21 June Friday

ജഡ്‌ജി നിയമനത്തിലെ
 സുപ്രീംകോടതിയുടെ
 ആശങ്ക ഗൗരവമുള്ളത്‌

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023


രാജ്യത്ത്‌ സ്വതന്ത്രമായി പ്രവർത്തിച്ചിരുന്ന ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നൊന്നായി മോദി സർക്കാർ കൈപ്പിടിയിലാക്കുകയാണ്‌. എക്‌സിക്യൂട്ടീവിനെയും പാർലമെന്റിനെയും നോക്കുകുത്തിയാക്കി ഹിന്ദുത്വ അജൻഡ നടപ്പാക്കുന്നു. തെരഞ്ഞെടുപ്പ്‌ കമീഷനെയും അന്വേഷണ ഏജൻസികളെയും ചട്ടുകമാക്കിമാറ്റി. മാധ്യമങ്ങളെയും നിയന്ത്രണത്തിലാക്കി. ജനങ്ങൾക്ക്‌   പ്രതീക്ഷ നൽകി ഏറെക്കുറെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ജുഡീഷ്യറിയെ  പൂർണമായും   വശത്താക്കി രാഷ്ട്രീയവൽക്കരിക്കാനാണ്‌ ഇപ്പോൾ സർക്കാർ മറയില്ലാതെ ശ്രമിക്കുന്നത്‌.   ഭരണ ഘടന യുടെ മേൽക്കൈ, ഇന്ത്യയുടെ ഏകത്വം, പരമാധികാരം, ജനാധിപത്യപരവും റിപ്പബ്ലിക്കൻ സ്വഭാവമുള്ളതുമായ ഭരണകൂടം , മൗലികാവകാശങ്ങൾ  തുടങ്ങിയവയുടെ സംരക്ഷകനായി ഒരുപരിധിവരെ നിലകൊള്ളുന്നത്‌ സുപ്രീംകോടതിയും ഹൈക്കോടതികളുമാണ്‌. ബിജെപിക്ക് ലോക്‌സഭയിൽ ഒറ്റയ്‌ക്ക്‌ ഭൂരിപക്ഷം ലഭിച്ച 2014 മുതൽ കോടതികളെ നിയന്ത്രിക്കാനും അവിടങ്ങളിൽ തങ്ങളുടെ ചൊൽപ്പടിക്കു നിൽക്കുന്നവരെ നിയമിക്കാനും പഠിച്ച പണി പതിനെട്ടും പയറ്റുന്നു. കൊളീജിയം സംവിധാനം ഇല്ലാതാക്കി നാഷണൽ ജുഡീഷ്യൽ നിയമന കമീഷൻ രൂപീകരിക്കാനുള്ള നിയമം കൊണ്ടുവന്നെങ്കിലും സുപ്രീംകോടതി നിയമം റദ്ദാക്കി. നിലവിലുള്ള കൊളീജിയം നിയമനരീതിക്കെതിരെ ഉപരാഷ്ട്രപതി  ജഗദീപ്‌ ധൻകർ, ലോക്‌സഭാ സ്‌പീക്കർ ഓം ബിർള, നിയമമന്ത്രി കിരൺ  റിജിജു എന്നിവരെ മുന്നിൽ നിർത്തി തുടർച്ചയായി വിമർശങ്ങൾ ഉയർത്തി.  50 വർഷംമുമ്പ്‌ കേശവാനന്ദ ഭാരതി കേസിൽ സുപ്രീംകോടതി ഭരണഘടനാ ഭേദഗതിക്ക്‌ പാർലമെന്റിന്‌ പരിധി നിശ്ചയിച്ചതിനെപ്പോലും ഇവർ ചോദ്യം  ചെയ്യുകയാണ്‌.

