24 April Wednesday

സമരോജ്വലം, സർഗാത്മകം നക്ഷത്രച്ചുവപ്പിന്‌ അമ്പത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Dec 30, 2020


രാജ്യത്തെ ഏറ്റവും വലിയ വിദ്യാർഥി സംഘടനയായ സ്‌റ്റുഡന്റ്‌സ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ(എസ്‌എഫ്‌ഐ) രൂപീകരിച്ചിട്ട്‌‌‌ ‌ഇന്ന്‌ അര നൂറ്റാണ്ട്‌ തികഞ്ഞു. വിദ്യാർഥികളുടെ അവകാശ സംരക്ഷണത്തിനായി നടത്തിയ പോരാട്ടത്തിന്റെ ചരിത്രമാണ്‌‌ എസ്‌എഫ്‌ഐയുടെ അമ്പത്‌ വർഷം. ഇന്ത്യയിലെ വിദ്യാർഥി പ്രസ്ഥാനങ്ങളുടെ ഭാഗധേയം മാറ്റിയെഴുതിയ നക്ഷത്രച്ചുവപ്പ്‌. കാലം ചെല്ലുന്തോറും ഊർജസ്വലമാകുന്ന സൃഷ്‌ടിപരതയുടെയും ആത്മവീര്യത്തിന്റെയും യൗവനം. സുവർണ ജൂബിലിയുടെ തിളക്കത്തിൽ പോരാട്ടവും ചെറുത്തുനിൽപ്പും സർഗാത്മകതയും ചേർത്തുവച്ച്‌ വിദ്യാർഥിസമൂഹത്തെ ആത്മവിശ്വാസത്തോടെ അഭിസംബോധന ചെയ്യാൻ എസ്‌എഫ്‌ഐക്ക്‌ കഴിയുന്നത്‌ അവിരാമമായ പ്രവർത്തനങ്ങളുടെ ഫലശ്രുതിയാണ്‌.

1970 ഡിസംബർ അവസാനം തിരുവനന്തപുരത്ത്‌ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാർഥി സംഘടനാ പ്രതിനിധികളുടെ സമ്മേളനത്തിൽ രൂപീകൃതമായ എസ്‌എഫ്‌ഐയുടെ പ്രയാണം ഒട്ടും അനായാസമായിരുന്നില്ല. ഓരോ ചുവടുവയ്‌പിലും വെല്ലുവിളികളും ഭീഷണികളും നേരിട്ടു. കേരള സ്‌റ്റുഡന്റ്‌സ്‌ ഫെഡറേഷന്റെ തുടർച്ചയായ എസ്‌എഫ്‌ഐക്ക്‌ സംസ്ഥാനത്ത്‌ പരിമിതമായ കോളേജുകളിലേ തുടക്കത്തിൽ യൂണിറ്റുകൾ ഉണ്ടായിരുന്നുള്ളൂ. നക്ഷത്രാങ്കിത ശുഭ്രപതാക ഉയർത്താൻ അനുവദിക്കില്ലെന്ന വാശിയിലായിരുന്നു കെഎസ്‌യുവും പിന്തിരിപ്പൻ ശക്തികളും. മറ്റ്‌ സംസ്ഥാനങ്ങളിൽ പ്രവർത്തനം തീർത്തും ബുദ്ധിമുട്ടായിരുന്നു. എന്നാൽ, സാമൂഹ്യപ്രതിബദ്ധതയും ധീരതയും ആത്മവിശ്വാസവും കൈമുതലാക്കിയ പ്രവർത്തകർ ഭീഷണിക്കും ആക്രമണങ്ങൾക്കും മുന്നിൽ പിന്തിരിഞ്ഞില്ല. മനുഷ്യരാശിയുടെ വിമോചനമാർഗമായ സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നീ ആശയങ്ങൾ കൊടിയടയാളമാക്കിയ പ്രസ്ഥാനം പിന്നോട്ടുപോകാൻ മനസ്സില്ലെന്ന്‌ ഉറക്കെ പ്രഖ്യാപിച്ച്‌ പൊരുതി.


