20 April Saturday

സോളാറിന്റെ ചൂടറിഞ്ഞ് ഉമ്മന്‍ചാണ്ടി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 26, 2016


അഞ്ചുമാസം മുമ്പുവരെ കേരളത്തിന്റെ ഭരണസാരഥ്യം വഹിച്ച ഉമ്മന്‍ചാണ്ടിയെ ഒരു തട്ടിപ്പുകേസില്‍ കോടതി ശിക്ഷിച്ചതിലൂടെ യുഡിഎഫിന്റെ ജീര്‍ണരാഷ്ട്രീയം ഒരിക്കല്‍ക്കൂടി തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. അധികാരം സ്വത്തുസമ്പാദനത്തിനും സ്വജനസേവനത്തിനുമായി നിര്‍ലജ്ജം ഉപയോഗിച്ചുപോന്ന ഉമ്മന്‍ചാണ്ടിയെയും കൂട്ടാളികളെയും ജനകീയകോടതി ശിക്ഷിച്ചതിന് തൊട്ടുപിന്നാലെയാണ് നീതിപീഠത്തിന്റെ വിധി. ഭരണത്തില്‍ തുടരുമ്പോള്‍ത്തന്നെ ഇവര്‍ക്കെതിരെ ആരംഭിച്ച നിരവധി കോടതി നടപടികളില്‍ ആദ്യം തീര്‍പ്പായ കേസില്‍തന്നെ മുന്‍ മുഖ്യമന്ത്രി ശിക്ഷിക്കപ്പെട്ടു. ജനപ്രതിനിധിപദം ഒഴിയാനോ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാനോ ഉള്ള നീതിബോധം ഉമ്മന്‍ചാണ്ടിയില്‍നിന്ന് ആരും പ്രതീക്ഷിക്കില്ല.  കോണ്‍ഗ്രസ് നേതൃത്വമാകട്ടെ കുറ്റകരമായ മൌനത്തിലുമാണ്.

സോളാര്‍ വൈദ്യുതപദ്ധതിക്ക് കേന്ദ്രാനുമതിയും സബ്സിഡിയും സംഘടിപ്പിച്ചുകൊടുക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പില്‍ കൂട്ടുപ്രതികള്‍ 1.35 കോടി വാങ്ങി വഞ്ചിച്ചുവെന്നതാണ് കേസ്. അന്യായക്കാരനായ ബംഗളൂരുവിലെ മലയാളി വ്യവസായി എം കെ കുരുവിള ക്ളിഫ്ഹൌസിലെത്തി ഉമ്മന്‍ചാണ്ടിയുമായി നേരിട്ട് ചര്‍ച്ച നടത്തിയശേഷമാണ് മറ്റു പ്രതികളുടെ അക്കൌണ്ടിലേക്ക് പണം കൈമാറിയത്. പ്രതികളിലൊരാള്‍ മുഖ്യമന്ത്രിയുടെ അടുത്തബന്ധുവാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. കുരുവിള പരാതിനല്‍കുകയും വാര്‍ത്താസമ്മേളനത്തില്‍ വിവരങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ കേരള പൊലീസ് ബംഗളൂരുവിലെത്തി മറ്റൊരു കേസില്‍ കുരുവിളയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. കേരളത്തിലെ അന്വേഷണത്തില്‍ നീതി ലഭിക്കില്ലെന്ന് മനസ്സിലാക്കിയ കുരുവിള ബംഗളൂരു അഡീഷണല്‍ സിറ്റി ആന്‍ഡ് സിവില്‍ സെഷന്‍സ് കോടതിയില്‍ നഷ്ടപരിഹാര കേസ് ഫയല്‍ചെയ്തു. പലിശയും കോടതിച്ചെലവുമടക്കം 1.60 കോടി പ്രതികള്‍ നല്‍കണമെന്നാണ് വിധി.

