26 September Tuesday

അധികാരമോഹത്തിൽ അന്നം മുട്ടിക്കരുത്‌

വെബ് ഡെസ്‌ക്‌Updated: Monday Mar 29, 2021കോവിഡ്‌ കാരണം ജീവിത പ്രതിസന്ധിയിലായ ജനങ്ങളുടെ പട്ടിണിയകറ്റുന്നതിന്‌ സംസ്ഥാന സർക്കാർ നൽകിവരുന്ന അരിയും പലവ്യഞ്ജന കിറ്റും ക്ഷേമപെൻഷനും മുടക്കിയേ അടങ്ങൂ എന്ന പ്രതിപക്ഷ നേതാവിന്റെ ദുർവാശി അങ്ങേയറ്റം അപലപനീയമാണ്‌. സംസ്ഥാനത്തെ റേഷൻ മുൻഗണനേതര വിഭാഗങ്ങൾക്ക്‌ 15 രൂപ നിരക്കിൽ 10 കിലോ അരി നൽകുന്നത്‌ നിർത്തിവയ്‌ക്കാൻ പ്രതിപക്ഷ നേതാവിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ്‌ കമീഷൻ ഉത്തരവിട്ടിരിക്കയാണ്. മഹാമാരി കാരണം കടുത്ത സാമ്പത്തിക ദുരിതത്തിലായ സാധാരണക്കാരെ ജീവിക്കാൻ അനുവദിക്കില്ലെന്ന പ്രതികാര ബുദ്ധിയാണ്‌ പ്രതിപക്ഷ നേതാവ്‌ പ്രകടിപ്പിക്കുന്നത്‌. സംസ്ഥാനത്ത്‌ അധികാരം പിടിക്കാമെന്ന മോഹം നടക്കില്ലെന്ന്‌ ബോധ്യമായതോടെ അന്നം മുട്ടിച്ച്‌ ജനങ്ങളെ ദ്രോഹിക്കുകയാണ്‌ പ്രതിപക്ഷം.

അരിയും കിറ്റും പെൻഷനും തടയണമെന്നാവശ്യപ്പെട്ട്‌ തെരഞ്ഞെടുപ്പ്‌ കമീഷന്‌ പ്രതിപക്ഷനേതാവ്‌ നൽകിയ കത്ത്‌ പുറത്തുവന്നിട്ടുണ്ട്‌. സ്‌കൂൾ കുട്ടികൾക്കുള്ള അരി വിതരണം തെരഞ്ഞെടുപ്പ്‌ കഴിയുന്നതു‌വരെ തടയണം, വിഷു സ്‌പെഷ്യലായി നൽകുന്ന ഭക്ഷ്യവസ്‌തുക്കളുടെ വിതരണം ഏപ്രിൽ ആറുവരെ നിർത്തിവയ്‌ക്കാൻ സിവിൽ സപ്ലൈസ്‌ വകുപ്പിനോട്‌ നിർദേശിക്കണം, വിഷു പ്രമാണിച്ച്‌ നൽകുന്ന അരി തടയണം, ഏപ്രിൽ, മെയ്‌ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യുന്നത്‌ വിലക്കണം എന്നീ ആവശ്യങ്ങളാണ്‌ കത്തിൽ ഉന്നയിച്ചത്‌. ഒരു വർഷത്തിലേറെയായി കോടിക്കണക്കിന്‌ മനുഷ്യരെ പട്ടിണിയിൽനിന്ന്‌ കാത്തുരക്ഷിക്കുന്ന സംസ്ഥാന സർക്കാരിന്റെ ക്ഷേമനടപടികൾ തകർക്കുകയാണ്‌ ലക്ഷ്യം.

കോവിഡ്‌ മഹാമാരിയെ തുടർന്ന്‌ കേരളത്തിലെ 89 ലക്ഷം കുടുംബങ്ങൾക്കാണ് സർക്കാർ മാസം തോറും ഭക്ഷ്യക്കിറ്റ്‌ നൽകുന്നത്‌. കഴിഞ്ഞ ഏപ്രിലിൽ തുടങ്ങിയ 
കിറ്റ്‌ വിതരണത്തിന്‌ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധമില്ല. ഈസ്‌റ്ററും വിഷുവും കണക്കിലെടുത്താണ്‌ ഏപ്രിൽ ആദ്യവാരം കിറ്റ്‌ നൽകാൻ തീരുമാനിച്ചത്‌. ആഘോഷവേള സമൃദ്ധമാകണമെന്ന ഉദ്ദേശ്യത്തോടെ കഴിഞ്ഞ ഫെബ്രുവരി മാസത്തിൽതന്നെ ഇക്കാര്യം തീരുമാനിച്ചതുമാണ്‌. ഓണത്തിനും വിഷുവിനുമെല്ലാം സ്‌കൂൾ കുട്ടികൾക്ക്‌ അരി നൽകുന്നത് പുതിയ കാര്യമല്ല. സ്‌കൂൾ തുറക്കാത്തതിനാലാണ്‌ അരി വീടുകളിലേക്ക്‌ നൽകുന്നത്‌. ഇതെല്ലാം തെരഞ്ഞെടുപ്പ്‌ വിഷയമാക്കി വിവാദമുണ്ടാക്കാനാണ്‌ പ്രതിപക്ഷ നേതാവിന്റെ ശ്രമം. എന്നാൽ, അരി വിതരണം തടയണമെന്നാവശ്യപ്പെട്ട്‌ തെരഞ്ഞെടുപ്പ്‌ കമീഷനെ സമീപിക്കുമെന്ന്‌ ആരും കരുതിയിരുന്നില്ല.

