06 December Wednesday

സോളാറിൽ കരിഞ്ഞ്‌ പ്രതിപക്ഷമുഖം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 13, 2023


കോൺഗ്രസിന്റെ രാഷ്‌ട്രീയ നെറികേടിന്‌ മുൻകാലങ്ങളിൽ ഇരയായിട്ടുള്ളത്‌ എതിർപക്ഷത്തുള്ളവർ മാത്രമല്ല. ഒപ്പം നിൽക്കുന്നവരെ മുന്നിൽനിന്നും പിന്നിൽനിന്നും കുത്തിവീഴ്‌ത്തി അധികാരവും പദവികളും കൈയടക്കുന്നതാണ്‌ ആ പാർടിയുടെ പാരമ്പര്യം. അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ സഭയിലേക്ക്‌ കാലെടുത്തുവച്ച ദിവസംതന്നെ സോളാർ ലൈംഗിക പീഡനക്കേസ്‌ ചർച്ചയ്‌ക്കുകൊണ്ടുവന്നതിലും ഈ പ്രതികാരബുദ്ധി കാണാം. സത്യപ്രതിജ്ഞാദിനത്തിൽ ചാണ്ടി ഉമ്മന്റെ അമ്മയും സഹോദരിമാരും കുടുംബാംഗങ്ങളും സഭാ ഗ്യാലറിയിൽ ഉണ്ടാകുമെന്ന പരിഗണനയും കോൺഗ്രസിന്‌ ഉണ്ടായില്ല. കോൺഗ്രസിന്റെ ആദ്യ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ്‌ ഭരിച്ച പി ടി ചാക്കോ മുതലിങ്ങോട്ട്‌ ഉമ്മൻ ചാണ്ടിവരെ നേരിട്ട വേട്ടയാടലിന്റെ ചരിത്രം ചർച്ചയ്‌ക്ക്‌ മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ഓർമിപ്പിച്ചു.

കേരളത്തിന്റെ ഭാവിക്ക്‌ പ്രയോജനപ്പെടേണ്ട സോളാർ  ഊർജത്തെ വലിയൊരു തട്ടിപ്പിന്‌ ഉപാധിയാക്കിയതാണ്‌ ഈ കേസിന്റെ തുടക്കം. 2011ലെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തായിരുന്നു തട്ടിപ്പ്‌. നിരവധി പേരിൽനിന്ന്‌ ലക്ഷങ്ങളുടെ നിക്ഷേപം  സ്വീകരിച്ച ‘സംരംഭം’ തട്ടിപ്പാണെന്ന്‌ വ്യക്തമായതോടെ പരാതികളുടെ പ്രവാഹമായി. പരാതിക്കാരിൽ പ്രമുഖൻ കെപിസിസി അംഗമായിരുന്ന മല്ലേലിൽ ശ്രീധരൻ നായരാണ്‌. സംരംഭകർക്ക്‌ മുഖ്യമന്ത്രിയുമായും അദ്ദേഹത്തിന്റെ  ഓഫീസുമായുള്ള അടുത്തബന്ധം നേരിൽ ബോധ്യപ്പെട്ടാണ്‌ താൻ പണം നൽകിയതെന്ന്‌ തുറന്നുപറഞ്ഞതും ശ്രീധരൻ നായരാണ്‌.  ഉന്നതരായ പലരുടെയും സമ്മർദത്തിനൊടുവിലാണ്‌ തട്ടിപ്പിന്റെ പ്രധാന കണ്ണികൾ അറസ്‌റ്റിലായത്‌. ഇവർക്ക്‌ നിരന്തര ബന്ധമുള്ളവരെന്ന രേഖാമൂലമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരടക്കം പിടിയിലാകുന്നത്‌. ഈ ഘട്ടത്തിൽ വലിയൊരു തട്ടിപ്പിന്‌ ഭരണത്തിന്റെ ഉന്നതങ്ങളിൽനിന്നു ലഭിച്ച സഹായം പുറത്തുവരണമെന്ന്‌ ആവശ്യപ്പെട്ട്‌ എൽഡിഎഫ്‌ സെക്രട്ടറിയറ്റ്‌ വളഞ്ഞു. ജുഡീഷ്യൽ അന്വേഷണത്തിന്‌ സർക്കാർ സമ്മതിച്ചതോടെ സമരം അവസാനിപ്പിച്ചു. 

