26 April Friday

ഇന്നും വഴികാട്ടി സോഷ്യലിസം

വെബ് ഡെസ്‌ക്‌Updated: Monday Nov 7, 2016



ലോകചരിത്രത്തിന്റെ ഗതിതന്നെ മാറ്റിയ ഒക്ടോബര്‍ വിപ്ളവത്തിന്റെ നൂറാംവാര്‍ഷികത്തിലേക്ക് കടക്കുകയാണിന്ന്. ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് വിപ്ളവത്തിന്റെ നൂറാംവാര്‍ഷികത്തോടൊപ്പംതന്നെ തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തിലുള്ള സോവിയറ്റ് യൂണിയന്‍ അട്ടിമറിക്കപ്പെട്ടതിന്റെ 25–ാം വാര്‍ഷികംകൂടിയാണിത്.  ഇംഗ്ളണ്ടിലും ഫ്രാന്‍സിലുംമറ്റും നേരത്തേതന്നെ വിപ്ളവങ്ങള്‍ നടന്നെങ്കിലും ചൂഷകഭരണത്തിന് അതൊന്നും അറുതിവരുത്തിയിരുന്നില്ല. എന്നാല്‍, ലെനിന്റെ നേതൃത്വത്തില്‍ 1917 ല്‍ സാറിസ്റ്റ് ഭരണത്തെ പുറത്താക്കി ബോള്‍ഷെവിക് പാര്‍ടി അധികാരം നേടിയപ്പോള്‍ ചൂഷിതര്‍ ലോകചരിത്രത്തില്‍ ആദ്യമായി അധികാരത്തില്‍വന്നു. മുതലാളിത്തം പൂര്‍ണമായും വികസിച്ച രാഷ്ട്രങ്ങളില്‍മാത്രമേ സോഷ്യലിസ്റ്റ് വിപ്ളവം സാധ്യമാകൂ എന്ന ധാരണ തിരുത്തി സാമ്രാജ്യത്വത്തിന്റെ ഏറ്റവും ദുര്‍ബലമായ കണ്ണിയേതെന്ന് നോക്കി അത് തകര്‍ക്കാന്‍ തൊഴിലാളിവര്‍ഗത്തിന് കഴിയുമെന്നും ബൂര്‍ഷ്വാ ജനാധിപത്യവിപ്ളവത്തിലുടെ സോഷലിസ്റ്റ് വിപ്ളവത്തിലേക്ക് മാര്‍ച്ച് ചെയ്യാന്‍ കഴിയുമെന്നും ഒക്ടോബര്‍ വിപ്ളവത്തിലൂടെ ലെനിന്‍ തെളിയിച്ചു. 

സ്വകാര്യസ്വത്തിന് പകരം സാമൂഹ്യസ്വത്തിന് പ്രാധാന്യം ലഭിച്ചു. വ്യവസായങ്ങള്‍ ദേശസാല്‍ക്കരിച്ചു. ഭൂപ്രഭുത്വത്തിന് അന്ത്യമിട്ടു. വിദ്യാഭ്യാസവും ആരോഗ്യസേവനവുംമറ്റും സൌജന്യമാക്കപ്പൈട്ടു. സ്ത്രീകള്‍ക്ക് തുല്യാവകാശം ലഭിച്ചു. തൊഴിലില്ലായ്മക്ക് അറുതിയായി.  എട്ട് മണിക്കൂര്‍ ജോലി, വേനലവധി, മെച്ചപ്പെട്ട തൊഴില്‍ സൌകര്യങ്ങള്‍ എന്നിവയെല്ലാം സോഷ്യലിസ്റ്റ് ഭരണത്തിന്റെ സംഭാവനകളാണ്.  പാശ്ചാത്യ മുതലാളിത്തരാഷ്ട്രങ്ങള്‍പോലും 'ക്ഷേമരാഷ്ട്ര' സങ്കല്‍പ്പത്തിന്റെ മറവില്‍ ഇതില്‍ പലതും ഉള്‍ക്കൊണ്ടു. സോവിയറ്റ് യൂണിയനില്‍ ആരംഭിച്ച ആസൂത്രിത സമ്പദ്വ്യവസ്ഥയുടെ മാതൃക ഇന്ത്യ ഉള്‍പ്പെടെ ലോകത്തിലെ പല രാജ്യങ്ങള്‍ക്കും സന്തുലിതവികസനത്തിന്റെ വഴികാട്ടിയായി.

