30 May Tuesday

രജപക്‌സെമാരുടെ പതനം ഇന്ത്യക്കും പാഠം

വെബ് ഡെസ്‌ക്‌Updated: Wednesday May 11, 2022


ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെ പതനം അപ്രതീക്ഷിതമല്ലെങ്കിലും അത്‌ രാജ്യത്തെ സർവമേഖലയിലും ആധിപത്യം പുലർത്തി അടക്കിഭരിച്ചുവന്ന രജപക്‌സെ കുടുംബത്തിന്റെ കണക്കുകൂട്ടലെല്ലാം തെറ്റിച്ചു. രാജ്യത്തെ സിംഹളവംശീയ ഭൂരിപക്ഷം ദൈവത്തെപ്പോലെയോ അമാനുഷ ശക്തിയുള്ള നേതാവായോ കണ്ട്‌ ആരാധിച്ചിരുന്ന മഹിന്ദയ്‌ക്ക്‌ ജനരോഷത്താൽ പട്ടാളത്താവളത്തിൽ അഭയംതേടേണ്ടി വന്നിരിക്കുകയാണ്‌. കുടുംബത്തിന്റെ സമ്പൂർണ പതനം ഒഴിവാക്കാൻ അനുജനായ പ്രസിഡന്റ്‌ ഗോതബായ രജപക്‌സെ ഇടക്കാല ദേശീയ സർക്കാരിന്‌ ആഹ്വാനം ചെയ്‌തിട്ടുണ്ടെങ്കിലും പ്രതിപക്ഷം ആ നിർദേശം തള്ളി. വികലമായ നവഉദാര നയങ്ങൾ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയാണ്‌ ശ്രീലങ്കയെ രാഷ്‌ട്രീയമായ വിസ്‌ഫോടനാവസ്ഥയിലേക്ക്‌ തള്ളിയിട്ടത്‌ എന്നതിനാൽ അവിടെ എന്താണ്‌ സംഭവിക്കുന്നതെന്ന്‌ ലോകം ഉറ്റുനോക്കുകയാണ്‌. വിശേഷിച്ച്‌ സമാന പ്രതിസന്ധിയിൽനിന്ന്‌ അത്ര അകലെയല്ലാത്ത ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾ.

സാമ്പത്തികക്കുഴപ്പം ഭക്ഷ്യക്ഷാമത്തിനും ഊർജപ്രതിസന്ധിക്കും മറ്റും ഇടയാക്കിയതിനെത്തുടർന്ന്‌ ശ്രീലങ്കയിൽ ജനങ്ങളുടെ പ്രതിഷേധം ഉയരാൻ തുടങ്ങിയിട്ട്‌ രണ്ടു മാസമായി. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളും അന്താരാഷ്‌ട്ര ഏജൻസികളും ചെറിയ സഹായങ്ങളും നീക്കുപോക്കുകളും പ്രഖ്യാപിച്ചെങ്കിലും ദ്വീപുരാഷ്‌ട്രം നേരിടുന്ന കുഴപ്പം അതിജീവിക്കാൻ അതൊന്നും മതിയാകില്ല എന്നാണ്‌ സ്ഥിതി. ഇതിനിടെ, കഴിഞ്ഞമാസംമുതൽ ജനങ്ങൾ തലസ്ഥാനത്ത്‌ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു പുറത്ത്‌ തമ്പടിച്ച്‌ പ്രതിഷേധിക്കുകയാണ്‌. ഈ പ്രതിഷേധത്തിന്‌ ഒരുമാസം തികഞ്ഞ തിങ്കളാഴ്‌ച പ്രതിഷേധക്കാരെ നേരിടാൻ രജപക്‌സെ കുടുംബം ഭരണകക്ഷിയുടെ പ്രവർത്തകരെ രംഗത്തിറക്കിയതാണ്‌ സ്ഥിതി സ്‌ഫോടനാത്മകമാക്കിയത്‌.


 

രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്ന്‌ ബസുകളിൽ എത്തിച്ച സർക്കാർ അനുകൂലികൾ വടികളും ദണ്ഡുകളും മറ്റും ഉപയോഗിച്ച്‌ പ്രക്ഷോഭകരെ ആക്രമിക്കുകയായിരുന്നു. ഇരുനൂറിലേറെപ്പേർക്ക്‌ പരിക്കേറ്റു. അക്രമസംഭവങ്ങളിൽ അഞ്ച്‌ മരണമെന്നും ഏഴ്‌ മരണമെന്നും വ്യത്യസ്‌ത റിപ്പോർട്ടുണ്ട്‌. ഭരണകക്ഷി എംപിയായ അമരകീർത്തി അതുകൊരാളയ്‌ക്ക്‌ ജീവനൊടുക്കേണ്ടിവന്നു. തന്റെ വാഹനം വളഞ്ഞ ജനക്കൂട്ടത്തിനുനേർക്ക്‌ എംപി നടത്തിയ വെടിവയ്‌പിൽ രണ്ടുപേർ കൊല്ലപ്പെട്ടതിനെത്തുടർന്നാണ്‌ അദ്ദേഹത്തിന്റെ മരണം. പ്രസിഡന്റിന്റെ വസതിക്കു മുന്നിലും പ്രക്ഷോഭകർ ആക്രമിക്കപ്പെട്ടു. ഇവിടെ പ്രക്ഷോഭകരെ സന്ദർശിച്ച പ്രധാന പ്രതിപക്ഷ കക്ഷിയായ സമാഗി ജന ബലവേഗയ നേതാവ്‌ സജിത്‌ പ്രേമദാസയ്‌ക്കു നേരെയും ആക്രമണമുണ്ടായി. സ്ഥലത്തുണ്ടായിരുന്ന സൈന്യവും സായുധ പൊലീസും ഭരണാനുകൂലികളുടെ അതിക്രമങ്ങൾ നോക്കിനിൽക്കുകയായിരുന്നുവെന്നാണ്‌ പറയുന്നത്‌. പ്രതിഷേധിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാൻ അവർ കണ്ണീർവാതകപ്രയോഗം നടത്തി. യുഎസ്‌ എംബസി കെട്ടിടത്തിലും കണ്ണീർവാതക ഷെല്ലുകൾ വീണുപൊട്ടി. പ്രധാനമന്ത്രിയുടെ മന്ദിരത്തിൽനിന്ന്‌ വെടിവയ്‌പുണ്ടായിയെന്ന്‌ ആക്ഷേപമുണ്ടെങ്കിലും ആളുകളെ വിരട്ടാൻ ആകാശത്തേക്ക്‌ വെടിവച്ചതാണ്‌ എന്നാണ്‌ അധികൃതരുടെ വാദം.

അടിച്ചമർത്തൽ പ്രതിഷേധം രൂക്ഷമാക്കിയപ്പോഴാണ്‌ മഹിന്ദ സർക്കാർ രാജിവയ്‌ക്കാൻ നിർബന്ധിതമായത്‌. എൽടിടിഇയെ തകർത്ത്‌ രാജ്യത്തെ ആഭ്യന്തരയുദ്ധത്തിൽനിന്ന്‌ കരകയറ്റിയ നേതാവെന്നനിലയിൽ, മഹിന്ദയെ രണ്ട്‌ സഹസ്രാബ്ദംമുമ്പ്‌ അനുരാധപുര ഭരിച്ച  ദുട്ടുഗാമുനു രാജാവിന്റെ അവതാരമായാണ്‌ സിംഹള വംശീയവാദികൾ പ്രകീർത്തിച്ചിരുന്നത്‌. അതിശക്തനായ ഭരണാധികാരിയെന്ന്‌ അഹങ്കരിച്ചിരുന്ന മഹിന്ദയെ ഒടുവിൽ പട്ടാളക്കാർ ചൊവ്വാഴ്‌ച പുലരുംമുമ്പേ വസതിയിൽനിന്ന്‌ രക്ഷിച്ച്‌ ഹെലികോപ്‌റ്ററിൽ വടക്കുകിഴക്കൻ ഭാഗത്തെ ട്രിങ്കോമാലി നാവികസേനാ താവളത്തിൽ എത്തിക്കേണ്ടിവന്നു. ചില കുടുംബാംഗങ്ങൾ രാജ്യം വിട്ടതായും റിപ്പോർട്ടുണ്ട്‌.

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ജനവികാരം മാനിക്കാത്ത ഭരണാധികാരികൾക്കെല്ലാം പാഠമാണ്‌ മഹിന്ദയുടെ അനുഭവം. ഭക്ഷ്യവിലക്കയറ്റം, ഉയരുന്ന ഊർജവില, മുറുകുന്ന സാമ്പത്തികക്കുരുക്കുകൾ എന്നീ മൂന്നു പ്രശ്‌നത്തിൽ ഒന്നെങ്കിലും ലോകത്തെ 107 രാജ്യങ്ങൾ നേരിടുന്നതായാണ്‌ യുഎൻ ഏജൻസിയായ അൺക്ടാഡിന്റെ സമീപകാല റിപ്പോർട്ടിലുള്ളത്‌. അവയിൽ 69 രാജ്യങ്ങൾ ഈ മൂന്നു കുഴപ്പവും നേരിടുന്നുണ്ട്‌. അത്‌ ആദ്യം പൊട്ടിത്തെറിയിൽ എത്തിയത്‌ ശ്രീലങ്കയിലാണെന്നു മാത്രം. ഇന്ത്യയടക്കം മറ്റു രാജ്യങ്ങളിലും നവഉദാര നയങ്ങൾക്കെതിരെ ജനരോഷം വളരുകയാണ്‌. രജപക്‌സെമാരെപ്പോലെ ഭൂരിപക്ഷ വികാരമുണർത്തി ജനങ്ങളെ ഭിന്നിപ്പിച്ച്‌ അത്‌ നേരിടാമെന്ന്‌ കരുതുന്നവർക്ക്‌ പേടിസ്വപ്‌നമായിരിക്കും ശ്രീലങ്കയിലെ സംഭവങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top