13 July Saturday

സ്‌ത്രീപക്ഷ കേരളം

വെബ് ഡെസ്‌ക്‌Updated: Friday Jul 2, 2021സാമൂഹ്യപുരോഗതിയിൽ രാജ്യത്ത്‌ വളരെ മുന്നിലാണ്‌ കേരളം. സ്‌ത്രീ ശാക്തീകരണത്തിലും സ്‌ത്രീസുരക്ഷയിലും നമ്മുടെ സംസ്ഥാനം മുൻനിരയിൽത്തന്നെ. എന്നാൽ, സ്‌ത്രീധനത്തിന്റെ പേരിലും സ്‌ത്രീപീഡനത്തെത്തുടർന്നും ഈയിടെയുണ്ടായ ആത്മഹത്യകളും കൊലപാതകങ്ങളും കേരളത്തിന്റെ യശസ്സിന്‌ മങ്ങലേൽപ്പിച്ചു എന്നത്‌ വസ്‌തുതയാണ്‌.

ഇവ ഒറ്റപ്പെട്ട സംഭവങ്ങളായി വിലയിരുത്തുന്നത്‌ സ്‌ത്രീശാക്‌തീകരണ പ്രവർത്തനങ്ങൾക്ക്‌ ഗുണംചെയ്യില്ല. സംസ്ഥാനത്ത്‌ വിദ്യാഭ്യാസ–-തൊഴിൽ രംഗങ്ങളിലുണ്ടായ സ്‌ത്രീമുന്നേറ്റത്തെ ദുർബലപ്പെടുത്തുന്ന പ്രവണത സജീവമാണിപ്പോൾ. യാഥാസ്ഥിതികമൂല്യങ്ങൾ സമൂഹത്തിൽ വീണ്ടും വേരാഴ്‌ത്താൻ ശ്രമിക്കുന്നു. ഭൂരിപക്ഷ–-ന്യൂനപക്ഷ വർഗീയതകൾ വലതുപക്ഷമൂല്യങ്ങളും യാഥാസ്ഥിതിക ആശയങ്ങളും വ്യാപകമായി പ്രചരിപ്പിക്കുന്നു. അതിന്‌ ഒരു പരിധിവരെ സമൂഹത്തിൽ സ്വീകാര്യത ലഭിക്കുന്നു.
നിയമംമൂലം നിരോധിക്കപ്പെട്ടതാണ്‌ സ്‌ത്രീധനം. എന്നിട്ടും വളഞ്ഞവഴിയിൽ അരങ്ങേറുന്നു. വിവാഹത്തെ വ്യാപാര കരാറായി കാണുന്ന രക്ഷിതാക്കൾ കൂടിവരുന്നു. പെൺകുട്ടിക്ക്‌ എന്തുകൊടുത്തു എന്നത്‌ കുടുംബമഹിമയുടെ അളവുകോലാകുന്നു. അത്തരക്കാർ സ്വന്തം മക്കളെ വിൽപ്പനച്ചരക്കാക്കുന്നു. ഈ മനുഷ്യത്വവിരുദ്ധധാരണ വീട്ടിനുള്ളിൽനിന്നുതന്നെ പകർന്നുകൊടുക്കുന്ന അതീവഗുരുതരമായ സ്ഥിതിവിശേഷമുണ്ട്‌.

