20 April Saturday

സ്റ്റാൻ സ്വാമി നീതികേടിന്റെ ഇര

വെബ് ഡെസ്‌ക്‌Updated: Tuesday Jul 6, 2021



ജീവിതം മുഴുവൻ സമൂഹത്തിന്റെ താഴെത്തട്ടിലുള്ള, പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ ജസ്യൂട്ട്‌ വൈദികൻ സ്റ്റാൻ സ്വാമി ദേശീയ അന്വേഷണ ഏജൻസിയുടെ കസ്‌റ്റഡിയിലിരിക്കെ തിങ്കളാഴ്‌ച അന്ത്യശ്വാസം വലിച്ചു. 84 വയസ്സുള്ള, പാർക്കിൻസൻസ്‌ ബാധിതനായ സ്റ്റാൻ സ്വാമിയുടെ മരണം ആരോഗ്യം വഷളായതുകൊണ്ടുമാത്രം സംഭവിച്ചതല്ല. മറിച്ച്‌, ഭരണകൂട ഭീകരതയുടെയും ജുഡീഷ്യൽ അവഗണനയുടെയും ഫലമായിക്കൂടി സംഭവിച്ചതാണ്‌. മനുഷ്യത്വവും കാരുണ്യവും വറ്റിപ്പോയ ഭരണകൂടം നടത്തിയ അതിക്രൂരമായ കസ്‌റ്റഡി കൊലപാതകമാണിത്‌. രാജ്യം സ്വേച്ഛാധിപത്യത്തിലേക്ക്‌ അതിവേഗം നീങ്ങുകയാണെന്ന ശക്തമായ മുന്നറിയിപ്പുകൂടിയാണിത്‌. 22 വർഷംമുമ്പ്‌ ഓസ്‌ട്രേലിയൻ ക്രിസ്‌ത്യൻ മിഷണറി ഗ്രഹാംസ്‌റ്റെയിൻസിനെയും രണ്ട്‌ മക്കളെയും ചുട്ടുകൊന്ന അതേ ഹിന്ദുത്വശക്തികൾ രാജ്യം ഭരിക്കുമ്പോഴാണ്‌ മറ്റൊരു ഈശോസഭക്കാരൻ കസ്‌റ്റഡിയിൽ കൊല്ലപ്പെടുന്നത്‌.

കഴിഞ്ഞ വർഷം ഒക്ടോബർ എട്ടിനാണ്‌ സ്റ്റാൻ സ്വാമിയെ  മാവോയിസ്റ്റും ഭീകരവാദിയുമെന്ന്‌ ആരോപിച്ച്‌ ഭീമ കൊറേഗാവ്‌ കേസിൽ യുഎപിഎ എന്ന കരിനിയമം ചുമത്തി എൻഐഎ അറസ്റ്റ്‌ ചെയ്യുന്നത്‌. രാജ്യത്ത്‌ ഭീകരവാദം ആരോപിക്കപ്പെട്ട ഏറ്റവും പ്രായക്കൂടുതലുള്ള മനുഷ്യനും സ്റ്റാൻ സ്വാമിയായിരിക്കും. ഈ കേസ്‌ സംബന്ധിച്ച്‌ വിശ്വസനീയമായ ഒരു തെളിവും ഇതുവരെ ഹാജരാക്കപ്പെട്ടിട്ടില്ലെന്ന്‌ മാത്രമല്ല, വിചാരണ ആരംഭിച്ചിട്ടുമില്ല. സ്റ്റാൻ സ്വാമിയെ അടുത്തറിയുന്ന ആർക്കും അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ ശരിവയ്‌ക്കാനാകില്ല. അത്രമാത്രം പരിഹാസ്യമായ ആരോപണങ്ങളാണ്‌ ഉന്നയിക്കപ്പെട്ടത്‌. ജാർഖണ്ഡിലെ ഖനിമാഫിയകളുടെ ചൂഷണത്തിൽനിന്ന്‌ ഗോത്രജനതയെ മോചിപ്പിക്കാനും മാവോയിസ്‌റ്റുകളും തീവ്രാദികളുമെന്നും മുദ്രകുത്തി ജയിലിൽ അടയ്‌ക്കപ്പെട്ടവർക്ക്‌ നിയമസഹായം നൽകാനും ഗോസംരക്ഷക സംഘങ്ങൾ നടത്തുന്ന ആക്രമണങ്ങളെ ചെറുക്കാനും സ്റ്റാൻ സ്വാമി തയ്യാറായി എന്ന കാരണമാണ്‌ ഭീമ കൊറേഗാവ്‌ കേസിൽ ഉൾപ്പെടുത്തി അദ്ദേഹത്തെ വേട്ടയാടാൻ മോഡി–-ഷാ കൂട്ടുകെട്ടിനെ പ്രേരിപ്പിച്ചത്‌.

