24 September Sunday

പ്രത്യാശ നൽകുന്ന പരീക്ഷാഫലം

വെബ് ഡെസ്‌ക്‌Updated: Thursday Jun 16, 2022


2022ലെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി ഫലം മന്ത്രി വി ശിവൻകുട്ടി ബുധനാഴ്ച പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാധാരണനടപടികളാണ്. എന്നാൽ, കഴിഞ്ഞ മൂന്നുവർഷമായി ഈ പ്രക്രിയ നേരിട്ട വെല്ലുവിളികൾ സമാനതകളില്ലാത്തതാണ്. 2021–- -22 കാലത്ത് അഞ്ചുമാസം സ്‌കൂളിൽ പോയി പഠിക്കാൻ കുട്ടികൾക്കായി. പിന്നെ ക്ലാസ് ഓൺലൈനായി. മൂന്നുവർഷവും കോവിഡ് പ്രോട്ടോകോൾ  പാലിച്ചും ഒരു വിദ്യാർഥിക്കുപോലും രോഗം വരാതെയും പരീക്ഷ നടത്തി.

വിജയശതമാനത്തിൽ 0.21 ശതമാനം  കുറവുണ്ട്. മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണം നന്നായി കുറഞ്ഞു. ഈ കുറവ് സ്വാഭാവികമാണ്. കോവിഡ്  മൂലം ഉണ്ടായ പ്രത്യേക സാഹചര്യത്തിൽ പരീക്ഷയുടെ രീതിയാകെ കഴിഞ്ഞവർഷം മാറ്റിയിരുന്നു. ആ വർഷം  പൂർണമായും ഓൺലൈൻ ക്ലാസുകൾ മാത്രമായിരുന്നു. മൊത്തം മാർക്കിന്റെ ഇരട്ടിമാർക്കിന്റെ ചോദ്യങ്ങൾ നൽകിയായിരുന്നു പരീക്ഷ. സ്വാഭാവികമായും മുഴുവൻ എ പ്ലസ് നേടിയവരുടെ എണ്ണം അസാധാരണമായി ഉയർന്നു. ഒന്നേകാൽ ലക്ഷത്തിലേറെ കുട്ടികൾ എല്ലാ വിഷയത്തിനും 2021ൽ എ പ്ലസ് നേടി. ഇക്കുറി അത് 44,363 ആയി കുറഞ്ഞു. ഒറ്റനോട്ടത്തിൽ വൻ കുറവായി തോന്നാമെങ്കിലും കോവിഡിനു മുമ്പുള്ള വർ ഷങ്ങളിലെ കണക്കുമായി താരതമ്യം ചെയ്‌താൽ അതിൽ കഴമ്പില്ലെന്നു കാണാം. 2020ൽ 41,906 മാത്രമായിരുന്നു എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവരുടെ എണ്ണം. മുൻവർഷങ്ങളിലും ഇത് ഏറെക്കുറെ ആ തോതിലായിരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞ വർഷത്തെ പ്രത്യേക സ്ഥിതി മാറിയെന്ന് മാത്രമേ  ഇതിനു അർഥമുള്ളൂ.

ഇക്കുറി ഗ്രേസ്‌ മാർക്കുകൾ വേണ്ടെന്നുവച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ മൂലം കാര്യമായ പാഠ്യേതര പ്രവർത്തനങ്ങൾ കഴിഞ്ഞവർഷം നടന്നിരുന്നില്ലെന്നത്  പരിഗണിക്കുമ്പോൾ അതും തികച്ചും ന്യായം.

