26 April Friday

ശ്രീലങ്കൻ ജനതയുടെ അതിജീവന പോരാട്ടം

വെബ് ഡെസ്‌ക്‌Updated: Monday Jul 11, 2022


മനുഷ്യരെ അവരുടെ ജീവിതത്തിൽനിന്ന് പിഴുതെറിയുന്ന ഭരണ, സാമ്പത്തിക നയങ്ങൾക്കെതിരെ അതിശക്തമായ ജനകീയ പോരാട്ടം. ഒരു ജനത അതിജീവനത്തിനായി നടത്തിയ മഹാമുന്നേറ്റം. ജീവിതം എങ്ങനെയും സംരക്ഷിക്കുന്നതിന് ഓരോ മനുഷ്യനും ആരുടെയും ആഹ്വാനമില്ലാതെ ആ മുന്നേറ്റത്തിൽ അണിചേരുകയായിരുന്നു. ജനരോഷത്തിന്റെ, ക്ഷോഭത്തിന്റെ വേലിയേറ്റത്തിൽ ബാരിക്കേഡുകൾ തകർന്നടിഞ്ഞു. ജനങ്ങളും ഭരണകൂടവും മുഖാമുഖം ഏറ്റുമുട്ടിയപ്പോൾ ജനശക്തിക്കു മുന്നിൽ പട്ടാളവും സുരക്ഷാസേനയുമെല്ലാം വഴിമാറി. ജനങ്ങൾ പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചെടുത്തു. ജനശക്തിയുടെ വരവറിഞ്ഞ് പ്രസിഡന്റ് നേരത്തേതന്നെ കൊട്ടാരം വിട്ടോടി. പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചു.

ജീവിതം തകർത്തെറിഞ്ഞ  നയങ്ങൾക്കെതിരെ ജനങ്ങൾ പ്രഖ്യാപിച്ച  സന്ധിയില്ലാ സമരം വിസ്ഫോടകമായ പുതിയൊരു ദശയിലേക്ക് കടന്നതാണ് ശനിയാഴ്ച ശ്രീലങ്കയിൽ കണ്ടത്. ഒരായുധവും കൈയിൽ ഇല്ലാതെ, ശ്രീലങ്കൻ പതാകയേന്തി ജനങ്ങൾ കൂട്ടംകൂട്ടമായി അണിചേർന്ന ജീവന്മരണ പോരാട്ടത്തിനാണ് ലങ്ക സാക്ഷ്യംവഹിക്കുന്നത്. പ്രസിഡന്റ് ഗോതബായ രജപക്‌സെ ജൂലൈ 13നു  രാജിവയ്ക്കുമെന്ന് പറയുന്നുണ്ടെങ്കിലും പ്രക്ഷോഭകർ പിന്മാറിയിട്ടില്ല. പ്രധാനമന്ത്രി റെനിൽവിക്രമ സിംഗെ ശനിയാഴ്ച രാത്രിതന്നെ രാജി പ്രഖ്യാപിച്ചിട്ടുണ്ട്.  ഗോതബായ രാജിവച്ചാൽ രാജ്യത്ത് പതിറ്റാണ്ടുകൾ നീണ്ട പക്സെ കുടുംബവാഴ്ചയ്‌ക്ക് അന്ത്യമാകും. ഇതിനിടെ, സർവകക്ഷി സർക്കാർ രൂപീകരിക്കാൻ സ്പീക്കർ മഹിന്ദ യാപ അഭെയ്‌ വർധനെയുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നുണ്ട്.

രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ ഭക്ഷണംപോലും കിട്ടാതെ നട്ടംതിരിയുന്ന ശ്രീലങ്കൻ ജനത ഏപ്രിൽ മുതൽ വലിയ പ്രക്ഷോഭത്തിലാണ്. ഇതേ തുടർന്ന് മേയിൽ അന്നത്തെ പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവച്ചെങ്കിലും മഹിന്ദയുടെ സഹോദരനായ പ്രസിഡന്റ് ഗോതബായ അധികാരത്തിൽ കടിച്ചുതൂങ്ങി. പുതിയ പ്രധാനമന്ത്രിയായി തന്റെ അടുപ്പക്കാരനായ റനിൽവിക്രമ സിംഗയെ നിയമിക്കുകയും ചെയ്തു.  യുണൈറ്റഡ് നാഷണൽ പാർടിയുടെ (യുഎൻപി), പാർലമെന്റിലെ ഏക അംഗമായ സിംഗെ പ്രധാനമന്ത്രിയായെങ്കിലും ഒരു പ്രശ്നവും പരിഹരിക്കപ്പെട്ടില്ല. പ്രസിഡന്റ് രാജിവയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട് ഏപ്രിലിൽത്തന്നെ ഗോതബായയുടെ ഓഫീസിനു മുന്നിൽ  വലിയ പ്രക്ഷോഭം തുടങ്ങിയിരുന്നു. ആ പ്രക്ഷോഭമാണ് ‘രാജ്യമെന്നാകെ കൊളംബോയിലേക്ക്' എന്നപേരിൽ ശനിയാഴ്ച വലിയ ജനമുന്നേറ്റമായി മാറിയത്.

നവലിബറൽ സാമ്പത്തികനയം ആദ്യമായി നടപ്പാക്കിയ രാജ്യങ്ങളിലൊന്നാണ് ശ്രീലങ്ക. ഐഎംഎഫ് നൽകിയ വായ്പകൾക്കൊപ്പം പതിറ്റാണ്ടുകളായി നടപ്പാക്കിയ ആ നയങ്ങളുടെ പ്രത്യാഘാതവും കെടുതികളുമാണ് ലങ്ക ഇന്ന് അനുഭവിക്കുന്നത്. രൂക്ഷമായ വിലക്കയറ്റം, ഭക്ഷ്യക്ഷാമം, വിദേശനാണ്യ ശേഖരത്തിൽ വൻ തകർച്ച, കടക്കെണി , പെട്രോളും ഡീസലും പാചകവാതകവുമൊന്നും കിട്ടാത്ത അവസ്ഥ, വൈദ്യുതി ക്ഷാമം, മരുന്നുകളില്ലാതെ ആശുപത്രികൾ പോലും പൂട്ടിയിടുന്ന സാഹചര്യം .....  ബഹുമുഖ പ്രതിസന്ധികളാണ് ശ്രീലങ്ക നേരിടുന്നത്. സാമ്രാജ്യത്വ പരിഷ്കാരങ്ങളും ഉപാധിയോടെയുള്ള വായ്പകളും ഓരോ ഘട്ടത്തിലും പ്രതിസന്ധി രൂക്ഷമാക്കി. ജനങ്ങൾ ഒരുതരത്തിലും ജീവിക്കാൻ കഴിയാതെ പരക്കംപായുന്ന സ്ഥിതി. ഈ സാഹചര്യത്തിലാണ് ‘ഗോതബായ ഗോ ഹോം' എന്ന മുദ്രാവാക്യവുമായി ജനങ്ങൾ തെരുവിലിറങ്ങി പ്രക്ഷോഭത്തിന് തുടക്കം കുറിക്കുന്നത്. ജീവൽ പ്രശ്നത്തിൽ, വംശീയതയടക്കം എല്ലാ ഭിന്നതയും മറന്ന് ജനങ്ങൾ ഒറ്റക്കെട്ടായി. കൊളംബോ നഗരത്തിലേക്ക് ഇരമ്പിയാർത്തു വന്നത് ആ ബഹുജന മുന്നേറ്റമാണ്.

ഈ  നയങ്ങൾ നടപ്പാക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ശ്രീലങ്ക ഒരു മുന്നറിയിപ്പും പാഠവുമാണ്. നവലിബറൽ നയങ്ങൾ തീവ്രമായി നടപ്പാക്കുന്ന രാജ്യമാണ് ഇന്ത്യ. ഇവിടെയും സാമ്പത്തികത്തകർച്ചയും വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാണ്. ഇതിനുപുറമെ, രൂപയുടെ വിനിമയനിരക്ക് ഇടിയുന്നതും വിദേശനാണ്യശേഖരം കുറയുന്നതുമൂലവുമുള്ള പ്രതിസന്ധികൾ. ലങ്കൻ പാഠം ഇന്ത്യയിലെ ഭരണക്കാർ  നല്ലതുപോലെ പഠിക്കണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top