20 April Saturday

കേരളം വിദ്യാർഥികൾക്കൊപ്പം

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020



ഞങ്ങൾ എന്നേ പരീക്ഷയ്‌ക്ക് റെഡിയാണ്. രണ്ടു മാസമായി കാത്തിരിക്കുന്നു. ഇപ്പോൾ പരീക്ഷ നിശ്ചയിച്ചതിൽ സന്തോഷം’–- തൃശൂർ അഞ്ചേരി ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി മാളവിക തിങ്കളാഴ്ച പറഞ്ഞ ഈ വാക്കുകൾ കേരളത്തിലെ മുഴുവൻ വിദ്യാർഥികളുടെയും മനസ്സാണ് വെളിപ്പെടുത്തിയത്. ചൊവ്വാഴ്ച പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ എല്ലാ കുട്ടികളുടെയും മുഖത്ത് വിരിഞ്ഞ സൗമ്യ മന്ദഹാസത്തിൽ പരീക്ഷ എഴുതിയതിന്റെ സന്തോഷവും  ആശ്വാസവുമുണ്ടായിരുന്നു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മാറ്റിവച്ച എസ്എസ്എൽസി, വിഎച്ച്എസ്ഇ, ഹയർ സെക്കൻഡറി പരീക്ഷകൾ പുനരാരംഭിച്ചത് വിദ്യാർഥികൾക്കും അവരുടെ അച്ഛനമ്മമാർക്കും വലിയ സമാധാനമായി. അത്രയ്‌ക്ക് ആധിക്കും അനിശ്ചിതത്വത്തിനും നടുവിലായിരുന്നു അവർ. ചില സംശയമൊക്കെയുണ്ടായിരുന്നു. ഒടുവിൽ, എല്ലാം മാറി പരീക്ഷ ആരംഭിച്ചപ്പോൾ സർക്കാർ ഏറ്റെടുത്ത ഒരു സുപ്രധാന ദൗത്യം സഫലമാകുന്നതിന്റെ ആഹ്ലാദവും ആവേശവുമാണ് എവിടെയും. പരമാവധി വേഗത്തിൽ, പരമാവധി സുരക്ഷയോടെ പരീക്ഷ പൂർത്തിയാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. എസ്എസ്എൽസി, വിഎച്ച്എസ്ഇ പരീക്ഷയാണ് ചൊവ്വാഴ്ച തുടങ്ങിയത്. ഹയർ സെക്കൻഡറി ബുധനാഴ്ച തുടങ്ങും. ഈമാസം മുപ്പതിന്‌ പരീക്ഷ പൂർത്തിയാകും.

അസാധാരണമായ ഒരു പ്രതിസന്ധിയുടെ സാഹചര്യത്തിൽ എല്ലാ പരിമിതികളെയും മുന്നിൽക്കണ്ട്, കൃത്യവും വ്യക്തവുമായ ആസൂത്രണത്തോടെയാണ് പരീക്ഷാ നടത്തിപ്പ്. സെന്ററുകളിലെ കുറ്റമറ്റ മുന്നൊരുക്കം കുട്ടികളും രക്ഷിതാക്കളും തൊട്ടറിഞ്ഞു.  പരീക്ഷാ നടത്തിപ്പ് കേരളമൊന്നാകെ ഏറ്റെടുത്ത പ്രതീതിയായി എവിടെയും. വിദ്യാഭ്യാസ മന്ത്രി പറഞ്ഞതുപോലെ  ജനകീയ വിദ്യാഭ്യാസത്തിന്റെ ജനകീയ സുരക്ഷ അർഥപൂർണമായി. കുട്ടികൾ മറ്റെല്ലാം മറന്ന്, സാധാരണ മനസ്സോടെ, ആത്മധൈര്യത്തോടെ, സന്തോഷത്തോടെ പരീക്ഷയെഴുതി. ഇങ്ങനെയൊരു അസാധാരണ സാഹചര്യത്തിലെ പരീക്ഷ പാകപ്പിഴകളില്ലാതെ നടക്കുമ്പോൾ അംഗീകരിക്കപ്പെടുന്നത് സർക്കാരിന്റെ നിശ്ചയദാർഢ്യം തന്നെ.


 

