20 April Saturday

ഗ്രാമോത്സവങ്ങളാകട്ടെ സ്‌കൂൾ കലാമേളകൾ

വെബ് ഡെസ്‌ക്‌Updated: Monday Dec 2, 2019

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ 60–-ാം പതിപ്പിന്‌ കാസർകോടിന്റെ ഹൃദയമായ കാഞ്ഞങ്ങാട്ട്‌ കൊടിയിറങ്ങി. വ്യത്യസ്‌ത ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും സംഗമ ഭൂവായ മണ്ണിൽ, ജനകീയതയുടെ വെന്നിക്കൊടി പാറിച്ചാണ്‌ കുട്ടികളുടെ കലാമാമാങ്കത്തെ നാലുനാൾ നാട്‌ നെഞ്ചേറ്റിയതെന്നത്‌ ഏറെ പ്രതീക്ഷകളും ആഹ്ലാദവുമാണ്‌ കലാകേരളത്തിനു പകരുന്നത്‌. സ്‌കൂൾ കലോത്സവ ചരിത്രത്തിലാദ്യമായാണ്‌ വാർഷിക പരീക്ഷയ്‌ക്ക്‌ നാലുമാസം മുമ്പുതന്നെ സ്‌കൂൾ മേളകളെല്ലാം പൂർത്തിയാക്കുന്നത്‌. വിദ്യാഭ്യാസ കലണ്ടർ അക്ഷരംപ്രതി നടപ്പാക്കി രണ്ടാംപാദ വാർഷിക, വാർഷിക പരീക്ഷകൾക്ക്‌ കൂടുതൽ അധ്യയന ദിവസങ്ങൾ കണ്ടെത്തിയ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചിട്ടയായ പ്രവർത്തനം പ്രശംസയർഹിക്കുന്നു.

239 ഇനത്തിലായി 12,000 വിദ്യാർഥികളാണ്‌ കാഞ്ഞങ്ങാട്‌ കലോത്സവത്തിൽ മാറ്റുരച്ചത്. 28 വർഷത്തിനുശേഷം   കാസർകോട്‌ വീണ്ടും ആതിഥ്യമൊരുക്കിയ കലോത്സവത്തിന്‌ 28 ഇടത്തിലായാണ്‌ അരങ്ങൊരുക്കിയത്‌. അക്കാദമിക്‌ മികവുകൾക്കൊപ്പം ക്ലാസ്‌ മുറികൾക്കു പുറത്ത്‌ കലയും സംസ്‌കാരവും കായികപരവുമായ കഴിവുകൾ കൂടി സ്വായത്തമാക്കുമ്പോഴാണ്‌ വിദ്യാഭ്യാസം പൂർണമാകുകയെന്ന കാഴ്‌ചപ്പാടാണ്‌ ജനകീയ വിദ്യാഭ്യാസം മുന്നോട്ടുവയ്‌ക്കുന്നത്‌. ഓരോ വിദ്യാർഥിക്കും തനതു കഴിവുകളുണ്ടെന്നും അത്‌ പരിപോഷിപ്പിച്ച്‌  പിൻബെഞ്ചുകാരെയെല്ലാം മുൻബെഞ്ചുകാരാക്കുമ്പോഴേ ജനകീയ വിദ്യാഭ്യാസമെന്ന സങ്കൽപ്പത്തിന്‌ പൂർണത കൈവരിക്കാനാകൂ .
വിദ്യാർഥികളുടെ അഭിരുചി തിരിച്ചറിഞ്ഞ്‌ പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും തിളങ്ങാൻ ഒട്ടേറെ പദ്ധതി സർക്കാർ ആരംഭിച്ചതും ഫലം കണ്ടുതുടങ്ങിയെന്നതാണ്‌ ഈ കലോത്സവ ഫലങ്ങൾ തെളിയിക്കുന്നത്‌. നാടൻ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ ഒരുക്കിയ 1000 ഫെലോഷിപ്പ്‌, കലകൾ അഭ്യസിക്കാൻ സ്‌കൂളുകളിൽത്തന്നെ സംവിധാനമൊരുക്കാനുള്ള സർവശിക്ഷാ കേരള തീരുമാനം എന്നിവയെല്ലാം സ്‌കൂൾ കലോത്സവ വേദികളിൽ വരുംകാലങ്ങളിൽ കൂടുതൽ പ്രതിഭകളെ എത്തിക്കുമെന്നതിൽ തർക്കമില്ല. 