കുരുവിളയുടെ കേസ് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. കേരളത്തിലെമ്പാടും നൂറുകണക്കിനാളുകളില്‍നിന്ന് സരിതയും ബിജു രാധാകൃഷ്ണനും സോളാര്‍ വൈദ്യുതിസംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനായി ലക്ഷങ്ങള്‍ വാങ്ങിയത്ഉമ്മന്‍ചാണ്ടിയുമായുള്ള അടുപ്പം ഉപയോഗിച്ചാണ്. കോണ്‍ഗ്രസ് നേതാവായ മല്ലേലില്‍ ശ്രീധരന്‍നായര്‍ സരിതയെയും കൂട്ടി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നേരില്‍ ബോധ്യപ്പെട്ടശേഷമാണ് പണം നല്‍കിയത്. തട്ടിപ്പ് പുറത്തായതോടെ ഞെട്ടിപ്പിക്കുന്ന അധികാരദുര്‍വിനിയോഗമാണ് കേരളം കണ്ടത്. സരിതയെ അറസ്റ്റ് ചെയ്യാന്‍ പുറപ്പെട്ട പൊലീസ് സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍പോലും ചോര്‍ത്തിക്കൊടുത്തു. കസ്റ്റഡിയിലായ സരിതയെ ജയിലുകള്‍ മാറ്റി കൊണ്ടുനടന്ന് പ്രമുഖരുടെ പേരുകളടങ്ങിയ കത്ത് തിരുത്തിച്ചു. സരിതയുടെ കേസുകള്‍ ഒന്നൊന്നായി ഒത്തുതീര്‍ക്കാന്‍ പണം ഒഴുകി. അന്വേഷണം പ്രഹസനമായി. ഇതിനെതിരെ എല്‍ഡിഎഫ് ഉയര്‍ത്തിയ ശക്തമായ പ്രക്ഷോഭത്തിനുമുന്നില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉമ്മന്‍ചാണ്ടിക്ക് സമ്മതിക്കേണ്ടിവന്നു. ടേംസ് ഓഫ് റഫറന്‍സില്‍നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയ മുഖ്യമന്ത്രിയുടെ ഓഫീസ് ജസ്റ്റിസ് ശിവരാജന്‍ കമീഷന്‍ സ്വമേധയാ ഉള്‍പ്പെടുത്തുകയായിരുന്നു. 14 മണിക്കൂര്‍ ജുഡീഷ്യല്‍ കമീഷനുമുന്നില്‍ വിസ്താരത്തിന് വിധേയനാകേണ്ടി വന്ന മുഖ്യമന്ത്രിയെന്ന 'ബഹുമതി' ഉമ്മന്‍ചാണ്ടിക്കുമാത്രം. 

സരിതയും ബിജു രാധാകൃഷ്ണനുമായി ഉമ്മന്‍ചാണ്ടിക്കുള്ള ബന്ധത്തിന്റെ സുവ്യക്തമായ തെളിവുകള്‍ നേരത്തെതന്നെ പുറത്തുവന്നു. സരിതയെ അനുനയിപ്പിക്കാന്‍ ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടതിന്റെ ശബ്ദരേഖകളും കേരളം ഞെട്ടലോടെ കേട്ടു. വാഗ്ദാനം ചെയ്ത പണംകിട്ടാതെ ക്ഷമകെട്ട സരിതയുടെ വെളിപ്പെടുത്തലുകള്‍ മലയാളികളെ അമ്പരപ്പിച്ചു. സരിത ലൈംഗികാരോപണം ഉന്നയിച്ച കൂട്ടത്തില്‍ മുഖ്യമന്ത്രിയും ഉണ്ടായിരുന്നു. വ്യവസായം തുടങ്ങാന്‍ ശ്രമിച്ച തന്നെ രാത്രി ഉറങ്ങാന്‍പോലും സമ്മതിക്കാതെ ഈ ഭരണക്കാര്‍ ബുദ്ധിമുട്ടിച്ചുവെന്നായിരുന്നു വെളിപ്പെടുത്തല്‍. ഓരോ സംഭവവും പുറത്തുവരുമ്പോള്‍ തെളിവുണ്ടോയെന്ന് ചോദിച്ച് ഉമ്മന്‍ചാണ്ടി നാടിന്റെ നീതിബോധത്തെ പരിഹസിച്ചു. തെളിവുകള്‍ വന്നപ്പോള്‍ നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്ന് പറഞ്ഞെങ്കിലും ഉമ്മന്‍ചാണ്ടിയും കൂട്ടാളികളും നയിച്ച വഴിയിലാണ് നിയമം സഞ്ചരിച്ചത്. നിയമത്തെ നേര്‍വഴിക്ക് നടത്താന്‍ പലതവണ കോടതികള്‍ക്ക് ഇടപെടേണ്ടിവന്നു. അപ്പോഴും ജനകീയകോടതിയെയും മനസ്സാക്ഷിയെയും ആണയിട്ട് നിയമവ്യവസ്ഥയുടെ അന്തസ്സ് കെടുത്തി.

