24 April Wednesday

താണുകൊടുക്കുമ്പോൾ മുതുകിൽ കയറുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 17, 2023


അധികാരകേന്ദ്രങ്ങളിൽനിന്നടക്കം അനീതിക്ക്‌ ഇരയാകുമ്പോൾ ജനാധിപത്യസംവിധാനത്തിൽ പൗരർക്ക്‌ അവസാന ആശ്രയമാണ്‌ നീതിപീഠം. നാട്ടിൽ നിയമവാഴ്‌ച ഉറപ്പുവരുത്താൻ ബാധ്യസ്ഥമായ ഉന്നതകോടതികളും പക്ഷേ, ഏതാനും വർഷങ്ങളായി അധികാരത്തോട്‌ വിധേയപ്പെട്ട്‌ അതിന്‌ രുചിക്കുന്ന തീർപ്പുകളാണ്‌ പല കേസിലും പുറപ്പെടുവിക്കുന്നത്‌. മതരാഷ്‌ട്രം സ്ഥാപിക്കുകയെന്ന അജൻഡയുള്ള ഹിന്ദുത്വശക്തികളാൽ നയിക്കപ്പെടുന്ന സർക്കാർ കേന്ദ്രത്തിൽ അധികാരമേറ്റശേഷം ഈ പ്രവണത ശക്തമായി. പ്രകടമായിത്തന്നെ അനീതിയെന്ന്‌ നീതിബോധമുള്ള ആർക്കും തോന്നുന്ന വിധികൾ ബാബ്‌റി മസ്‌ജിദ്‌ ഹിന്ദുത്വഭീകരർ തകർത്ത കേസിലടക്കം രാജ്യം കണ്ടു. ഭരണഘടനയിലെ 370–-ാം വകുപ്പ്‌ റദ്ദാക്കിയതിനെതിരെയും തെരഞ്ഞെടുപ്പ്‌ സംഭാവനകൾ ഏറെക്കുറെ പൂർണമായി ബിജെപിക്ക്‌ ലഭിക്കാൻ വഴിയൊരുക്കുന്ന ഇലക്ടറൽ ബോണ്ട്‌ സമ്പ്രദായത്തിനെതിരെയും സമർപ്പിക്കപ്പെട്ടിട്ടുള്ള ഹർജികൾ യഥാസമയം സുപ്രീംകോടതി പരിഗണിക്കാതിരുന്നതുമെല്ലാം ഇതിനൊപ്പം കാണണം. ഇത്രയൊക്കെ താണുകൊടുത്തിട്ടും പരമോന്നത നീതിപീഠത്തിന്റെ മുതുകിൽ കയറി ഇരിപ്പുറപ്പിക്കാനുള്ള പുറപ്പാടിലാണ്‌ സംഘപരിവാർ.

സുപ്രീംകോടതിക്കും ഭരണഘടനയുടെ പരമോന്നത പ്രാമാണ്യത്തിനുമെതിരെ ഉപരാഷ്‌ട്രപതി ജഗ്‌ദീപ്‌ ധൻഖറും കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവും മറ്റും ആരംഭിച്ചിട്ടുള്ള ആക്രമണം ഇതിന്റെ ഭാഗമാണ്‌. ജഡ്‌ജിമാരെ നിയമിക്കുന്നതിനുള്ള സുപ്രീംകോടതിയുടെ കൊളീജിയം സംവിധാനം ഭരണഘടനാവിരുദ്ധമാണെന്നാണ്‌ റിജിജുവിന്റെ വാദം. 1993 മുതൽ തുടരുന്ന രീതി മാറ്റാൻ 2014ൽ ബിജെപി അധികാരമേറ്റ ഉടനെ ശ്രമം ആരംഭിച്ചതാണ്‌. ആ വർഷം കേന്ദ്രസർക്കാർ പാസാക്കിയ ദേശീയ ജഡ്‌ജിനിയമന കമീഷൻ (എൻജെഎസി) അസാധുവാണെന്ന്‌ 2015ൽ തന്നെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ജഡ്‌ജിമാരുടെ ഒഴിവുകളിലേക്ക്‌ കൊളീജിയം നിർദേശിക്കുന്ന പേരുകൾ കേന്ദ്രസർക്കാർ അംഗീകരിക്കാതെ പരമാവധി വൈകിപ്പിക്കുന്നതാണ്‌ പിന്നീട്‌ കണ്ടത്‌. കേന്ദ്രസർക്കാരിന്റെ വിഭാഗീയ വർഗീയ രാഷ്‌ട്രീയ അജൻഡയ്‌ക്ക്‌ വഴങ്ങില്ലെന്ന്‌ അവർക്ക്‌ തോന്നുന്നവരുടെ നിയമനമാണ്‌ അംഗീകരിക്കാത്തത്‌. നിയമനം വൈകുന്നതുമൂലം, ജഡ്‌ജിയാകാൻ സമ്മതം നൽകിയിരുന്ന മുതിർന്ന ചില അഭിഭാഷകർ അത്‌ പിൻവലിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്‌. ഭരണഘടന ഉയർത്തിപ്പിടിച്ച്‌ നിഷ്‌പക്ഷമായും നീതിപൂർവമായും കേസുകളിൽ വിധിപറയാൻ പ്രാപ്തരായ നിയമജ്ഞരുടെ സേവനമാണ്‌ ഇതുമൂലം രാജ്യത്തിന്‌ നഷ്‌ടപ്പെടുന്നത്‌. കൊളീജിയത്തെ മാത്രമല്ല, ഭരണഘടനയുടെ അടിസ്ഥാനഘടന മാറ്റാൻ പാർലമെന്റിന്‌ അധികാരമില്ലെന്ന 1973ലെ കേശവാനന്ദഭാരതി കേസിലെ സുപ്രധാന വിധിയെപ്പോലും ഉപരാഷ്‌ട്രപതി തള്ളിപ്പറഞ്ഞു. ജനാധിപത്യത്തിൽ പാർലമെന്റിനാണ്‌ പ്രാമാണ്യമെന്ന വികലവാദം ഉയർത്തിയാണിത്‌. പാർലമെന്റിനുള്ള അധികാരംപോലും ഭരണഘടന നൽകുന്നതാണ്‌ എന്നിരിക്കെയാണ് ‘ജനാധിപത്യ’വാദത്തിന്റെ മറവിൽ ഭൂരിപക്ഷാധിപത്യം അടിച്ചേൽപ്പിക്കാനുള്ള നീക്കം.