കാസർകോട്‌ സ്‌കൂൾ കലോത്സവം ജനകീയതകൊണ്ടും സംഘാടന മികവുകൊണ്ടും ഏറെ ശ്രദ്ധയാകർഷിക്കുന്നതായി. പ്രധാന വേദിക്കുമുന്നിൽ ദേശീയപാതയിൽ  ഉച്ചസമയങ്ങളിൽ അനുഭവപ്പെട്ട ഗതാഗത തടസ്സംമാത്രമാണ്‌ ചെറിയ പ്രശ്‌നങ്ങൾ സൃഷ്ടിച്ചത്‌. ഗതാഗതക്കുരുക്കഴിക്കാൻ കലക്ടർ ഉൾപ്പെടെ റോഡിലിറങ്ങി പരിഹാരത്തിനു ശ്രമിച്ചതും അധികൃതരുടെ ജാഗ്രതയ്‌ക്ക്‌ തെളിവായി.

വലിയ നഗരമല്ലാതിരുന്ന കാഞ്ഞങ്ങാട്‌ കലോത്സവം നിശ്‌ചയിക്കുമ്പോഴുണ്ടായിരുന്ന സൗകര്യമൊരുക്കൽ വേവലാതികളെല്ലാം അടിസ്ഥാനരഹിതമാണെന്ന്‌ നാട്‌ തെളിയിച്ചുകൊടുത്തു. വൻനഗരങ്ങളിൽ ഹോട്ടൽ മുറികളിൽ താമസിച്ച്‌ നേരെ വേദിയിലേക്ക്‌ മത്സരാർഥികൾ പോകുന്ന രീതി കാഞ്ഞങ്ങാട്ട്‌ കാണാനായില്ല. നാട്ടിൻപുറത്തെ വീടുകളിൽ താമസിച്ച്‌ അവരുടെ ജീവിതവും സംസ്‌കാരവും അറിഞ്ഞ്‌ അവർക്കൊപ്പം വേദികളിലേക്ക്‌ മത്സരാർഥി പോകുകയും മത്സരം കഴിഞ്ഞ്‌ അതേ വീട്ടിലെത്തി അനുഭവങ്ങൾ ആതിഥ്യമരുളിയ കുടുംബവുമായി പങ്കിടുമ്പോഴുണ്ടായ അനുഭവം അവിസ്‌മരണീയമാണെന്നാണ്‌ മത്സരാർഥികൾ വെളിപ്പെടുത്തിയത്‌.

കാഞ്ഞങ്ങാടിന്റെ പരിസരങ്ങളിലെ ഗ്രാമീണരംഗവേദികളിൽ ഗ്രാമോത്സവ പ്രതീതി കലോത്സവങ്ങൾ  കൊതിക്കുന്നതാക്കി. വെള്ളിക്കോത്ത്‌ നാടകവേദിക്കു മുന്നിൽ ആയിരങ്ങൾ നാടകം കാണാനെത്തി. 4000 പേർക്ക്‌ ഗ്രാമം ഭക്ഷണമൊരുക്കി. കുട്ടികളുടെ കലാമത്സരവേദിയെ നാട്‌ ഏറ്റെടുക്കുന്നത്‌ പുതു അനുഭവമായി. വരുംകാല കലോത്സവങ്ങൾ ഗ്രാമവേദികൾ കൊതിക്കുന്നുവെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌ വെള്ളിക്കോത്ത്‌ ഉൾപ്പെടെ ദൃശ്യമായത്‌.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുനേരെ വർധിക്കുന്ന കടന്നുകയറ്റത്തെ സമൂഹമൊന്നായി ചെറുക്കുമെന്ന്‌ ബോധ്യപ്പെടുത്താനും കവിയുടെ കാൽപ്പാടുകൾ പതിഞ്ഞ കാഞ്ഞങ്ങാടിനു കഴിഞ്ഞു. ചില നാടകങ്ങൾ അവതരിപ്പിക്കുന്നതിനെതിരെ മുറുമുറുപ്പ്‌ പ്രകടിപ്പിച്ചവർക്ക്‌ സംസ്ഥാന കലോത്സവ വേദിയിൽ സ്ഥാനമുണ്ടായില്ലെന്നതും പ്രതീക്ഷാ നിർഭരം.