അടുത്ത കടമ്പ ഇനി പ്ലസ് വൺ പ്രവേശനമാണ്. എന്നാൽ, അത് ഒട്ടും സങ്കീർണമാകാൻ ഇടയില്ല. കഴിഞ്ഞവർഷം ഇപ്പോൾ ഉള്ളതിന്റെ മൂന്നിരട്ടിയോളം ഫുൾ എ പ്ലസുകാർ ഉണ്ടായിട്ടും ആവശ്യമായ സീറ്റ്‌ നൽകാൻ  സർക്കാരിന് കഴിഞ്ഞു. മലബാർ മേഖലയിൽ സീറ്റ് കുറവ് എന്ന വിമർശം ആദ്യഘട്ടത്തിൽ ഉണ്ടായെങ്കിലും അതും പരിഹരിച്ചു. മാർക്ക്  ഇല്ലാതെ പരീക്ഷ നടത്തിയ തമിഴ് നാട്ടിൽനിന്ന് വന്നവർക്കുപോലും പ്രവേശനം ഉറപ്പാക്കി. അത്ര ജാഗ്രതയോടെയാണ്‌  സർക്കാർ  നീങ്ങിയത്. ഇത്തവണ  അത്ര കടുത്ത വെല്ലുവിളിയില്ല.

വിദ്യാഭ്യാസമേഖലയിൽ ഏറെ മാറ്റങ്ങൾ സാധ്യമാക്കിയാണ്  എൽഡിഎഫ് സർക്കാർ നീങ്ങുന്നത്. സർക്കാർ വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രമായി മാറിയതോടെ സിബിഎസ്ഇ സ്കൂളുകളിൽനിന്ന് കൂടുതൽ കുട്ടികൾ ഹയർ  സെക്കൻഡറിക്ക് അടക്കം സർക്കാർ സ്കൂളുകളിൽ എത്തുന്നു. അവർക്കും സീറ്റുണ്ടാകും. സ്റ്റേറ്റ് സിലബസ് ഒഴികെയുള്ള മേഖലകളിലെ അധികൃതരുടെ യോഗം വിളിച്ച് ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്. ‘ആരെയും വിട്ടുകളയില്ല; അവരും നമ്മുടെ കുട്ടികൾ  അല്ലേ’ എന്ന സമീപനമാണ് സർക്കാരിനെന്നും മന്ത്രി  വ്യക്തമാക്കി.

പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള പാഠ്യപദ്ധതി പരിഷ്കരണം ആരംഭിക്കുന്ന കാര്യവും പരീക്ഷാഫല പ്രഖ്യാപനത്തിനൊപ്പം മന്ത്രി അറിയിച്ചു. തികച്ചും സ്വാഗതാർഹമായ കാര്യം. വൈജ്ഞാനികമേഖല റോക്കറ്റ് വേഗത്തിൽ കുതിക്കുമ്പോൾ പാഠ്യപദ്ധതി ഒപ്പംനീങ്ങണം. കേരളത്തിൽ പാഠപുസ്തകങ്ങൾ പുതുക്കിയിട്ട് 10  വർഷമായി. ഇനി വൈകിക്കൂടാ. കേന്ദ്രപാഠ്യപദ്ധതി  അവഗണിച്ച ഭരണഘടനാമൂല്യങ്ങൾ നമ്മുടെ പദ്ധതിയിൽ ഉൾച്ചേർന്നിരിക്കുമെന്ന്  മന്ത്രി ഉറപ്പുനൽകുന്നു. എന്നും രാജ്യത്തിനു മുമ്പിൽ നടന്ന നമ്മുടെ ചെറു സംസ്ഥാനത്തിന് അഭിമാനിക്കാവുന്നതാകും പുതിയ പാഠ്യപദ്ധതിയുമെന്ന്‌ പ്രതീക്ഷിക്കാം.

വിജയിച്ച വിദ്യാർഥികൾക്ക് ആശംസ നേരുന്നു. വിജയം അകന്നുപോയവരും നിരാശപ്പെടേണ്ടതില്ല. ഒരു പരീക്ഷയും ഒന്നിന്റെയും അവസാനമല്ല. ഇത് ഒരു പടവുമാത്രമെന്ന് മനസ്സിലാക്കി  മുന്നോട്ടുപോകുക.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top