29 March Friday

നീതി ഇനിയും അകലെ

വെബ് ഡെസ്‌ക്‌Updated: Monday Dec 24, 2018


ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഉൾപ്പെട്ട കേസിന്റെ ഭാവി എന്തായിരിക്കുമെന്ന ആശങ്ക പൂർണമായും ശരിവച്ചുകൊണ്ട്, സൊഹ്റാബുദീൻ ഷെയ‌്ക്ക‌്  വ്യാജ ഏറ്റുമുട്ടൽ കേസിൽ എല്ലാ പ്രതികളെയും പ്രത്യേക സിബിഐ കോടതി വെറുതെവിട്ടു. അമിത‌് ഷാ, രാജസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി ഗുലാബചന്ദ് കഠാരിയ, ഗുജറാത്ത് എടിഎസ് മുൻ മേധാവി ഡി ജി വൻസാര തുടങ്ങി 16 പ്രതികളെ 2014ൽത്തന്നെ പ്രത്യേക സിബിഐ കോടതി വെറുതെവിട്ടിരുന്നു. വെള്ളിയാഴ‌്ച ബാക്കിയുള്ള 22 പേരെയും തെളിവില്ലെന്ന കാരണം പറഞ്ഞ് പ്രത്യേക ജഡ‌്ജി എസ് ജെ ശർമ വെറുതെവിട്ടതോടെ മൂന്ന് കൊലപാതകങ്ങൾ നടത്തിയ ക്രിമിനലുകളാണ് നീതിക്കുമുമ്പിൽ എത്താതെ രക്ഷപ്പെടുന്നത്. ഗുജറാത്തിലെയും രാജസ്ഥാനിലെയും പൊലീസ് ഉദ്യോ ഗസ്ഥരാണ് വെള്ളിയാഴ്ച വെറുതെവിട്ടവരിൽ ഭൂരിപക്ഷവും. അധികാരവും പണവും പേശീബലവും ഉപയോഗിച്ച് എങ്ങനെ ഒരു ക്രിമിനൽ കേസ് അട്ടിമറിക്കാമെന്നതിന്റെ ക്ലാസിക്കൽ ഉദാഹരണമാണ് ഈ കേസ്. 210 സാക്ഷികളിൽ 92 പേരാണ് കൂറുമാറിയത‌്. കേസ് കേട്ട ഒരു ജഡ‌്ജിയും ദുരൂഹസാഹചര്യത്തിൽ മരിച്ചു. ക്രിമിനൽ കേസുകളിലെ സാക്ഷികൾക്ക് സംരക്ഷണം ഏർപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തിലേക്കുകൂടി ഈ കേസ് വിരൽചൂണ്ടുന്നുണ്ട്.

ഹൈദരാബാദിൽനിന്ന‌് മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്ക് സൊഹ്റാബുദീനും ഭാര്യ കൗസർബിയും അനുയായി തുൾസിറാം പ്രജാപതിയും പോകുമ്പോൾ തെലങ്കാന അതിർത്തിയിൽവച്ച് ഗുജറാത്ത് എടിഎസുകാർ മൂന്നുപേരെയും ബസിൽനിന്ന് ഇറക്കി പ്രത്യേക വാഹനത്തിൽ കൊണ്ടുപോയെന്നാണ് സാക്ഷിമൊഴി. അന്നുതന്നെ സൊഹ്റാബുദീൻ ഷെയ‌്ക്കിനെ പൊലീസ് വെടിവച്ചുകൊന്നു. മൂന്ന് ദിവസത്തിനുശേഷം ബലാത്സംഗത്തിന് വിധേയമാക്കി കൗസർബിയെയും വെടിവച്ചുകൊന്നു. ഒരു വർഷത്തിന് ശേഷം മറ്റൊരു വ്യാജ ഏറ്റുമുട്ടൽ സംഭവത്തിൽ തുൾസി റാം പ്രജാപതിയും വെടിയേറ്റ് കൊല്ലപ്പെട്ടു. 
തുടക്കംമുതൽ ഈ കേസന്വേഷണത്തെ തടയാനും ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനും നടത്തിയ നീക്കങ്ങൾ ആരുടെ മനസ്സിലും തീ കോരിയിടും. സൊഹ്റാബുദീൻ ഷെയ‌്ക്ക‌് വ്യാജ ഏറ്റുമുട്ടൽ കേസ് ആദ്യം ഗുജറാത്ത് പൊലീസ് ആണ് അന്വേഷിച്ചതെങ്കിലും പിന്നീട‌്അന്വേഷണം സിബിഐക്ക് കൈമാറി.