‘ലിംഗപദവിതുല്യത’യുള്ള സമൂഹം സൃഷ്ടിക്കുന്നതിൽ കേരളത്തിന്‌ ഇനിയും കഴിഞ്ഞിട്ടില്ലെന്ന്‌ സംസ്ഥാന സർക്കാരിന്റെ വനിതാനയത്തിൽത്തന്നെ പറയുന്നുണ്ട്‌. സാമൂഹ്യപുരോഗതിയുടെ ഏറ്റവുംവലിയ ഇന്ധനം വിദ്യാഭ്യാസ പുരോഗതിയാണ്‌. പ്രൊഫഷണൽ ബിരുദമടക്കം ഉന്നതവിദ്യാഭ്യാസം നേടുമ്പോഴും ഇതിന്റെ തുടർച്ചയായി തൊഴിൽ എന്ന ധാരണയല്ല, പെൺകുട്ടികളുടെ ഭാവിലക്ഷ്യം വിവാഹമാണ്‌ എന്ന ധാരണയാണ്‌ ഇന്നും പ്രബലമായിട്ടുള്ളത്‌. അഥവാ, വിവാഹക്കമ്പോളത്തിൽ തൊഴിൽ സ്‌ത്രീധനത്തിനു സമാനമായി മാറുന്ന അവസ്ഥ. എൺപതുകൾക്കു ശേഷമുണ്ടായ വിപണി അധിഷ്‌ഠിത ആഗോളവൽക്കരണ പ്രക്രിയയിൽ സ്‌ത്രീകൾ വിപണിവൽക്കരിക്കപ്പെടുന്ന അവസ്ഥ മുളപൊട്ടി.

ജനസംഖ്യയിൽ ഭൂരിപക്ഷമുള്ള മലയാളിസ്‌ത്രീകൾ അനുഭവിക്കുന്ന വിവേചനങ്ങൾ നാനാവിധമുള്ളതാണ്‌. ആരോഗ്യത്തിന്‌ ഹാനികരമായ തൊഴിലുകൾ ചെയ്യേണ്ട മേഖലകളിൽ തൊഴിൽജന്യരോഗങ്ങൾ സ്‌ത്രീകളെയാണ്‌ കൂടുതൽ ബാധിക്കുന്നത്‌. കയർ, കശുവണ്ടി, കൈത്തറി, തോട്ടംതൊഴിൽ, നിർമാണത്തൊഴിൽ, കൂലിവേല തുടങ്ങിയ മേഖലകളിലെല്ലാം നല്ലപങ്കും സ്‌ത്രീകളാണ്‌. എന്നാൽ, തുല്യജോലിക്ക്‌ തുല്യവേതനം എന്നത്‌ പലയിടങ്ങളിലും നടപ്പാകാതെപോകുന്നു. നഗരമേഖലകളിൽ സ്‌ത്രീകളുടെ തൊഴിൽപങ്കാളിത്തത്തിൽ കാര്യമായ വർധനയുണ്ടെങ്കിലും നല്ലപങ്കും വേതനം കുറഞ്ഞ തൊഴിലുകളാണ്‌. ടെക്‌സ്‌റ്റൈൽ കടകൾ, പെട്രോൾ ബങ്കുകൾ, ഡിടിപി സെന്ററുകൾ, സ്വകാര്യ ആശുപത്രികൾ തുടങ്ങിയ അസംഘടിത മേഖലകളിലാണ്‌ സ്‌ത്രീകൾ പുതുതായി തൊഴിൽ കണ്ടെത്തുന്നത്‌. തൊഴിൽസുരക്ഷാ സംവിധാനങ്ങൾ, നിലവിലുള്ള തൊഴിലവകാശ നിയമങ്ങൾപോലും ബാധകമാകാത്ത സ്ഥിതി ഇത്തരം മേഖലകളിലുണ്ട്‌. സ്‌ത്രീകൾ ധാരാളമായി യാത്രചെയ്യുന്ന സംസ്ഥാനമാണ്‌ നമ്മുടേത്‌. അവർക്കാവശ്യമായ പബ്ലിക്‌ ടോയ്‌ലറ്റ്‌ സംവിധാനം ലഭ്യമാകുന്നില്ല. പെൺകുട്ടികളുടെ സവിശേഷാവശ്യങ്ങൾ പരിഗണിച്ചുകൊണ്ടുള്ള ശുചിത്വസംവിധാനങ്ങൾ സ്‌കൂളുകളിൽ ഇനിയും ഫലപ്രദമായിട്ടില്ല.

