29 March Friday

എല്ലാം സുതാര്യം, വ്യക്തം ; സിൽവർ ലൈൻ മുന്നോട്ട്

വെബ് ഡെസ്‌ക്‌Updated: Wednesday Mar 16, 2022


ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ 2021ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ റെയിൽവേ എന്ന ശീർഷകത്തിന് താഴെ സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് ഇങ്ങനെ പറയുന്നുണ്ട്. "60,000 കോടി രൂപയുടെ സിൽവർ ലൈൻ സെമി ഹൈസ്പീഡ് റെയിൽ പദ്ധതി കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ എന്ന കേന്ദ്ര–--സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭംവഴി നടപ്പാക്കും. പരിസ്ഥിതി പഠനവും ആവശ്യമായ അനുമതികളും വാങ്ങി പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിക്കും' (നമ്പർ 636).  ഈ പ്രകടനപത്രികയ്‌ക്ക് ജനാധികാരം നൽകിയ അംഗീകാരത്തിലൂടെയാണ് എൽഡിഎഫ് വീണ്ടും ഭരണത്തിൽ വന്നത്. അതായത്, അധികാരം കിട്ടിയശേഷം ഒളിച്ചുകടത്തിയ പദ്ധതിയല്ല സിൽവർ ലൈൻ. ജനങ്ങൾ അത് നേരത്തേ അംഗീകരിച്ചുകഴിഞ്ഞുവെന്ന് ചുരുക്കം. പത്രികയിൽ പറഞ്ഞ തുകയിൽ ഇപ്പോൾ ചെറിയ മാറ്റമുണ്ട്‌.

അധികാരത്തിൽ വന്ന ശേഷവും എല്ലാം ജനങ്ങൾക്ക് മുന്നിൽ തുറന്നു പറഞ്ഞുകൊണ്ടാണ് സർക്കാർ മുന്നേറുന്നത്.  ഏതു വിഷയത്തിലും വസ്തുതകളുടെ പിൻബലത്തിൽ, അർഥപൂർണമായ സംവാദത്തിനും ചർച്ചയ്‌ക്കും സർക്കാരിന് ഒരു മടിയുമില്ല. സിൽവർ ലൈനിനെ മുൻനിർത്തി പ്രതിപക്ഷം തിങ്കളാഴ്ച നിയമസഭയിൽ കൊണ്ടുവന്ന അടിയന്തര പ്രമേയം കൈയോടെ ചർച്ചയ്‌ക്കെടുത്ത സർക്കാർ സമീപനത്തിലും ഇക്കാര്യം ജനങ്ങൾക്കാകെ ബോധ്യപ്പെട്ടു. എന്നാൽ, എന്തു പറയണമെന്നുപോലും അറിയാതെ പകച്ചുപോയ പ്രതിപക്ഷം തോന്ന്യാസ പ്രസംഗം നടത്തി തലയൂരാനാണ് ശ്രമിച്ചത്. വസ്തുതകളുടെ  അടിസ്ഥാനത്തിൽ ഭരണപക്ഷം  പദ്ധതിയുടെ സ്വീകാര്യതയും അനിവാര്യതയും വ്യക്തമാക്കിയപ്പോൾ പ്രതിപക്ഷം നിസ്സഹായരായ ദയനീയ കാഴ്ചയാണ്  കണ്ടത്. പൊള്ളയായ ആരോപണങ്ങളല്ലാതെ, പദ്ധതിയെ എതിർക്കാൻ കൈയിൽ ഒന്നും ഇല്ലാത്ത അവസ്ഥ. ആത്മാർഥമായി എതിർക്കാൻപോലും പ്രതിപക്ഷത്തിന് കഴിഞ്ഞില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്  വെറുതെയല്ല. വായ്പയെടുത്താൽ സംസ്ഥാനം കടക്കെണിയിലാകും, പദ്ധതി പരിസ്ഥിതിക്ക് ദോഷമാകും, പ്രകൃതിവിഭവങ്ങൾ ഇല്ലാതാക്കും, കേരളത്തെ രണ്ടായി വിഭജിക്കും എന്നൊക്കെയുള്ള പതിവ് ആക്ഷേപങ്ങൾ മാത്രമായിരുന്നു പ്രതിപക്ഷം ഉന്നയിച്ചത്. ഇതിനൊക്കെ പലവട്ടം മറുപടിയുണ്ടായിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയും ഭരണപക്ഷ അംഗങ്ങളും സഭയിൽ വീണ്ടും കൃത്യമായ ഉത്തരം നൽകി. അതെല്ലാം ഇവിടെ വിശദീകരിക്കുന്നില്ല.

