20 May Monday

സാമൂഹ്യമാധ്യമങ്ങളെ കേന്ദ്രം ഭയക്കുന്നതെന്തിന്‌

വെബ് ഡെസ്‌ക്‌Updated: Friday May 28, 2021


സാമൂഹ്യമാധ്യമങ്ങളുടെ സ്വതന്ത്ര പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന പുതിയ ഐടി ചട്ടം രാജ്യത്ത്‌ വലിയ ചർച്ചയാണ്‌. ഇൻഫർമേഷൻ ടെക്‌നോളജി (ഗൈഡ്‌ലൈൻസ്‌ ഫോർ ഇന്റർമീഡിയറീസ്‌ ആൻഡ്‌ ഡിജിറ്റൽ മീഡിയ എത്തിക്‌സ്‌ കോഡ്‌ ) റൂൾസ്‌, 2021, മെയ്‌ 25നാണ്‌ നിലവിൽ വന്നത്‌.  ചട്ടം ചോദ്യംചെയ്ത്‌ ഫെയ്‌സ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിങ്‌ ആപ്പായ വാട്‌സാപ് അധികൃതർ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി.  ഭരണഘടന പൗരന്മാർക്ക്‌ ഉറപ്പ്‌ നൽകുന്ന അവകാശങ്ങളുടെ ലംഘനമാണ്‌ ചട്ടമെന്നാണ്‌ വാദം. മറ്റ്‌ ഐടി പ്ലാറ്റ്‌ഫോമുകളും ഇതേ അഭിപ്രായക്കാരാണ്‌. സമാന ഹർജി കേരള ഹൈക്കോടതിയിലുമുണ്ട്‌. എന്നാൽ, കേന്ദ്ര ഐടി മന്ത്രാലയം പുതിയ ചട്ടപ്രകാരമുള്ള നടപടികൾ സ്വീകരിച്ചതിന്റെ റിപ്പോർട്ട്‌ ഹാജരാക്കാൻ ഇന്ത്യയിലെ എല്ലാ സാമൂഹ്യമാധ്യമ കമ്പനിക്കും നോട്ടീസ്‌ നൽകിക്കഴിഞ്ഞു.

പുതിയ ചട്ടത്തെക്കുറിച്ചുള്ള പ്രധാന വിമർശങ്ങൾ ഇവയാണ്‌: കൈമാറുന്ന ഉള്ളടക്കത്തിന്റെ സ്വകാര്യത നഷ്ടപ്പെടും.  ഉറവിടങ്ങൾ വെളിപ്പെടുന്നതോടെ സാമൂഹ്യമാധ്യമങ്ങളുടെ വിശ്വാസ്യത തകരും. കേന്ദ്രസർക്കാരിനാകട്ടെ, തങ്ങളെ വിമർശിക്കുന്ന ഉള്ളടക്കവും ഉറവിടവും കൈയിൽ കിട്ടുന്നതോടെ അവരെ പ്രതികാരമനോഭാവത്തോടെ ക്രൂശിക്കാനുമാകും. ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ മറ്റെല്ലാ മേഖലയിലുമെന്നപോലെ, സാമൂഹ്യമാധ്യമങ്ങളെയും ഭീഷണിപ്പെടുത്തി വരുതിയിലാക്കുന്നതിനാണ്‌ പുതിയ ചട്ടത്തിലൂടെ ശ്രമിക്കുന്നത്‌. ഒടിടി പ്ലാറ്റ്‌ഫോമിലെ ചില പരമ്പരകൾക്കെതിരെ വർഗീയമായി  സംഘപരിവാർ രംഗത്തുവന്നതും ട്വിറ്ററിനെ പാഠം പഠിപ്പിക്കാനുള്ള നീക്കങ്ങളും ഇതിന്റെ കളമൊരുക്കലായിരുന്നു. എന്തുകൊണ്ടാണ്‌  ജനസ്വാധീനമുള്ള ഇത്തരം പ്ലാറ്റ്‌ഫോമുകളെ ബിജെപി ഭയക്കുന്നത്‌ ? ആർക്കും ബോധ്യമാകുന്ന കാര്യമാണത്‌; തങ്ങളുടെ കൊള്ളരുതായ്മകളെയും വർഗീയ നീക്കങ്ങളെയും തുറന്നുകാണിക്കുന്നത്‌ സാമൂഹ്യമാധ്യമങ്ങളാണ്‌. വിമർശങ്ങൾ പുറംലോകമറിയരുത്‌, കുഴലൂത്തുകൾ ധാരാളമാകാം എന്നതാണ്‌ നിലപാട്‌. 