 

വിദ്യാർഥി സംഘടനാ പ്രവർത്തനത്തെ സർഗാത്മകമായി നവീകരിച്ച എസ്‌എഫ്‌ഐ ക്യാമ്പസുകളിൽ മാറ്റത്തിന്റെ വിത്തുവിതയ്‌ക്കാൻ തുടങ്ങി. പിന്തിരിപ്പൻ ശക്തികളുടെയും ഔദ്യോഗിക സംവിധാനങ്ങളുടെയും ഭീഷണിക്ക്‌ വഴങ്ങാതെ വിദ്യാർഥികളുടെ അവകാശങ്ങൾക്കായി ശബ്‌ദമുയർത്തി. ക്യാമ്പസുകളിൽ പുതിയ മുദ്രാവാക്യങ്ങളുയർന്നു. പഠനവും പോരാട്ടവും ഒരുമിച്ച്‌ കൊണ്ടുപോകാൻ കഴിയുമെന്ന്‌‌ തെളിയിച്ചു. അറിവും കഴിവും ആത്മവിശ്വാസവുമുള്ള പുതിയ ശബ്‌ദം വിദ്യാർഥിസമൂഹം കേട്ടുതുടങ്ങി. രക്തം രക്തത്തെ തിരിച്ചറിഞ്ഞു. എസ്‌എഫ്‌ഐയുടെ പതാക വിദ്യാർഥികൾ ചേർത്തുപിടിക്കാനാരംഭിച്ചു. ഇടതുപക്ഷവിരുദ്ധ നിലപാടുള്ള കുടുംബങ്ങളിൽനിന്നുള്ള വിദ്യാർഥികൾപോലും എസ്‌എഫ്‌ഐക്കൊപ്പം അണിനിരന്നു. കലാശാലകളും വിദ്യാലയങ്ങളും മാറുകയായിരുന്നു.

അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടംകൂടിയായതോടെ എസ്‌എഫ്‌ഐ വിദ്യാർഥികളുടെ മനസ്സിൽ സ്ഥിരപ്രതിഷ്‌ഠ നേടി. ഇന്ന്‌ കേരളത്തിലെ വിദ്യാർഥികളിൽ ബഹുഭൂരിപക്ഷവും എസ്‌എഫ്‌ഐയാണ്‌. പോരാട്ടത്തിനും ചെറുത്തുനിൽപ്പിനുമൊപ്പം അമ്പത്‌ വർഷത്തെ തീരാനഷ്ടങ്ങളും ഓർമിക്കാതിരിക്കാനാകില്ല. ധീരരായ 33 പ്രവർത്തകരെയാണ്‌ എതിരാളികളുടെ കടന്നാക്രമണത്തിൽ കേരളത്തിൽ എസ്‌എഫ്‌ഐക്ക്‌ നഷ്‌ടമായത്‌. തിരുവനന്തപുരം എംജി കോളേജിലെ ദേവപാലൻമുതൽ എറണാകുളം മഹാരാജാസ്‌ കോളേജിലെ അഭിമന്യുവരെയുള്ള പൊള്ളുന്ന യൗവനങ്ങൾ.

