27 April Saturday

വിദ്യാർഥി രാഷ്ട്രീയം ജനാധിപത്യത്തിന്റെ ഭാഗം

വെബ് ഡെസ്‌ക്‌Updated: Saturday Feb 29, 2020

കേരളത്തിലെ ക്യാമ്പസുകളിൽ  വിദ്യാർഥി സംഘടനാ പ്രവർത്തനം നിയമവിരുദ്ധമാണെന്ന്‌  ഹൈക്കോടതി വീണ്ടും ഉത്തരവിട്ടത്‌ വിഷയത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചല്ല. ഇക്കാര്യത്തിൽ മുൻകാല ഉത്തരവുകൾ ഫലപ്രദമായില്ലെന്നും വിദ്യാർഥി പ്രക്ഷോഭങ്ങൾ അധ്യയന തടസ്സമുണ്ടാക്കുമ്പോൾ അതൊഴിവാക്കാൻ ആവശ്യമെങ്കിൽ പൊലീസ് സംരക്ഷണം കൊടുക്കണമെന്നും ജസ്റ്റിസ് പി ബി സുരേഷ്‌കുമാർ അഭിപ്രായപ്പെടുകയുണ്ടായി. ചില സ്വകാര്യ മാനേജ്‌മെന്റുകളും രക്ഷാകർതൃ സംഘടനകളും നൽകിയ ഹർജികൾ തീർപ്പാക്കിയാണ് ഈ വിധി.
 
സമരോത്സുകവും സർഗാത്മകവുമായ ക്യാമ്പസുകൾക്കു മാത്രമേ  കാലം ആവശ്യപ്പെടുന്ന അനിവാര്യമായ പ്രതിരോധം തീർക്കാനാകൂ എന്നത്‌ പലവട്ടം തെളിയിക്കപ്പെട്ട വസ്‌തുതയാണ്‌.  എന്നാൽ, വിദ്യാർഥി പ്രതിഷേധങ്ങളെയും സമരങ്ങളെയും വെറും കുറ്റകൃത്യവും ക്രമസമാധാന പ്രശ്‌നവും ശല്യവുമായി  ചുരുക്കിയാൽ ജനാധിപത്യമാണ്‌; അതിന്റെ  ബാലപാഠങ്ങളാണ്‌ ദുർബലമാവുക. പ്രത്യേകിച്ച്‌ പതിനെട്ട്‌ വയസ്സുള്ളവർക്ക്‌ വോട്ടവകാശമുള്ള നാട്ടിൽ. വിദ്യാർഥികളുടെ സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന ഒരു വിധി 2017ൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽനിന്നുണ്ടായി.

