19 April Friday

കേരള മനഃസാക്ഷിക്ക് മുന്നിലെ തെറ്റുകാര്‍

വെബ് ഡെസ്‌ക്‌Updated: Thursday Oct 12, 2017


കേരള മനഃസാക്ഷിയെ പിടിച്ചുലച്ച സോളാര്‍ തട്ടിപ്പുകേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ള യുഡിഎഫ് ഉന്നതരെയും  പൊലീസ് ഉദ്യോഗസ്ഥരെയും പ്രതിചേര്‍ത്ത് കേസെടുക്കാനുള്ള തീരുമാനം ചരിത്രപ്രാധാന്യമുള്ളതാണ്. അഴിമതി രാഷ്ട്രീയത്തിന്റെ പര്യായമാക്കിമാറ്റി 'എല്ലാവരും കണക്കാണെന്ന' പൊതുബോധനിര്‍മിതി നടക്കുന്ന കാലഘട്ടത്തിലാണ് സത്യവും നീതിയും ധാര്‍മികതയും ഉയര്‍ത്തിപ്പിടിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരിക്കല്‍ക്കൂടി വ്യത്യസ്തത തെളിയിച്ചത്. സോളാര്‍കേസ് കേവലമൊരു സാമ്പത്തികത്തട്ടിപ്പ്മാത്രമല്ല. മുഖ്യമന്ത്രിയടക്കം ഭരണയന്ത്രമാകെ തട്ടിപ്പിന് കൂട്ടുനിന്നു. പ്രതിഫലമായി പണംവാങ്ങുകയും ലൈംഗികചൂഷണം നടത്തുകയുംചെയ്തു. തട്ടിപ്പ് പുറത്തുവന്നപ്പോള്‍ കേസ് ഒതുക്കാന്‍ അധികാരശക്തി ഉപയോഗിച്ചു. കുറ്റാരോപിതരെ രക്ഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിച്ചു. തെളിവ് നശിപ്പിക്കാനും കൃത്രിമത്തെളിവ് ചമയ്ക്കാനും ജയില്‍സംവിധാനങ്ങള്‍പോലും ദുരുപയോഗിച്ചു. കേന്ദ്ര- സംസ്ഥാന ഭരണകര്‍ത്താക്കളും ജനപ്രതിനിധികളും യുഡിഎഫ് നേതാക്കളും ഒരു യുവതിക്കുചുറ്റും റാക്കറ്റായി കറങ്ങിയ കാഴ്ച ലജ്ജയോടെമാത്രമേ പ്രബുദ്ധകേരളത്തിന് ഓര്‍ക്കാനാകൂ.

കഴിഞ്ഞ യുഡിഎഫ് ഭരണത്തിന്റെ ആദ്യനാളുകളില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുനടന്ന വന്‍തട്ടിപ്പും ലൈംഗികചൂഷണവും തെളിയിക്കുന്ന നിരവധി രേഖകളും മൊഴികളും പല ഘട്ടങ്ങളിലായി പുറത്തുവന്നിട്ടുണ്ട്. അതിനൊക്കെ അപ്പുറത്ത് സുദീര്‍ഘവും സമഗ്രവുമായ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. ജസ്റ്റിസ് ശിവരാജന്‍ കമീഷന്റെ റിപ്പോര്‍ട്ട് പൂര്‍ണമായി അംഗീകരിച്ചുകൊണ്ട്, അതിലെ ശുപാര്‍ശകള്‍ക്ക് അനുസൃതമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ജുഡീഷ്യല്‍ കമീഷന്‍ കണ്ടെത്തിയ മുന്‍ മുഖ്യമന്ത്രിയടക്കമുള്ളവരുടെ കുറ്റകൃത്യങ്ങള്‍ നീതിപീഠത്തിന്റെ മുന്നിലെത്തിക്കുകയെന്ന ചുമതലയാണ് ഇനി നിര്‍വഹിക്കാനുള്ളത്. അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിജിലന്‍സും   തെളിവുനശിപ്പിക്കലും അന്വേഷണം അട്ടിമറിക്കലും കുറ്റവാളികളെ സംരക്ഷിക്കലുമൊക്കെ പ്രത്യേക പൊലീസ് സംഘങ്ങളും അന്വേഷിച്ച് കുറ്റപത്രം തയ്യാറാക്കും. ലൈംഗികപീഡനവും പ്രത്യേകം അന്വേഷിക്കും.

ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ സരിത എഴുതിയ കത്ത്  കമീഷന്‍ തെളിവായി സ്വീകരിച്ചിട്ടുണ്ട്. ഈ കത്തില്‍ പേരെടുത്ത് പറയുന്ന ഉമ്മന്‍ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, കെ സി വേണുഗോപാല്‍ തുടങ്ങിയ പത്തോളം നേതാക്കള്‍ക്കെതിരെ ലൈംഗികപീഡനത്തിന് കേസ് എടുക്കും. മുട്ടുവേദനയുമായി വിശ്രമിക്കുകയായിരുന്ന മുഖ്യമന്ത്രി ആവശ്യപ്പെട്ട പ്രകാരം സരിത ക്ളിഫ്ഹൌസിലെത്തിയ ദിവസത്തെ സാഹചര്യത്തെളിവടക്കം കമീഷന്റെ പരിശോധനയ്ക്ക് വിധേയമായതാണ്്. മറ്റ് മന്ത്രിമാരുടെ കാര്യത്തില്‍ ടെലിഫോണ്‍ ലിസ്റ്റും യാത്രാരേഖകളും തെളിവായിട്ടുണ്ട്്. 

