28 March Thursday

അടിയന്തരാവസ്ഥയിലേക്ക് ഇനിയെത്ര ദൂരം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 8, 2016


രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ലക്ഷണംപ്രകടമാണെന്ന് കഴിഞ്ഞദിവസം സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ടാണ് പറഞ്ഞത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് ഭരണാധികാരിക്ക് ആലോചിക്കാന്‍ അവസരം നല്‍കാന്‍ കഴിയാത്തവിധം ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞത് ചൂണ്ടിക്കാട്ടിയാണ്, അതിന് തീര്‍ത്തും വിപരീതമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചത്. മോഡിയുടെ അടിയന്തരാവസ്ഥാവിരുദ്ധ പ്രഖ്യാപനം വന്ന അതേദിവസം ഡല്‍ഹി മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും അറസ്റ്റ് ചെയ്യുകയായിരുന്നു തലസ്ഥാനത്തെ പൊലീസ്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും അറസ്റ്റ് ചെയ്തു. അവര്‍ ചെയ്ത കുറ്റം സര്‍ക്കാരിന്റെ വാഗ്ദാനലംഘനത്തില്‍ മനംനൊന്ത് ആത്മഹത്യചെയ്ത മുന്‍ സൈനികന്റെ മൃതദേഹം കാണാന്‍ ശ്രമിച്ചു എന്നതായിരുന്നു.

അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുന്നുവെന്ന് സംശയരഹിതമായി തെളിയിക്കുന്ന അടുത്ത അനുഭവവും ഡല്‍ഹിയില്‍ത്തന്നെയാണുണ്ടായത്. കാണാതായ ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാഗേറ്റില്‍ പ്രതിഷേധത്തിനെത്തിയ ജെഎന്‍യു വിദ്യാര്‍ഥികളെയും നജീബിന്റെ ഉമ്മയെയും ഡല്‍ഹി പൊലീസ് നിഷ്ഠുരമായാണ് കൈയേറ്റംചെയ്തത്. മകന്റെ വേര്‍പാടില്‍ വിലപിക്കുന്ന ഉമ്മ ഫാത്തിമയെ മര്‍ദിക്കുകമാത്രമല്ല, ബലമായി കസ്റ്റഡിയില്‍ എടുത്ത് വലിച്ചിഴച്ച് പൊലീസ് വാഹനത്തില്‍ കയറ്റുകയും ചെയ്തു. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനുവും ജനറല്‍ സെക്രട്ടറി വിക്രംസിങ്ങുമുള്‍പ്പെടെയുള്ള വിദ്യാര്‍ഥിനേതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 

ഡല്‍ഹി പൊലീസിന്റെ കിരാതമായ പെരുമാറ്റവും വനിതകളോടുള്ള അവഹേളനവും ചോദ്യംചെയ്യപ്പെട്ടപ്പോള്‍, അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല എന്ന ഔദ്യോഗിക വിശദീകരണമാണ് വന്നത്. എന്നാല്‍, പൊലീസ് സമരവളന്റിയര്‍മാരെ കായികമായി ആക്രമിക്കുന്നതില്‍ അടങ്ങിനിന്നില്ല, പെണ്‍കുട്ടികള്‍ക്കുനേരെ ദുരുദ്ദേശ്യത്തോടെയുള്ള കൈയേറ്റമാണുണ്ടായത് എന്ന് തെളിയിക്കുന്ന ചിത്രവുമായാണ് ടൈംസ് ഓഫ് ഇന്ത്യ പത്രം തിങ്കളാഴ്ച പുറത്തിറങ്ങിയത്. എസ്എഫ്ഐയുടെ പ്രധാന പ്രവര്‍ത്തകയെ ഒരു പുരുഷ പൊലീസുകാരന്‍ കയറിപ്പിടിക്കുന്നതും ആ കുട്ടി കൈപിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതും രംഗം മറ്റ് പൊലീസുകാര്‍ നോക്കിനില്‍ക്കുന്നതുമാണ് ചിത്രം. പൊലീസിന്റെ എല്ലാ വാദങ്ങളെയും ഖണ്ഡിക്കുന്നതിനൊപ്പം, കേന്ദ്രസര്‍ക്കാരും അതിനെ നയിക്കുന്ന സംഘപരിവാറും ഏതറ്റംവരെ പോകുമെന്ന സൂചന നല്‍കുന്നതുമാണ് ഈ അനുഭവം.

ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കുകയാണ്. ഞായറാഴ്ച ഇന്ത്യാഗേറ്റില്‍ പ്രതിഷേധയോഗം ചേരാനാണ് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തീരുമാനിച്ചിരുന്നത്. പരസ്യമായി പ്രഖാപിച്ച് നടത്തുന്ന ഒരു യോഗംപോലും അനുവദിക്കില്ലെന്ന തീരുമാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ എത്തിയത്. വിദ്യാര്‍ഥികള്‍ യോഗത്തിനെത്തുന്നത് തടയാന്‍ ജെഎന്‍യു കവാടത്തില്‍ പൊലീസ് സംഘത്തെ നിയോഗിച്ചു. ഇന്ത്യാഗേറ്റും പരിസരവും നാല് കിലോമീറ്റര്‍ ചുറ്റളവില്‍ പൊലീസ് വളഞ്ഞു. അവിടേക്കുള്ള റോഡുകള്‍ ബാരിക്കേഡ് ഉയര്‍ത്തി ഉപരോധിച്ചു. ഇന്ത്യാ ഗേറ്റ് സന്ദര്‍ശകരെയും കച്ചവടക്കാരെയും ഒഴിപ്പിച്ചു.

