26 April Friday

കർഷകക്ഷേമം സുഭിക്ഷ കേരളം

വെബ് ഡെസ്‌ക്‌Updated: Friday Nov 6, 2020

കാർഷികരംഗത്ത്‌ കേരളത്തിൽ ഒരു നിശ്ശബ്‌ദ‌വിപ്ലവം‌ നടക്കുകയാണ്‌. കാർഷികോൽപ്പാദനം വർധിപ്പിക്കാനും കർഷകക്ഷേമം ഉറപ്പുവരുത്താനും സഹായിക്കുന്ന ഒട്ടേറെ നടപടികൾ എൽഡിഎഫ്‌ സർക്കാർ ഒന്നിനുപിറകെ ഒന്നായി കൈക്കൊള്ളുന്നു. നെൽവയലുകൾ തരിശിടാതെ കൃഷിയിടമായി സംരക്ഷിക്കുന്ന കർഷകർക്ക്‌ വാർഷിക റോയൽറ്റി നൽകുന്ന ചരിത്രപ്രാധാന്യമുള്ള പദ്ധതിയാണ്‌ ഒടുവിൽ പ്രവർത്തനം തുടങ്ങിയത്‌. രാജ്യത്താദ്യമായി നെൽക്കർഷകർക്ക്‌ വാർഷിക റോയൽറ്റിയായി ഹെക്‌ടറിന്‌ 2000 രൂപ നൽകുന്നതിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിർവഹിച്ചു. ചുട്ടുപൊള്ളുന്ന വെയിലിൽ വിയർപ്പൊഴുക്കി നാടിനെ തീറ്റിപ്പോറ്റുന്ന കർഷകർക്ക്‌ അർഹമായ പരിഗണനയും അംഗീകാരവും ജീവിതസുരക്ഷയും ഉറപ്പാക്കാനുള്ള പ്രതിബദ്ധത ആവർത്തിച്ച്‌ വ്യക്തമാക്കുകയാണ്‌ സംസ്ഥാന സർക്കാർ.

ഭൂപരിഷ്‌കരണത്തിനുശേഷം കാർഷികരംഗത്ത്‌ കേരളം കണ്ട ഏറ്റവും മനുഷ്യപ്പറ്റുള്ള നിയമനിർമാണങ്ങളിലൊന്നാണ്‌ നെൽക്കർഷകർക്ക്‌ റോയൽറ്റി നൽകാനുള്ള തീരുമാനം. ജീവിക്കാൻ വരുമാനമില്ലാത്തതിനാൽ വയലുകൾ തരിശിട്ടും വാണിജ്യാവശ്യങ്ങൾക്കായി ഭൂമി തരംമാറ്റിയും നെൽക്കൃഷിയിൽനിന്ന്‌ അകന്നുപോയ കർഷകരെ സ്വന്തം കർമഭൂമിയിലേക്ക്‌‌ തിരിച്ചുകൊണ്ടുവരാനുള്ള ഭാവനാപൂർണമായ നടപടി‌. അരിയുൽപ്പാദനത്തിൽ സ്വയം പര്യാപ്‌തത നേടുക എളുപ്പമല്ലെങ്കിലും ആവശ്യമായതിൽ കുറെയെങ്കിലും  ഇവിടെ കൃഷി ചെയ്യുന്നുവെന്ന്‌ ഉറപ്പാക്കുകയാണ്‌ സർക്കാരിന്റെ ലക്ഷ്യം. സംസ്ഥാനത്ത്‌ രണ്ട്‌ ലക്ഷത്തോളം ഹെക്‌ടർ ഭൂമിയിൽ പൊന്നുവിളയിക്കുന്ന നെൽക്കർഷകർക്ക്‌ റോയൽറ്റിയുടെ പ്രയോജനം ലഭിക്കും.


 

നെൽവയലുകളുടെ നാടായിരുന്നു ഒരു കാലത്ത്‌ കേരളം. കാറ്റിൽ തലയാട്ടി നിൽക്കുന്ന സ്വർണനിറമാർന്ന നെൽക്കതിരുകൾ നമ്മുടെ ഗ്രാമഗ്രാമാന്തരങ്ങളിലെ മനോഹരമായ കാഴ്‌ചയായിരുന്നു. നെൽക്കൃഷികൊണ്ട്‌ ജീവിക്കാനാകാതെ വന്നതോടെ കർഷകർ വയലുകൾ തരിശിട്ട്‌ മറ്റ്‌ തൊഴിലുകളിലേക്ക്‌ മാറി. വളത്തിന്റെ വിലക്കയറ്റവും വിളനാശവും കീടബാധയും കാലാവസ്ഥാ വ്യതിയാനവുമെല്ലാം കർഷകരുടെ ദുരിതം ഇരട്ടിയാക്കി. കാർഷികോൽപ്പന്നങ്ങൾ മറിച്ചുവിറ്റ്‌ ഇടനിലക്കാർ ലാഭം കൊയ്‌തപ്പോൾ അധ്വാനക്കൂലിപോലും തിരിച്ചുകിട്ടാതെ കർഷകർ കടക്കെണിയിലായി. പലരും ആത്മഹത്യ ചെയ്‌തു. ചിലർ ഭൂമി വാണിജ്യാവശ്യങ്ങൾക്കായി തരം മാറ്റി. കാർഷികജീവിതത്തിൽനിന്ന്‌ മാറിനടക്കുകയല്ലാതെ കർഷകർക്ക്‌ വഴിയില്ലായിരുന്നു. പ്രകൃതിയുടെ സ്‌പന്ദനങ്ങൾ തൊട്ടറിഞ്ഞ ഇവരെ ഹരിതാഭയാർന്ന ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരികയാണ്‌ കർഷകക്ഷേമ നടപടികളിലൂടെ കേരളം.

