20 April Saturday

ഡെന്മാർക്കും ഇടത്തോട്ട്

വെബ് ഡെസ്‌ക്‌Updated: Friday Jun 28, 2019


സ്വീഡനും ഫിൻലൻഡിനും പുറകെ നോർഡിക് രാജ്യമായ ഡെന്മാർക്കിലും മധ്യ ഇടതുപക്ഷ സർക്കാർ അധികാരത്തിൽവന്നു. പൊതുസേവനത്തിനും ജനസുരക്ഷാനടപടികൾക്കും ലോകപ്രസിദ്ധമായ ഡെന്മാർക്കിൽ സോഷ്യൽ ഡെമോക്രാറ്റുകളുടെ നേതൃത്വത്തിലുള്ള സർക്കാരാണ് ഇടതുപാർടികളുടെ പിന്തുണയോടെ അധികാരമേറിയിരിക്കുന്നത്. സോഷ്യൽ ഡെമോക്രാറ്റ് നേതാവായ നാൽപ്പത്തൊന്നുകാരി മെറ്റേ ഫ്രെഡ്രിക‌്സൺ  ആണ് പ്രധാനമന്ത്രി.  രാജ്യത്ത് അധികാരമേറുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണവർ. രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി ഹെല്ലേ തോർണിങ‌് ഷിമിഡിറ്റ് മന്ത്രിസഭയിൽ തൊഴിൽ–-നീതിന്യായമന്ത്രിയായി മെറ്റേ ഫ്രെഡ്രിക‌്സൺ പ്രവർത്തിച്ചിരുന്നു.

ജൂൺ അഞ്ചിന് നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 179 അംഗ പാർലമെന്റിൽ 25.9 ശതമാനം വോട്ടും 48 സീറ്റും നേടി സോഷ്യൽ ഡെമോക്രാറ്റുകൾ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷമുണ്ടായിരുന്നില്ല. മൂന്നാഴ‌്ച നീണ്ട ചർച്ചയ‌്ക്കൊടുവിൽ മൂന്ന് ഇടതുകക്ഷികളുമായി ധാരണയിലെത്തിയാണ് ഇപ്പോൾ മെറ്റേ ഫ്രെഡ്രിക‌്സൺ അധികാരമേറിയിട്ടുള്ളത്.  16 സീറ്റുള്ള സോഷ്യൽ ലിബറലുകളും 14 സീറ്റുള്ള സോഷ്യലിസ്റ്റ് പീപ്പിൾസ് പാർടിയും 13 സീറ്റുള്ള റെഡ് ഗ്രീൻ സഖ്യവു(ഡെന്മാർക്കിലെ കമ്യൂണിസ്റ്റ് പാർടി ഈ സഖ്യത്തിന്റെ ഭാഗമാണ്)മായി ധാരണയിലാണ് പുതിയ സർക്കാർ അധികാരത്തിൽ വന്നിട്ടുള്ളത്. 49.1 ശതമാനംപേരുടെ പിന്തുണയും 91 സീറ്റും ഭരണസഖ്യത്തിന് ഉണ്ടെന്നർഥം.

സാമ്പത്തികവിഷയങ്ങളിൽ ഇടതുനിലപാടും കുടിയേറ്റവിഷയത്തിൽ തീവ്രവലതുപക്ഷ നിലപാടും സ്വീകരിച്ചാണ് സോഷ്യൽ ഡെമോക്രാറ്റുകൾ വിജയം വരിച്ചിട്ടുള്ളത്. കുടിയേറ്റവിഷയത്തിലുള്ള മെറ്റേ ഫ്രെഡ്രിക‌്സണിന്റെ നയമാണ് സഖ്യരൂപീകരണം വൈകിപ്പിച്ചത്. ആരുമായും സഖ്യമുണ്ടാക്കാതെ ന്യൂനപക്ഷ സർക്കാരായി തുടരാനാണ് ആദ്യം സോഷ്യൽ ഡെമോക്രാറ്റുകൾ തീരുമാനിച്ചിരുന്നത്. എന്നാൽ, അത്തരമൊരു സർക്കാരിന് അധികകാലം തുടരാനാകില്ലെന്ന് വ്യക്തമായതോടെയാണ് ഇടതുപാർടികളുമായി ചർച്ച ആരംഭിച്ചത്. എന്നാൽ, മെറ്റേ ഫ്രെഡ്രിക‌്സണിന്റെ കുടിയേറ്റനയത്തെ അംഗീകരിക്കാൻ ഇടതുകക്ഷികൾ തയ്യാറായില്ല. ലിബറൽ പാർടി നേതാവ് റാസ‌്മുസേൻ സർക്കാർ കൈക്കൊണ്ട മുസ്ലിംവിരുദ്ധ–- കുടിയേറ്റവിരുദ്ധ നയങ്ങളെ സോഷ്യൽ ഡെമോക്രാറ്റുകൾ പാർലമെന്റിൽ പിന്തുണച്ചിരുന്നു.  മുസ്ലിംസ്ത്രീകൾ ബർഖ ധരിക്കരുതെന്നും ആരോഗ്യസേവനച്ചെലവുകൾ നടത്തുന്നതിന് കുടിയേറ്റക്കാരുടെ ആഭരണങ്ങൾ പിടിച്ചെടുക്കാമെന്നുമുള്ള നിയമങ്ങൾക്ക് പൂർണപിന്തുണ നൽകാൻ സോഷ്യൽ ഡെമോക്രാറ്റുകൾ തയ്യാറായി. ഇത്തരമൊരു വലതുപക്ഷനയത്തെ അംഗീകരിക്കാൻ ഇടതുകക്ഷികൾ തയ്യാറായില്ല.