ഇതെല്ലാം പോരാഞ്ഞാണ്, ചെറുസംഘങ്ങളായെത്തിയ വിദ്യാര്‍ഥികള്‍ക്കുനേരെ വേട്ടനായ്ക്കളെപ്പോലെ പൊലീസ് ചാടിവീണത്. കുട്ടികളെ മര്‍ദിക്കുന്നതുകണ്ട് ചോദ്യംചെയ്തപ്പോഴാണ്, നജീബിന്റെ ഉമ്മയ്ക്കുനേരെ തിരിഞ്ഞത്. മുന്നൂറോളം വിദ്യാര്‍ഥികളാണ് ഇന്ത്യാഗേറ്റില്‍ എത്തിയിരുന്നത്. രണ്ടായിരത്തോളം പൊലീസുകാരാണ് അവരെ നേരിടാനുണ്ടായിരുന്നത്. ജനാധിപത്യം ഭരണഘടനയില്‍ത്തന്നെ ഉള്‍ച്ചേര്‍ക്കപ്പെട്ട രാജ്യമാണിന്ത്യ. അടിയന്തരാവസ്ഥക്കാലത്താണ് പൌരാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടത്. അര്‍ധഫാസിസമാണ് അന്ന് അഴിച്ചുവിട്ടത്. ഇന്ന് അടിയന്തരാവസ്ഥ ഔപചാരികമായി പ്രഖ്യാപിച്ചിട്ടില്ല എന്നേയുള്ളൂ. ഭരണം നയിക്കുന്ന രാഷ്ട്രീയനേതൃത്വത്തിന് ഹിതകരമല്ലാത്ത ഒരു ശബ്ദവും അനുവദിക്കില്ലെന്ന മുഷ്കാണ് മോഡിസര്‍ക്കാര്‍ കാണിക്കുന്നത്. പത്താന്‍കോട്ട് ഭീകരാക്രമണ റിപ്പോര്‍ട്ടുകളുടെ പേരില്‍ എന്‍ഡിടിവിയുടെ ഹിന്ദിചാനലായ എന്‍ഡിടിവി ഇന്ത്യക്ക് വിലക്ക് പ്രഖ്യാപിച്ചത് ഇതിന്റെ മറ്റൊരുഭാഗമാണ്. ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്ത ഘട്ടത്തില്‍ വ്യോമതാവളത്തിലെ ആയുധവിന്യാസങ്ങളെക്കുറിച്ച് എന്‍ഡിടിവി ഇന്ത്യ റിപ്പോര്‍ട്ട് നല്‍കിയെന്നും ഇത് ഭീകരര്‍ക്ക് സഹായമായിട്ടുണ്ടാകുമെന്നുമുള്ള ആരോപണമുന്നയിച്ചാണ് വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിന്റെ പേരില്‍ രാജ്യത്ത് ചാനലിനെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. അടിയന്തരാവസ്ഥയില്‍ സെന്‍സര്‍ഷിപ്പിലൂടെ പത്രങ്ങളുടെ വാമൂടിക്കെട്ടിയതിന്റെ മറ്റൊരു രൂപമാണ് ഈ നടപടി.

വര്‍ഗീയധ്രുവീകരണത്തിന്, വിദ്യാഭ്യാസരംഗത്തെ കാവിവല്‍ക്കരിക്കാന്‍, സാംസ്കാരികസ്ഥാപനങ്ങളെ വിദ്വേഷപ്രചാരണ ഉപകരണങ്ങളാക്കാന്‍, ഒടുവില്‍ ദേശീയ മനുഷ്യാവകാശ കമീഷനെപ്പോലും സംഘപരിവാറിന്റെ വരുതിയിലെത്തിക്കാന്‍–  ഇങ്ങനെ എല്ലാതലത്തിലും ഇടപെടലുണ്ടാവുകയാണ്. അതിന്റെ ഭാഗമായിത്തന്നെയാണ് ഡല്‍ഹിയില്‍ നടത്തിയ വിദ്യാര്‍ഥിവേട്ട. ജെഎന്‍യു, ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലാ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ പരസ്യമായിത്തന്നെ വര്‍ഗീയ അജന്‍ഡയുമായി രംഗത്തെത്തി. ഇപ്പോള്‍, തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത ഒരു യോഗംപോലും അനുവദിക്കില്ല, നടത്തിയാല്‍ പൊലീസിനെവിട്ട് പരസ്യമായി പെണ്‍കുട്ടികളെ അപമാനിക്കുന്നതിനുപോലും മടിക്കില്ലെന്നാണ് തെളിയിച്ചിരിക്കുന്നത്. കേന്ദ്രഭരണം നിയന്ത്രിക്കുന്നത് ആര്‍എസ്എസാണ്. അതിന്റെ താല്‍പ്പര്യങ്ങളും സ്വഭാവവുമാണ് പൊലീസിന്റെ പ്രകടനത്തില്‍ തിരിച്ചറിയുന്നത്. രാജ്യം പൌരാവകാശ നിഷേധത്തിന്റെയും അടിച്ചമര്‍ത്തലുകളുടെയും കറുത്ത കാലത്തിലേക്ക് നീങ്ങുന്നു എന്ന ഗൌരവമേറിയ മുന്നറിയിപ്പാണിത്. ഇതില്‍ പ്രതിഷേധിക്കുകയും പ്രതികരിക്കുകയുംചെയ്യുന്നത്, ഇന്ത്യ ഈ നിലയിലെങ്കിലും നിലനിന്ന് കാണണമെന്ന കരുതലുള്ളതുകൊണ്ടാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top