ഒട്ടേറെ പ്രത്യേകതകളുള്ളതായിരുന്നു സോളാര്‍ ജുഡീഷ്യല്‍ അന്വേഷണം. നാലുവര്‍ഷം നീണ്ടു അന്വേഷണപ്രക്രിയ. മുഖ്യമന്ത്രിപദത്തിലിരിക്കെ തന്റെ ഭാഗം വിശദീകരിക്കാന്‍ പതിനാല് മണിക്കൂറാണ് ഉമ്മന്‍ചാണ്ടി കമീഷന് മുമ്പാകെ ചെലവഴിച്ചത്. തെളിവുകളടങ്ങിയ സിഡി തേടി കോയമ്പത്തൂരിലേക്കുള്ള യാത്രയും അസാധാരണ നടപടിയായിരുന്നു. അന്യൂനമായ തെളിവുകളും വസ്തുതകളും തേടിയ അന്വേഷണത്തില്‍ ജസ്റ്റിസ് ശിവരാജന്റെ കര്‍ക്കശനിലപാടുകളും മുഖംനോക്കാതെയുള്ള ശാസനകളും കേരളം കണ്ടു. റിപ്പോര്‍ട്ട് സമര്‍പ്പണത്തിന്റെ കാര്യത്തിലും ശിവരാജന്‍ കമീഷന്‍ വ്യത്യസ്തത പുലര്‍ത്തി. ഉള്ളടക്കം പുറത്തുപോകാതെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത് മുഖ്യമന്ത്രിയോട് ചോദിക്കാനാണ്.

ജുഡീഷ്യല്‍ അന്വേഷണംതന്നെ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതൊരുക്കലാണെന്ന ധാരണ സമൂഹത്തിലുണ്ട്. യഥാസമയം അന്വേഷണം പൂര്‍ത്തിയാകാതിരിക്കുകയും റിപ്പോര്‍ട്ട് ഗവണ്‍മെന്റ് പരിഗണിക്കാതിരിക്കുകയും തുടര്‍നടപടികള്‍ ഇല്ലാതിരിക്കുകയുമൊക്കെ മുന്‍കാലങ്ങളിലെ അനുഭവമാണ്്. അതൊക്കെ തിരുത്താന്‍ ജസ്റ്റിസ് ശിവരാജന്‍ കമീഷനും എല്‍ഡിഎഫ് സര്‍ക്കാരിനും സാധിച്ചു. സെക്രട്ടറിയറ്റ് വളഞ്ഞ ഐതിഹാസിക സിപിഐ എം സമരത്തെ ഒത്തുകളിയെന്ന്  ആക്ഷേപിച്ചവരുണ്ട്. മുഖ്യമന്ത്രിയെ ഉള്‍പ്പെടുത്തി ജുഡീഷ്യല്‍ അന്വേഷണം എന്ന ആവശ്യം അംഗീകരിപ്പിച്ചാണ് സമരം പിന്‍വലിച്ചത്.  ടേംസ് ഓഫ് റഫറന്‍സില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഒഴിവാക്കിയപ്പോള്‍ എല്‍ഡിഎഫ് അന്വേഷണത്തോട് നിസ്സഹകരിച്ചു. പിന്നീട് കമീഷന്‍ മുഖ്യമന്ത്രിയെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചപ്പോഴാണ് എല്‍ഡിഎഫ് തെളിവുനല്‍കിയത്.

രാഷ്ട്രീയ വൈരനിര്യാതനമെന്ന ആരോപണത്തിന് വഴികൊടുക്കാതെ പക്വതയോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തലേന്നാള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സിബിഐക്ക് വിട്ട ലാവ്ലിന്‍ കേസ് ഹൈക്കോടതിയടക്കം തള്ളിക്കളഞ്ഞ അനുഭവം മുന്നിലുണ്ട്. അത്തരത്തില്‍ രാഷ്ട്രീയ പ്രതികാരം ശീലമാക്കിയവരാണ് വേങ്ങരയുടെ പേരുപറഞ്ഞ് മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നത്. വേങ്ങരയില്‍ ചര്‍ച്ചയാക്കണമെങ്കില്‍ തുടര്‍നടപടി വേഗത്തിലാക്കാന്‍ സര്‍ക്കാരിന് ഒരു ബദ്ധിമുട്ടും ഉണ്ടായിരുന്നില്ല. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തുവരാഞ്ഞതും സര്‍ക്കാരിന്റെ ജാഗ്രതകൊണ്ടുതന്നെ. സോളാര്‍ അന്വേഷണം രാഷ്ട്രീയ ആയുധമാക്കുകയായിരുന്നില്ല എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം. യുഡിഎഫ് ഭരണത്തില്‍ പൊതുപ്രവര്‍ത്തനവും രാഷ്ട്രീയവും എത്രമേല്‍ ജീര്‍ണമാക്കപ്പെട്ടുവെന്നതിന്റെ തെളിവാണ് ഈ കേസ്. അതിന് കാരണക്കാരായവരെ രക്ഷപ്പെടാന്‍ പഴുതുനല്‍കാതെ നീതിപീഠത്തിന് മുന്നിലെത്തിക്കുക, ശിക്ഷ വാങ്ങിക്കൊടുക്കുക ഇതാണ് ജനങ്ങളോട് പ്രതിബദ്ധതയുള്ള ഭരണത്തിന് ചെയ്യാനുള്ളത്. രാഷ്ട്രീയത്തിലെ പുഴുക്കുത്തുകളെ വേരോടെ പിഴുതെറിയാന്‍ പിണറായി സര്‍ക്കാരിന്റെ ധീരമായ തീരുമാനം സഹായകമാകും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top