റെയിൽ പദ്ധതികൾ താരതമ്യേന പരിസ്ഥിതി ആഘാതം കുറഞ്ഞതായതിനാൽ പ്രത്യേക പഠനം ആവശ്യമില്ലെങ്കിലും അതൊക്കെ കൃത്യമായി നടത്തിയാണ് സിൽവർ ലൈൻ മുന്നോട്ടു കൊണ്ടുപോകുന്നത്. കടത്തെക്കുറിച്ച് ഒരു കാര്യംമാത്രം ഇവിടെ പറയട്ടെ. അടിസ്ഥാന സൗകര്യവികസനത്തിനായി എടുക്കുന്ന വായ്പകൾ കേരളം അതിനു മാത്രമാണ് ഉപയോഗിക്കുന്നത്.  സംസ്ഥാനത്തിന് താങ്ങാനാകാത്ത ഒരു വായ്പയും എടുക്കുന്നുമില്ല. സിൽവർ ലൈൻ വായ്പയാകട്ടെ 40 വർഷംകൊണ്ട് തിരിച്ചടച്ചാൽ മതി. ഇക്കാലയളവിൽ സംസ്ഥാനം കൈവരിക്കുന്ന സാമ്പത്തിക പുരോഗതികൂടി പരിഗണിക്കുമ്പോൾ തിരിച്ചടവ് ഒരു പ്രശ്നമേയല്ല.  കേരളത്തിന്റെ വായ്പാ - ജിഡിപി അനുപാതം കോൺഗ്രസ് ഭരിച്ച പഞ്ചാബിനേക്കാളും ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിനേക്കാളും താഴെയാണെന്നും ഇതോടൊപ്പം കാണണം.

സിൽവർ ലൈൻ യാഥാർഥ്യമാകുന്നതോടെ കേരളത്തിൽ ഏതു പ്രദേശത്തും പോയി ജോലി ചെയ്ത് തിരിച്ചു വീട്ടിലെത്താം. തൊഴിൽ ശക്തിയുടെ ചലനാത്മകത വർധിക്കുന്നതോടെ ഒരുപാട് അവസരങ്ങളും തുറന്നു കിട്ടും. യാത്രയിൽ ട്രെയിനിലിരുന്നും ചില ജോലിയൊക്കെ ചെയ്യാം. ടൂറിസം മേഖലയ്‌ക്ക് സിൽവർ ലൈൻ നൽകുന്ന ഉണർവ് ചെറുതായിരിക്കില്ല.  സംസ്ഥാനത്തിന്റെ ഉൽപ്പാദനവളർച്ചയെ പലവിധത്തിൽ സഹായിക്കുന്ന പദ്ധതിയാണിത്.  നാടിന്റെ ഭാവിയെ ശോഭനമാക്കുന്ന പദ്ധതി. ജനങ്ങൾ ഇത് തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ്, യുഡിഎഫിന്റെ കല്ലുപറിക്കൽ സമരത്തിന് ആളെ കിട്ടാത്തത്.

സിൽവർ ലൈൻ പൂർത്തിയാകുന്നതോടെ നാട്ടിലുണ്ടാകുന്ന വലിയ മാറ്റം  പ്രതിപക്ഷത്തെ ചിലരുടെയൊക്കെ ഉറക്കം കെടുത്തുന്നുണ്ട്.  എൽഡിഎഫ് ഭരണത്തിൽ പദ്ധതി നടപ്പാക്കുമെന്നും അവർക്കറിയാം. അതുകൊണ്ടാണ് വഴിമുടക്കാൻ ആവത് നോക്കുന്നത്. പക്ഷേ, വഴിമുടക്കാൻ മാർഗേ കിടക്കുന്നവർ അവിടെ കിടക്കും. കേരളം മുന്നോട്ടുതന്നെ പോകും.  വഴിമുടക്കികൾക്കു മുന്നിൽ പതറിപ്പോയിരുന്നെങ്കിൽ ഗെയിൽ പൈപ്പ്‌ലൈൻ, ദേശീയപാത വികസനം, പവർ ഹൈവേ എന്നിവയൊന്നും യാഥാർഥ്യമാകുമായിരുന്നില്ല. അതെല്ലാം സഫലമായത് കേരളം തൊട്ടറിയുന്നു. അതിനാൽ, സംസ്ഥാനത്തിന്റെ ഭാവിക്കായുള്ള സിൽവർ ലൈൻ പദ്ധതിയോട് പ്രതിപക്ഷം സഹകരിക്കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർഥന കേരളത്തിന്റെയാകെ വികാരമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top