18 April Thursday

പെന്‍ഷന്‍ വീട്ടിലെത്തി; വാക്കുപാലിച്ച് സര്‍ക്കാര്‍

വെബ് ഡെസ്‌ക്‌Updated: Thursday Aug 25, 2016


അറുപത് കഴിഞ്ഞവര്‍ക്കും അവശത അനുഭവിക്കുന്ന മറ്റെല്ലാവര്‍ക്കും പെന്‍ഷന്‍. കുറഞ്ഞ പ്രതിമാസ പെന്‍ഷന്‍ 1000 രൂപ. അത് മുടക്കമില്ലാതെ വീട്ടിലെത്തിക്കും. ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റ് 100 ദിവസം തികയ്ക്കുംമുമ്പ് മേല്‍പ്പറഞ്ഞതെല്ലാം ശരിയാക്കിയിരിക്കുന്നു. എല്ലാം ശരിയാക്കാന്‍ ഇനിയും സമയമെടുക്കുമെങ്കിലും ഏറ്റവും അടിത്തട്ടിലുള്ളവരെ പിണറായി സര്‍ക്കാര്‍ ആദ്യം പരിഗണിച്ചു. നമുക്കിടയിലെ മുതിര്‍ന്ന പൌരന്മാര്‍ക്ക് ഈ ഓണക്കാലം ആഹ്ളാദത്തിന്റേതാണ്. മുമ്പേ കിട്ടാനുള്ളതും ഒരുമാസത്തെ മുന്‍കൂര്‍ പെന്‍ഷനുമടക്കം 15,000 രൂപവരെ ഒന്നിച്ച് കൈയില്‍ കിട്ടിയപ്പോള്‍ പലരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി. വയോധികര്‍, വിധവകള്‍, 50 കഴിഞ്ഞ അവിവാഹിതകള്‍, കര്‍ഷകത്തൊഴിലാളികള്‍, അംഗപരിമിതര്‍ തുടങ്ങി 32 ലക്ഷത്തിലധികം നിരാലംബര്‍ക്കും അവശര്‍ക്കുമാണ് എല്‍ഡിഎഫ് ഗവണ്‍മെന്റ് കുടിശ്ശിക തീര്‍ത്ത് പെന്‍ഷന്‍ നല്‍കുന്നത്. ഇതിന് ആവശ്യമായ 3100 കോടി രൂപയില്‍ പകുതി ആദ്യദിനത്തില്‍ത്തന്നെ സര്‍ക്കാര്‍ അനുവദിച്ചു.

തിരുവോണനാള്‍വരെ കാത്തിരുന്ന് ഒടുവില്‍ പെന്‍ഷന്‍ കിട്ടാതെ നിരാശരായ എത്രയോ ഓണക്കാലം കടന്നുപോയിരിക്കുന്നു. ഇക്കുറി അത്തം പിറക്കാന്‍ ഇനിയും ഒരാഴ്ച ബാക്കിയിരിക്കെ പലരുടെയും മനംനിറഞ്ഞു. പെന്‍ഷന്‍ വീട്ടിലെത്തിക്കുമെന്ന വാഗ്ദാനം നിറവേറ്റാന്‍ ഗവണ്‍മെന്റ് സ്വീകരിച്ച വഴിയാണ് ഏറെ പ്രകീര്‍ത്തിക്കപ്പെടുന്നത്. ട്രഷറിയുടെയും മണിഓര്‍ഡറിന്റെയും ചെക്കിന്റെയും സാങ്കേതിക കുരുക്കുകള്‍ക്കും ചുവപ്പുനാടകള്‍ക്കും അറുതിയായി. ബാങ്കുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും വരാന്തകളില്‍ കാത്തുകെട്ടിക്കിടന്ന് തളര്‍ന്ന നാളുകള്‍ വയോജനങ്ങള്‍ക്ക് എളുപ്പം മറക്കാനാകില്ല. ഇപ്പോള്‍ ഒരോ നാട്ടിലെയും സഹകരണബാങ്ക് ജീവനക്കാര്‍ പണവുമായി പെന്‍ഷന്‍കാരെ അന്വേഷിച്ചെത്തുന്നു. ഏതെങ്കിലുമൊരു തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് പെന്‍ഷന്‍ കൈയില്‍വാങ്ങാം. സര്‍ക്കാര്‍ ജില്ലാസഹകരണ ബാങ്കുകള്‍ക്ക് കൈമാറുന്ന ഫണ്ട് പ്രാഥമിക സഹകരണസ്ഥാപനങ്ങള്‍ വഴിയാണ് ഗുണഭോക്താക്കള്‍ക്ക് എത്തിക്കുന്നത്.  ക്ഷേമ പെന്‍ഷന്‍ എന്ന വാക്കുതന്നെ ഈ സര്‍ക്കാര്‍ അന്വര്‍ഥമാക്കിയിരിക്കുന്നു. തീര്‍ത്തും അനായാസകരമായിരുന്നു ഈ പരിവര്‍ത്തനം.