അവസാനം ഇടതുകക്ഷികളുടെ നിർബന്ധത്തിന് വഴങ്ങി ഒരു പൊതുമിനിമം പരിപാടി അംഗീകരിക്കാൻ  ഫ്രെഡ്രിക‌്സൺ തയ്യാറായി. ഈ പൊതുമിനിമം പരിപാടിയനുസരിച്ച് ഐക്യരാഷ്ട്രസഭ നിശ്ചയിക്കുന്ന ക്വോട്ട അനുസരിച്ച് കുടിയേറ്റക്കാരെ സ്വീകരിക്കാൻ ഫ്രെഡ്രിക‌്സൺ സമ്മതിച്ചു. അതോടൊപ്പം 2030 ആകുമ്പോഴേക്കും ഗ്രീൻഹൗസ് വാതകങ്ങളുടെ ബഹിർഗമനം 70 ശതമാനം കുറയ‌്ക്കാനും ധാരണയായി.  എന്നാൽ, പൊതുമിനിമം പരിപാടിയിലെ ഏറ്റവും പ്രധാന ഇനം നിയോലിബറൽ സാമ്പത്തികനയത്തിന്റെ ഭാഗമായുള്ള ചെലവുചുരുക്കൽ നയം ഉപേക്ഷിക്കുമെന്നതാണ്. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ പൊതുനിക്ഷേപം വർധിപ്പിക്കാനും തീരുമാനമായി.  ക്ഷേമപ്രവർത്തനങ്ങൾക്ക് കൂടുതൽ പണം ചെലവഴിക്കാനും ധാരണയായി.  ഇതോടെയാണ് നാലുവർഷത്തെ വലതുപക്ഷ ലിബറൽ കക്ഷിഭരണത്തിനുശേഷം വീണ്ടും മധ്യ ഇടതുപക്ഷ ഭരണത്തിന് കളമൊരുങ്ങുന്നത്. അയൽരാജ്യങ്ങളായ സ്വീഡനിലും ഫിൻലൻഡിലും മധ്യ ഇടതുപക്ഷം അധികാരത്തിൽ തിരിച്ചുവന്നതും സമാനമായ പദ്ധതികൾ മുന്നോട്ടുവച്ചായിരുന്നു. 

ഡെന്മാർക്കിലെ തെരഞ്ഞെടുപ്പുഫലത്തിന്റെ മറ്റൊരു പ്രത്യേകത തീവ്ര വലതുപക്ഷത്തിന് കനത്ത തിരിച്ചടി ലഭിച്ചുവെന്നതാണ്. ഫ്രാൻസിലും ഇറ്റലിയിലും ജർമനിയിലും തീവ്രവലതുപക്ഷം വലിയ മുന്നേറ്റങ്ങൾ സൃഷ്ടിക്കുമ്പോൾ ഡെന്മാർക്കിലെ തീവ്രവലതുപക്ഷ പാർടിയായ ഡാനിഷ് പീപ്പിൾസ് പാർടിക്ക് വോട്ടും സീറ്റും കുറഞ്ഞു. ഡെന്മാർക്കിന്റെ ഭരണംവരെ പിടിച്ചടക്കുമെന്ന് കരുതിയ ഈ കക്ഷിക്ക് 12 ശതമാനം വോട്ടാണ് കുറഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 21.1 ശതമാനം വോട്ട് നേടിയ ഡാനിഷ് പീപ്പിൾസ് പാർടിക്ക് ഇക്കുറി 8.7 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.  യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ലഭിച്ച 10 ശതമാനം വോട്ട് പോലും ഇവർക്ക് നിലനിർത്താനായില്ല. നേരത്തേ ഫിൻലൻഡിലും തീവ്രവലതുപക്ഷം അധികാരത്തിൽവരുമെന്ന് പ്രവചനങ്ങളുണ്ടായെങ്കിലും സോഷ്യൽ ഡെമോക്രാറ്റുകൾക്കാണ് അവിടെയും കുടുതൽ വോട്ടും സീറ്റും ലഭിച്ചത്. പതുക്കെയാണെങ്കിലും തീവ്രവലതുപക്ഷത്തിന്റെ ജനവിരുദ്ധരാഷ്ട്രീയം ജനങ്ങൾ മനസ്സിലാക്കി ത്തുടങ്ങിയെന്ന സന്ദേശംകൂടി ഡെന്മാർക്കിലെ ജനവിധി നൽകുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top