മുഖ്യധാരാ മാധ്യമങ്ങളിൽ ഒരു വിഭാഗത്തെ  സംഘപരിവാർ നേരത്തേ വരുതിയിലാക്കി. രാജ്യത്തെന്ത്‌ സംഭവിച്ചാലും ഈ മാധ്യമങ്ങൾ മൗനം ഭുജിക്കുന്നു. ഇന്ത്യയാകെ ശ്രദ്ധിച്ച കർഷകസമര വാർത്ത മുക്കി. ആ സമരം ജനങ്ങളിലേക്കെത്തിക്കുന്നത്‌ സാമൂഹ്യമാധ്യമങ്ങളാണ്‌. മഹാമാരി കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്‌ച ചൂണ്ടിക്കാട്ടിയപ്പോൾ, ഒരു നാണവുമില്ലാതെ അവ നീക്കണമെന്ന്‌ സാമൂഹ്യമാധ്യമങ്ങളോട്‌ കേന്ദ്രം ആവശ്യപ്പെട്ടു. സമാധാനപൂർവം കഴിയുന്ന  ലക്ഷദ്വീപ്‌ ജനതയെ അടിമുടി ദ്രോഹിക്കുന്ന കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്ററുടെ ക്രൂരഭരണത്തിന്റെ വിവരങ്ങൾ ദിവസങ്ങൾക്കുശേഷം പുറത്തറിഞ്ഞതും സാമൂഹ്യമാധ്യമങ്ങൾ  ഉള്ളതുകൊണ്ടാണ്‌.

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ ഈറ്റില്ലങ്ങളായ അമേരിക്കയും യൂറോപ്പും അടക്കം നിയമംമൂലം നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്‌. അതത് ‌സ്ഥാപനങ്ങൾ സ്വയം നിരീക്ഷിച്ച്‌ നീക്കുന്ന സംവിധാനമാണത്‌.  നിയമവിരുദ്ധമെന്ന്‌ പൂർണബോധ്യമായവ നീക്കണം. അനുസരിക്കാത്ത പ്ലാറ്റ്‌ഫോമുകൾക്ക്‌ പിഴയും നിശ്ചയിച്ചു. തെറ്റായ ഉള്ളടക്കങ്ങൾ നീക്കാൻ യുട്യൂബ്‌ കൃത്രിമബുദ്ധിയുടെ സഹായത്തോടെ യന്ത്രസംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്‌. 10,000 ജീവനക്കാരെയും. പ്രതിവർഷം ശരാശരി 75 ലക്ഷത്തിലധികം വീഡിയോ അവർ നീക്കുന്നുണ്ടെന്ന്‌  ബിബിസി റിപ്പോർട്ട്‌ ചെയ്തു. ഫെയ്‌സ്‌ബുക്കാകട്ടെ 35,000 ജീവനക്കാരെയാണ്‌ നിയമിച്ചിട്ടുള്ളത്‌. തീർച്ചയായും സാമൂഹ്യമാധ്യമ സ്ഥാപനങ്ങളുടെ താൽപ്പര്യവും പോരായ്മകളും മുമ്പും ചർച്ചയായിട്ടുണ്ട്‌. എന്നാൽ, സ്വകാര്യതയും സുരക്ഷിതത്വവും ഇല്ലാതാക്കി, മുഴുവൻ ഉള്ളടക്കവും ഉറവിടവും ചോർത്തണമെന്ന ചട്ടം സ്വേച്ഛാധിപത്യ പ്രവണയല്ലാതെ മറ്റൊന്നല്ല. അമിതാധികാര പ്രയോഗത്തിന്റെ വലിയ ദുരന്തം അടിയന്തരാവസ്ഥക്കാലത്ത് ‌അനുഭവിച്ചവരാണ്‌ നാം. അന്ന്‌ ആദ്യം ചെയ്തത്‌ മാധ്യമങ്ങളുടെ വായടപ്പിക്കുകയാണ്‌.  ചേരികളെ നിർദയം ചവിട്ടിമെതിച്ചതും നിർബന്ധ വന്ധ്യംകരണം നടത്തിയതും പ്രതിഷേധിച്ചവരെ കൊന്നും മർദിച്ചും ഒതുക്കിയതും അന്ന്‌ പുറത്തറിഞ്ഞില്ല.  അതുകൊണ്ട്‌, ജനാധിപത്യത്തിന്റെ സജീവത കുടികൊള്ളുന്നത്‌ സ്വതന്ത്ര മാധ്യമ സാന്നിധ്യത്തിലാണ്‌. ഇന്നതിൽ സാമൂഹ്യമാധ്യമങ്ങൾകൂടി ഉൾപ്പെടുന്നു. നിയമവിരുദ്ധമോ സാമൂഹ്യവിരുദ്ധമോ ആയ ഉള്ളടക്കങ്ങളെ നിയന്ത്രിക്കുകതന്നെ വേണം. പക്ഷേ, ഭരണകൂടത്തിന്റെ ഇച്ഛയ്‌ക്കനുസരിച്ച്‌ സാമൂഹ്യമാധ്യമങ്ങളെ മെരുക്കാനുള്ള നീക്കം അപലപനീയമാണ്‌. അതിന്‌ രാജ്യം വലിയ വില നൽകേണ്ടി വരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top