നമ്മുടെ നാടിന്റെ ജീവനാഡിയായ സഹകരണസ്ഥാപനങ്ങളെ സര്‍ക്കാരിന്റെ വികസന– ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ എങ്ങനെ കണ്ണിചേര്‍ക്കാം എന്നതിന്റെ ഉദാത്ത മാതൃകയാണ് എല്‍ഡിഎഫ്് ഗവണ്‍മെന്റ് പെന്‍ഷന്‍ വിതരണത്തിലൂടെ മൂന്നോട്ടുവച്ചത്. മുമ്പൊരിക്കല്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍  സഹകരണബാങ്കുകളില്‍ തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട്  നിക്ഷേപിക്കാനുള്ള നിര്‍ദേശത്തിനെതിരെ സഹകരണമന്ത്രിക്ക് കുറിപ്പ് നല്‍കിയതും മന്ത്രി അതിന് നല്‍കിയ മറുപടിയും ഇവിടെ സ്മരണീയമാണ്. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ സുപ്രധാന പങ്ക് വഹിക്കുന്ന സഹകരണപ്രസ്ഥാനത്തെ ഇകഴ്ത്തിയ ആ ഉദ്യോഗസ്ഥമേധാവിയുടെ 'തല പരിശോധിപ്പിക്കണം' എന്നായിരുന്നു മന്ത്രിയുടെ മറുകുറി. അന്നത്തെ സഹകരണമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ മുഖ്യമന്ത്രിയാണ്. കേരളത്തിലെ ജനകീയ സഹകരണശൃംഖലയെ ശരിയായ ദിശയില്‍ പ്രയോജനപ്പെടുത്തുക വഴി പിണറായി സര്‍ക്കാര്‍ സമൂഹത്തിന് പുതിയൊരു ദിശാബോധം പകര്‍ന്നിരിക്കുന്നു.

സെപ്തംബര്‍ അഞ്ചിനകം മുഴുവന്‍ പേര്‍ക്കും പെന്‍ഷന്‍ എത്തിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷന്മാരടങ്ങുന്ന സമിതികളാണ് പ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്. ജില്ലാസഹകരണ ബാങ്കുകളുടെയും പ്രാഥമിക സഹകരണസംഘങ്ങളുടെയും പ്രസിഡന്റുമാരുമായി സഹകരണമന്ത്രി എ സി മൊയ്തീന്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ട് ആശയവിനിമയം നടത്തുന്നുണ്ട്.

എല്‍ഡിഎഫ് ജനങ്ങള്‍ക്ക് മുന്നില്‍വച്ച 35 ഇന പരിപാടിയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വാഗ്ദാനമായിരുന്നു പെന്‍ഷന്‍ വര്‍ധനയും വീട്ടിലെത്തിക്കലും. ഇതില്‍ രണ്ടാമത്തേത് ഫലപ്രദമായി നടപ്പാക്കുകയെന്നത് വെല്ലുവിളിയായിരുന്നു. കുടുംബശ്രീ, അയല്‍ക്കൂട്ടം  തുടങ്ങിയ സംവിധാനങ്ങളെ ഉപയോഗിക്കാനും ആലോചിച്ചിരുന്നു. ഒടുവില്‍ സഹകരണമേഖലയിലൂടെ മെച്ചപ്പെട്ട നിലയില്‍ പെന്‍ഷന്‍ വിതരണം ആരംഭിച്ചിരിക്കുന്നു. പരാതിക്കിടയില്ലാത്തവിധം അത് പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ടവരുടെയെല്ലാം ജാഗ്രത അത്യാവശ്യമാണ്.

മുടങ്ങിക്കിടന്ന കയര്‍ത്തൊഴിലാളി പെന്‍ഷന്‍ വിതരണവും ഇതേ ഘട്ടത്തില്‍ത്തന്നെ പുനരാരംഭിക്കാനായി. 66,000 തൊഴിലാളികള്‍ക്ക് 45 കോടി രൂപയാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. കയര്‍സംഘങ്ങള്‍ക്കുള്ള ആനുകൂല്യമായി അഞ്ചു കോടിയും നല്‍കും. യുഡിഎഫ് സര്‍ക്കാര്‍ അടച്ചിട്ട കശുവണ്ടി ഫാക്ടറികള്‍ തുറന്ന് തൊഴിലാളികള്‍ക്ക് ജോലിനല്‍കിയത്, പറഞ്ഞത് ചെയ്യുന്ന സര്‍ക്കാര്‍ എന്ന വിശ്വാസം ജനങ്ങളില്‍ ജനിപ്പിച്ചിട്ടുണ്ട്. ഓണക്കാലത്തെ വിപണി ഇടപെടലിന് 1464 ഓണച്ചന്തയും 1350 പച്ചക്കറിച്ചന്തയും തുറക്കാനുള്ള തീരുമാനത്തിലൂടെയും ഗവണ്‍മെന്റിന്റെ മുന്‍ഗണനകള്‍ വ്യക്തമാകുന്നു. കടക്കെണിയില്‍പ്പെട്ട് കിടപ്പാടം ജപ്തിയിലായവര്‍ക്കുള്ള മുഖ്യമന്ത്രിയുടെ കടാശ്വാസ പദ്ധതിയില്‍ പതിനായിരത്തോളം കുടുംബങ്ങളെയാണ് സ്വന്തംമണ്ണില്‍ ഉറപ്പിച്ച് നിര്‍ത്തുന്നത്. പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് സൌജന്യ ഇന്‍ഷുറന്‍സ്, 25 ലക്ഷം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൌജന്യ യൂണിഫോറം എന്നീ പദ്ധതികള്‍ക്ക് തുടക്കമിട്ടതും സാധാരണ ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമാകും. സംസ്ഥാനത്തെ  അടിസ്ഥാന പശ്ചാത്തലവികസനത്തിനായുള്ള മൂലധനസമാഹരണത്തിനുള്ള 'കിഫ്ബി'യുടെ ശാക്തീകരണത്തിന് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഇത്തരത്തില്‍ അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ക്കും വികസനപദ്ധതികള്‍ക്കും സമതുലിതമായ പ്രാധാന്യംനല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നവകേരളത്തിന് നിലം ഒരുക്കിക്കഴിഞ്ഞിരിക്കുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top