ഉത്തരവാദപ്പെട്ട ജനപ്രതിനിധിക്കോ ഭരണാധികാരിക്കോ ചേര്‍ന്നതരത്തില്‍ ഒരുഘട്ടത്തിലും ഉമ്മന്‍ചാണ്ടി പ്രതികരിച്ചുകണ്ടില്ല. അന്യായങ്ങളുടെ കൂമ്പാരത്തിനുമുകളില്‍ നില്‍ക്കുമ്പോഴും ധാര്‍ഷ്ട്യത്തോടെ അദ്ദേഹം ജനങ്ങളെ വെല്ലുവിളിച്ചു. ബംഗളൂരു കോടതിവിധിയോടുള്ള പ്രതികരണവും ഇതുതന്നെ. തന്റെ ഭാഗം കോടതി കേട്ടില്ലെന്ന് പറയുന്ന അദ്ദേഹം, ഒരു അഭിഭാഷകന് വക്കാലത്ത് നല്‍കിയതായി സമ്മതിക്കുന്നു. എന്നാല്‍, ഒരുതുണ്ട് കടലാസ്പോലും ഒരു അഭിഭാഷകനും ബംഗളൂരു കോടതിയില്‍ ഉമ്മന്‍ചാണ്ടിക്കുവേണ്ടി നല്‍കിയിട്ടില്ലെന്ന് മാധ്യമങ്ങള്‍ വെളിപ്പെടുത്തി. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് പരാതിക്കാരനെ കേസ് എടുത്ത് ജയിലില്‍ അടച്ചത്. ഇപ്പോള്‍ അയല്‍ സംസ്ഥാനത്തെ കോടതിയില്‍നിന്ന് ശിക്ഷ ലഭിച്ചപ്പോള്‍ തനിക്ക് സമന്‍സ് കിട്ടിയില്ലെന്ന് പറയാനുള്ള തൊലിക്കട്ടി ഉമ്മന്‍ചാണ്ടിക്കുമാത്രം അവകാശപ്പെട്ടതാണ്.

ഭൂമിതട്ടിപ്പുമുതല്‍ ബാര്‍കോഴവരെ മുഖ്യമന്ത്രിയും മന്ത്രിമാരും കുറ്റാരോപിതരായ ഒട്ടേറെ തട്ടിപ്പുകള്‍ ഭരണചരിത്രത്തിലെ അപൂര്‍വ പ്രതിഭാസംതന്നെ. നാടിന്റെ ക്ഷമയെ പരീക്ഷിച്ച യുഡിഎഫ് ഭരണത്തിന് അര്‍ഹിക്കുന്ന ശിക്ഷതന്നെ ജനകീയകോടതി നല്‍കി. ഇനിയിപ്പോള്‍ അഴിമതിക്കും അരാജകഭരണത്തിനും പരവതാനി വിരിച്ചവര്‍ നിയമവ്യവസ്ഥയ്ക്കുമുന്നില്‍ ഉത്തരം പറയേണ്ട സമയമാണ്. അതിന്റെ തുടക്കമാണ് ബംഗളൂരു കോടതിവിധി. സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമീഷന്‍ ഉള്‍പ്പെടെ വിവിധ അന്വേഷണസംവിധാനങ്ങള്‍ക്കും നീതിപീഠങ്ങള്‍ക്കും മുന്നില്‍ യുഡിഎഫ് ഭരണവൈകൃതങ്ങളുടെ കണക്കെടുപ്പ് നടക്കുകയാണ്. അത് രാഷ്ട്രീയ പകപോക്കലിന്റെ വഴിയിലായിരിക്കില്ലെന്നും വസ്തുതാന്വേഷണത്തെമാത്രം അടിസ്ഥാനപ്പെടുത്തിയായിരിക്കുമെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ഉറപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഇപ്പോള്‍ നിയമം നിയമത്തിന്റെയും നീതിയുടെയും വഴിയിലാണ്. സമാനമായ വിധികള്‍ ഇനിയും പ്രതീക്ഷിക്കാം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്, യുഡിഎഫ് നേതൃത്വം മൌനം വെടിയാന്‍ തയ്യാറാകണം
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top