29 May Wednesday

ജാഗ്രതയോടെ അവരെയും സ്വീകരിക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday May 13, 2020


കോവിഡ് പ്രതിരോധത്തിൽ കേരളം പുതിയൊരു വെല്ലുവിളികൂടി നേരിടുന്ന ദിവസങ്ങളാണ് വരാനിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽനിന്ന് ട്രെയിൻമാർഗം മലയാളികൾ നാട്ടിലേക്കെത്താൻ ഒരുങ്ങുന്നു. ആദ്യ ട്രെയിൻ ഡൽഹിയിൽനിന്ന് പുറപ്പെട്ടു. വ്യാഴാഴ്ച തിരുവനന്തപുരത്ത്‌ എത്തും. മറ്റിടങ്ങളിൽനിന്ന് കൂടുതൽ ട്രെയിനുകൾ പിന്നാലെയുണ്ടാകും. ഇതുവരെ റോഡ് വഴിയും വിമാനത്തിലുമാണ് കേരളത്തിലേക്ക് ആളെത്തിയത്. അവരെ ഫലപ്രദമായി പരിശോധിക്കാനും ചികിത്സ വേണ്ടവരെ  ചികിത്സിക്കാനും ക്വാറന്റൈൻ വേണ്ടവരെ  അതിനുള്ള കേന്ദ്രങ്ങളിലേക്ക് അയക്കാനും നടപടി സ്വീകരിക്കുന്നുണ്ട്. വളരെ ഫലപ്രദമായ രീതിയിൽ ഇത് നടപ്പാകുന്നു. റോഡ് മാർഗം വരുന്നവരെ ജാഗ്രതയോടെയും സുരക്ഷിതമായും നാട്ടിലേക്ക് കടക്കാൻ അനുവദിക്കുന്നതിന്‌ സർക്കാർ ഏർപ്പെടുത്തിയ സംവിധാനം അട്ടിമറിക്കാൻ പ്രതിപക്ഷം നടത്തിയ ഗൂഢശ്രമം പരാജയപ്പെടുത്താനും നമുക്ക് കഴിഞ്ഞു. കോടതിയുടെ പിന്തുണയും ഇക്കാര്യത്തിൽ സർക്കാരിന് ലഭിച്ചു.

ട്രെയിൻ സർവീസിന്റെ കാര്യത്തിൽ ഏറെ കരുതലോടെ വ്യക്തമായ നിർദേശം കേന്ദ്രസർക്കാരിനുമുന്നിൽ കേരളം സമർപ്പിച്ചിരുന്നു. അതിഥിത്തൊഴിലാളികളെ നാട്ടിലേക്ക് അയക്കാൻ സ്വീകരിച്ച രീതിയാണ് മാതൃകയായി കേരളം ചൂണ്ടിക്കാട്ടിയത്. ഓരോ കേന്ദ്രത്തിൽനിന്നും ഘട്ടം ഘട്ടമായി പ്രത്യേക ട്രെയിൻ ഏർപ്പെടുത്തി, ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവരെ  നാട്ടിലെത്തിക്കണം എന്നതായിരുന്നു നമ്മുടെ ആവശ്യം. വിദ്യാർഥികൾക്ക് മുൻഗണന നൽകി ഡൽഹിയിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ വേണമെന്ന് സംസ്ഥാനം നേരത്തേതന്നെ ആവശ്യപ്പെട്ടു. സമീപ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കുകൂടി ഡൽഹിയിലെത്തി ഈ ട്രെയിനിൽ നാട്ടിലേക്ക്‌ വരാം എന്നും ചൂണ്ടിക്കാട്ടി. ഈ ട്രെയിനിൽ വരാനുള്ളവർക്ക്  സംസ്ഥാന സർക്കാർ നടത്തുന്ന രജിസ്ട്രേഷൻപ്രകാരം  ടിക്കറ്റ് അനുവദിക്കണമെന്നും ആവശ്യം ഉയർത്തി. ഇതൊന്നും അംഗീകരിക്കാതെ കേന്ദ്രസർക്കാർ പതിവുരീതിയിൽ ഓൺലൈൻ ബുക്കിങ് അനുവദിച്ചിരിക്കുകയാണ്.

