03 June Saturday

രജപക്‌സെമാരുടെ നാടകത്തിൽ ജനങ്ങൾ വീഴില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Apr 5, 2022


ശ്രീലങ്ക അത്യന്തം നാടകീയമായ രാഷ്ട്രീയ സംഭവവികാസങ്ങൾക്ക് സാക്ഷിയാകുകയാണ്. ഞായർ അർധരാത്രി പിന്നിട്ടതോടെ പ്രധാനമന്ത്രി മഹിന്ദ ഒഴികെ ഇരുപത്താറ് മന്ത്രിമാർ രാജിവച്ചിരുന്നു. തുടർന്ന്, മഹിന്ദ കുടുംബത്തിലെ മറ്റംഗങ്ങളെ ഒഴിവാക്കി നാലംഗ ഇടക്കാല സർക്കാർ നിലവിൽ വന്നു. പ്രതിപക്ഷ പാർടികളെക്കൂടി ചേർത്ത് മന്ത്രിസഭ വിപുലമാക്കാനുള്ള നിർദേശം പ്രധാനമന്ത്രി മഹിന്ദയുടെ ജ്യേഷ്ഠൻ കൂടിയായ പ്രസിഡന്റ് ഗോതബായ രജപക്‌സെ മുന്നോട്ടുവച്ചെങ്കിലും മന്ത്രിസഭയിൽ അവർ ചേരില്ലെന്നാണ് വിവരം. മഹിന്ദയുടെ മകനും കായികമന്ത്രിയുമായ നമൽ രജപക്‌സെ രാജിവച്ചതോടെയാണ് മറ്റു മന്ത്രിമാർ രാജിവച്ചത്. 

രജപക്‌സെമാരുടെ  കുടുംബവാഴ്ചയ്‌ക്കെതിരെ രാജ്യമൊട്ടുക്ക് ഉയരുന്ന പ്രതിഷേധം തണുപ്പിക്കാനാണ് ഈ രാജി നാടകം. ഈ നാടകങ്ങൾക്ക് കൂട്ടുനിൽക്കില്ലെന്ന് പ്രതിപക്ഷ മുന്നണിയെ നയിക്കുന്ന സജിത് പ്രേമദാസയും ശ്രീലങ്കയിലെ കമ്യൂണിസ്റ്റ് പാർടിയായ ജെവിപിയും വ്യക്തമാക്കിയതോടെ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന്‌ ഉറപ്പാണ്.

ജനാധിപത്യപരമായി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് ദേശീയ സർക്കാർ രൂപീകരണത്തിന് പ്രസിഡന്റ് ഗോതബായ രജപക്‌സെ പ്രതിപക്ഷ പങ്കാളിത്തം അഭ്യർഥിച്ചിട്ടുള്ളത്. പ്രതിസന്ധിക്ക് സാമ്പത്തികവും ആഗോളവുമായ മാനങ്ങൾ ഉണ്ടെന്ന പ്രസിഡന്റിന്റെ വാദത്തിന്‌ ജനങ്ങളും പ്രതിപക്ഷവും വിലകൽപ്പിക്കില്ലെന്നുറപ്പാണ്. കാരണം നയം മാറ്റാതെ, ഭരിക്കുന്ന ആളുകൾമാത്രം മാറിയതുകൊണ്ട് തീരുന്ന പ്രതിസന്ധിയല്ല ശ്രീലങ്കയുടേത്. 

1940കളുടെ ഒടുവിൽ കൊളോണിയൽ ഭരണത്തിൽനിന്ന് സ്വാതന്ത്ര്യം നേടിയ ഏഷ്യൻ രാജ്യങ്ങളിൽ മിക്കവാറും ഭരണത്തിലേറിയത് അന്നാടുകളിലെ  ബൂർഷ്വാ- ജന്മി വർഗത്തെ പ്രതിനിധാനം ചെയ്യുന്ന സർക്കാരുകളാണ്.  കൊളോണിയൽ നുകം വലിച്ചെറിഞ്ഞെങ്കിലും സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ കഴിയാത്ത അത്തരം രാജ്യങ്ങളിൽ ഒന്നാണ് ശ്രീലങ്ക. അതുകൊണ്ടുതന്നെ ശ്രീലങ്കയിലെ ഇപ്പോഴത്തെ പ്രതിസന്ധിയുടെ വേരുകൾ ചികയേണ്ടത് സമീപഭൂതകാലത്തെ  സംഭവവികാസങ്ങളിലല്ല. വലതുപക്ഷ സർക്കാരുകൾ തുടർച്ചയായി  ഭരിച്ച ശ്രീലങ്ക ഇന്ന് അതിന്റെ ഏറ്റവും ദയനീയമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.  