റഷ്യയില്‍ ലെനിന്റെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് ഭരണകൂടം നിലവില്‍വന്നപ്പോള്‍ അത് ലോകത്തെങ്ങുമുള്ള ചൂഷിതരും അടിച്ചമര്‍ത്തപ്പെട്ടവരും നിസ്വരുമായ ജനകോടികള്‍ക്ക് പ്രതീക്ഷയുടെ വെളിച്ചമായി.   ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രുവായ ഫാസിസത്തെ സ്റ്റാലിനും സോവിയറ്റ് ചെമ്പടയും പരാജയപ്പെടുത്തിയതോടെ ഈ പ്രതീക്ഷ വാനോളം ഉയര്‍ന്നു. സാറിസ്റ്റ് റഷ്യയുടെ പതനത്തിനുപുറകെ സാമ്രാജ്യങ്ങള്‍ ഒന്നൊന്നായി നിലംപൊത്തി. ജനങ്ങള്‍ ഇടതുപക്ഷ–സോഷ്യലിസ്റ്റ്–ലിബറല്‍ ആശയങ്ങളില്‍ പ്രചോദിതരായി വര്‍ധിച്ചതോതില്‍ പ്രക്ഷോഭരംഗത്തേക്ക് കടന്നുവന്നു. കോളനികളിലും അര്‍ധ കോളനികളിലും സ്വാതന്ത്യ്രപ്രസ്ഥാനങ്ങളും വിമോചനപ്രസ്ഥാനങ്ങളും വിപ്ളവ പ്രസ്ഥാനങ്ങളും പോരാട്ടത്തിന്റെ കൊടി ഉയര്‍ത്തി. ചൈനയിലും ക്യൂബയിലും വിയത്നാമിലും കൊറിയയിലും ലാവോസിലും സോഷ്യലിസ്റ്റ് സര്‍ക്കാരുകര്‍ നിലവില്‍വന്നു. ഫാസിസത്തിനുമേല്‍ സോവിയറ്റ് യൂണിയന്‍ നേടിയ വിജയത്തോടെ കിഴക്കന്‍ യൂറോപ്പും ഇടത്തോട്ട് നീങ്ങി. ആഫ്രിക്കയില്‍ അംഗോളയിലും കോംഗോയിലും നമീബിയയിലും ചുകപ്പ് ചലനങ്ങള്‍ ദൃശ്യമായി. ലാറ്റിനമേരിക്കയിലും ഏകാധിപതികളും അമേരിക്കന്‍ പാവകളും തലകുത്തിവീണു.  റഷ്യന്‍വിപ്ളവകാലത്ത് നിലവിലുണ്ടായിരുന്ന ഒരു സാമ്രാജ്യംപോലും ഇന്ന് നിലവിലില്ലെന്നത് സോഷ്യലിസ്റ്റ് ആശയത്തിന്റെ വിജയമാണെന്ന് വിലയിരുത്താം.