അതോടെ ട്രെയിനിൽ വരുന്നവർ എവിടെനിന്നാണെന്നോ  ഏത് ആരോഗ്യാവസ്ഥയിൽ ഉള്ളവരാണെന്നോ അറിയാത്ത സ്ഥിതിയാകും. തികഞ്ഞ ജാഗ്രതയിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തിന്റെ  രോഗനിയന്ത്രണസംവിധാനം ആകെ അട്ടിമറിക്കുന്നതാണ് ഈ സ്ഥിതി. സമൂഹവ്യാപനം തടയാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങളെയാണ് ഇത്തരം നടപടികൾ ആപത്തിലാക്കുന്നത്. ട്രെയിനിൽ മുൻവിവരങ്ങൾ ലഭ്യമാകാതെ വരുന്നവരെ എങ്ങനെ കൈകാര്യം ചെയ്യും എന്നത് വലിയ വെല്ലുവിളിയാണ്.


 

ഈ വെല്ലുവിളിയും സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയാണെന്ന്‌ ട്രെയിനിൽ എത്തുന്നവർക്കായി സർക്കാർ ചൊവ്വാഴ്ച പുറപ്പെടുവിച്ച മാർഗരേഖ വ്യക്തമാക്കുന്നു. ഏത് സാഹചര്യത്തിലായാലും ട്രെയിനിൽ വരുന്നവർ ഈ നാടിന്റെ മക്കളാണ്. അവർക്കായി കരുതലോടെ സുരക്ഷ ഒരുക്കാൻ സർക്കാർ കഴിയുന്നതൊക്കെ ചെയ്യുകയാണ്. കേന്ദ്രം വലിച്ചിട്ട പ്രതിബന്ധങ്ങൾ മറികടന്ന്  നാടിന്റെ ആരോഗ്യവും നാട്ടുകാരുടെ സുരക്ഷയും ഉറപ്പുവരുത്തുകയാണ് സർക്കാർ. അതിനായി പുതിയ രജിസ്ട്രേഷൻ സംവിധാനത്തിന് സർക്കാർ തുടക്കമിട്ടു. രാജ്യത്തിന്റെ ഏത് ഭാഗത്തുനിന്ന് ട്രെയിൻടിക്കറ്റ് എടുക്കുന്നവരും കേരളത്തിന്റെ പാസിനുവേണ്ടി അപേക്ഷ നൽകണം.

‘കോവിഡ്–--19 ജാഗ്രത’ പോർട്ടലിലാണ്  അപേക്ഷ സമർപ്പിക്കേണ്ടത്. ഒരു ടിക്കറ്റിൽ വരുന്നവരാണെങ്കിലും എല്ലാവരുടെയും വിവരങ്ങൾ പാസിനുള്ള അപേക്ഷയിൽ നൽകണം. ഈ വിവരങ്ങൾ പ്രയോജനപ്പെടുത്തി ഇവർക്കുവേണ്ട സൗകര്യങ്ങൾ ഒരുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വൈദ്യപരിശോധനയ്ക്കുശേഷം രോഗലക്ഷണം ഇല്ലാത്തവരെ  14 ദിവസത്തെ നിർബന്ധിത ഹോം ക്വാറന്റൈനിൽ അയക്കും.  ഹോം ക്വാറന്റൈൻ പാലിക്കാത്തവരെ നിർബന്ധമായും ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലേക്ക്  മാറ്റും. രോഗലക്ഷണമുള്ളവരെ തുടർപരിശോധനയ്ക്കും  വിധേയരാക്കും. വരുന്നവരെ കൊണ്ടുപോകാനുള്ള വാഹനം എങ്ങനെ വേണം തുടങ്ങിയ കാര്യങ്ങളും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പാസിന് അപേക്ഷിക്കാതെ വരുന്ന യാത്രക്കാർ 14 ദിവസം നിർബന്ധിത ഇൻസ്‌റ്റിറ്റ്യൂഷണൽ  ക്വാറന്റൈനിൽ പോകേണ്ടിവരുമെന്നും സർക്കാർ ഓർമിപ്പിക്കുന്നു.