സ്‌ത്രീകളെ അരികുവൽക്കരിക്കാനുള്ള പുരുഷാധിപത്യ പ്രവണത തടയാൻ എൽഡിഎഫ്‌ സർക്കാർ ഭഗീരഥപ്രയത്നത്തിലാണ്‌. സ്‌ത്രീകളുടെ ആത്മവിശ്വാസം വർധിപ്പിക്കുക എന്നതാണ്‌ ഇതിൽ പ്രഥമം. സംസ്ഥാനതലംമുതൽ പ്രാദേശികതലംവരെയുള്ള വികസന ആസൂത്രണ–-നിർവഹണ പ്രക്രിയയിൽ ലിംഗപദവി പരിഗണനയോടുകൂടിയ സമീപനം ഉറപ്പുവരുത്താനുള്ള നയതീരുമാനങ്ങൾ സ്വീകരിച്ചുകഴിഞ്ഞു. സ്‌ത്രീശാക്തീകരണത്തിന്‌ വഴികാട്ടിയായ കുടുംബശ്രീ സംവിധാനം കാര്യക്ഷമമായ ഉപജീവന മിഷനായി വളർത്തി. 2015–-16ൽ കുടുംബശ്രീക്കുള്ള ബജറ്റ്‌ വിഹിതം 75 കോടി രൂപയായിരുന്നു. 2021–-22ൽ അത്‌ 260 കോടിയിലേക്കുയർത്തി. സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച സ്‌ത്രീകളുടെ രാത്രിനടത്തം പരിപാടിപോലും ആത്മവിശ്വാസം വളർത്തേണ്ടതിലേക്കാണ്‌ ശ്രദ്ധ ക്ഷണിക്കുന്നത്‌.

സ്‌ത്രീധനത്തിന്റെപേരിൽ വിസ്‌മയ എന്ന പെൺകുട്ടി ദുരൂഹസാഹചര്യത്തിൽ മരിക്കാനിടയായപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താസമ്മേളനം സർക്കാരിന്റെ സമീപനം വ്യക്തമാക്കുന്നതാണ്‌. സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ കുറ്റവാളികൾക്ക്‌ വേഗത്തിൽ ശിക്ഷ ഉറപ്പാക്കാൻ പ്രത്യേകകോടതി ആരംഭിക്കുമെന്ന്‌ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സ്‌ത്രീപീഡന പരാതി നൽകുന്നതിനായി ‘അപരാജിത’ എന്ന ഓൺലൈൻ സംവിധാനമുണ്ടാക്കി. കേരളത്തിലെ പകുതി തദ്ദേശസ്ഥാപനങ്ങളെയെങ്കിലും രണ്ടുവർഷത്തിനുള്ളിൽ ‘സ്‌ത്രീ അതിക്രമ വിമുക്തപ്രദേശ’മായി മാറ്റാനുള്ള പദ്ധതിയിലാണ്‌ സർക്കാർ.

നിയമനിർമാണ–-ഭരണ–-നീതിന്യായ സംവിധാനങ്ങൾ എത്രകണ്ട്‌ ശ്രദ്ധിച്ചാലും അതിന്റെ ഗുണഫലം സമൂഹത്തിലെത്തണമെങ്കിൽ ശക്തമായ ബോധവൽക്കരണത്തിലൂടെയേ കഴിയൂ. ഈ തിരിച്ചറിവിലാണ്‌ സിപിഐ എം ജൂലൈ ഒന്നുമുതൽ ഏഴുവരെ ‘സ്‌ത്രീപക്ഷ കേരളം’ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്‌. സ്‌ത്രീകൾ ഒറ്റക്കല്ല എന്ന ആത്മവിശ്വാസം വളർത്താനാണ്‌ ഈ പ്രചാരണം. സാമൂഹ്യ ഉത്തരവാദിത്തമുള്ള സംഘടനകൾ ഇത്തരം ക്യാമ്പയിനുകൾ തുടർന്നും നടത്തിയാൽ കേരളത്തിനു വന്നുചേരുന്ന വിസ്‌മയമാരുടെ കണ്ണീർക്കറ മായ്‌ക്കാം. സാക്ഷരതാ–-ജനകീയാസൂത്രണ പ്രസ്ഥാനങ്ങൾപോലെ ‘സ്‌ത്രീപക്ഷ കേരളം’ ക്യാമ്പയിൻ വഴികാട്ടിയാകട്ടെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top