സ്വാഭാവികമായും സോഷ്യലിസ്റ്റ്–ഇടതുപക്ഷ സര്‍ക്കാരുകള്‍ക്കും അവരുയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍ക്കുമെതിരെ സാമ്രാജ്യത്വം ആശയപരവും സൈനികവും സാമ്പത്തികവും സാംസ്കാരികവുമായ ആക്രമണമഴിച്ചുവിട്ടു. ശീതസമരവും മാര്‍ഷല്‍ പദ്ധതിയും സോഷ്യലിസ്റ്റ് വളര്‍ച്ചയെ പിടിച്ചുകെട്ടുകയെന്ന നയവും(ജോര്‍ജ് ഫ്രാസ്റ് കെന്നാന്‍)ഗോള്‍ഡ് വാട്ടറിസവും താച്ചറിസവും ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവുമെല്ലാം യഥാര്‍ഥത്തില്‍ ഉന്നം വച്ചത് സോഷ്യലിസത്തെ തകര്‍ക്കാനായിരുന്നു.   അതോടൊപ്പം മാര്‍ക്സിസം ലെനിനിസം നടപ്പാക്കുന്നതില്‍ സോവിയറ്റ് യൂണിയന്‍ ഉള്‍പ്പെടെയുള്ള സോഷ്യലിസ്റ്റ് ഗവണ്‍മെന്റുകള്‍ക്കുണ്ടായ വീഴ്ചയും തിരിച്ചടിക്ക് ആക്കംകൂട്ടി.   കോണ്‍സ്റ്റന്റയിന്‍ ചെര്‍ണങ്കോയുടെ മരണത്തിനുശേഷം   1985ല്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ടി ജനറല്‍ സെക്രട്ടറിയായ ഗോര്‍ബച്ചേവ്് സാമൂഹ്യ–സാമ്പത്തിക മുരടിപ്പ് മാറ്റാനെന്നപേരില്‍ നടപ്പാക്കിയ പെരിസ്ട്രോയിക്കയും (പുനഃസംഘടന), ഗ്ളാസ്നസ്റ്റും (തുറന്നസമീപനം) കമ്പോളസമ്പദ്വ്യവസ്ഥയിലേക്ക് വാതില്‍തുറന്നിട്ടു. സാമ്രാജ്യത്വവും സോഷ്യലിസവുംതമ്മില്‍ വൈരുധ്യമില്ലെന്നുകൂടി ഗോര്‍ബച്ചേവ് വിലയിരുത്തിയതോടെ സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ആരംഭിച്ചു. യെല്‍റ്റ്സിന്‍ പ്രഭൃതികള്‍ ഈ തകര്‍ച്ച പൂര്‍ത്തിയാക്കി. 1991 ഡിസംബറിലെ സോവിയറ്റ് തിരോധാനം ലോകരാഷ്ട്രീയത്തെയും ഭൂപടത്തെയും മാറ്റിമറിച്ചു. സോവിയറ്റ് യൂണിയന്‍ 15 രാഷ്ട്രങ്ങളായി. യുഗോസ്ളാവ്യ ഏഴും ചെക്കോസ്ളോവാക്യ രണ്ടും രാഷ്ട്രങ്ങളായി. ജര്‍മനി ഒന്നായി. 

സോവിയറ്റ് യൂണിയന്‍ ചരിത്രത്തിന്റെ ഭാഗമായെങ്കിലും തുല്യതയ്ക്കും നീതിക്കുംവേണ്ടിയുള്ള പോരാട്ടം ലോകത്തിന്റെ വിവിധ മേഖലകളില്‍ ഇന്നും തുടരുകയാണ്. സാമ്രാജ്യത്വ–ആഗോളവല്‍ക്കരണ–ഉദാരവല്‍ക്കണ നയങ്ങള്‍ക്കെതിരെ വന്‍ പ്രക്ഷോഭങ്ങളാണ് ലോകത്തെമ്പാടും നടക്കുന്നത്.  അവരിന്നും ഉയര്‍ത്തിപ്പിടിക്കുന്നത്  മാര്‍ക്സിസം എന്ന ആശയത്തെയാണ്. ദുരിതമനുഭവിക്കുന്ന, വിയര്‍പ്പൊഴുക്കുന്ന മനുഷ്യന് ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയാണ് ഇന്നും മാര്‍ക്സിസം. അതുകൊണ്ടുതന്നെ എവിടെയൊക്കെ അസമത്വവും അടിച്ചമര്‍ത്തലുമുണ്ടോ അവിടെയൊക്കെ മാര്‍ക്സിസം അതിന്റെ കൊടി ഉയര്‍ത്തുകതന്നെ ചെയ്യും. ആഗോളവല്‍ക്കരണം മുതലാളിത്തചൂഷണം പതിന്മടങ്ങ് വര്‍ധിപ്പിക്കുകയും ഉള്ളവനും ഇല്ലാത്തവനുംതമ്മിലുള്ള വൈരുധ്യം മൂര്‍ച്ഛിപ്പിക്കുകയും ചെയ്യുമ്പോള്‍ നിസ്സംശയമായും പറയാവുന്ന കാര്യം മാര്‍ക്സിസത്തിന് പ്രസക്തി നഷ്ടപ്പെട്ടില്ലെന്നുതന്നെയാണ്. മാര്‍ക്സ് പറഞ്ഞതുപോലെ 'ഒരു പുത്തന്‍ പ്രതിസന്ധിയുടെ ഫലമായിമാത്രമേ ഒരു പുത്തന്‍ വിപ്ളവം സാധ്യമാകുകയുള്ളൂ. ആ പ്രതിസന്ധിപോലെ തന്നെ വിപ്ളവവും സുനിശ്ചിതമാണ്.'   


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top