ധൻഖർ മൂന്നുവർഷത്തോളം ബംഗാളിൽ ഗവർണറായിരുന്നു. കൗതുകകരമായ വസ്‌തുത ധൻഖർ അടക്കം ബിജെപി സർക്കാർ നിയമിച്ച ഒരു ഗവർണറും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭകൾക്കും ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരുകൾക്കും ഭരണഘടനയനുസരിച്ചുള്ള അധികാരാവകാശങ്ങൾപോലും പലപ്പോഴും വകവച്ചിട്ടില്ല എന്നതാണ്‌. അപ്പോൾ ജനാധിപത്യബോധമോ നിയമനിർമാണസഭകളുടെ അധികാരമോ ഒന്നുമല്ല ഇവർക്ക്‌ വിഷയമെന്ന്‌ വ്യക്തമാണ്‌. മതരാഷ്‌ട്രപദ്ധതി നടപ്പാക്കുന്നത്‌ തീവ്രമാക്കാൻ സുപ്രീംകോടതിയടക്കം നീതിപീഠത്തെ സമ്പൂർണമായി ഹിന്ദുത്വശക്തികളുടെ ആധിപത്യത്തിനു കീഴിലാക്കുകയാണ്‌ ലക്ഷ്യം. അടുത്ത കാലത്തായി സുപ്രീംകോടതി കേന്ദ്രസർക്കാരിനെതിരെ ചില കടുത്ത വിമർശങ്ങൾ ഉയർത്തിയതോടെയാണ്‌ വളഞ്ഞവഴിയിൽ ആധിപത്യം സ്ഥാപിക്കാൻ സംഘപരിവാർ ശ്രമം ഊർജിതപ്പെടുത്തിയത്‌ എന്നുകാണാം. കൊളീജിയത്തിൽ സർക്കാർ പ്രതിനിധി വേണമെന്ന്‌ നിർദേശിച്ച്‌ റിജിജു ചീഫ്‌ ജസ്റ്റിസിന്‌ കത്തെഴുതിയിരിക്കുകയാണ്‌.

ഈ മതഭ്രാന്തൻനീക്കം അനുവദിച്ചാൽ ജനങ്ങൾക്ക്‌, വിശേഷിച്ച്‌ സ്‌ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും അധഃസ്ഥിതജനവിഭാഗങ്ങൾക്കും, എന്ത്‌ സംഭവിക്കും എന്നതിന്‌ ഉദാഹരണം അമേരിക്കയിൽ ഉണ്ടായിട്ടുണ്ട്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പാണ്‌ അന്നത്തെ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ യുഎസ്‌ സുപ്രീംകോടതിയിലേക്ക്‌ കീഴ്‌വഴക്കം ലംഘിച്ച്‌ തിടുക്കത്തിൽ ഒരു ജഡ്‌ജിയെ നിയമിച്ചത്‌. തെരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെട്ടെങ്കിലും സ്‌ത്രീകൾ ദേശീയതലത്തിൽ അരനൂറ്റാണ്ടായി അനുഭവിച്ചുവന്ന ഗർഭഛിദ്രാവകാശം യാഥാസ്ഥിതിക ഭൂരിപക്ഷം ഉറപ്പിച്ച സുപ്രീംകോടതി റദ്ദാക്കി. ആർഎസ്‌എസ്‌ അജൻഡ വിജയിച്ചാൽ ജനങ്ങളുടെ മൗലിക അവകാശങ്ങളുടെ കാര്യത്തിൽ സമാന അനുഭവമായിരിക്കും ഇവിടെയും ഉണ്ടാകുക. അത്‌ തടയാൻ രാഷ്‌ട്രീയസമൂഹത്തിനൊപ്പം നിയമസമൂഹത്തിനും ഉത്തരവാദിത്വമുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top