19 April Friday

കുട്ടികൾക്കും സർക്കാരിനും വിജയത്തിളക്കം

വെബ് ഡെസ്‌ക്‌Updated: Thursday Jul 15, 2021


അസാധാരണമായ സാഹചര്യങ്ങൾ നേരിട്ട് വിദ്യാഭ്യാസരംഗത്തെ ഒരു ദൗത്യംകൂടി സംസ്ഥാന സർക്കാർ പൂർത്തിയാക്കി. എസ്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷാഫലം ബുധനാഴ്ച വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനം ഉയർന്നിട്ടുണ്ട്. മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണവും മികച്ച വിജയം കൈവരിച്ച സ്കൂളുകളുടെ എണ്ണവും വർധിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷവും എസ്എസ്എൽസി പരീക്ഷയും ഫലപ്രഖ്യാപനവും കോവിഡിന്റെ മധ്യത്തിലായിരുന്നു. പക്ഷേ, ക്ലാസുകൾ നടന്നിരുന്നു. എന്നാൽ, ഇത്തവണ സ്കൂളുകളിൽ പോകാനേ കുട്ടികൾക്ക് കഴിഞ്ഞില്ല. എന്നാൽ, ആ കുറവ് അറിയാതെ പഠനം പൂർത്തിയാക്കാൻ വേണ്ട സൗകര്യം സർക്കാർ ഒരുക്കി. 2020 ജൂൺ ഒന്നിനുതന്നെ ഡിജിറ്റൽ ക്ലാസ്‌ തുടങ്ങി. നേരിട്ടുള്ള ക്ലാസുകൾക്കുള്ള മെച്ചം അതേ അളവിൽ ഉണ്ടായില്ലെങ്കിലും കുട്ടികൾ പഠനവഴിയിൽനിന്ന് വഴുതിപ്പോകാതിരിക്കാൻ സർക്കാർ എല്ലാ ജാഗ്രതയും പുലർത്തി. അധ്യാപകർ ഒന്നടങ്കം ഇക്കാര്യത്തിൽ സഹകരിച്ചു. വിജയകരമായി പാഠങ്ങൾ പൂർത്തിയാക്കി. കോവിഡ്കാലത്തെ സമ്മർദം അതിജീവിക്കാൻ കഴിയുംവിധം പരീക്ഷയിലും വേണ്ട മാറ്റം വരുത്തി. മൊത്തം മാർക്കിന്റെ ഇരട്ടിമാർക്കിന്റെ ചോദ്യങ്ങൾ നൽകി.ആരോഗ്യവകുപ്പിന്റെ എല്ലാ നിർദേശവും കർശനമായി പാലിച്ചായിരുന്നു പരീക്ഷ. പൊതുവിദ്യാഭ്യാസ, ആരോഗ്യ, തദ്ദേശഭരണ, പൊലീസ്, ഗതാഗത വകുപ്പുകൾ ഒപ്പംനിന്നു. എല്ലാ സ്കൂളിലും ഹെൽപ്പ്‌ ഡെസ്‌ക്‌ കുട്ടികൾക്ക് തുണയായി. സാനിറ്റൈസർ, മാസ്‌ക്‌, ശാരീരിക അകലം തുടങ്ങി ഒരു കാര്യത്തിലും വിട്ടുവീഴ്ച ഉണ്ടായില്ല. രോഗം വന്നവർക്ക് പ്രത്യേക സൗകര്യം ഉണ്ടാക്കി. ഒരാൾക്കും പരീക്ഷമൂലം അസുഖം വരില്ലെന്ന് ഉറപ്പാക്കി.മൂല്യനിർണയത്തിലും ഈ ജാഗ്രത തുടർന്നു. കേന്ദ്രങ്ങളുടെ എണ്ണം 56ൽനിന്ന് 72 ആയി വർധിപ്പിച്ച് അധ്യാപകർ കൂട്ടംകൂടുന്ന നില ഒഴിവാക്കി. അതിനുശേഷം നടന്ന ടാബുലേഷൻ ജോലിയും വിജയകരമായി തീർത്താണ് ഇപ്പോൾ ഫലപ്രഖ്യാപനം.