തങ്ങൾക്ക്‌ ഇഷ്ടമില്ലാത്തവരെ ജഡ്‌ജിമാരായി നിയമിക്കരുതെന്ന വാശിയാണ്‌ അടുത്തിടെ കേന്ദ്രസർക്കാർ പിന്തുടരുന്നത്‌.  കൊളീജിയത്തിന്റെ നിയമന ശുപാർശകളിൽ ബിജെപിക്ക്‌ അനഭിമതരായവർ ഉൾപ്പെടുന്നതിനാൽ അംഗീകാരം നൽകാതെ മാസങ്ങളോളം പിടിച്ചുവയ്‌ക്കുന്നു. രണ്ടാമതും മൂന്നാമതും നൽകുന്ന ശുപാർശകളിൽ ചിലത്‌ തിരഞ്ഞുപിടിച്ച്‌ തടഞ്ഞുവയ്‌ക്കുന്നു. ഇത്‌ ഏകപക്ഷീയവും വിവേചനപരവുമാണ്‌.  കേന്ദ്ര സർക്കാരിന്റെ ഈ നിലപാടിൽ ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ നേതൃത്വം നൽകുന്ന സുപ്രീംകോടതി  കൊളീജിയം  കഴിഞ്ഞ ദിവസം കടുത്ത ആശങ്ക രേഖപ്പെടുത്തി പ്രമേയം അംഗീകരിച്ചു. ഇത്‌ ആദ്യമായല്ല ജഡ്‌ജി നിയമനത്തിൽ മോദി സർക്കാരിനെതിരെ രൂക്ഷമായ വിമർശം ഉന്നത കോടതി ഉന്നയിക്കുന്നത്‌. സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരെ നിയമിക്കുന്നത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ, മുതിർന്ന ജഡ്ജിമാരടങ്ങിയ  കൊളീജി യത്തിന്റെ ശുപാർശ പ്രകാരമാണ്‌.  ശുപാർശ സാധാരണഗതിയിൽ സർക്കാർ അംഗീകരിച്ച്‌ രാഷ്ട്രപതി നിയമന ഉത്തരവ് പുറപ്പെടുവിക്കുകയുമാണ് പതിവ്. അപൂർവം ചിലരുടെ കാര്യത്തിൽ തീരുമാനം പുനഃപരിശോധിക്കാൻ സർക്കാർ   അഭ്യർഥിക്കാറുണ്ട്.  കൊളീജിയം ആ പേര് വീണ്ടും ശുപാർശ ചെയ്താൽ നിയമനം നൽകുകയാണ്‌ പതിവ്‌. എന്നാൽ, ബിജെപിക്ക്‌ ഹിതമല്ലാത്ത വിധികൾ പുറപ്പെടുവിച്ച ജഡ്ജിമാർ, ബിജെപിയോട് ആഭിമുഖ്യം പുലർത്താത്ത അഭിഭാഷകർ തുടങ്ങിയവർ ഉയർന്ന കോടതികളിൽ ജഡ്ജിമാരാക്കുന്നതിനെ ശക്തമായി എതിർക്കുകയാണ് മോദി സർക്കാർ.   വീണ്ടും ശുപാർശ ചെയ്താൽ‌പ്പോലും മടക്കി അയക്കുന്ന ധിക്കാരത്തിലേക്ക് സർക്കാർ എത്തി.  കൊളീജിയം രണ്ടു തവണ ശുപാർശ ചെയ്തവർക്ക് നിയമനം നൽകിയേ മതിയാകൂവെന്നും ശുപാർശ മടക്കരുതെന്നും അതിരൂക്ഷമായ ഭാഷയിൽ രണ്ട്‌ മാസംമുമ്പ്‌ സുപ്രീംകോടതി അന്ത്യശാസനം നൽകിയിരുന്നു.

മോദി സർക്കാർ തങ്ങളുടെ ലക്ഷ്യത്തിനൊത്തവിധം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവം ഉൾപ്പെടെ ചോർത്തിക്കളയാനാണ് ശ്രമിക്കുന്നത്‌. പക്ഷേ, പ്രധാന തടസ്സം ഭരണഘടനയും അതിനെ അന്തിമമായി വ്യാഖ്യാനിക്കാനും പ്രതിരോധിക്കാനും അധികാരമുള്ള ഉന്നത നീതിപീഠങ്ങളുമാണ്‌. അടുത്തിടെ പല കേസുകളിലും കേന്ദ്രസർക്കാരിന്‌ ഹിതകരമല്ലാത്ത വിധികൾ സുപ്രീംകോടതിയിൽനിന്നും ചില ഹൈക്കോടതികളിൽനിന്നുമുണ്ടായി. തെരഞ്ഞെടുപ്പ്‌ കമീഷണർമാരെ നിയമിക്കുന്നതിന്‌ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌കൂടി ഉൾപ്പെടുന്ന സമിതിയുണ്ടാക്കാൻ നിർദേശിച്ചു. ഇത്തരം വിധികളോടെല്ലാം സർക്കാർ അസഹിഷ്‌ണുത കാട്ടുകയാണ്‌. ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റുകയെന്ന ആർഎസ്എസ്– ബിജെപി ലക്ഷ്യം കൈവരിക്കണമെങ്കിൽ കോടതികളെ നിയന്ത്രണത്തിലാക്കണമെന്ന് അവർ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനായി തങ്ങളുടെ താൽപ്പര്യത്തിനൊത്ത് പ്രവർത്തിക്കുന്നവരെ സുപ്രീംകോടതിയിലും ഹൈക്കോടതികളിലും ജഡ്ജിമാരാക്കാനും അതുവഴി കൊളീജിയത്തെപ്പോലും പൂർണമായി നിയന്ത്രണത്തിലാക്കാനുമാണ്‌ ശ്രമിക്കുന്നത്‌. തികച്ചും അസാധാരണമായ സ്ഥിതിവിശേഷം സൃഷ്ടിച്ച്‌   ജനങ്ങളുടെ   പ്രതീക്ഷയായ  നീതിന്യായ വ്യവസ്ഥയെ തകർക്കാനും അതുവഴി ഭരണഘടനയെത്തന്നെ മാറ്റിയെഴുതാനുമാണ്‌ മോദി സർക്കാർ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്‌. ഇത്‌ ജനാധിപത്യ സംവിധാനത്തിനുതന്നെ ദൂരവ്യാപകമായ ഭവിഷ്യത്തുണ്ടാക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top