ഇതിനുശേഷമാണ്‌ തട്ടിപ്പിന്‌ അനുബന്ധമായ ലൈംഗിക പീഡനം പുറത്തുവരുന്നത്‌. തന്നെ ലൈംഗിക ചൂഷണത്തിന്‌ ഇരയാക്കിയവരുടെ പട്ടിക നിരത്തിയതും തെളിവുകൾ നൽകിയതും പരാതിക്കാരിയാണ്‌. അന്വേഷണ ഉദ്യോഗസ്ഥരോടും കോടതികളിലുമാണ്‌ ഈ വെളിപ്പെടുത്തലുകൾ നടത്തിയത്‌. പൊലീസ്‌, ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന  പ്രതിയെ  കൊണ്ടുനടന്ന്‌ മൊഴിമാറ്റിച്ചതും കത്ത്‌ എഴുതിച്ചതുമെല്ലാം യുഡിഎഫ്‌ ഭരണത്തിലാണ്‌. കോൺഗ്രസിന്റെ ദേശീയ നേതാവിന്റേതടക്കം ടെലിഫോൺ രേഖകളും പ്രതിയുടെ മൊഴിപ്പകർപ്പുകളും മാധ്യമങ്ങളിൽ നിറഞ്ഞു. ഈ ഘട്ടത്തിലാണ്‌  മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലും സോളാർപ്രതി ലൈംഗിക ആരോപണം ഉന്നയിക്കുന്നത്‌. താൻ അരുതാത്തത്‌ നേരിൽ കണ്ടെന്നു പറഞ്ഞത്‌ ചീഫ്‌ വിപ്പ്‌ പി സി ജോർജാണ്‌. ഇക്കാര്യം രേഖപ്പെടുത്തിയ പ്രതിയുടെ കത്ത്‌ പുറത്തുകൊണ്ടുവന്നത്‌ ഏഷ്യാനെറ്റ്‌ ചാനലും.

ഉമ്മൻ ചാണ്ടിക്കെതിരായ ഗൂഢാലോചനയുടെ ഫലമായിരുന്നു ഇതൊക്കെയെന്ന്‌ സിബിഐ കണ്ടെത്തി കോടതിയിൽ റിപ്പോർട്ടു നൽകിയെന്നാണ്‌ മാധ്യമവാർത്ത. ഇതിന്റെ പേരിൽ എൽഡിഎഫ്‌ സർക്കാരിനെയും മുഖ്യമന്ത്രിയെയും പ്രതിക്കൂട്ടിൽ നിർത്താനാണ്‌ പ്രതിപക്ഷം ശ്രമിച്ചത്‌. എന്നാൽ, യുഡിഎഫ്‌ നീക്കം ബൂമറാങ് പോലെ തിരിച്ചടിക്കുന്ന കാഴ്‌ചയാണ്‌ കഴിഞ്ഞദിവസം സഭയിൽ കണ്ടത്‌. ഉമ്മൻ ചാണ്ടിക്കെതിരെ ലൈംഗിക ആരോപണത്തിന്‌ കരുനീക്കിയവർ തന്നെയാണ്‌ ഇത്‌ വീണ്ടും കുത്തിപ്പൊക്കുന്നതെന്നും വ്യക്തമായി. പാതിരാ ഫോണുകൾ  കോൺഗ്രസിന്റെ ഭരണഘടന പഠിപ്പിക്കാനായിരുന്നോ എന്ന ചോദ്യം നേരിടുന്ന പലരും ഇപ്പോഴും പ്രതിപക്ഷ ബഞ്ചിലും പുറത്തുമുണ്ട്‌. അവരെ തുറന്നുകാട്ടാനും സംരക്ഷിക്കാനും കോൺഗ്രസിനകത്ത്‌ നടക്കുന്ന വടംവലിയാണ്‌ അടിയന്തരപ്രമേയത്തിൽ പ്രതിഫലിച്ചത്‌.

എൽഡിഎഫ്‌ അധികാരമേറ്റതിന്റെ മൂന്നാംനാൾ പരാതി എഴുതിവാങ്ങി എന്നതടക്കമുള്ള ദുരാരോപണങ്ങളെല്ലാം തെളിവുനിരത്തിയാണ്‌ മുഖ്യമന്ത്രിയും ഭരണപക്ഷവും ഖണ്ഡിച്ചത്‌. സതീശനല്ല, വിജയൻ എന്ന ഉപമയും ദല്ലാളെ മുമ്പ്‌ ഡൽഹിയിൽവച്ച്‌ ഇറക്കിവിട്ടതും കെള്ളേണ്ടിടത്തുകൊണ്ടു. ദല്ലാൾ മുഖാന്തരം പ്രതിയുടെ കത്ത്‌ പണംകൊടുത്തു വാങ്ങിയ ചാനലിനെ പരാമർശിക്കാൻ ആർജവമുണ്ടോ എന്ന ചോദ്യവും സഭയിൽ മുഴങ്ങി. ഉമ്മൻ ചാണ്ടിയെ കുരുക്കാൻ എൽഡിഎഫ്‌ സർക്കാർ ഗൂഢാലോചന നടത്തിയെന്ന ആരോപണം സഭ ചർച്ച ചെയ്‌തുകഴിഞ്ഞപ്പോൾ കാര്യങ്ങൾ പകൽപോലെ വ്യക്തമായി. ഇനി അവശേഷിക്കുന്നത്‌ മുഖ്യമന്ത്രി ഉയർത്തിയ ചോദ്യമാണ്‌. ഇക്കാര്യത്തിൽ ഇനിയുമൊരു അന്വേഷണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുന്നുണ്ടോ?


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top