15 December Monday

ദക്ഷിണാഫ്രിക്കൻ ആംഗ്യഭാഷയ്‌ക്ക്‌ അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Saturday Aug 5, 2023


ഭാഷാവംശനാശം വികസിച്ച സംസ്‌കാര പഠനത്തിലെ പ്രധാന അന്വേഷണ മേഖലയാണ്‌. സ്വാഭാവികമോ രാഷ്ട്രീയമോ ആയ കാരണങ്ങളാൽ ഭാഷയുടെ മരണം, കൂടാതെ, ചെറുതിനെ വലുതിനെ ഉപയോഗിച്ച് ആഗിരണം ചെയ്യുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യുന്നതുമാണ്‌ അകാല മരണത്തിന്റെ പ്രധാന കാരണം. 2000- കാലയളവിൽ ലോകമാകെ 7000 പ്രാദേശിക ഭാഷ ഉണ്ടായിരുന്നു; മിക്കവയും വംശനാശ ഭീഷണി നേരിടുന്ന ചെറുഭാഷകൾ. ഇന്ത്യയിലും സ്ഥിതി വ്യത്യസ്‌തമല്ല. ലോകത്തെ സംസാരഭാഷകളിൽ ഏറെയെണ്ണത്തിന്‌ 2050-ൽ വംശനാശം സംഭവിക്കുമെന്നാണ്‌ 2004-ലെ കണക്ക്. ഒരു ലക്ഷത്തിനടുത്ത്‌ ആളുകൾമാത്രം ഉപയോഗിക്കുന്ന ഭാഷകൾ നൂറിനടുത്തുണ്ട്‌. ഇന്നുള്ള  96 ശതമാനം ഭാഷകൾ സംസാരിക്കുന്നത് നാലു ശതമാനം ജനങ്ങൾമാത്രം; 96 ശതമാനം കൈകാര്യംചെയ്യുന്നതാകട്ടെ നാലു ശതമാനം ഭാഷകളും. ഈ പശ്‌ചാത്തലത്തിൽ അംഗപരിമിതരുടെ  ശാക്തീകരണത്തിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കൻ ആംഗ്യഭാഷയെ രാജ്യത്തിന്റെ 12--ാമത്‌  ഔദ്യോഗിക ഭാഷയാക്കുന്നതിനുള്ള നിയമത്തിന്റെ കരട് ഭേദഗതിയിൽ പ്രസിഡന്റ് സിറിൽ റമഫോസ, സർക്കാർ ആസ്ഥാനമായ പ്രിട്ടോറിയയിലെ യൂണിയൻ ബിൽഡിങ്‌സിൽ നടന്ന ചടങ്ങിൽ കഴിഞ്ഞദിവസം ഒപ്പുവച്ചത്‌ ശ്രദ്ധേയമാണ്‌. അതിലൂടെ പൗരന്മാരെ സ്വന്തം ഭാഷ ഉപയോഗിക്കാൻ പ്രാപ്തരാക്കുകയും  മാനവികതയും അസ്തിത്വവും  ഉറപ്പിക്കുകയാണ്. ഉത്സവച്ഛായ പകർന്ന വിപുലമായ ചടങ്ങിൽ ശ്രവണ വൈകല്യമുള്ള ആയിരക്കണക്കിന്‌ പഠിതാക്കൾ പങ്കെടുക്കുകയും പുതിയ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്‌തു. 41 രാജ്യത്താണ് ആംഗ്യഭാഷയ്‌ക്ക്‌ ഔദ്യോഗികാംഗീകാരമുള്ളത്.

