26 February Monday

വിജയക്കുന്നേറി കൗമാരകേരളം

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023


സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്റെ 65–-ാം പതിപ്പിന്‌ തൃശൂർ കുന്നംകുളം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി  സ്‌കൂളിലെ സിന്തറ്റിക്‌ ട്രാക്ക്‌ സ്‌റ്റേഡിയത്തിൽ വിജയകരമായ പരിസമാപ്‌തി. ഓവറോൾ കിരീടത്തിൽ പാലക്കാട്‌ ഹാട്രിക്‌ തികച്ച വേദിയിൽനിന്ന്‌ ഉയരുന്നത്‌ ശുഭപ്രതീക്ഷയാണ്‌. മികച്ച സംഘാടനത്തിൽ മികവുറ്റ പ്രകടനവുമായി ഭാവിയിലേക്കുള്ള അത്‌ലറ്റുകളെ അവതരിപ്പിക്കാനായി. പരാതികളും പരിഭവങ്ങളും ഇല്ലാതെയാണ്‌ കൊടിയിറക്കം. ഇവിടെ കണ്ടെടുത്ത മുത്തുകൾ ചോരാതെയും മങ്ങാതെയും നോക്കേണ്ട കടമയാണ്‌ ഇനിയുള്ളത്‌. അതിനുള്ള കരുതലും ജാഗ്രതയുമാണ്‌ ആവശ്യം.

ആറരപ്പതിറ്റാണ്ട്‌ പിന്നിടുന്നു ‘കേരളത്തിന്റെ ഒളിമ്പിക്‌സ്‌’. രാജ്യത്തിന്റെ അഭിമാനമായി മാറിയ ഒട്ടേറെ താരങ്ങളുടെ വഴികാട്ടിയായിരുന്നു ഈ ട്രാക്ക്‌. ഇവിടെ വിജയിച്ചുവന്നവരാണ്‌ പിന്നീട്‌ രാജ്യത്തിന്റെ പതാകവാഹകരായത്‌. കേരളം സംഭാവന ചെയ്‌ത പ്രമുഖ താരങ്ങളുടെയെല്ലാം നഴ്‌സറിയായിരുന്നു ഈ വേദി. കായികമേളയിലെ വിജയങ്ങൾകൊണ്ടുമാത്രം ജീവിതം കരുപ്പിടിപ്പിച്ചവരുണ്ട്‌. ലോകവേദിയിൽ മിന്നിത്തിളങ്ങിയവരുണ്ട്‌. അവർക്കൊപ്പം കൊള്ളിയാൻപോലെ മറഞ്ഞുപോയവരെയും സ്‌മരിക്കുന്നു. ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങളിൽപ്പെട്ട്‌ കളിയും കളിക്കളവും വിട്ടവരുടെ പട്ടിക നീണ്ടതാണ്‌.

ഈ കായികോത്സവത്തിലും ഓവറോൾ കിരീടമണിഞ്ഞ പാലക്കാടിന്റെ വിജയത്തിൽ ഒരു സവിശേഷതയുണ്ട്‌. ഒന്നും രണ്ടും ടീമുകളുടെ വിജയംകൊണ്ടല്ല ഈ നേട്ടം. കല്ലടിയും പറളിയും നയിച്ച ടീമിൽ കിരീടത്തിനായി പൊന്നുംവെള്ളിയും വെങ്കലവും സമ്മാനിച്ച ഒറ്റപ്പെട്ട സ്‌കൂളുകളുണ്ട്‌. അവരുടെ കൂട്ടായ്‌മയിലാണ്‌ പാലക്കാടിന്റെ തേരോട്ടം. തുടർച്ചയായി രണ്ടാംവർഷവും മലപ്പുറത്തിന്റെ കുതിപ്പ്‌ എടുത്തുപറയേണ്ടതാണ്‌. അവിടെയും ഒന്നിലധികം സ്‌കൂളുകളുടെ പ്രകടനമാണ്‌ നിർണായകമായത്‌. കോതമംഗലത്തെ സ്‌കൂളുകൾ ആധിപത്യമുറപ്പിച്ച സ്ഥാനത്തേക്കാണ്‌ മലപ്പുറം ജില്ലയിലെ കടകശേരി ഐഡിയൽ സ്‌കൂളിന്റെ കടന്നുവരവ്‌.