മറ്റെല്ലാകാര്യത്തിലുമെന്നപോലെ ഭക്ഷ്യവസ്‌തുക്കളിലും ഉപഭോക്‌തൃ സംസ്ഥാനമായ കേരളത്തിൽ കാർഷികോൽപ്പാദനം വർധിപ്പിക്കാനുള്ള തീവ്രയത്‌നമാണ്‌ എൽഡിഎഫ്‌ സർക്കാർ നാലര വർഷമായി നടത്തുന്നത്‌. കർഷകർക്ക്‌ അന്തസ്സുള്ള ജീവിതം ഉറപ്പാക്കാൻ സഹായിക്കുന്ന നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കുന്നു. മറ്റെല്ലാ സംസ്ഥാനങ്ങളിലും കിലോക്ക്‌ 16.68 രൂപ നൽകി കേന്ദ്ര സർക്കാർ നെല്ല് സംഭരിക്കുമ്പോൾ സംസ്ഥാനം 27.48 രൂപ സംഭരണവില നൽകുന്നു. ഇവിടെ ഉൽപ്പാദിപ്പിക്കുന്ന 16 ഇനം പച്ചക്കറിക്ക്‌ അടിസ്ഥാനവില നിശ്‌ചയിച്ച്‌ കർഷകർക്ക്‌ നിശ്‌ചിതവരുമാനം ഉറപ്പുനൽകുന്ന പദ്ധതി ഈമാസം ഒന്നുമുതൽ നിലവിൽ വന്നു. രാജ്യത്താദ്യമായി കർഷക ക്ഷേമനിധി ബോർഡ്‌ രൂപീകരിച്ചതും എൽഡിഎഫ്‌ സർക്കാരാണ്‌.



 

വ്യക്തിഗത പെൻഷൻ, കുടുംബപെൻഷൻ, അനാരോഗ്യ–-അവശതാ ആനുകൂല്യങ്ങൾ, ചികിൽസാ സഹായം, വിവാഹ–-പ്രസവ ധനസഹായം, വിദ്യാഭ്യാസ സഹായം, മരണാനന്തര സഹായം തുടങ്ങിയവ ക്ഷേമനിധി ഉറപ്പുനൽകുന്നു. അറുപത്‌ വയസ്സ്‌ കഴിഞ്ഞ കർഷകർക്ക്‌ മാസം അയ്യായിരം രൂപയെങ്കിലും പെൻഷൻ ഉറപ്പാക്കാൻ ക്ഷേമനിധി ബോർഡ്‌ ആലോചിക്കുന്നതായാണ്‌ വാർത്ത. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുവേളയിൽ എൽഡിഎഫ്‌ മുന്നോട്ടുവച്ച വാഗ്‌ദാനങ്ങൾ യാഥാർഥ്യമാക്കുകയാണ്‌ സംസ്ഥാന സർക്കാർ.

വിളസംഭരണവും വിലനിർണയവുമെല്ലാം കോർപറേറ്റുകൾക്ക്‌ വിട്ടുകൊടുക്കുന്ന നിയമഭേദഗതികളുമായി കേന്ദ്രം മുന്നോട്ടുപോകുമ്പോഴാണ്‌ കാർഷികമേഖലയിൽ ഫലപ്രദമായ ബദൽ മാർഗങ്ങളുണ്ടെന്ന്‌ കേരളം തെളിയിക്കുന്നത്‌. ഇതുവഴി കൂടുതൽ പേരെ കൃഷിയിലേക്ക്‌ ആകർഷിക്കാൻ സാധിക്കുന്നു. കർഷകർക്ക്‌ അന്തസ്സായി ജീവിക്കാനുള്ള വരുമാനം ഉറപ്പുവരുത്തിയാലേ യുവജനങ്ങളെ കാർഷികവൃത്തിയിലേക്ക്‌ കൊണ്ടുവരാനാകൂ. വൈവിധ്യമാർന്ന നടപടികളിലൂടെ ഇതിനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. സുഭിക്ഷ കേരളം അടക്കമുള്ള പദ്ധതികളിലൂടെ പച്ചക്കറി, പാൽ, മുട്ട തുടങ്ങിയവയുടെയെല്ലാം ഉൽപ്പാദനം വർധിച്ചിട്ടുണ്ട്‌. കർഷകജീവിതം സുരക്ഷിതമാക്കി സുഭിക്ഷ കേരളം സാധ്യമാക്കുകയാണ്‌ നമ്മൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top