത് മഹാമാരിയുമായി ബന്ധപ്പെട്ട മറ്റു ചെലവുകളെ ബാധിക്കുമെന്ന് നിലപാടെടുത്തു. ദുരന്തനിവാരണ നിധിയിലെ മുഴുവൻ പണവും തീർന്നുപോകുമെന്നും വാദിച്ചു. ശുദ്ധ തട്ടിപ്പാണ് ഈ വാദമെന്ന് കണക്കുകൾ നിരത്തി ഇതിനകം മറുപടി വന്നുകഴിഞ്ഞു. മാത്രമല്ല, പണം എത്ര വേണമെങ്കിലും കണ്ടെത്താൻ കേന്ദ്ര സർക്കാരിന് കഴിയുകയും ചെയ്യും.

വമ്പൻ കോർപറേറ്റുകളുടെ 11.5 ലക്ഷം കോടിയുടെ വായ്പ എഴുതിത്തള്ളുകയും കോടികൾ ധൂർത്തടിക്കുകയും ചെയ്യുന്ന സർക്കാരാണ് മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകാൻ പണമില്ലെന്ന് പറയുന്നത്. കോവിഡിനിടയിലും സെൻട്രൽ വിസ്ത (പുതിയ പാർലമെന്റ് മന്ദിരവും മറ്റും) നിർമാണത്തിന് ചെലവ്‌ 20,000 കോടിരൂപയാണ്‌.  പ്രതിമാനിർമാണത്തിന് ഒമ്പതിനായിരം കോടിയും മോഡിയുടെ വിമാനയാത്രയ്‌ക്ക് 8400 കോടിയും പരസ്യയിനത്തിൽ ആറായിരം കോടിയും ചെലവാക്കിയ കണക്കുകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. അനാവശ്യമായി ഇങ്ങനെ പണം ധൂർത്തടിക്കുമ്പോഴും കോവിഡിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തെ സഹായിക്കാൻ പണമില്ലത്രേ.
ദുരന്തത്തിനിരയായവർ, രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടപ്പെട്ടവർ, ദുരന്തം നേരിടാനുള്ള മുന്നൊരുക്കത്തിനിടെ മരിച്ചവർ എന്നിവർക്കെല്ലാം സഹായം നൽകാൻ ദേശീയ ദുരന്തനിവാരണ നിയമത്തിൽ വ്യവസ്ഥയുണ്ട്. കോവിഡിനെ സർക്കാർ, ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിട്ടുള്ളതുമാണ്.  സഹായം നൽകാൻ ദുരന്തനിവാരണ നിധിയുമുണ്ട്.  മാത്രമല്ല, കോവിഡിനെ നേരിടാൻ ആവശ്യമെങ്കിൽ അധിക പണം ചെലവാക്കുമെന്ന് നടപ്പുവർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുമുണ്ട്. നഷ്ടപരിഹാരം നൽകാൻ തടസ്സമൊന്നുമില്ലെന്ന് ചുരുക്കം. 

ഇങ്ങനെയെല്ലാം വാദങ്ങളുയരുമ്പോൾ, ഒറ്റത്തവണയുണ്ടാകുന്നതു മാത്രമാണ് ദുരന്തമെന്ന്  കേന്ദ്രം ഇപ്പോൾ പറയുന്നു. ഒരു വർഷത്തിലേറെയായി തുടരുന്ന കോവിഡ് എന്ന് അവസാനിക്കുമെന്ന് ഇനിയും പറയാറായിട്ടില്ല.  അതുകൊണ്ട്, ദുരന്ത നിവാരണ നിയമപ്രകാരമുള്ള ദുരന്തമായി കണക്കാക്കാനാകില്ലത്രേ.  മുടന്തൻ ന്യായമെന്നല്ലാതെ ഇതേക്കുറിച്ച് വേറൊന്നും പറയാനാകില്ല. ചുഴലിക്കൊടുങ്കാറ്റും പ്രളയങ്ങളുമൊക്കെ ദിവസങ്ങൾ നീണ്ടാൽ കേന്ദ്രം ഇതേ നിലപാട് സ്വീകരിക്കില്ലെന്ന് ആരു കണ്ടു.

നാലു ലക്ഷം രൂപ എക്സ്ഗ്രേഷ്യ ധനസഹായമായി നൽകിയാൽ കോവിഡുമായി ബന്ധപ്പെട്ട മറ്റു ചെലവുകൾക്കൊന്നും പണമുണ്ടാകില്ലെന്ന് കേന്ദ്രം പറയുമ്പോൾ മറ്റ് ചെലവായി എന്തു ചെയ്തു എന്നും പരിശോധിക്കേണ്ടതുണ്ട്. അനുബന്ധ സാമൂഹ്യ സംരക്ഷണ നടപടികൾ, പാവപ്പെട്ടവർക്കും സാധാരണക്കാർക്കും പ്രതിമാസം ഏഴായിരം രൂപയെങ്കിലും നൽകണമെന്ന് വിവിധ കോണുകളിൽ നിന്നുയർന്ന ആവശ്യം എന്നിവയൊന്നും പരിഗണിച്ചിട്ടു പോലുമില്ല. മൊത്തം ആഭ്യന്തരോൽപ്പാദനത്തിന്റെ (ജിഡിപി) തീരെ ചെറിയൊരു ശതമാനം തുകകൊണ്ട് ഇതു ചെയ്യാൻ  കഴിയും. അതിനു മുതിരാത്ത കേന്ദ്രം മറ്റു ചെലവുകളെക്കുറിച്ച് പറയുന്നതിൽ എന്തർഥം.

കാര്യക്ഷമമായ പൊതു ജനാരോഗ്യ സംവിധാനമുള്ളതും ഈ മേഖലയിൽ കൂടുതൽ പണം ചെലവാക്കുന്നതും കേരളത്തിൽ മാത്രമാണ്. പല സംസ്ഥാനങ്ങളിലും കോവിഡ് ചികിത്സതന്നെ സ്വകാര്യ മേഖലയിലാണ്.  ചികിത്സയ്‌ക്കായി സകലതും നഷ്ടപ്പെടുത്തേണ്ടി വന്ന കുടുംബങ്ങളിൽ മരണംകൂടി സംഭവിക്കുമ്പോൾ പിടിച്ചുനിൽക്കാനാകില്ല. നാലു ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം കിട്ടുന്നത് ആ കുടുംബങ്ങൾക്ക് ചെറിയ കൈത്താങ്ങാകും. അതുകൊണ്ട്, മനുഷ്യത്വപരമായ സമീപനം സ്വീകരിച്ച്, ദുരന്ത നിവാരണ നിയമപ്രകാരം നഷ്ടപരിഹാരം നൽകാൻ മോഡി സർക്കാർ തയ്യാറാകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top