19 April Friday

സ്മാര്‍ട്സിറ്റി: മുന്നില്‍ തിരുവനന്തപുരം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 27, 2017


നഗരവല്‍ക്കരണത്തിന്റെ വേഗത്തില്‍ ഏറ്റവും മുന്നിലുള്ള സംസ്ഥാനമാണ് കേരളം. ഒരു വലിയ നഗരമായി കേരളമൊന്നാകെ പരിണമിക്കുന്ന കാലം അതിവിദൂരമല്ലെന്നാണ് ത്വരിതഗതിയിലുള്ള മാറ്റങ്ങള്‍ നല്‍കുന്ന സൂചന. ഈ വളര്‍ച്ച ശാസ്ത്രീയവും ആസൂത്രിതവുമല്ലെങ്കില്‍ ഗുണം ചെറുവിഭാഗത്തിന് മാത്രമായി ചുരുങ്ങും. ബഹുഭൂരിപക്ഷവും പേറേണ്ടിവരിക വികസനത്തിന്റെ ദുരന്തഫലങ്ങള്‍ ആയിരിക്കും. ഈ കാഴ്ചപ്പാടിലൂടെ നഗരാസൂത്രണത്തെയും വികസന പരിപാടികളെയും രൂപപ്പെടുത്തുന്നതിനുള്ള അംഗീകാരമാണ് തിരുവനന്തപുരത്തിനും അതുവഴി കേരളത്തിനും കഴിഞ്ഞ ദിവസം ലഭിച്ചത്. കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ സ്മാര്‍ട്സിറ്റി പദ്ധതിയുടെ മൂന്നാംഘട്ട ദേശീയ മത്സരത്തിലാണ് വന്‍ നഗരങ്ങളെ പിന്തള്ളി തിരുവനന്തപുരം ഒന്നാമത് എത്തിയത്. ഒടുവില്‍ തെരഞ്ഞെടുത്ത 30 സ്മാര്‍ട്സിറ്റികളില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ തിരുവനന്തപുരത്തിന്റെ നേട്ടം ദേശീയ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ഭൂവിനിയോഗം, പൈതൃക സംരക്ഷണം, സംയോജിത അടിസ്ഥാനസൌകര്യ വികസനം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനം എന്നിവ ഉള്‍പ്പെട്ട പദ്ധതികളാണ് തിരുവനന്തപുരത്തിന് നേട്ടമായത്. 1403 ഏക്കറില്‍ 1538.2 കോടിയുടെ പദ്ധതിയാണ് തിരുവനന്തപുരം നഗരസഭ സ്മാര്‍ട്സിറ്റിയില്‍ വിഭാവനംചെയ്തത്. ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രസ്തുത പദ്ധതികള്‍ക്ക്  500 കോടി രൂപയുടെ കേന്ദ്രസഹായം ലഭിക്കും. 500 കോടി രൂപ സംസ്ഥാന സര്‍ക്കാരും ബാക്കി തുക നഗരസഭയും കണ്ടെത്തും. 

നൂറുനഗരങ്ങളെയാണ് കേന്ദ്രസര്‍ക്കാര്‍ സ്മാര്‍ട്സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. ആദ്യഘട്ടത്തില്‍ കൊച്ചി ഉള്‍പ്പെടെ 60 നഗരങ്ങളെ  തെരഞ്ഞെടുത്തു. ആദ്യ രണ്ടു റൌണ്ടുകളില്‍ തിരുവനന്തപുരത്തിന് മത്സരിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. കൊച്ചി മാത്രമായിരുന്നു കേരളത്തില്‍നിന്ന് മത്സരരംഗത്തുണ്ടായിരുന്ന ഏകനഗരം. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് തലസ്ഥാന നഗരി എന്ന പരിഗണനയില്‍ തിരുവനന്തപുരത്തെ ഉള്‍പ്പെടുത്തി. മൂന്നാം ഘട്ടത്തില്‍ മത്സരിച്ച 47 നഗരങ്ങളില്‍ 30 നഗരങ്ങളെയാണ് ഇപ്പോള്‍ തെരഞ്ഞെടുത്തത്. കൊച്ചുസംസ്ഥാനമായ കേരളത്തില്‍നിന്ന് രണ്ടുനഗരങ്ങള്‍ തെരഞ്ഞെടുത്തതും അഭിമാനാര്‍ഹംതന്നെ. 20 നഗരങ്ങളാണ് അവശേഷിക്കുന്ന പത്തിനായി മത്സരരംഗത്തുള്ളത്.