ആരോഗ്യ വകുപ്പിന്റെ മുഴുവൻ നിർദേശവും കർശനമായി പാലിക്കാൻ എല്ലാ സ്കൂളിലും  ജാഗ്രതയുണ്ടായി. പൊതുവിദ്യാഭ്യാസ, ആരോഗ്യ, തദ്ദേശഭരണ, പൊലീസ്, ഗതാഗത വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവർത്തനം വിജയം കണ്ടു. കോവിഡ് പ്രതിരോധത്തിനുള്ള എല്ലാ കവചവുമൊരുക്കി സ്കൂളുകൾ കുട്ടികളെ സ്വീകരിച്ചു. അധ്യാപകർ, പിടിഎ, അഗ്നിശമനസേന, പൊലീസ് എന്നിവരെല്ലാം ഒറ്റക്കെട്ടായി  അണിനിരന്ന സുരക്ഷാസംവിധാനങ്ങൾ എവിടെയും സഹായമായി. എല്ലാ സ്കൂളിലും ഹെൽപ്‌ ഡെസ്‌കുകൾ പ്രവർത്തിച്ചു. സാനിറ്റൈസർ, മാസ്ക്, ശാരീരിക അകലം എന്നിവ ഉറപ്പാക്കി. പരീക്ഷയ്‌ക്ക് മുമ്പും പരീക്ഷ കഴിഞ്ഞും കുട്ടികൾ കൂട്ടംകൂടാതിരിക്കാൻ നല്ല ജാഗ്രതയുണ്ടായി. വിദ്യാർഥികൾക്ക് സ്കൂളിലെത്താനുള്ള വാഹനസൗകര്യം പ്രധാനമായിരുന്നു. അത്  ഒരിടത്തും താളംതെറ്റിയില്ല. ഓരോ സ്കൂളിലും എവിടെനിന്നൊക്കെ കുട്ടികൾ എത്താനുണ്ടെന്ന് നേരത്തെ തന്നെ പട്ടിക തയ്യാറാക്കി അതനുസരിച്ച് വാഹനസൗകര്യം ഏർപ്പാടാക്കി. കെഎസ്ആർടിസിയും മുന്നിൽത്തന്നെയുണ്ട്.

മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ കുട്ടികൾക്കും കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ വീടുകളിൽ നിന്നെത്തുന്ന കുട്ടികൾക്കും പ്രത്യേക ക്ലാസ് റൂമുകളാണ്  തയ്യാറാക്കിയിട്ടുള്ളത്. നിയന്ത്രണമേഖലകളിൽ  പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരുന്നില്ല. പരീക്ഷ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ഇതൊക്കെയായിരുന്നു. അതെല്ലാം  ചിട്ടയോടെ  നടന്നതിൽ സർക്കാരിന് അഭിമാനിക്കാം.


 

പല കാരണത്താൽ ഇപ്പോൾ പരീക്ഷയെഴുതാൻ കഴിയാത്ത കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഒരാശങ്കയും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ എഴുതാൻ കഴിയാത്തവർക്ക് സേ പരീക്ഷയ്‌ക്കൊപ്പം അവസരമുണ്ടാകും.
കുട്ടികളുടെ ഭാവിയെ കരുതിയാണ്  പ്രതിസന്ധികളെ  മറികടന്നും പരീക്ഷ പൂർത്തിയാക്കാൻ സർക്കാർ തയ്യാറായത്. അച്ഛനമ്മമാരും അത് ആശിച്ചു. ഇനിയും പരീക്ഷ വൈകിയാൽ വരുന്ന അധ്യയനവർഷത്തിലെ അക്കാദമിക് പ്രവർത്തനങ്ങളാകെ താളംതെറ്റും. മാത്രമല്ല, വലിയ മഴക്കാലം വരികയാണ്.

അതിവർഷംതന്നെയുണ്ടാകുമെന്ന് പ്രവചനങ്ങളുണ്ട്. അപ്പോൾ, ഇപ്പോൾത്തന്നെ പരീക്ഷ നടത്തുന്നതാണ് അഭികാമ്യം. അതുകൊണ്ടുതന്നെയാണ് സുപ്രധാനമായ ദൗത്യം നിറവേറ്റാൻ അർഥശങ്കയില്ലാതെ സർക്കാർ തീരുമാനിച്ചത്. മൂന്നു വിഭാഗത്തിലായി ഏതാണ്ട് 13.74 ലക്ഷം കുട്ടികളാണ് ഇപ്പോൾ പരീക്ഷയെഴുതുന്നത്. കേരളത്തിനു പുറമെ ഗൾഫിലും ലക്ഷദ്വീപിലും കേന്ദ്രങ്ങളുണ്ട്.

എല്ലാ കാര്യത്തിലുമെന്നപോലെ പരീക്ഷാ നടത്തിപ്പിലും  ഇടങ്കോലിടാനാണ് സംസ്ഥാനത്തെ പ്രതിപക്ഷം തുടക്കത്തിൽ ശ്രമിച്ചതെന്ന് പറയാതെ വയ്യാ. വിദ്യാർഥികളിലും രക്ഷിതാക്കളിലും ആശങ്ക പരത്താൻ അവർ ആകുന്നത്ര ശ്രമിച്ചു. വിദ്യാർഥികളുടെ ഒരുവർഷം പോകുന്നെങ്കിൽ പോകട്ടെ എന്നുവരെ ചില നേതാക്കൾ ചാനൽ ചർച്ചയിൽ പറഞ്ഞു.  കെഎസ്‌യു സമരവുമായി  രംഗത്തിറങ്ങി. കേരളത്തിന്റെ മനസ്സ് തിരിച്ചറിഞ്ഞാൽ നന്ന് എന്നുമാത്രമേ ഇവരോട്‌ ഓർമിപ്പിക്കാനുള്ളൂ.  ചിലർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഹർജി തള്ളി. എല്ലാം മറികടന്ന് ഇപ്പോൾ, പരീക്ഷ നടക്കുകയാണ്. സുരക്ഷിതമായി പരീക്ഷ നടത്താൻ കേരളം സർക്കാരിനൊപ്പമുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top