എട്ട്‌ മാസമായി ജയിലിൽ കഴിയുന്ന സ്റ്റാൻ സ്വാമിയുടെ ആരോഗ്യനില തീർത്തും വഷളായിരുന്നു. ഭക്ഷണം കഴിക്കാനുള്ള പാത്രത്തിനും ധരിക്കാനുള്ള വസ്‌ത്രത്തിനുപോലും നിയമപരമായ ഇടപെടൽ നടത്തേണ്ടിവന്നു എന്നതിൽനിന്ന്‌ എത്രക്രൂരമായാണ്‌ ഭരണവർഗം അദ്ദേഹത്തോട്‌ പെരുമാറിയതെന്ന്‌ മനസ്സിലാക്കാം. ഇടക്കാല ജാമ്യത്തിനായി മുംബൈ ഹൈക്കോടതിയോട്‌ അദ്ദേഹം പറഞ്ഞത്‌ എട്ട്‌ മാസംമുമ്പ്‌ സ്വന്തമായി ഭക്ഷണം കഴിക്കാനും നടക്കാനും എഴുതാനും കഴിയുമായിരുന്നുവെങ്കിലും നവിമുംബൈയിലെ തലോജ ജയിൽവാസത്തിനുശേഷം നടക്കാനോ എഴുതാനോ സ്വന്തമായി ഭക്ഷണം കഴിക്കാനോ കഴിയുന്നില്ലെന്നായിരുന്നു. ജയിൽ മുറിയിൽ പലവട്ടം വീഴുകയും ചെയ്‌തു. എന്നിട്ടും അദ്ദേഹത്തിന്‌ ഇടക്കാലജാമ്യം നിഷേധിക്കപ്പെട്ടു. അതിനിടയ്‌ക്കാണ്‌ അദ്ദേഹം കോവിഡ്‌ ബാധിതനായതും ആശുപത്രിയിലേക്ക്‌ മാറ്റപ്പെട്ടതും. അപ്പോഴും സ്വന്തം നാട്ടിലേക്ക്‌ പോകാൻ അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല. അവസാനം അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കാൻ ബോംബൈ ഹൈക്കോടതി തയ്യാറായ വേളയിൽ വിടപറയുകയും ചെയ്‌തു. മരിച്ചുകഴിഞ്ഞപ്പോൾ ബോംബൈ കോടതി ഞെട്ടിത്തരിച്ചുവത്രെ! ഇടക്കാല ജാമ്യം അനുവദിച്ചിരുന്നുവെങ്കിൽ സ്‌റ്റാൻ സ്വാമി ജീവിച്ചിരിക്കുമായിരുന്നില്ലേ. ഭരണകൂടം മാത്രമല്ല, ജുഡീഷ്യറിക്കും സ്റ്റാൻ സ്വാമിയുടെ മരണത്തിന്റെ ഉത്തരവാദിത്തത്തിൽനിന്ന്‌ ഒഴിഞ്ഞുനിൽക്കാനാകില്ല. ആ കൈകളിൽ രക്തക്കറ കാണാം. ഈ കസ്‌റ്റഡി മരണത്തിന്‌ ഉത്തരവാദികളായവരെ നിയമത്തിന്‌ മുമ്പിൽ കൊണ്ടുവരികതന്നെ വേണം. എങ്കിലേ ഇന്ത്യൻ ജനാധിപത്യത്തിന്‌ നിലനിൽപ്പുള്ളൂ. അല്ലാത്ത പക്ഷം രാജ്യം സ്വേച്ഛാധിപത്യത്തിന്റെ ആഴക്കയങ്ങളിലേക്ക്‌ വലിച്ചെറിയപ്പെടും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top