  നഗരവല്‍ക്കരണത്തിന് അനുകൂലമായ ഏറെ ഘടകങ്ങളുള്ള സ്ഥലമാണ് കൊച്ചി. വ്യാവസായികമായും തുറമുഖം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൌകര്യങ്ങളുടെ കാര്യത്തിലും കൊച്ചി അനുഗൃഹീതമാണ്. മെട്രോ കൂടി പ്രവര്‍ത്തന ക്ഷമമായതോടെ നഗരക്കുതിപ്പിന് പുതിയൊരു താളം കൈവന്നു. നിര്‍ദിഷ്ട പദ്ധതികളായ ജലമെട്രോ, ദേശീയ ജലപാത എന്നിവകൂടി യാഥാര്‍ഥ്യമായാല്‍ കൊച്ചിയുടെ വളര്‍ച്ച ദ്രുതഗതിയിലാകും. കുറ്റമറ്റ മാലിന്യസംസ്കരണം, വെള്ളക്കെട്ട് തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സമഗ്രമായ പദ്ധതികള്‍ അനിവാര്യമാണ്. തിരുവനന്തപുരത്താകട്ടെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. അടിസ്ഥാന പശ്ചാത്തല സൌകര്യങ്ങള്‍തന്നെ ഇനിയുമേറെ വികസിക്കേണ്ടതുണ്ട്. നഗരത്തിരക്ക് ഒഴിവാക്കുന്നതിന് നിര്‍ദേശിച്ച ലൈറ്റ്മെട്രോ, വിഴിഞ്ഞം തുറമുഖം, അതിവേഗ റെയില്‍വേ കോറിഡോര്‍ തുടങ്ങി ഒട്ടനവധി വന്‍കിട പദ്ധതികള്‍ തലസ്ഥാന നഗരവികസനവുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. സാധാരണ ജനജീവിതത്തെ ബാധിക്കുന്ന മറ്റനേകം പ്രശ്നങ്ങള്‍ വേറെയും. തിരുവനന്തപുരം കോര്‍പറേഷനും സംസ്ഥാന സര്‍ക്കാരും ദീര്‍ഘവീക്ഷണത്തോടും ഭാവനാപൂര്‍ണമായും ഈ പ്രശ്നങ്ങളെയെല്ലാം അഭിസംബോധന ചെയ്യുകയും പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്തതിന്റെ ഫലമായാണ് കേന്ദ്ര നഗരവികസന മിഷനിലേക്കുള്ള തിരുവനന്തപുരത്തിന്റെ തെരഞ്ഞെടുപ്പ്.

  ബംഗളൂരു ആസ്ഥാനമായ ഐ-ഡക്കും തിരുവനന്തപുരം ഡിഎംസിയും ചേര്‍ന്നാണ് പദ്ധതി രൂപരേഖ തയ്യാറാക്കിയത്.തലസ്ഥാന നഗരത്തില്‍ കുടിവെള്ളവിതരണത്തിനും മലിനജലം ഒഴുക്കിക്കളയുന്നതിനുമുള്ള ഭൂഗര്‍ഭ പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍, മള്‍ട്ടിലെവല്‍ പാര്‍ക്കിങ്, സ്മാര്‍ട് ട്രാഫിക് സംവിധാനം, മെച്ചപ്പെട്ട യാത്രാസൌകര്യങ്ങള്‍, പത്മനാഭസ്വാമിക്ഷേത്രവും പരിസരവും പുനരുദ്ധരിക്കല്‍, വൈ-ഫൈ സൌകര്യങ്ങള്‍ എന്നിവയാണ് സ്മാര്‍ട്സിറ്റിയുടെ പ്രധാന പദ്ധതികള്‍. പാവങ്ങളായ നഗരജനതയ്ക്ക് കുറഞ്ഞ ചെലവില്‍ പാര്‍പ്പിടം, സ്കൂളുകള്‍, ആശുപത്രികള്‍, റോഡ് തുടങ്ങിയവയുടെ നിര്‍മാണം, വെള്ളം, ഊര്‍ജം എന്നിവയുടെ ഫലപ്രദമായ വിനിയോഗം എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കുന്ന പദ്ധതികളാണ് സ്മാര്‍ട്സിറ്റികളുടെ തെരഞ്ഞെടുപ്പിനുള്ള മാനദണ്ഡമായി കേന്ദ്രം സ്വീകരിച്ചത്. ജനങ്ങളുടെ ജീവിത ഗുണമേന്മാ സൂചികയും പ്രത്യേകമായി പരിഗണിച്ചു. പൊതുജനാരോഗ്യ, പൊതുവിദ്യാഭ്യാസ രംഗങ്ങളില്‍ കേരളം കൈവരിച്ച മുന്നേറ്റം ദേശീയ ശരാശരിയേക്കാള്‍ എത്രയോ മുന്നിലാണ്. എന്നാലും മാലിന്യസംസ്കരണം, കുടിവെള്ള വിതരണം, വൈദ്യുതി ലഭ്യത എന്നിവ മുടങ്ങാതെ നടക്കുന്നതിന് കുറ്റമറ്റ സംവിധാനങ്ങള്‍ ഇനിയും ഉണ്ടാകേണ്ടതുണ്ട്്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നവകേരള മിഷന്റെ ഭാഗമായി ആവിഷ്കരിച്ച ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, ഹരിതകേരളം എന്നീ കര്‍മപരിപാടികള്‍ നഗര- ഗ്രാമ ഭേദമില്ലാതെ പ്രയോജനം ലക്ഷ്യമാക്കുന്നതാണ്. നഗരങ്ങളുടെ പ്രത്യേക പ്രശ്നങ്ങള്‍ക്കും കൂടുതല്‍ ശ്രദ്ധ നല്‍കുന്നു. ഇങ്ങനെ സമഗ്രമായ വികസന കാഴ്ചപ്പാടുമായി മുന്നേറുന്ന കേരളത്തിന് കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന ഈ അംഗീകാരവും സഹായവും വലിയ പ്രചോദനമാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top