 

ഹോം ക്വാറന്റൈൻ വർധിക്കുന്നതോടെ നാട്ടിലെ നിരീക്ഷണ സമിതികളുടെ ഉത്തരവാദിത്തം കൂടും. ക്വാറന്റൈനിൽ കഴിയുന്നവർ വ്യവസ്ഥകൾ പാലിക്കുന്നു എന്ന് സമിതി ഉറപ്പാക്കണം. ഇക്കാര്യത്തിൽ വിട്ടുവീഴ്ച ഉണ്ടാകരുത്. പരിചയത്തിന്റെയും സൗഹൃദത്തിന്റെയും ആനുകൂല്യം നൽകി കണ്ണടച്ചാൽ നമ്മൾ വഞ്ചിക്കുന്നത് ഈ നാടിനെയും കോവിഡിനെതിരെ ഇതുവരെ നമ്മൾ നടത്തിയ പോരാട്ടത്തെയുമാണെന്ന ബോധ്യം സമിതിയിലെ അംഗങ്ങൾക്കുണ്ടാകണം.

സർക്കാരിന്റെ  നിർദേശങ്ങൾ പാലിക്കാൻ യാത്ര ചെയ്തുവരുന്നവർ തയ്യാറാകണം. “സ്വന്തം നാട്ടിലേക്ക് വരുന്ന ഞങ്ങൾക്ക് ഇങ്ങനെ ശിക്ഷ’യോ എന്ന മട്ടിൽ ഈ നിയന്ത്രണങ്ങളെ കാണരുത്. വാളയാറിലെ  നിയന്ത്രണങ്ങൾ സംബന്ധിച്ച കേസ് പരിഗണിച്ചപ്പോൾ ഹൈക്കോടതി ചൂണ്ടിക്കാട്ടിയ കാര്യം ഒന്നുകൂടി ഓർമിപ്പിക്കുന്നു: സർക്കാർ നിയന്ത്രണങ്ങൾ കർശനമാക്കുന്നത് ഈ നാടിന്റെ രക്ഷയ്ക്കാണ്.

ലോകം തോറ്റുമടങ്ങിയ ഒരു മഹാമാരിക്കുമുന്നിൽ പൊരുതിനിൽക്കുന്ന ചെറിയ തുരുത്തുകളിൽ ഒന്നാണ് നമ്മുടെ നാട്. ലോകം ആ മികവിനെയാണ് വാഴ്ത്തുന്നത്. എന്നാൽ, പുകഴ്ത്തൽ കേട്ട് ഇനിയൊന്നും പേടിക്കാനില്ല എന്ന് ആരും കരുതരുത്. ഒരു വ്യക്തിയുടെ അശ്രദ്ധപോലും ഒരു ജനതയെ ആകെ ദുരന്തത്തിലേക്ക് തള്ളാം. കോവിഡിനെതിരായ നമ്മുടെ പോരാട്ടം അവസാനിപ്പിക്കാനായിട്ടില്ല. ഇടവേളയെടുത്ത് വിശ്രമിക്കാനും സമയമായില്ല. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ആവർത്തിച്ച് ഓർമിപ്പിക്കുന്നതും അതുതന്നെ. ട്രെയിനിൽ വരുന്നവരെയും നമുക്ക് സ്വീകരിക്കാം. ജാഗ്രതയോടെ, കരുതലോടെ അവരെയും അപകടമേഖലയ്ക്ക് പുറത്തെത്തിക്കാം. നമുക്ക് അതും സാധിക്കും. സാധിച്ചേ പറ്റൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top