26 April Friday

വളര്‍ത്തിയവരെ വഴിയില്‍ തള്ളരുത്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2016


പയ്യന്നൂരിലെ കാര്‍ത്യായിനിയമ്മയുടെ നിലവിളി ഒറ്റപ്പെട്ടതല്ല. വീടിന്റെ അകത്തളങ്ങള്‍ കടന്ന് വല്ലപ്പോഴും മാത്രമേ ഇത്തരം ദീനവിലാപങ്ങള്‍ പുറത്തെത്താറുള്ളൂ. അപ്പോള്‍ മാത്രമേ പ്രായമായവരുടെ ജീവിതം ഒരു സാമൂഹ്യപ്രശ്നമായി ചര്‍ച്ച ചെയ്യപ്പെടാറുമുള്ളൂ. അറിയാതെ അകത്ത് മൂത്രമൊഴിച്ചുപോയതിന് അമ്മയെ മകള്‍ ചൂലുകൊണ്ട് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ മാനവികതയുടെ നേര്‍ക്കുയരുന്ന വലിയൊരു ചോദ്യം തന്നെയാണ്. ഈ സംഭവത്തെ ഒരു വ്യക്തിയുടെ കുറ്റവാസനയായി കണ്ട് അവരെ ശിക്ഷാനടപടിക്ക് വിധേയമാക്കാതിരിക്കാനാവില്ല. അതോടൊപ്പം ഇത്തരം ക്രൂരതകളിലേക്ക് നയിക്കുന്ന സാമൂഹ്യ സാഹചര്യത്തെ ഗൌരവപൂര്‍വം അഭിമുഖീകരിക്കുക കൂടി വേണം. ഇതില്‍ വ്യക്തികള്‍ക്കും സമൂഹത്തിനും ഭരണസംവിധാനങ്ങള്‍ക്കും തനതായ ഉത്തരവാദിത്തവും ദൌത്യവും  നിര്‍വഹിക്കാനുണ്ട്.

അമ്മയെ തല്ലുന്ന സഹോദരിക്കെതിരെ പൊലീസിനെ സമീപിക്കേണ്ടിവരുന്ന മകനും അമ്മയെ നോക്കേണ്ടത് ആണ്‍മക്കളല്ലേ എന്ന് തിരിച്ചുചോദിക്കുന്ന മകളും ഇന്നത്തെ സമൂഹ്യ യാഥാര്‍ഥ്യങ്ങളാണ്. കാലം മനുഷ്യബന്ധങ്ങളെ എങ്ങനെ ഇത്തരത്തില്‍ ശിഥിലീകരിക്കുന്നു എന്നത് ഉത്തരം കിട്ടാത്ത ചോദ്യവും. സ്നേഹവും കരുണയും വറ്റിയ മനസ്സുകള്‍ സ്വത്തിനെന്ന പോലെ അമ്മയെ നോക്കുന്നതിനും കണക്കുപറയും. ഒരിക്കല്‍ കുഞ്ഞിന്റെ മലമൂത്രാദികള്‍ സ്വന്തം കൈകളിലും ശരീരത്തിലും ഏറ്റുവാങ്ങിയിരുന്നു ഈ അമ്മ. ആ അമ്മയുടെ നിലവിളിയും അതിലും ഉച്ചത്തില്‍ മകളുടെ ആക്രോശവുമാണ് നാം കേട്ടത്. അന്വേഷിച്ചെത്തിയ നിയമപാലകരോട് ഞാനെന്തിന് അമ്മയെ നോക്കണമെന്ന മറുചോദ്യവും കേട്ടു. ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം നിയമ പുസ്തകങ്ങളിലുണ്ട്. ഏതായാലും പൊറുക്കാനാകാത്ത ക്രൂരത കാണിച്ച വീട്ടമ്മയും ഭര്‍ത്താവും ഇരുമ്പഴിക്കുള്ളിലാണ്. ആശുപത്രിയിലായിരുന്ന അമ്മയെ മകനോടൊപ്പം വിട്ടെങ്കിലും അവരെ സാമൂഹ്യനീതി വകുപ്പ് ഏറ്റെടുത്തു.

ഇത്തരം അന്യായങ്ങളില്‍ ശക്തമായ നിയമനടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പ് മന്ത്രി കെ കെ ശൈലജ നല്‍കിയിട്ടുണ്ട്. 2007ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ 'മുതിര്‍ന്ന പൌരന്മാരുടെയും രക്ഷിതാക്കളുടെയും സംരക്ഷണവും ക്ഷേമവും ഉറപ്പാക്കല്‍ നിയമം' വയോജനങ്ങളോടുള്ള ഉത്തരവാദിത്തങ്ങള്‍ വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. ഇതുപ്രകാരം വയോജനങ്ങളുടെ സംരക്ഷണം മക്കളുടെയും പിന്‍തുടര്‍ച്ചാവകാശികളുടെയും നിയമപരമായ ഉത്തരവാദിത്തമാണ്. മകന്‍, മകള്‍, കൊച്ചുമകന്‍, കൊച്ചുമകള്‍ എന്നിവരാണ് മക്കള്‍ എന്ന നിര്‍വചനത്തില്‍പെടുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഇതില്‍ പെടില്ല. ഭക്ഷണം, വസ്ത്രം, താമസസ്ഥലം, ചികിത്സയും പരിചരണവും എന്നിവയെല്ലാം സംരക്ഷണത്തിന്റെ പരിധിയില്‍ വരും. 60 വയസ്സിനു മുകളിലുള്ളവരെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നത് തടവും പിഴയും കിട്ടാവുന്ന ക്രിമിനല്‍ കുറ്റമാണ്. കേരള ഗാര്‍ഹിക പീഡന നിയമപ്രകാരവും ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ ലഭിക്കും. വൃദ്ധജനങ്ങളെ ക്ഷേത്രങ്ങളിലും ബസ്സ്റ്റാന്‍ഡുകളിലും ആശുപത്രികളിലും ഉപേക്ഷിക്കുന്ന സംഭവങ്ങള്‍ഇടക്കാലത്ത് കേരളത്തില്‍ തുടരെ ഉണ്ടായി. തിരക്കേറുമ്പോള്‍ വഴിയില്‍ തള്ളേണ്ടതും ഉപയോഗം കഴിഞ്ഞ് വലിച്ചെറിയേണ്ട പാഴ്വസ്തുക്കളുമാണ് വയോജനങ്ങള്‍ എന്ന ചിന്തയ്ക്ക് നിയമത്തിന്റെ മറുമരുന്നേ ഫലം ചെയ്യൂ. വൃദ്ധമന്ദിരത്തിലും മറ്റും വയോവൃദ്ധരായ സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് അടക്കം വിധേയരാകുന്ന സംഭവങ്ങളും  ഉണ്ടാകുന്നുണ്ട്. ഇതുസംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍നായര്‍ അധ്യക്ഷനായി സമിതിയുടെ അന്വേഷണം നടന്നുവരികയാണ്.