ലോകം അസാധാരണ പ്രതിസന്ധിയിലൂടെ കടന്നുപോയ കോവിഡ്‌ കാലത്ത്‌ മനുഷ്യരെ താങ്ങിനിർത്തുകയും പട്ടിണിയിൽനിന്ന്‌ കാത്തു‌രക്ഷിക്കുകയുമാണ്‌ പ്രതിബദ്ധതയുള്ള സർക്കാരിന്റെ ചുമതല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കൈക്കൊണ്ട നടപടികൾ ലോകം അംഗീകരിച്ചതാണ്‌‌. ഏത്‌ പ്രതിസന്ധിയിലും ഒപ്പമുണ്ടെന്ന്‌ നിശ്‌ചയദാർഢ്യത്തോടെ പറയാൻ സർക്കാരിന്‌ സാധിച്ചു. വിനോദസഞ്ചാരികൾക്കും അതിഥിത്തൊഴിലാളികൾക്കുമെല്ലാം കേരളം തുണയായി. ഒരാളും പട്ടിണിയാകില്ലെന്ന്‌ ഉറപ്പാക്കാൻ ആയിരക്കണക്കിന്‌ സമൂഹ അടുക്കളകൾ തുറന്നു. ഭക്ഷണമില്ലാതെ വിഷമിച്ചവരെ തേടി പൊതികളുമായി വളന്റിയർമാരെത്തി. മനുഷ്യരെ മാത്രമല്ല സകല ജീവജാലങ്ങളെയും സംരക്ഷിക്കാൻ മുഖ്യമന്ത്രി ആഹ്വാനം ചെയ്‌തു. ഇതുകൂടാതെയാണ്‌ കഴിഞ്ഞ വർഷം ഏപ്രിൽമുതൽ എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ ഭക്ഷ്യക്കിറ്റ്‌ വിതരണം ചെയ്യുന്നത്‌. ഇതെല്ലാം തെരഞ്ഞെടുപ്പ്‌ മുന്നിൽ കണ്ടുള്ള നടപടികളായിരുന്നുവെന്ന്‌ അധികാരക്കൊതി മൂത്ത്‌ സ്വബോധം നശിച്ചവർക്കേ പറയാനാകൂ.

റോഡും പാലവും അടക്കമുള്ള അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്കൊപ്പം ജീവിതദുരിതങ്ങളിൽ വീർപ്പുമുട്ടുന്നവരെ ചേർത്തുപിടിക്കാനും അവർക്കായി ക്ഷേമപദ്ധതികൾ നടപ്പാക്കാനും എൽഡിഎഫ്‌ സർക്കാർ പ്രത്യേക പരിഗണനയാണ്‌ നൽകുന്നത്‌. ആരും പട്ടിണികിടക്കാത്ത, എല്ലാവർക്കും അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാകുന്ന വികസനമാണ്‌ സർക്കാരിന്റെ ലക്ഷ്യം. റേഷനും കിറ്റുമൊന്നും സർക്കാരിന്റെ ഔദാര്യമല്ല, ജനങ്ങളുടെ അവകാശമാണ്‌. ക്ഷേമപെൻഷനുകൾ മാസംതോറും വീട്ടിലെത്തിക്കുന്നതും ഭക്ഷ്യക്കിറ്റ്‌ വിതരണം ചെയ്യുന്നതും ലൈഫ്‌ പദ്ധതിയിൽ പാവങ്ങൾക്ക്‌ വീട്‌ നൽകുന്നതുമെല്ലാം ജനങ്ങളിൽ എൽഡിഎഫ്‌ സർക്കാരിന്‌ അനുകൂലമായ മാറ്റം ഉണ്ടാക്കിയതായി പ്രതിപക്ഷത്തിനും ബോധ്യമായിട്ടുണ്ട്‌.

ഇതുവരെ യുഡിഎഫിന്‌ വോട്ടുചെയ്‌തവർപോലും എൽഡിഎഫിന്‌ അനുകൂലമായി സംസാരിക്കുന്നു. ഇതിന്റെ നിരാശയിൽ ജനങ്ങളോട്‌ യുദ്ധം പ്രഖ്യാപിക്കുകയാണ്‌ പ്രതിപക്ഷ നേതാവ്‌. വിനാശകാലത്ത്‌ കാണിച്ചുകൂട്ടുന്ന ഈ വിപരീതബുദ്ധിയുടെ പ്രത്യാഘാതം തെരഞ്ഞെടുപ്പ്‌ ഫലം വരുമ്പോൾ അദ്ദേഹത്തിന്‌ മനസ്സിലാകും. കഞ്ഞിയിൽ മണ്ണ്‌ വാരിയിടുന്നത്‌ ഒരാളും ക്ഷമിക്കില്ലെന്നേ തൽക്കാലം പറയാനുള്ളൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top