03 October Tuesday

ശ്രീലങ്കയിലെ സ‌്ഫോടനപരമ്പര

വെബ് ഡെസ്‌ക്‌Updated: Monday Apr 29, 2019


ഈസ്റ്റർ ഞായറാഴ്ച ശ്രീലങ്കയിലുണ്ടായ ചാവേർ സ‌്ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഇസ്ലാമിക സ്റ്റേറ്റ് ഏറ്റെടുത്തതോടെ തെക്കു-കിഴക്കൻ ഏഷ്യയിലേക്കും ഐഎസ് എന്ന ഭീകരവാദപ്രസ്ഥാനം അതിന്റെ സ്വാധീനം വർധിപ്പിക്കുകയാണോ എന്ന ആശങ്ക ഉയർന്നിരിക്കുകയാണ്. ഐഎസ് നേരിട്ടാണോ അതോ ശ്രീലങ്കയിലെ നാഷണൽ തൗഹീദ‌് ജമാഅത്തിന്റെ സഹായത്തോടെയാണോ ഈ സ്ഫോടനപരമ്പര സൃഷ്ടിച്ചത് എന്ന കാര്യം വ്യക്തമായിട്ടില്ല. എട്ടിടത്താണ് ഈസ്റ്റർ ദിവസം സ്ഫോടനമുണ്ടായത്. അതിപ്പോഴും തുടരുകയുമാണ്. ഈസ്റ്റർ ദിവസം മാത്രം 250 പേരാണ് കൊല്ലപ്പെട്ടത്. ഇത്രയും വലിയ ആക്രമണപരമ്പര ആസൂത്രണംചെയ്യാൻ ശ്രീലങ്കയിലെ എൻടിജെക്ക് കഴിയുമോ എന്ന സംശയം നേരത്തേതന്നെ ഉയർന്നിരുന്നു. സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഐഎസ‌് ഏറ്റെടുത്തതോടെ ഈ സംശയമാണ് ദൂരീകരിക്കപ്പെട്ടതെങ്കിലും തുടരന്വേഷണത്തിലൂടെ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കപ്പെടൂ.

ഇറാഖിലും സിറിയയിലുമുള്ള വലിയ ഭൂപ്രദേശത്തിന്റെ നിയന്ത്രണം ഐഎസിന് ഈയടുത്തിടെ നഷ്ടപ്പെട്ടിരുന്നു. സിറിയയിലെ റാഖയും ഇറാഖിലെ മൊസൂളും നഷ്ടമായതോടെതന്നെ അബുബക്കർ അൽബാഗ്ദാദി സ്ഥാപിച്ച കാലിഫേറ്റ് തകർന്നിരുന്നു. നാലുമാസം മുമ്പാണ് ഐഎസിനുമേൽ പൂർണവിജയം നേടിയതായി അമേരിക്കൻ പ്രസിഡന്റ് ട്രംപ‌് അവകാശവാദം ഉന്നയിച്ചത്. ഒരുമാസം മുമ്പാണ് സിറിയൻ കുർദിഷ് സേനകൾ ഐഎസിനെ ഇറാഖ‌്–-സിറിയൻ അതിർത്തിയിൽനിന്ന‌് പൂർണമായും തുടച്ചുനീക്കിയതായി പ്രഖ്യാപിച്ചത്. എന്നാൽ, ഇതു കൊണ്ടുമാത്രം ഐഎസിനെ ഭൂമുഖത്തുനിന്ന‌്  ഇല്ലാതാക്കാൻ കഴിയില്ലെന്ന് ശ്രീലങ്കയിലെ സ‌്ഫോടനപരമ്പര തെളിയിക്കുന്നു.

നാല് വർഷം മുമ്പേ സിറിയൻ - കുർദിഷ് സേനകളിൽനിന്ന‌് കനത്ത തിരിച്ചടി ലഭിക്കാൻ തുടങ്ങിയതോടെ  ഐഎസ് ഏഷ്യൻ - ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് അവരുടെ സ്വാധീനം വർധിപ്പിക്കാനുള്ള നീക്കം ആരംഭിച്ചിരുന്നു. അഫ്ഗാനിസ്ഥാനിൽ താലിബാനിലെയും അൽ ഖായ്ദയിലെയും അംഗങ്ങൾ വ്യാപകമായി ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടു. ഫിലിപ്പീൻസിലെ അബു സയ്യഫിൽനിന്നും പാകിസ്ഥാൻ താലിബാനിൽനിന്നും പലരും ഐഎസിൽ ചേരുകയുണ്ടായി.