പുതിയ നിയമത്തിലൂടെ കഴിവുള്ള പൗരന്മാർക്കും കേൾവി പരിമിത സമൂഹത്തിനും ഇടയിലെ തടസ്സങ്ങൾ ഒരു പരിധിവരെ പരിഹരിക്കപ്പെടുമെന്നാണ്‌ പ്രതീക്ഷ. വിദ്യാഭ്യാസം, സാമ്പത്തികം, സാമൂഹ്യ സേവനങ്ങൾ എന്നിവയിലേക്കുള്ള പ്രവേശന പ്രശ്നങ്ങളിലെ കുരുക്കും അത് അഴിച്ചെടുക്കും. കേൾവി വൈകല്യമുള്ളവർക്ക് പൊതുവിവരങ്ങൾ അറിയാനുള്ള വിവിധ പ്രയാസങ്ങളും മാറിക്കിട്ടും. കേൾവിക്കുറവുള്ളവരുടെ അവകാശങ്ങൾ സാക്ഷാൽക്കരിക്കാൻ ആത്മാർഥമായി ശ്രമിക്കുന്നതാണ്‌ പുതിയ നടപടി. നിയമത്തിന്റെയും മാനുഷിക അന്തസ്സിന്റെയും തുല്യ സംരക്ഷണത്തിനും പ്രയോജനത്തിനും എല്ലാവരെയും ഉൾക്കൊള്ളുന്നതും അടിസ്ഥാന സമത്വം പ്രോത്സാഹിപ്പിക്കുന്നതിനും അത്‌ പിന്തുണയാകും. ഭരണഘടനയുടെ ഒമ്പതാം വകുപ്പ് ഉറപ്പുനൽകുന്ന വൈകല്യത്തിന്റെ അടിസ്ഥാനത്തിൽ അന്യായമായ വിവേചനം തടയുകയോ ഇല്ലാതാക്കുകയോ ചെയ്യും. അതോടെ, കെനിയ, സിംബാബ്‌വെ, ഉഗാണ്ട എന്നിവയ്ക്കുശേഷം നാലാമതായി ആ ശൃംഖലയിൽ ദക്ഷിണാഫ്രിക്കയുമെത്തി. 

വൈകല്യമുള്ളവരെ ശാക്തീകരിക്കാനുള്ള നീക്കം ആംഗ്യഭാഷയെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കുന്ന തലത്തിലേക്ക് മുന്നേറിയ രാജ്യങ്ങളുടെ ശ്രേണിയിൽ എത്തിയതിൽ തങ്ങൾക്ക് അത്യധികം അഭിമാനമുണ്ടെന്നും ദക്ഷിണാഫ്രിക്കൻ ഭരണകേന്ദ്രങ്ങൾ പ്രസ്‌താവിച്ചു. അംഗപരിമിതർക്ക്‌ ആവശ്യമായ ഔദ്യോഗിക വിനിമയ ഉപാധിയായി ആംഗ്യഭാഷ ഇനിമുതൽ പ്രവർത്തിക്കും. ആ നടപടി സമൂഹത്തെ കൂടുതൽ ശാക്തീകരിക്കുകയും ചെയ്യും. പതിറ്റാണ്ടുകൾ നീണ്ട വർണവിവേചന അടിച്ചമർത്തലുകൾക്കുശേഷം 1994- മെയ്‌ 10ന്‌ നെൽസൺ മണ്ടേലയുടെ നേതൃത്വത്തിൽ ആദ്യ ജനാധിപത്യ സർക്കാർ വരുംവരെ, ഇംഗ്ലീഷും ആഫ്രിക്കൻ ഭാഷയും മാത്രമേ ഔദ്യോഗിക ഭാഷകളായി അംഗീകരിച്ചിരുന്നുള്ളൂ. രാജ്യത്ത് ഏറ്റവും കൂടുതൽ സംസാരിക്കുന്ന (1. 2 കോടി ജനങ്ങൾ) സുലു പോലും അവഗണിക്കപ്പെട്ടു.  
മണ്ടേല അധികാരമേറ്റ്‌ അധികം വൈകാതെ പുതിയ ഭരണഘടന ഈ മൂന്നു ഭാഷയെയും മറ്റ് എട്ട് തദ്ദേശീയ ഭാഷയെയും അംഗീകരിച്ചു. അവയിൽ ചിലതാണ്‌ അയൽ മേഖലകൾ പങ്കിട്ടെടുത്തത്‌. സെപെഡി, സെസോത്തോ, സെറ്റ്‌സ്വാന, സിസ്വതി, ഷിവെൻഡ, സിറ്റ്‌സോംഗ, ഇസിഎൻഡെബെലെ, ഇസിക്‌ഹോസ എന്നിവയാണ് അവ. ആംഗ്യഭാഷയ്‌ക്ക്‌ ഔദ്യോഗികാംഗീകാരം ലഭിച്ചതോടെ ആശയവിനിമയ സാധ്യതകളിലും അംഗപരിമിതരുടെ  ശാക്തീകരണത്തിലും ദക്ഷിണാഫ്രിക്ക പുതു ചുവടുവച്ചിരിക്കുകയാണ്‌. അത്‌ മറ്റു രാജ്യങ്ങൾക്ക്‌ ചിന്തയ്‌ക്കും തീരുമാനത്തിനും വഴിതുറക്കുമെന്ന്‌ പ്രതീക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top