വിദ്യാർഥികൾക്കിടയിൽ അഗാധമായ ആത്മബന്ധം സൃഷ്‌ടിക്കാൻ കഴിഞ്ഞതാണ്‌ എസ്‌എഫ്‌ഐയെ സവിശേഷമാക്കിയ ഘടകങ്ങളിലൊന്ന്‌. കാലമെത്രചെന്നാലും മുറിഞ്ഞുപോകാത്ത ആ ഹൃദയബന്ധത്തിന്റെ വൈദ്യുതി പ്രവാഹം അനുഭവിച്ചവർക്കേ അറിയൂ. അത്ര ഹൃദയപൂർവകമായ സർഗാത്മക സൗഹൃദമാണത്‌. അകലങ്ങളിലെ മനുഷ്യരുമായി ഐക്യപ്പെടുന്ന സ്‌നേഹവും കരുതലുമുള്ള മനസ്സുകളെയാണ്‌ എസ്‌എഫ്‌ഐ നട്ടുനനച്ചത്‌. സ്ഥിതിസമത്വത്തിലും ജനാധിപത്യത്തിലും അധിഷ്‌ഠിതമായ സമൂഹം യാഥാർഥ്യമാക്കാൻ പ്രതിജ്ഞാബദ്ധമായവർ. ചെഗുവേരയും അലൻഡേയും കാസ്‌ട്രോയും നെരൂദയും മണ്ടേലയും ചാപ്ലിനും ഭഗത്‌ സിങ്ങും മൊളോയിസും സഫ്‌ദർ ഹാശ്‌മിയുമെല്ലാം എസ്‌എഫ്‌ഐയിലൂടെ ക്യാമ്പസുകളിൽ നിറഞ്ഞു. വിദ്യാർഥികളുടെ അവകാശങ്ങളെന്നാൽ ദുരിതമനുഭവിക്കുന്ന മനുഷ്യരുടെ മോചനം എന്നുകൂടിയാണ്‌ എസ്‌എഫ്‌ഐ അർഥമാക്കിയത്‌.

ഇന്ന്‌ രാജ്യമാകെ ക്യാമ്പസുകളുടെ ശബ്‌ദമായി എസ്‌എഫ്‌ഐ മാറിക്കഴിഞ്ഞു. ബംഗാളിലും ത്രിപുരയിലും ഡൽഹിയിലും രാജസ്ഥാനിലും ഹിമാചലിലും ഹൈദരാബാദിലും ഗുജറാത്തിലും മധ്യപ്രദേശിലും എന്നുവേണ്ട ഇടതുപക്ഷത്തിന്‌ ശക്തിയില്ലാത്ത ഇടങ്ങളിൽപ്പോലും ശുഭ്രപതാക ഉയരുന്നു.

ഈ വളർച്ചയാണ്‌ ക്യാമ്പസ്‌ രാഷ്‌ട്രീയത്തിനെതിരെ മോശം പ്രചാരണം നടത്താൻ പിന്തിരിപ്പൻ ശക്തികളെ പ്രേരിപ്പിക്കുന്നത്‌. കേരളത്തിലെ ത്രിതല പഞ്ചായത്തുകളിൽ ഭരണസാരഥ്യത്തിലെത്തിയ യുവജനങ്ങളിൽ ഏറെയും എസ്‌എഫ്‌ഐയിലൂടെ പൊതുരംഗത്ത്‌ എത്തിയവരാണെന്ന്‌ വിമർശകരും സമ്മതിക്കുന്നു‌.

സംഘപരിവാറിന്റെ ഫാസിസ്‌റ്റ്‌ നിലപാടുകൾക്കെതിരെ  വിദ്യാർഥികൾ നിർണായക ശക്തിയായി മാറിയതിനു പിന്നിൽ എസ്‌‌എഫ്‌ഐയുടെ പങ്ക്‌ പ്രധാനമാണ്‌. ഡൽഹി ജവാഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയെ സംരക്ഷിക്കാനും പൗരത്വഭേദഗതി നിയമത്തിനെതിരായും നടത്തിയ പോരാട്ടങ്ങളിൽ വിദ്യാർഥികളാണ്‌ രാജ്യത്തിന്‌ വഴികാട്ടിയത്.

ഭരണഘടനയും മതേതരത്വവും കടുത്ത വെല്ലുവിളി നേരിടുമ്പോൾ തോറ്റുകൊടുക്കാതെ മുഷ്‌ടിയുയർത്താൻ വിദ്യാർഥികൾ മുന്നിലുണ്ട്‌. അമ്പതാം വാർഷികത്തിൽ എസ്‌എഫ്‌ഐയുടെ പ്രസക്തിയും പ്രാധാന്യവും മുൻപത്തേക്കാൾ വർധിച്ചുവെന്ന്‌ അംഗീകരിക്കേണ്ടതുണ്ട്‌. എസ്‌എഫ്‌ഐ ആയിരുന്നവർക്കെല്ലാം ഇതിൽ അഭിമാനിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top