 

വലതുപക്ഷ സർക്കാരുകൾ തുടർന്ന സാമ്രാജ്യത്വ അനുകൂല സാമ്പത്തിക നയങ്ങളും ദ്വീപ് രാജ്യത്തെ അടിമുടി ഗ്രസിച്ച അഴിമതിയും തന്നെയാണ് പ്രതിസന്ധിക്ക് കാരണം.  ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും കുറിപ്പടികൾ അനുസരിക്കുന്ന ഏതു ഭരണകൂടത്തിനും സംഭവിക്കാവുന്നത് തന്നെയാണ് ശ്രീലങ്കയിലും സംഭവിച്ചത്. 

പത്തു വർഷമായി ശ്രീലങ്കയിൽ സാമ്പത്തികത്തകർച്ച പ്രകടമായിരുന്നു. ഗോതബായ സർക്കാർ അധികാരത്തിൽ വന്നതോടെ വാറ്റ്  നികുതിയിൽ കുറവ് വരുത്തിയത് നികുതി വരുമാനം ഗണ്യമായി ഇടിയാൻ കാരണമായി. കാർഷികമേഖലയിൽ കൊണ്ടുവന്ന തലതിരിഞ്ഞ പരിഷ്‌കാരങ്ങൾ കൂനിന്മേൽ കുരുപോലെയായി. തീവ്രവാദി ആക്രമണങ്ങളും കോവിഡ് മഹാമാരിയും പ്രകൃതിക്ഷോഭങ്ങളുമെല്ലാം പ്രതിസന്ധിയുടെ തീവ്രത വർധിപ്പിച്ചെന്നുമാത്രം. അന്താരാഷ്ട്ര കടപ്പത്രങ്ങൾ എടുത്തതുമൂലമുണ്ടായ  ഡോളർ പ്രതിസന്ധിയുമുണ്ട്‌. പതിനഞ്ചും ഇരുപതും മണിക്കൂർ പവർകട്ട് സഹിക്കേണ്ടി വരുന്ന, ഇന്ധനത്തിനും ഭക്ഷണത്തിനും പാചക വാതകത്തിനും പാലിനും പരക്കം പായുന്ന ജനങ്ങൾ കർഫ്യു കൂസാതെ പ്രക്ഷോഭം നടത്തിയതിൽ അത്ഭുതപ്പെടാനില്ല. പ്രക്ഷോഭകരിൽ ബുദ്ധമതക്കാരും മുസ്ലിങ്ങളും തമിഴരും ക്രിസ്ത്യാനികളും ഉണ്ട്.

പ്രതിഷേധിക്കുന്നവരെ തീവ്രവാദികളായി മുദ്രകുത്തുന്ന നയങ്ങൾ തീർച്ചയായും സർക്കാരിനെതിരെയുള്ള രോഷത്തിന്‌ മൂർച്ച കൂട്ടിയിരിക്കുന്നു. സർക്കാരിനെ രാഷ്ട്രീയമായി എതിർക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്ന ശ്രീലങ്കയിലെ വംശീയവാദി ഭരണകൂടത്തിന് ഇന്ത്യയിലെ സംഘപരിവാർ ഭരണമാണ് മാതൃക. ശ്രീലങ്കൻ തമിഴ് വിമോചന പുലികളെ ആയുധബലംകൊണ്ട് അടിച്ചമർത്തിയ രജപക്‌സെമാർക്ക് ഇപ്പോൾ ശ്രീലങ്കൻ മുസ്ലിങ്ങളാണ് ശത്രുക്കൾ. ശ്രീലങ്കൻ പൊതുജന പെരുമുന നേതാക്കളായ രജപക്‌സെമാർ നയിക്കുന്ന സർക്കാരിനെതിരെ  അരങ്ങേറുന്ന ശക്തമായ പ്രക്ഷോഭം തീർച്ചയായും കോർപറേറ്റ് അനുകൂല നയങ്ങൾ അടിച്ചേൽപ്പിക്കുന്ന ഇന്ത്യൻ ഭരണാധികാരികൾക്കും പാഠമാകേണ്ടതാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top