ആദ്യം കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ അമിതാബ് താക്കൂർ വ്യാജ ഏറ്റുമുട്ടലിന്റെ ഗുണഭോക്താക്കൾ അമിത‌്‌ ഷായും വൻസാരയും മറ്റുമാണെന്ന് അഭിപ്രായപ്പെട്ടെങ്കിലും അത് സ്ഥാപിക്കാനാവശ്യമായ വ്യക്തമായ തെളിവ് നൽകുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. തുൾസി റാം പ്രജാപതി വ്യാജ എറ്റുമുട്ടൽ കേസന്വേഷണത്തിന്റെ മുഖ്യ ഉദ്യോഗസ്ഥനായ സന്ദീപ് തമഗാഡ്ഗെ കൊലപാതക ഗുഢാലോചനയിൽ അമിത‌്‌ ഷായ‌്ക്കും വൻസാരയ‌്ക്കും മറ്റ് പൊലീസ് ഓഫീസർമാർക്കും പങ്കുണ്ടെന്ന് വ്യക്തമാക്കി. അദ്ദേഹം സമർപ്പിച്ച കുറ്റപത്രത്തിലും ഇക്കാര്യം ഉണ്ടായിരുന്നു.  ഇതേ ഓഫീസറാണ് അമിത‌്‌ ഷായെ ചോദ്യം ചെയ‌്തതും അറസ‌്റ്റ‌് ചെയ‌്തതും. എന്നാൽ, 2014 ഡിസംബർ 30 ന് സിബിഐ പ്രത്യേക കോടതി അമിത് ഷാ ഉൾപ്പെടെ 16 പേരെ കുറ്റവിമുക്തരാക്കി. ഈ സമയത്ത് പ്രധാനമന്ത്രിയായി മോഡി അധികാരമേറ്റിരുന്നു. അദ്ദേഹത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുളള സിബിഐ, അമിത് ഷായെ കുറ്റ വിമുക്തനാക്കിയ നടപടിക്കെതിരെ മേൽ കോടതിയെ സമീപിക്കുകയുണ്ടായില്ല. സൊഹ്റാബുദീന്റെ സഹോദരൻ മേൽകോടതിയെ സമീപിച്ചെങ്കിലും ഭീഷണിയും കടുത്ത സമ്മർദവും കാരണം ആ ഹർജി പിൻവലിക്കുകയാണുണ്ടായത്.

അതുപോലെതന്നെ കേസ് കൈകാര്യംചെയ‌്ത ജുഡീഷ്യൽ ഓഫീസർമാരും തുടർച്ചയായി വേട്ടയാടപ്പെട്ടു. അമിത് ഷാ നേരിട്ട് ഹാജരാകാത്തതിനെ രൂക്ഷമായി വിമർശിക്കുകയും അവസാനം നേരിട്ട് ഹാജരാകാൻ ആവശ്യപ്പെടുകയുംചെയ‌്ത ജഡ‌്ജി ഉത്പത്തിനെ സ്ഥലം മാറ്റി. 2014 ജൂൺ 26 ന് അമിത് ഷായോട് കോടതിയിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടതെങ്കിൽ ജൂൺ 25 ന് ജഡ‌്ജിയെ പുണെയിലേക്ക് സ്ഥലം മാറ്റി.  തുടർന്ന് വന്ന ജഡ‌്ജിയായിരുന്നു ബ്രിജ്മോഹൻ ലോയ. സത്യസന്ധമായി കേസ് മുന്നോട്ടുകൊണ്ടുപോകാൻ ആഗ്രഹിച്ച ഈ ജഡ‌്ജിക്ക‌് 100 കോടി രൂപയാണ് കൈക്കൂലി വാഗ്ദാനം ചെയ്യപ്പെട്ടതെന്ന് ബന്ധുക്കൾതന്നെ ‘കാരവൻ' മാസികയോട് വെളിപ്പെടുത്തി. മുംബൈ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് മൊഹിത് ഷായാണ് കൈക്കൂലി സ്വീകരിക്കാൻ ആവശ്യപ്പെട്ടതെന്നും അവർ വെളിപ്പെടുത്തി. അതിന് വഴങ്ങാത്ത ലോയയെ നാഗ‌്പുരിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചുകിടക്കുന്നതാണ് കണ്ടത്. തുടർന്നുവന്ന ജഡ‌്ജി എം എസ് ഗോസാവിയാണ് അമിത് ഷായെയും  വൻസാരയെയും മറ്റും കുറ്റവിമുക്തമാക്കിയത്. മുൻ ജഡ‌്ജിയുടെ സ്ഥിതി തനിക്കും വരരുതെന്ന് കരുതിയായിരിക്കണം ഈ വിധിപ്രഖ്യാപനമെന്ന‌് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാകില്ല.

അതായത് അധികാരത്തിന്റെയും പണത്തിന്റെയും പേശീബലത്തിന്റെയും അടിസ്ഥാനത്തിൽമാത്രമാണ് സൊഹ്റാബുദീൻ കേസിലെ പ്രതികൾ രക്ഷപ്പെട്ട് നിൽക്കുന്നതെന്നർഥം. പല പ്രമാദമായ കേസുകളിലെയും പ്രതികൾ ശിക്ഷിക്കപ്പെടാതെ പോയിട്ടുണ്ട്. സിഖ‌് വിരുദ്ധ കലാപത്തിൽ കോൺഗ്രസ് നേതാവ് സജ്ജൻകുമാറിനെ മേൽക്കോടതിയാണ് 34 വർഷത്തിനുശേഷം ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഹാഷിംപുര കേസിലും 31 വർഷത്തിന് ശേഷമാണ് മേൽക്കോടതി പ്രതികളെ ശിക്ഷിച്ചത്. അതുകൊണ്ടുതന്നെ ഈ കേസിലുള്ള ഏക പ്രതീക്ഷ മേൽക്കോടതികളിലാണ്.  മൂന്നു പേരുടെ ഘാതകർ ആരാണെന്ന് പൊതുസമുഹം അറിയുകതന്നെ വേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top