കായികോത്സവ വേദിയിലെത്തിയ ഒളിമ്പ്യൻ ഹോക്കി താരം പി ആർ ശ്രീജേഷ്‌ പറഞ്ഞൊരു യാഥാർഥ്യമുണ്ട്‌. നഗരങ്ങളിൽമാത്രമുണ്ടായിരുന്ന സിന്തറ്റിക്‌ ട്രാക്കുകൾ കേരളത്തിലെ ഗ്രാമങ്ങളിലേക്കുമെത്തി. അതിന്റെ മാറ്റമാണ്‌ ഈ കായികോത്സവത്തിൽ കാണുന്നത്‌. സ്‌കൂളിൽ സർക്കാർ ഒരുക്കിയ സിന്തറ്റിക്‌ ട്രാക്കാണ്‌ വേദിയായ കുന്നംകുളത്തേത്‌. കാസർകോടുമുതൽ തിരുവനന്തപുരംവരെ 400 മീറ്ററിന്റെ 11 സിന്തറ്റിക്‌ ട്രാക്ക്‌ മൈതാനങ്ങളാണ്‌ സജ്ജമായത്‌. കിഫ്‌ബി ഫണ്ടും കായികവകുപ്പിന്റെ ഫണ്ടും ഉൾപ്പെടെ 1600 കോടിയുടെ അടിസ്ഥാനസൗകര്യ വികസനമാണ്‌ കായികമേഖലയിൽ സർക്കാർ നടപ്പാക്കുന്നത്‌. കായികോത്സവം നടക്കുന്ന വേളയിലാണ്‌ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മലയാളിതാരങ്ങളെ സർക്കാർ ആദരിച്ചത്‌. സ്വർണജേതാക്കൾക്ക്‌ 25 ലക്ഷം രൂപയും വെള്ളിയുള്ളവർക്ക്‌ 19 ലക്ഷവും വെങ്കലം കിട്ടിയവർക്ക്‌ 12.5 ലക്ഷവുമാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറിയത്‌. കായികതാരങ്ങൾ കേരളത്തിന്റെ ബ്രാൻഡ്‌ അംബാസഡർമാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ഏഴുവർഷത്തിനിടെ 703 കായികതാരങ്ങൾക്ക്‌ സർക്കാർ ജോലി നൽകി.

കായികോത്സവത്തിലെ വിജയം ഇവിടെ അവസാനിക്കരുത്‌. നാളേക്കുള്ള കായികതാരങ്ങളെ കൈപിടിച്ചുയർത്താനും വലിയ വേദികളിലേക്ക്‌ പ്രാപ്‌തരാക്കാനുമുള്ള ഇടപെടലുണ്ടാകണം. കായികതാരങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന സർക്കാർ പ്രഖ്യാപനം  പ്രതീക്ഷാനിർഭരമാണ്‌. നിലവിലെ കായികോത്സവത്തെ ‘സ്‌കൂൾ ഒളിമ്പിക്‌സ്‌’ എന്ന സങ്കൽപ്പത്തിലേക്ക്‌ മാറ്റുന്ന കാര്യം ആലോചിക്കുമെന്ന്‌ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചിട്ടുണ്ട്‌. അത്‌ എന്തായാലും കായികതാരങ്ങൾക്കും ഭാവി കായികകേരളത്തിനും പ്രയോജനകരമായ പദ്ധതികൾ നിറഞ്ഞതാകട്ടെ. നിലവിലുള്ള മത്സരനടത്തിപ്പിൽ കാലാനുസൃതമായ മാറ്റങ്ങൾ അനിവാര്യമാണ്‌. കായികോത്സവത്തിനായി പ്രത്യേക കലണ്ടർ തയ്യാറാക്കണം. ഇതേസമയത്ത്‌ മറ്റ്‌ ദേശീയ മത്സരങ്ങൾ നടക്കാതിരിക്കാനുള്ള ജാഗ്രത വേണം. 98 ഇനങ്ങൾ നാലുദിവസംകൊണ്ട്‌ നടത്തിത്തീർക്കൽ എളുപ്പമല്ല. ഒരുദിവസം ശരാശരി 25 ഫൈനൽ നടക്കുന്നതിനാൽ കായികതാരങ്ങളും ഒഫീഷ്യലുകളും പെടാപ്പാടുപെടുന്നുണ്ട്‌. കഴിഞ്ഞവർഷംമുതൽ ആരംഭിച്ച രാത്രിമത്സരങ്ങൾ നല്ല തീരുമാനമാണ്‌. ഭാവിതാരങ്ങളുടെ പുരോഗതി ലക്ഷ്യമിട്ടുള്ള ഗുണകരമായ കാര്യങ്ങൾ ‘സ്‌കൂൾ ഒളിമ്പിക്‌സ്‌’ എന്ന ആശയത്തിലുണ്ടാകുമെന്ന്‌ പ്രതീക്ഷിക്കാം.

സംസ്ഥാന കായികോത്സവത്തിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനം. ജയിച്ചവർ ഇനി ദേശീയ മീറ്റിനായി ഒരുങ്ങേണ്ടതുണ്ട്‌. തോറ്റവർ നിരാശപ്പെടേണ്ട. കൂടുതൽ മെച്ചപ്പെട്ട പരിശീലനത്തിലൂടെയും സമർപ്പണത്തിലൂടെയും വിജയം തിരിച്ചുപിടിക്കാനാകും. മറക്കണ്ട, ഈ ലോകം ജയിച്ചവരുടെ മാത്രമല്ല, തോൽവിക്കുശേഷം പൊരുതിക്കയറുന്നവരുടേതുമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top