അതിന്റെ പശ്‌ചാത്തലത്തിൽ സംഘടനാ സ്വാതന്ത്ര്യം ഉറപ്പാക്കുന്ന നിയമം കൊണ്ടുവരുമെന്ന്‌ സംസ്ഥാന ഗവൺമെന്റ്‌  പ്രഖ്യാപിക്കുകയും ചെയ്‌തു. വിദ്യാർഥി സംഘടനാ പ്രവർത്തനം സംബന്ധിച്ച്‌  സർക്കാർ കൊണ്ടുവരുന്ന നിയമത്തിന്‌ ഇപ്പോഴത്തെ വിധി തടസ്സമെല്ലന്നും കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടി. വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ കൊടുക്കുമെന്ന്‌ ഉന്നത വിദ്യാഭ്യാസമന്ത്രി കെ ടി ജലീൽ വ്യക്തമാക്കിക്കഴിഞ്ഞു. വിദ്യാർഥി യൂണിയൻ പ്രവർത്തനവുമായി  ബന്ധപ്പെട്ട നിയമനിർമാണവുമായി മുന്നോട്ടുപോകുകയാണ്‌. പുതിയ സാഹചര്യത്തിൽ ബില്ലിൽ മാറ്റം ആവശ്യമാണോയെന്ന്‌ നിയമപണ്ഡിതരുമായി കൂടിയാലോചന നടത്തും. സമരങ്ങൾ പൂർണമായും വർജിക്കേണ്ടതാണെന്ന ധാരണ വളരുന്നത്‌ ജനാധിപത്യത്തെ ദുർബലമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിശാല  ജനാധിപത്യ‐ മതനിരപേക്ഷ പ്രസ്ഥാനത്തിന്റെ ഭാഗമെന്ന നിലയിലാണ്‌ ലോകത്തെമ്പാടും പ്രധാന വിദ്യാർഥി പ്രസ്ഥാനങ്ങൾ രൂപംകൊണ്ടതും പ്രവർത്തനനിരതമായതും.  പല വിപ്ലവങ്ങളിലും സാമൂഹ്യമാറ്റങ്ങളിലും അവ ഭാഗഭാക്കായി. തൊഴിലാളികളുടെയും കർഷകരുടെയുമടക്കം പണിയെടുക്കുന്നവരുടെ ചെറുത്തുനിൽപ്പുകളെ പിന്തുണയ്‌ക്കുകയും ചെയ്‌തു.  ഇന്ത്യയിലാകട്ടെ, ദേശീയ വിമോചന പോരാട്ടത്തിലടക്കം ആവേശകരമായ തിളങ്ങുന്ന സാന്നിധ്യം തെളിയിച്ചു. ഗാന്ധിയൻ ചിന്താപദ്ധതികളിലേക്കും സമരമാർഗങ്ങളിലേക്കും ആകർഷിക്കപ്പെട്ടു. പൊതുരാഷ്ട്രീയ‐ സാമൂഹ്യപ്രശ്‌നങ്ങളിലും തങ്ങളുടെ മേഖലയിലെ അവകാശസംരക്ഷണത്തിലും സർഗാത്മക പ്രവർത്തനങ്ങളിലും മികച്ചതും മാതൃകാപരവുമായ സംഭാവനകൾ നൽകി. കേരളത്തിലാകട്ടെ മാനേജുമെന്റുകളുടെ അമിതാധികാരം, റാഗിങ്‌ അടക്കമുള്ള ക്യാമ്പസുകളിലെ പീഡനങ്ങൾ, അമിത ഫീസ്‌, സിലബസ്‌ പരിഷ്‌കരണം, പഠന സംവിധാനങ്ങളുടെ അപര്യാപ്‌തത, വിദ്യാർഥി വേദികൾ തുടങ്ങിയ കാര്യങ്ങളുയർത്തി പ്രക്ഷോഭങ്ങൾ നടത്തി. ഇന്ത്യയിൽ ജനാധിപത്യത്തിന്റെ അവസാന നാളവും കരിന്തിരി കത്തുമ്പോൾ കോടതിവിധിയുടെ പ്രത്യാഘാതം വിവരണാതീതമാണ്‌. അരാഷ്ട്രീയമായ ക്യാമ്പസ്‌ അരാജകത്വത്തിന്റെ നേഴ്‌സറികളായിരിക്കുമെന്നതിന്‌ എത്രയോ അനുഭവ മാതൃകകളുണ്ട്‌. അവ വ്യത്യസ്‌ത രൂപങ്ങളുള്ള തീവ്രവാദ  പ്രവർത്തനത്തിന്റെ അനുബന്ധങ്ങളായി മാറുമെന്നത്‌ തീർച്ച. മദ്യം, മയക്കുമരുന്ന്‌ തുടങ്ങിയ കെടുതികൾ വേറെ.
ക്യാമ്പസുകളിൽ വിദ്യാർഥിസമരം നിരോധിച്ച ഏറ്റവും പുതിയ ഹൈക്കോടതി വിധി അക്ഷരാർഥത്തിൽ ഭരണഘടന ഉറപ്പുനൽകുന്ന  അവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും കടുത്ത ലംഘനമാണെന്ന്‌ നിസ്സംശയം പറയേണ്ടതുണ്ട്‌.