പാകിസ്ഥാൻ, ശ്രീലങ്ക, ഇന്ത്യ , അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്ന‌് നിരവധി യുവാക്കൾ ഐഎസിലേക്ക് ആകർഷിക്കപ്പെട്ടു. ഇവർക്ക് പരിശീലനവുംമറ്റും നൽകുന്നതിനായി അഫ്ഗാനിലെ നംഗർഹന്ധിൽ പ്രത്യേക കേന്ദ്രവും ആരംഭിച്ചു. സിറിയ –- ഇറാഖ‌് അതിർത്തിയിലെ വിദൂരകേന്ദ്രങ്ങളിലും പരിശീലനം നിർബാധം തുടരുകയായിരുന്നു.   കാലിഫേറ്റ് തകർന്നതോടെ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി, പ്രത്യേകിച്ചും ഏഷ്യയിൽ നിരവധി ഭീകരവാദ ആക്രമണങ്ങളും ഐഎസ് നടത്തി. 2016ലെ ഈസ്റ്റർ ദിനത്തിൽ ലാഹോറിൽ ക്രിസ‌്ത്യാനികൾക്കുനേരെ ഭീകരാക്രമണം നടന്നു. ഇതേവർഷംതന്നെ ബംഗ്ലാദേശിലെ ഹോളി ആർട്ടിസാൻ ബേക്കറിക്ക് നേരേ ഭീകരാക്രമണമുണ്ടായി. ഫിലിപ്പീൻസിലെ ക്രിസ‌്ത്യൻ കത്രീഡലിനുനേരേനടന്ന ഭീകരാക്രമണത്തിൽ 23 പേരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണ പരമ്പരയിലെ അവസാനത്തേതാണ് ശ്രീലങ്കയിലേത്. 

കാലിഫേറ്റ് തകർന്നതോടെ ഐഎസ് ഭീകരവാദികൾ ഇറാഖ‌്–-സിറിയ അതിർത്തിയിലെ രഹസ്യതാവളങ്ങളിൽ ഒതുങ്ങുകയോ സിറിയ -–-ജോർദാൻ മരുഭൂമികളിലെ ഒളിത്താവളങ്ങളിലേക്ക് പിൻവലിയുകയോ ചെയ‌്തു. മറ്റുചിലരാകട്ടെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങി. ഇങ്ങനെ ചിലർ ശ്രീലങ്കയിലും ഇന്ത്യയിലും മറ്റും എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.  ഇങ്ങനെ തിരിച്ചെത്തിയ ഐഎസ‌്കാരാണോ ശ്രീലങ്കൻ സ്ഫോടനത്തിനുപിന്നിൽ പ്രവർത്തിച്ചത് എന്ന കാര്യം അന്വേഷണത്തിലൂടെമാത്രമേ സ്ഥിരീകരിക്കാനാകൂ. അതിനുള്ള സാധ്യത തള്ളിക്കളയാനാകില്ല.  ഐഎസിന്റെ കാലിഫേറ്റ് തകർന്നതുകൊണ്ടോ  സിറിയയിലും ഇറാഖിലും അവർക്ക് കനത്ത തിരിച്ചടി ലഭിച്ചതുകൊണ്ടോമാത്രം ഐഎസ് തുടച്ചുനീക്കപ്പെട്ടു എന്ന് ആശ്വസിക്കുന്നത് മൗഢ്യമായിരിക്കും. സൈനികമായ നീക്കങ്ങളിലൂടെ മാത്രം ഐഎസ് പോലുള്ള സംഘടനകളെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന പാഠവും ഇതിൽ ഉൾക്കൊണ്ടിട്ടുണ്ട്.

സലഫി ജിഹാദിസമാണ് ഐഎസ് ഉയർത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്രം.  സൈനികനീക്കത്തിനൊപ്പം ഈ പ്രത്യയശാസ്ത്രത്തെ ചോദ്യംചെയ്യുന്ന രാഷ്ട്രീയ ആഖ്യാനംകൂടി ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ട്. അതിനുള്ള ഒരു ശ്രമവും അമേരിക്കപോലുള്ള രാജ്യങ്ങൾ മുന്നോട്ടുവയ‌്ക്കുന്നില്ല. സാമ്രാജ്യത്വ താൽപ്പര്യസംരക്ഷണത്തിന് ജിഹാദികളെയും  ഉപയോഗിച്ച ചരിത്രമാണ് അമേരിക്കയുടേത്. അതിനാൽ ജിഹാദികൾക്കും സാമ്രാജ്യത്വത്തിനെതിരെയുമുള്ള ദ്വിമുഖ ആശയസമരം അനിവാര്യമാണ്. അതിന് നേതൃത്വം നൽകാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ തയ്യാറാകുമോ എന്നതാണ് പ്രസക്തമായ ചോദ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top