ഇതെല്ലാം ഇങ്ങനെ വിവരിക്കുംപോലെ എളുപ്പത്തിലുള്ള കാര്യം ആയിരുന്നില്ല. എന്തും രാഷ്ട്രീയ ആയുധമാക്കാൻ ഒരുങ്ങിനിന്ന പ്രതിപക്ഷം. പരീക്ഷ നടത്തിയില്ലെങ്കിൽ കുട്ടികളുടെ ഭാവി തുലച്ചെന്നും നടത്തിയാൽ അവരെ കൊലയ്ക്ക്‌ കൊടുത്തെന്നും ആരവം ഉയർത്താനായിരുന്നു 2020ലെ പരീക്ഷക്കാലത്ത് അവർ ശ്രമിച്ചത്. ഇത്തവണ വോട്ടെടുപ്പ് കഴിഞ്ഞായിരുന്നു പരീക്ഷ എന്നതിനാൽ അത്ര ബഹളം ഉണ്ടായില്ല. കോവിഡ് പ്രതിരോധത്തിൽ മൊത്തത്തിൽ  പുലർത്തിയ സമീപനം ഇക്കാര്യത്തിലും സർക്കാർ സ്വീകരിച്ചു. ജനങ്ങൾക്ക് വേണ്ടതൊന്നും വേണ്ടെന്നു വയ്‌ക്കാതെ ഈ ആരോഗ്യ അടിയന്തരാവസ്ഥക്കാലത്തും പ്രവർത്തിച്ചു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്‌ മൂന്നു ദിവസംമുമ്പ് പരീക്ഷ പൂർത്തിയാക്കി. ഇപ്പോൾ ഫലവും വന്നു.

ചെറിയൊരു ശതമാനം കുട്ടികൾ ഉപരിപഠനത്തിന്‌ അർഹത നേടാതെയുണ്ട്. എസ്എസ്എൽസിക്ക് 0.53 ശതമാനവും ടിഎച്ച്എസ്എൽസിക്ക് 0.28 ശതമാനവും. ഇവർക്കുള്ള സേ പരീക്ഷ വൈകാതെ ഉണ്ടാകും. കൂടുതൽ വിജയികൾ ഉള്ളതിനാൽ എല്ലാവർക്കുമുള്ള സീറ്റ്‌ ഇപ്പോൾ ഉണ്ട് എന്നുറപ്പില്ല. എന്നാൽ, ആശങ്ക വേണ്ടെന്നും എല്ലാ വിദ്യാർഥികൾക്കും വിവിധ പഠനശാഖകളിലായി ഉപരിപഠനം ഉറപ്പാക്കാൻ വേണ്ടത് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസമേഖലയിൽ ഏറെ മാറ്റത്തിന്‌ കളമൊരുക്കിയ ഭരണമായിരുന്നു കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റേത്. സർക്കാർ വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രമായി മാറിയതോടെ സിബിഎസ്ഇ സ്കൂളുകളിൽനിന്ന് കൂടുതൽ കുട്ടികൾ സർക്കാർ സ്കൂളുകളിൽ എത്തുന്നു. ഈ പ്രവണത തുടരുകയാണ്. അതുകൊണ്ടുതന്നെ ഹയർ സെക്കൻഡറി അധ്യയനം മുടക്കമില്ലാതെ മുന്നോട്ട്‌ കൊണ്ടുപോകേണ്ടതുണ്ട്.

കോവിഡിന്റെ രണ്ടാം തരംഗം അടങ്ങിയിട്ടില്ല. മൂന്നാം തരംഗം ഒരുങ്ങിനിൽക്കുന്നു. പ്രവേശന നടപടി വേഗത്തിലാക്കണം. ഓൺലൈൻ പ്രവേശനം തുടർന്നാൽ മതിയാകും. അധ്യയനത്തിനും തുടക്കത്തിൽ ഓൺലൈൻ മാർഗം തേടേണ്ടിവരും. ഇക്കാര്യങ്ങളിൽ സർക്കാർ കരുതലോടെ നീങ്ങുന്നുണ്ട്. കഴിഞ്ഞ വർഷത്തെ സ്ഥിതി വരില്ലെന്നും വിദ്യാലയങ്ങൾ തുറക്കാൻ കഴിയുന്ന സ്ഥിതി വൈകാതെ ഉണ്ടാകുമെന്നും പ്രത്യാശിക്കാം. വിജയിച്ച വിദ്യാർഥികൾക്ക് ആശംസകൾ നേരുന്നു. വിജയം അകന്നുപോയവരും നിരാശപ്പെടേണ്ടതില്ല. ഈ പരീക്ഷ  ഒന്നിന്റെയും അവസാനമല്ല. ജീവിതപ്പാതയിലെ ഒരു പടവുമാത്രമെന്ന്‌ മനസ്സിലാക്കുക. കൂടുതൽ വിജയങ്ങൾക്കായി പ്രയത്നിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top