വിയോജിപ്പ്‌ രേഖപ്പെടുത്താനുള്ള  അവകാശമെന്നത്‌  ആധുനിക ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയാണെന്ന പ്രാഥമിക ധാരണപോലും പരിഗണിക്കപ്പെട്ടില്ല.  സമാധാനപരമായി സംഘടിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്നതാണല്ലോ.  പക്ഷേ, ഹൈക്കോടതി വിധി  മൗലികാവകാശങ്ങൾക്കുമേലുള്ള നഗ്നമായ കടന്നുകയറ്റമായിരിക്കുന്നു. പണക്കൊതി മാത്രമുള്ള ഒട്ടേറെ മാനേജ്മെന്റുകളുടെയും അവയെ കണ്ണടച്ച്‌ പിന്തുണയ്‌ക്കുന്ന ചില പാർടികളുടെയും നടപടികളുടെയും നിലപാടുകളുടെയും  അനന്തരഫലമായി സാധാരണ വിദ്യാർഥികളുടെ പഠിക്കാനുള്ള അടിസ്ഥാന അവകാശംപോലും  നിഷേധിക്കപ്പെടുമ്പോൾ പ്രതിഷേധമുയർത്തേണ്ടത്‌ ആരാണ്‌? അമിത ഫീസ്‌ വർധന പിൻവലിക്കണം എന്നതുൾപ്പെടെയുള്ള മർമപ്രധാനമായ ആവശ്യങ്ങളുയർത്തി ഡൽഹി  ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ കുറെ മാസങ്ങളായി അലയടിക്കുന്ന പ്രക്ഷോഭത്തിന്റെ ഉള്ളടക്കം അവഗണിക്കാവുന്നതല്ല. എറണാകുളം ജില്ലയിലെ  തോപ്പുംപടി അരൂജാസ്‌ ലിറ്റിൽ സ്‌റ്റാർസ്‌  സ്കൂളിലേക്ക് പ്രതിഷേധമാർച്ച്‌ നടന്നത്‌ കഴിഞ്ഞ ദിവസമാണ്‌.  അവിടെ സിബിഎസ്‌ഇ പത്താം ക്ലാസുകാർക്ക്‌ പരീക്ഷയെഴുതാൻ അവസരം നഷ്ടപ്പെടുത്തിയത്‌ നിസ്സാരമാണോ? ഔദ്യോഗിക സംവിധാനങ്ങളെയും സമൂഹത്തെയും പറ്റിച്ച്‌ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളെ എങ്ങനെ പിന്തുണയ്‌ക്കാനാകും.

വിദ്യാർഥിരാഷ്ട്രീയത്തിന്‌ വിലങ്ങണിയിച്ച ‘ശുദ്ധ’ കലാലയങ്ങൾ വിദ്യാഭ്യാസ കച്ചവടക്കാരായ മാനേജ്മെന്റുകളുടെയും ജാതി‐മത പ്രമാണിമാരുടെയും  കോൺസെൻട്രേഷൻ ക്യാമ്പുകളാവുന്നതിന്റെ ഭയാനകങ്ങളായ ഉദാഹരണങ്ങൾ കേരളംതന്നെ എത്രയോവട്ടം കണ്ടു. ആ അർഥത്തിൽ രജനി എസ്‌ ആനന്ദും ജിഷ്‌ണു പ്രണോയ്‌യും മറ്റും എപ്പോഴും നൊമ്പരപ്പെടുത്തുന്ന ഓർമകളാണ്‌.  ഇങ്ങനെയുള്ള യഥാർഥവസ്തുതകൾ മുഖവിലയ്‌ക്കെടുക്കേണ്ടപ്പോൾ പഠനം മുടങ്ങുന്നുവെന്ന കേവലവാദംമാത്രം നിരത്തി കലാലയപ്രക്ഷോഭങ്ങളെ  നാടുകടത്താനുള്ള  ഹൈക്കോടതി വിധി സമഗ്ര വീക്ഷണമുള്ളതല്ല; അതിനാൽ വിമർശിക്കപ്പെടേണ്ടതാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top