മനുഷ്യന്റെ ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതോടെ ലോക ജനസംഖ്യയില്‍ തന്നെ വയോജനങ്ങളുടെ അനുപാതം വര്‍ധിച്ചുവരികയാണ്. ഉയര്‍ന്ന ജീവിത ഗുണമേന്മയും ആരോഗ്യ ചികിത്സാ സൌകര്യങ്ങളുമുള്ള കേരളത്തിലിത് ജനസംഖ്യയുടെ 15 ശതമാനത്തിനടുത്തുവരും.  ഇവര്‍ക്ക് പരാശ്രയമില്ലാതെ തന്നെ പരമാവധികാലം ജീവിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ആരോഗ്യപരിപാലന സൌകര്യങ്ങള്‍ ഉറപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധവയ്ക്കുന്നത്. ഇതൊക്കെ ആയാലും വാര്‍ധക്യമെന്ന രണ്ടാം ബാല്യം ഒരുപാട് പരിചരണം ആവശ്യപ്പെടുന്നുണ്ട്. ഇതിന് മാനസികവും ശാരീരികവുമായ തലങ്ങളുണ്ട്. ജീവിതത്തിന്റെ സജീവതയില്‍നിന്ന് വഴിമാറുന്നതോടെ ഒറ്റപ്പെടല്‍ എന്ന ശാപത്തിലേക്ക് ബഹുഭൂരിപക്ഷംപേരും എടുത്തെറിയപ്പെടുന്ന കുടുംബാന്തരീക്ഷമാണ് ഇന്ന് നിലനില്‍ക്കുന്നത്. സ്ത്രീകളും വിധവകളുമാണ് ഏകാന്ത ജീവിതത്തിന് വിധിക്കപ്പെടുന്നവരില്‍ കൂടുതലും. മക്കള്‍ തൊഴിലും കൊച്ചുമക്കള്‍ പഠനവുമായി കഴിയുമ്പോള്‍ മാതാപിതാക്കള്‍ ഒറ്റയ്ക്കാവുന്നു. കുടുംബത്തിനകത്തുതന്നെ ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ തലമുറകളുടെ കൂട്ടായ പരിശ്രമം മാത്രമാണ് പോംവഴി.

വയോജനങ്ങളെ സാമൂഹ്യ ജീവിതത്തില്‍ പങ്കാളികളാക്കുന്നതിന് വ്യക്തമായ കര്‍മപരിപാടി കഴിഞ്ഞ തെരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ ഇടതു ജനാധിപത്യമുന്നണി മുന്നോട്ടുവച്ചിട്ടുണ്ട്. പകല്‍വീടുകള്‍ എണ്ണം വര്‍ധിപ്പിച്ച് വിനോദത്തിനും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കും അവസരമൊരുക്കുക, വയോജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് സമഗ്രപഠനം നടത്തി പരിഹാരം കണ്ടെത്തുക തുടങ്ങിയവയാണ് ഇതില്‍ പ്രധാനം. താഴേത്തട്ടുമുതല്‍ എല്ലാ തലങ്ങളിലുമുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രായമായവര്‍ക്ക് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുക, സാന്ത്വന പരിപാലനത്തിന് ശൃംഖല സാര്‍വത്രികമാക്കുക എന്നീ പരിപാടികളും ത്വരിതപ്പെടുത്തേണ്ടതുണ്ട്. കുടുംബശ്രീ, കണ്ണൂര്‍ ഐആര്‍പിസി മാതൃകയിലുള്ള സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സേവനം ഇക്കാര്യങ്ങളില്‍ പ്രയോജനപ്പെടുത്താവുന്നതാണ്. വൃദ്ധജനപരിപാലനം സമൂഹത്തിന്റെ കടമയാണെന്ന് ബോധ്യപ്പെടുത്തുന്ന 'വളരുന്ന കേരളം വളര്‍ത്തിയവര്‍ക്ക് ആദരം' എന്ന പ്രചാരണ പരിപാടി സാമൂഹ്യസുരക്ഷാ മിഷന്റെ നേതൃത്വത്തില്‍  നടന്നുവരികയാണ്. ഇത്തരത്തില്‍, വ്യക്തികളിലെ അധമവാസനകള്‍ക്കെതിരെ സാമൂഹ്യമായ പ്രതിരോധം തീര്‍ത്തുകൊണ്ട് നമുക്ക് പഴയ തലമുറയോട് നീതിചെയ്യാനാകും


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top