കലോത്സവത്തിന്റെ ഉള്ളടക്കത്തെ ദുർബലമാക്കുന്ന പണക്കൊഴുപ്പും കമ്പോള സംസ്‌കാരത്തിന്റെ മുഖമുദ്രയായ അന്യായമായ മത്സരബുദ്ധിയും പൂർണമായും നീങ്ങിയിട്ടില്ലെന്നത്‌ ഗൗരവമായി പരിശോധിക്കണം. നൃത്തയിനങ്ങളിൽ പ്രബലമായിരുന്ന ഈ പ്രവണത ഇപ്പോൾ തിയറ്റർ കലകളിലടക്കം പല ഇനങ്ങളിലേക്കും വ്യാപിക്കുന്നു.
മുൻ കലോത്സവങ്ങളെ അപേക്ഷിച്ച്‌ അപ്പീലുകൾ പൊതുവെ കുറവായിരുന്നിട്ടും എഴുന്നൂറോളംപേർ അപ്പീലുമായി എത്തി. ചെല്ലുന്നവർക്കെല്ലാം ലോകായുക്ത അപ്പീൽ അനുവദിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം കേൾക്കാതെ അപ്പീൽ അനുവദിക്കുന്ന രീതി അവസാനിപ്പിക്കാനാകണം. അപ്പീലുകളുടെ അതിപ്രസരം കലോത്സവങ്ങളെ ചൂഴ്‌ന്നുനിൽക്കുന്ന തിന്മ തന്നെയാണ്‌.

തുടർച്ചയായ പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്ന കേരളം ആലപ്പുഴ മുതലാണ്‌ കലോത്സവദിനങ്ങളുടെ എണ്ണം കുറച്ചത്‌. കാഞ്ഞങ്ങാട്ടും നാലു ദിവസമായി പരിമിതപ്പെടുത്തി മുഴുവൻ മത്സരങ്ങളും ഭംഗിയായി നടത്താനായി. കലയുടെയും കലോത്സവത്തിന്റെയും നിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട മാന്വൽ പരിഷ്‌കരണം അതിന്റെ ലക്ഷ്യത്തിൽ സാക്ഷാൽക്കരിക്കാനായാൽ കലോത്സവം കൂടുതൽ പ്രതിഭകളെ സമ്മാനിക്കും.

ആദ്യദിവസംമുതൽ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് ഇത്തവണയും ജില്ലകൾ കാഴ്ചവച്ചത്. കിരീടം നേടിയ പാലക്കാട്‌ ജില്ലയെപ്പോലെ ശക്തമായ പ്രകടനം നടത്തിയ ജില്ലകളാണ് തൊട്ടുപിന്നിൽ. എല്ലാ ജില്ലയിലും  കലോത്സവങ്ങൾക്കായി വലിയ ഒരുക്കവും പ്രവർത്തനവും നടക്കുന്നു. ഈ  പ്രവർത്തനങ്ങൾ നമ്മുടെ സംസ്‌കാരത്തിന് വലിയ ഊർജം നൽകുന്നു. കലോത്സവങ്ങളിലൂടെ മാത്രം നിലനിൽക്കുന്ന പല കലകളുമുണ്ട്. ഇത്തരം കലകളെ സംരക്ഷിക്കുന്നതിന് കൂടുതൽ സംവിധാനങ്ങളും രൂപപ്പെടുത്തണം. ശക്തമായി നിലനിൽക്കുന്ന കലകളെ കൂടുതൽ ഉൾക്കരുത്തുള്ളതാക്കാൻ കലോത്സവം കൂടുതൽ ജനകീയമാകുമ്പോൾ സാധ്യമാകും. നമ്മുടെ സംസ്‌കാരത്തിന്റെ വ്യത്യസ്‌ത ധാരകളെ സർഗാത്മകമായി സംയോജിപ്പിക്കുന്ന വലിയൊരു സാംസ്‌കാരിക സംഭവമാക്കാൻ കലോത്സവങ്ങളെ ഗ്രാമോത്സവങ്ങളാക്കി മാറ്റണം. അതോടൊപ്പം മേളകൾ വികേന്ദ്രീകൃതമായി നടത്താൻ കഴിയുമോ എന്നുള്ളതും പരിശോധിക്കേണ്ടതാണ്‌.  കലോത്സവത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും ദേശാഭിമാനിയുടെ അനുമോദനങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top